പുറപ്പാട് 22:16-31
പുറപ്പാട് 22:16-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിവാഹത്തിനു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തൻ വശീകരിച്ച് അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്ത് അവളെ വിവാഹം കഴിക്കേണം. അവളെ അവനു കൊടുപ്പാൻ അവളുടെ അപ്പന് അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന് ഒത്തവണ്ണം പണം കൊടുക്കേണം. ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വയ്ക്കരുത്. മൃഗത്തോടുകൂടെ ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം. യഹോവയ്ക്കു മാത്രമല്ലാതെ വേറേ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം. പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ മിസ്രയീംദേശത്തു പരദേശികൾ ആയിരുന്നുവല്ലോ. വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്. അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും; എന്റെ കോപവും ജ്വലിക്കും; ഞാൻ വാൾകൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായിത്തീരും. എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രനു പണം വായ്പ കൊടുത്താൽ പൊലികടക്കാരനെപ്പോലെ ഇരിക്കരുത്; അവനോടു പലിശ വാങ്ങുകയും അരുത്. നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കും മുമ്പേ മടക്കിക്കൊടുക്കേണം. അതു മാത്രമല്ലോ അവന്റെ പുതപ്പ്; അതു മാത്രമല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്തോന്നു പുതച്ചു കിടക്കും? അവൻ എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ. നീ ദൈവത്തെ ദുഷിക്കരുത്; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുത്. നിന്റെ വിളവും ദ്രാവകവർഗവും അർപ്പിപ്പാൻ താമസിക്കരുത്; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു തരേണം. നിന്റെ കാളകളിലും ആടുകളിലും അങ്ങനെതന്നെ; അത് ഏഴു ദിവസം തള്ളയോടുകൂടെ ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്കു തരേണം. നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുത്. നിങ്ങൾ അതിനെ നായ്ക്കൾക്ക് ഇട്ടുകളയേണം.
പുറപ്പാട് 22:16-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു യുവതിയെ വശീകരിച്ച് അവളുടെ കൂടെ ശയിക്കുന്നവൻ അവൾക്ക് വിവാഹധനം കൊടുത്ത് അവളെ ഭാര്യയായി സ്വീകരിക്കണം. എന്നാൽ അവളെ അയാൾക്കു വിവാഹം ചെയ്തുകൊടുക്കാൻ അവളുടെ പിതാവിനു സമ്മതമില്ലെങ്കിൽ കന്യകമാർക്ക് കൊടുക്കേണ്ട വിവാഹധനം അയാൾ അവളുടെ പിതാവിനു കൊടുക്കണം. “മന്ത്രവാദിനികൾ നിങ്ങളുടെയിടയിൽ ജീവിക്കാൻ അനുവദിക്കരുത്. മൃഗവുമായി സംയോഗം ചെയ്യുന്നവൻ വധിക്കപ്പെടണം;” “സർവേശ്വരനല്ലാതെ അന്യദേവനു യാഗമർപ്പിക്കുന്നവനെ ഉന്മൂലനം ചെയ്യണം.” “വിദേശിയോട് അപമര്യാദമായി പെരുമാറുകയോ, അയാളെ മർദിക്കുകയോ ചെയ്യരുത്; നിങ്ങളും ഈജിപ്തിൽ വിദേശികളായിരുന്നുവല്ലോ.” “വിധവയെയോ അനാഥനെയോ പീഡിപ്പിക്കരുത്; അങ്ങനെ ചെയ്താൽ അവർ എന്നോടു നിലവിളിക്കുകയും നിശ്ചയമായും ഞാൻ അവരുടെ നിലവിളി കേൾക്കുകയും ചെയ്യും.” “എന്റെ കോപം ജ്വലിച്ച് ഞാൻ നിങ്ങളെ വാളിനിരയാക്കും. നിങ്ങളുടെ ഭാര്യമാർ വിധവകളും മക്കൾ അനാഥരുമായിത്തീരും.” “എന്റെ ജനത്തിലെ ദരിദ്രന്മാരായ ആർക്കെങ്കിലും പണം കടം കൊടുക്കുമ്പോൾ നിങ്ങൾ പലിശയ്‍ക്കു പണം കടം കൊടുക്കുന്നവരെപ്പോലെ പെരുമാറരുത്. അവരിൽനിന്നു പലിശ ഈടാക്കുകയും അരുത്. അയൽക്കാരന്റെ മേലങ്കി പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുന്നതിനുമുമ്പ് അതു നീ തിരിച്ചുകൊടുക്കണം. അവനു പുതയ്‍ക്കാൻ വേറെ വസ്ത്രമില്ലല്ലോ. അതില്ലാതെ അവൻ എങ്ങനെ ഉറങ്ങും. അവൻ എന്നോടു നിലവിളിച്ചാൽ ഞാൻ കേൾക്കും; ഞാൻ കൃപാലുവായ ദൈവമാകുന്നു.” “നിങ്ങൾ ദൈവത്തെ നിന്ദിക്കരുത്. ജനത്തിന്റെ അധിപതിയെ ശപിക്കയും അരുത്. നിങ്ങളുടെ മെതിക്കളത്തിന്റെയും ചക്കുകളുടെയും സമൃദ്ധിയിൽനിന്ന് എനിക്കുള്ള ഓഹരി അർപ്പിക്കാൻ താമസിക്കരുത്. നിങ്ങളുടെ കടിഞ്ഞൂൽപുത്രന്മാരെ എനിക്കു നല്‌കണം. അതുപോലെതന്നെ നിങ്ങളുടെ കന്നുകാലികളുടെയും ആടുകളുടെയും കടിഞ്ഞൂലുകളെ എനിക്കു നല്‌കണം. അവ ഏഴു ദിവസം തള്ളയോടൊപ്പം നില്‌ക്കട്ടെ. എട്ടാം ദിവസം അതിനെ എനിക്ക് അർപ്പിക്കണം. നിങ്ങൾ എനിക്കായി വേർതിരിക്കപ്പെട്ടവരാണ്. അതുകൊണ്ട് മൃഗങ്ങൾ കടിച്ചുകീറിയ മാംസം നിങ്ങൾ ഭക്ഷിക്കരുത്. അത് നായ്‍ക്കൾക്ക് കൊടുക്കുക.
