പുറപ്പാട് 22

22
1ഒരുത്തൻ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്‍ടിച്ച് അറുക്കുകയാകട്ടെ വില്ക്കുകയാകട്ടെ ചെയ്താൽ, അവൻ ഒരു കാളയ്ക്ക് അഞ്ചു കാളയെയും ഒരു ആടിന് നാല് ആടിനെയും പകരം കൊടുക്കേണം. 2കള്ളൻ വീട് മുറിക്കുമ്പോൾ പിടിക്കപ്പെട്ട് അടികൊണ്ടു മരിച്ചുപോയാൽ അവനെ സംബന്ധിച്ച് രക്തപാതകം ഇല്ല. 3എന്നാൽ അതു നേരം വെളുത്ത ശേഷമാകുന്നു എങ്കിൽ രക്തപാതകം ഉണ്ട്. കള്ളൻ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവൻ വകയില്ലാത്തവൻ എങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വില്ക്കേണം. 4മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കേണം.
5ഒരുത്തൻ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്റെ കന്നുകാലിയെ അഴിച്ചുവിട്ട് അത് മറ്റൊരുത്തന്റെ വയലിൽ മേയുകയാകട്ടെ ചെയ്താൽ അവൻ തന്റെ വയലിലുള്ളതിൽ ഉത്തമമായതും തന്റെ മുന്തിരിത്തോട്ടത്തിലുള്ളതിൽ ഉത്തമമായതും പകരം കൊടുക്കേണം.
6തീ വീണു കാടു കത്തിയിട്ട് കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കിൽ തീ കത്തിച്ചവൻ പകരം കൊടുക്കേണം.
7ഒരുത്തൻ കൂട്ടുകാരന്റെ പറ്റിൽ പണമോ വല്ല സാധനമോ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അത് അവന്റെ വീട്ടിൽനിന്നു കളവുപോയാൽ കള്ളനെ പിടികിട്ടി എന്നുവരികിൽ അവൻ ഇരട്ടി പകരം കൊടുക്കേണം. 8കള്ളനെ പിടികിട്ടാതിരുന്നാൽ ആ വീട്ടുകാരൻ കൂട്ടുകാരന്റെ വസ്തുവിന്മേൽ കൈ വച്ചിട്ടുണ്ടോ എന്ന് അറിവാൻ അവനെ ദൈവസന്നിധിയിൽ കൊണ്ടുപോകേണം. 9കാണാതെപോയ കാള, കഴുത, ആട്, വസ്ത്രം മുതലായ യാതൊന്നിനെയും സംബന്ധിച്ച് ഇത് എനിക്കുള്ളത് എന്ന് ഒരുവൻ പറഞ്ഞു കുറ്റം ചുമത്തിയാൽ ഇരുപക്ഷക്കാരുടെയും കാര്യം ദൈവസന്നിധിയിൽ വരേണം; കുറ്റക്കാരനെന്നു ദൈവം വിധിക്കുന്നവൻ കൂട്ടുകാരന് ഇരട്ടി പകരം കൊടുക്കേണം.
10ഒരുത്തൻ കൂട്ടുകാരന്റെ പക്കൽ കഴുത, കാള, ആട് എന്നിങ്ങനെ ഒരു മൃഗത്തെ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അതു ചത്തുപോകയോ അതിനു വല്ല കേടു തട്ടുകയോ ആരും കാണാതെ കളവു പോകയോ ചെയ്താൽ 11കൂട്ടുകാരന്റെ വസ്തുവിന്മേൽ അവൻ കൈ വച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപക്ഷക്കാർക്കും തീർച്ച ആയിരിക്കേണം; ഉടമസ്ഥൻ അതു സമ്മതിക്കേണം; മറ്റവൻ പകരം കൊടുക്കേണ്ടാ. 12എന്നാൽ അത് അവന്റെ പക്കൽനിന്നു കളവുപോയി എന്നു വരികിൽ അവൻ അതിന്റെ ഉടമസ്ഥനു പകരം കൊടുക്കേണം. 13അതു കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിനു സാക്ഷ്യം കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന് അവൻ പകരം കൊടുക്കേണ്ടാ.
14ഒരുത്തൻ കൂട്ടുകാരനോടു വായ്പ വാങ്ങിയിട്ട് ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താൽ അവൻ പകരം കൊടുക്കേണം. 15ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കിൽ അതിനു കൂലിയുണ്ടല്ലോ.
16വിവാഹത്തിനു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തൻ വശീകരിച്ച് അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്ത് അവളെ വിവാഹം കഴിക്കേണം. 17അവളെ അവനു കൊടുപ്പാൻ അവളുടെ അപ്പന് അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന് ഒത്തവണ്ണം പണം കൊടുക്കേണം.
18ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വയ്ക്കരുത്. 19മൃഗത്തോടുകൂടെ ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം.
20യഹോവയ്ക്കു മാത്രമല്ലാതെ വേറേ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം. 21പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ മിസ്രയീംദേശത്തു പരദേശികൾ ആയിരുന്നുവല്ലോ. 22വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്. 23അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും; 24എന്റെ കോപവും ജ്വലിക്കും; ഞാൻ വാൾകൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായിത്തീരും.
25എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രനു പണം വായ്പ കൊടുത്താൽ പൊലികടക്കാരനെപ്പോലെ ഇരിക്കരുത്; അവനോടു പലിശ വാങ്ങുകയും അരുത്. 26നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കും മുമ്പേ മടക്കിക്കൊടുക്കേണം. അതു മാത്രമല്ലോ അവന്റെ പുതപ്പ്; 27അതു മാത്രമല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്തോന്നു പുതച്ചു കിടക്കും? അവൻ എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.
28നീ ദൈവത്തെ ദുഷിക്കരുത്; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുത്. 29നിന്റെ വിളവും ദ്രാവകവർഗവും അർപ്പിപ്പാൻ താമസിക്കരുത്; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു തരേണം. 30നിന്റെ കാളകളിലും ആടുകളിലും അങ്ങനെതന്നെ; അത് ഏഴു ദിവസം തള്ളയോടുകൂടെ ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്കു തരേണം. 31നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുത്. നിങ്ങൾ അതിനെ നായ്ക്കൾക്ക് ഇട്ടുകളയേണം.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

പുറപ്പാട് 22: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

പുറപ്പാട് 22 - നുള്ള വീഡിയോ