വർഷത്തിൽ മൂന്നു പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കേണം. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോട് കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽ നിന്ന് പുറപ്പെട്ടു പോന്നത്. എന്നാൽ വെറും കയ്യോടെ നിങ്ങൾ എന്‍റെ മുമ്പാകെ വരരുത്. വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും വർഷാവസാനത്തിൽ വയലിൽനിന്ന് നിന്‍റെ വേലയുടെ ഫലം ശേഖരിക്കുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കേണം. വർഷത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാർ എല്ലാവരും കർത്താവായ യഹോവയുടെ മുമ്പാകെ വരേണം. യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുത്; യാഗമേദസ്സ് പ്രഭാതംവരെ ഇരിക്കുകയുമരുത്. നിന്‍റെ നിലത്തിലെ ആദ്യവിളവിൻ്റെ ആദ്യഫലം നിന്‍റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. കോലാട്ടിൻകുട്ടിയെ അതിന്‍റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്. ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്‍റെ മുമ്പിൽ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ച് അവന്‍റെ വാക്ക് കേൾക്കേണം; അവനെ പ്രകോപിപ്പിക്കരുത്; എന്‍റെ നാമം അവനിൽ ഉള്ളതുകൊണ്ട് അവൻ നിങ്ങളുടെ അതിക്രമങ്ങൾ ക്ഷമിക്കുകയില്ല;. എന്നാൽ നീ അവന്‍റെ വാക്ക് ശ്രദ്ധയോടെ കേട്ടു ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും. എന്‍റെ ദൂതൻ നിനക്കു മുമ്പായി നടന്ന് നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും. അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുത്; അവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയേണം. നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ സേവിക്കുവിൻ; എന്നാൽ അവൻ നിന്‍റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്‍റെ നടുവിൽനിന്ന് അകറ്റിക്കളയും. ഗർഭം അലസുന്നവളും മച്ചിയും നിന്‍റെ ദേശത്ത് ഉണ്ടാവുകയില്ല; നിനക്കു ഞാൻ ദീർഘായുസ്സ് തരും. എന്നെക്കുറിച്ചുള്ള ഭയം നീ ചെല്ലുന്നിടത്തുള്ള ജനതകളുടെ മുൻമ്പിൽ അയച്ച് അവരെ അമ്പരപ്പിക്കും. അങ്ങനെ നിന്‍റെ സകലശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്ന് ഓടിക്കുകയും ചെയ്യും. നിന്‍റെ മുമ്പിൽനിന്ന് ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടന്നലിനെ അയയ്ക്കും. ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിക്കുവാൻ ഒരു വർഷംകൊണ്ട് ഞാൻ അവരെ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയുകയില്ല. നീ സന്താനസമ്പന്നമായി ദേശം കൈവശമാക്കുന്നതുവരെ ഞാൻ അവരെ ക്രമേണ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയും. ഞാൻ നിന്‍റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽ വരെയും മരുഭൂമി തുടങ്ങി നദിവരെയും വ്യാപിപ്പിക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയേണം. അവരോടും അവരുടെ ദേവന്മാരോടും നീ ഉടമ്പടി ചെയ്യരുത്. നീ എന്നോട് പാപം ചെയ്യുവാൻ അവർ കാരണം ആകാതിരിക്കേണ്ടതിന് അവർ നിന്‍റെ ദേശത്ത് വസിക്കരുത്. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അത് നിനക്കു കെണിയായി തീരും.
പുറ. 23 വായിക്കുക
കേൾക്കുക പുറ. 23
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറ. 23:14-33
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