പുറപ്പാട് 22:16-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ ഒരാൾ വശീകരിച്ച് അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്ത് അവളെ വിവാഹം കഴിക്കേണം. അവളെ അവനു കൊടുക്കുവാൻ അവളുടെ അപ്പന് അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന് ഒത്തവണ്ണം പണം കൊടുക്കേണം. “ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വെക്കരുത്. “മൃഗത്തോടുകൂടി ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം. “യഹോവയ്ക്ക് മാത്രമല്ലാതെ വേറെ ദൈവങ്ങൾക്ക് യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കണം. പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ മിസ്രയീമിൽ പരദേശികൾ ആയിരുന്നുവല്ലോ. “വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്. അവരെ ഏതെങ്കിലും വിധത്തിൽ ക്ലേശിപ്പിക്കുകയും അവർ എന്നോട് നിലവിളിക്കുകയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും; എന്‍റെ കോപം ജ്വലിച്ച് ഞാൻ വാൾകൊണ്ട് നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായിത്തീരും. “എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന് പണം വായ്പ കൊടുത്താൽ കടക്കാരനെപ്പോലെ പെരുമാറരുത്; അവനോട് പലിശ വാങ്ങുകയും അരുത്. നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കേണം. അതുമാത്രമാണല്ലോ അവന്‍റെ പുതപ്പ്; അതുമാത്രമാണല്ലോ അവന്‍റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്ത് പുതച്ച് കിടക്കും? അവൻ എന്നോട് നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ. “നീ ദൈവത്തെ ദുഷിക്കരുത്; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുത്. നിന്റെ വിളവും ദ്രാവകവർഗ്ഗവും അർപ്പിക്കുവാൻ താമസിക്കരുത്; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്ക് തരേണം. നിന്റെ കാളകളിലും ആടുകളിലും അങ്ങനെ തന്നെ; അത് ഏഴു ദിവസം തള്ളയോട് കൂടി ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്ക് തരേണം. “നിങ്ങൾ എനിക്ക് വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുത്. നിങ്ങൾ അതിനെ നായ്ക്കൾക്ക് ഇട്ടുകളയേണം.
പുറപ്പാട് 22:16-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വിവാഹത്തിന്നു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തൻ വശീകരിച്ചു അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്തു അവളെ വിവാഹം കഴിക്കേണം. അവളെ അവന്നു കൊടുപ്പാൻ അവളുടെ അപ്പന്നു അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന്നു ഒത്തവണ്ണം പണം കൊടുക്കേണം. ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വെക്കരുതു. മൃഗത്തോടുകൂടെ ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം. യഹോവെക്കു മാത്രമല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം. പരദേശിയെ പീഡിപ്പിക്കരുതു ഉപദ്രവിക്കയുമരുതു; നിങ്ങൾ മിസ്രയീംദേശത്തു പരദേശികൾ ആയിരുന്നുവല്ലോ. വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുതു. അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും; എന്റെ കോപവും ജ്വലിക്കും; ഞാൻ വാൾകൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായി തീരും. എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന്നു പണം വായ്പ കൊടുത്താൽ പൊലികടക്കാരനെപ്പോലെ ഇരിക്കരുതു; അവനോടു പലിശ വാങ്ങുകയും അരുതു. നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കേണം. അതുമാത്രമല്ലോ അവന്റെ പുതപ്പു; അതുമാത്രമല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്തൊന്നു പുതെച്ചു കിടക്കും? അവൻ എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ. നീ ദൈവത്തെ ദുഷിക്കരുതു; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുതു. നിന്റെ വിളവും ദ്രാവകവർഗ്ഗവും അർപ്പിപ്പാൻ താമസിക്കരുതു; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു തരേണം. നിന്റെ കാളകളിലും ആടുകളിലും അങ്ങനെ തന്നേ; അതു ഏഴു ദിവസം തള്ളയോടു കൂടെ ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്കു തരേണം. നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുതു. നിങ്ങൾ അതിനെ നായ്ക്കൾക്കു ഇട്ടുകളയേണം.
