പുറപ്പാട് 22:16-31

പുറപ്പാട് 22:16-31 MCV

“വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ വശീകരിച്ച് അവളോടൊപ്പം ശാരീരികബന്ധത്തിൽ ഏർപ്പെടുന്നവൻ കന്യാധനം നൽകി അവളെ ഭാര്യയായി സ്വീകരിക്കണം. അവളുടെ പിതാവ് അവളെ അവനു കൊടുക്കാൻ തീർത്തും വിസമ്മതിക്കുന്നെങ്കിലും, അവൻ കന്യകമാർക്കുള്ള സ്ത്രീധനം കൊടുക്കേണ്ടതാണ്. “ആഭിചാരകരെ ജീവിക്കാൻ അനുവദിക്കരുത്. “മൃഗത്തോടൊപ്പം ലൈംഗികബന്ധത്തിലേർപ്പെടുന്നവർ മരണശിക്ഷ അനുഭവിക്കണം. “യഹോവയ്ക്കല്ലാതെ മറ്റ് ഏതെങ്കിലും ദേവനു യാഗം കഴിക്കുന്നവരെ നിശ്ശേഷം നശിപ്പിക്കണം. “വിദേശിയോടു മോശമായി പെരുമാറുകയോ അവരെ പീഡിപ്പിക്കുകയോ അരുത്; ഈജിപ്റ്റിൽ നിങ്ങളും പ്രവാസികൾ ആയിരുന്നല്ലോ. “വിധവയെയോ അനാഥരെയോ പീഡിപ്പിക്കരുത്. നീ പീഡിപ്പിച്ചിട്ട് അവർ എന്നോടു നിലവിളിച്ചാൽ ഞാൻ നിശ്ചയമായും അവരുടെ നിലവിളി കേൾക്കും; എന്റെ ക്രോധം ജ്വലിച്ചിട്ട് ഞാൻ നിന്നെ വാളാൽ കൊന്നുകളയും; നിങ്ങളുടെ ഭാര്യമാർ വിധവകളും നിങ്ങളുടെ കുഞ്ഞുങ്ങൾ അനാഥരും ആയിത്തീരും. “നിങ്ങളുടെ ഇടയിലുള്ള എന്റെ ജനത്തിൽ ദരിദ്രനായ ഒരു മനുഷ്യനു പണം വായ്പ കൊടുക്കുന്നെങ്കിൽ പണവ്യാപാരിയെപ്പോലെ പെരുമാറരുത്; ആ വ്യക്തിയിൽനിന്ന് പലിശ ഈടാക്കരുത്. അയൽവാസിയുടെ പുറങ്കുപ്പായം പണയമായി വാങ്ങിയാൽ, സന്ധ്യയാകുമ്പോൾ അത് അയാൾക്കു തിരിച്ചുകൊടുക്കണം. ആ പുറങ്കുപ്പായംമാത്രമാണ് ആ മനുഷ്യന്റെ ശരീരത്തിനുള്ള ഏക ആവരണം. അയാൾക്കു പുതച്ചുകൊണ്ട് ഉറങ്ങാൻ മറ്റെന്താണുള്ളത്? ആ അയൽവാസി എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ അനുകമ്പയുള്ളവനല്ലോ. “ദൈവത്തെ ദുഷിക്കുകയോ നിന്റെ ജനത്തിന്റെ ഭരണകർത്താവിനെ ശപിക്കുകയോ അരുത്. “നിന്റെ ധാന്യശേഖരത്തിൽനിന്നും വീഞ്ഞുശേഖരത്തിൽനിന്നും ഉള്ള വഴിപാടുകൾ അർപ്പിക്കാൻ വൈകരുത്. “നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു നൽകണം. നിന്റെ കന്നുകാലികളുടെയും ആടുകളുടെയും കാര്യത്തിലും അങ്ങനെതന്നെ ചെയ്യണം. അതു തള്ളയോടുകൂടെ ഏഴുദിവസം നിന്നുകൊള്ളട്ടെ, എന്നാൽ എട്ടാംദിവസം അതിനെ എനിക്കു തരണം. “നിങ്ങൾ എന്റെ വിശുദ്ധജനമായിരിക്കേണ്ടവരാണ്. അതുകൊണ്ട് വന്യമൃഗങ്ങൾ കടിച്ചുകീറിയ മൃഗങ്ങളുടെ മാംസം ഭക്ഷിക്കരുത്; അതു നായ്ക്കൾക്ക് ഇട്ടുകൊടുക്കണം.

പുറപ്പാട് 22:16-31 - നുള്ള വീഡിയോ