പുറപ്പാട് 22:16-31 സമകാലിക മലയാളവിവർത്തനം (MCV)
“വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ വശീകരിച്ച് അവളോടൊപ്പം ശാരീരികബന്ധത്തിൽ ഏർപ്പെടുന്നവൻ കന്യാധനം നൽകി അവളെ ഭാര്യയായി സ്വീകരിക്കണം. അവളുടെ പിതാവ് അവളെ അവനു കൊടുക്കാൻ തീർത്തും വിസമ്മതിക്കുന്നെങ്കിലും, അവൻ കന്യകമാർക്കുള്ള സ്ത്രീധനം കൊടുക്കേണ്ടതാണ്. “ആഭിചാരകരെ ജീവിക്കാൻ അനുവദിക്കരുത്. “മൃഗത്തോടൊപ്പം ലൈംഗികബന്ധത്തിലേർപ്പെടുന്നവർ മരണശിക്ഷ അനുഭവിക്കണം. “യഹോവയ്ക്കല്ലാതെ മറ്റ് ഏതെങ്കിലും ദേവനു യാഗം കഴിക്കുന്നവരെ നിശ്ശേഷം നശിപ്പിക്കണം. “വിദേശിയോടു മോശമായി പെരുമാറുകയോ അവരെ പീഡിപ്പിക്കുകയോ അരുത്; ഈജിപ്റ്റിൽ നിങ്ങളും പ്രവാസികൾ ആയിരുന്നല്ലോ. “വിധവയെയോ അനാഥരെയോ പീഡിപ്പിക്കരുത്. നീ പീഡിപ്പിച്ചിട്ട് അവർ എന്നോടു നിലവിളിച്ചാൽ ഞാൻ നിശ്ചയമായും അവരുടെ നിലവിളി കേൾക്കും; എന്റെ ക്രോധം ജ്വലിച്ചിട്ട് ഞാൻ നിന്നെ വാളാൽ കൊന്നുകളയും; നിങ്ങളുടെ ഭാര്യമാർ വിധവകളും നിങ്ങളുടെ കുഞ്ഞുങ്ങൾ അനാഥരും ആയിത്തീരും. “നിങ്ങളുടെ ഇടയിലുള്ള എന്റെ ജനത്തിൽ ദരിദ്രനായ ഒരു മനുഷ്യനു പണം വായ്പ കൊടുക്കുന്നെങ്കിൽ പണവ്യാപാരിയെപ്പോലെ പെരുമാറരുത്; ആ വ്യക്തിയിൽനിന്ന് പലിശ ഈടാക്കരുത്. അയൽവാസിയുടെ പുറങ്കുപ്പായം പണയമായി വാങ്ങിയാൽ, സന്ധ്യയാകുമ്പോൾ അത് അയാൾക്കു തിരിച്ചുകൊടുക്കണം. ആ പുറങ്കുപ്പായംമാത്രമാണ് ആ മനുഷ്യന്റെ ശരീരത്തിനുള്ള ഏക ആവരണം. അയാൾക്കു പുതച്ചുകൊണ്ട് ഉറങ്ങാൻ മറ്റെന്താണുള്ളത്? ആ അയൽവാസി എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ അനുകമ്പയുള്ളവനല്ലോ. “ദൈവത്തെ ദുഷിക്കുകയോ നിന്റെ ജനത്തിന്റെ ഭരണകർത്താവിനെ ശപിക്കുകയോ അരുത്. “നിന്റെ ധാന്യശേഖരത്തിൽനിന്നും വീഞ്ഞുശേഖരത്തിൽനിന്നും ഉള്ള വഴിപാടുകൾ അർപ്പിക്കാൻ വൈകരുത്. “നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു നൽകണം. നിന്റെ കന്നുകാലികളുടെയും ആടുകളുടെയും കാര്യത്തിലും അങ്ങനെതന്നെ ചെയ്യണം. അതു തള്ളയോടുകൂടെ ഏഴുദിവസം നിന്നുകൊള്ളട്ടെ, എന്നാൽ എട്ടാംദിവസം അതിനെ എനിക്കു തരണം. “നിങ്ങൾ എന്റെ വിശുദ്ധജനമായിരിക്കേണ്ടവരാണ്. അതുകൊണ്ട് വന്യമൃഗങ്ങൾ കടിച്ചുകീറിയ മൃഗങ്ങളുടെ മാംസം ഭക്ഷിക്കരുത്; അതു നായ്ക്കൾക്ക് ഇട്ടുകൊടുക്കണം.