EXODUS 22:16-31

EXODUS 22:16-31 MALCLBSI

വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു യുവതിയെ വശീകരിച്ച് അവളുടെ കൂടെ ശയിക്കുന്നവൻ അവൾക്ക് വിവാഹധനം കൊടുത്ത് അവളെ ഭാര്യയായി സ്വീകരിക്കണം. എന്നാൽ അവളെ അയാൾക്കു വിവാഹം ചെയ്തുകൊടുക്കാൻ അവളുടെ പിതാവിനു സമ്മതമില്ലെങ്കിൽ കന്യകമാർക്ക് കൊടുക്കേണ്ട വിവാഹധനം അയാൾ അവളുടെ പിതാവിനു കൊടുക്കണം. “മന്ത്രവാദിനികൾ നിങ്ങളുടെയിടയിൽ ജീവിക്കാൻ അനുവദിക്കരുത്. മൃഗവുമായി സംയോഗം ചെയ്യുന്നവൻ വധിക്കപ്പെടണം;” “സർവേശ്വരനല്ലാതെ അന്യദേവനു യാഗമർപ്പിക്കുന്നവനെ ഉന്മൂലനം ചെയ്യണം.” “വിദേശിയോട് അപമര്യാദമായി പെരുമാറുകയോ, അയാളെ മർദിക്കുകയോ ചെയ്യരുത്; നിങ്ങളും ഈജിപ്തിൽ വിദേശികളായിരുന്നുവല്ലോ.” “വിധവയെയോ അനാഥനെയോ പീഡിപ്പിക്കരുത്; അങ്ങനെ ചെയ്താൽ അവർ എന്നോടു നിലവിളിക്കുകയും നിശ്ചയമായും ഞാൻ അവരുടെ നിലവിളി കേൾക്കുകയും ചെയ്യും.” “എന്റെ കോപം ജ്വലിച്ച് ഞാൻ നിങ്ങളെ വാളിനിരയാക്കും. നിങ്ങളുടെ ഭാര്യമാർ വിധവകളും മക്കൾ അനാഥരുമായിത്തീരും.” “എന്റെ ജനത്തിലെ ദരിദ്രന്മാരായ ആർക്കെങ്കിലും പണം കടം കൊടുക്കുമ്പോൾ നിങ്ങൾ പലിശയ്‍ക്കു പണം കടം കൊടുക്കുന്നവരെപ്പോലെ പെരുമാറരുത്. അവരിൽനിന്നു പലിശ ഈടാക്കുകയും അരുത്. അയൽക്കാരന്റെ മേലങ്കി പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുന്നതിനുമുമ്പ് അതു നീ തിരിച്ചുകൊടുക്കണം. അവനു പുതയ്‍ക്കാൻ വേറെ വസ്ത്രമില്ലല്ലോ. അതില്ലാതെ അവൻ എങ്ങനെ ഉറങ്ങും. അവൻ എന്നോടു നിലവിളിച്ചാൽ ഞാൻ കേൾക്കും; ഞാൻ കൃപാലുവായ ദൈവമാകുന്നു.” “നിങ്ങൾ ദൈവത്തെ നിന്ദിക്കരുത്. ജനത്തിന്റെ അധിപതിയെ ശപിക്കയും അരുത്. നിങ്ങളുടെ മെതിക്കളത്തിന്റെയും ചക്കുകളുടെയും സമൃദ്ധിയിൽനിന്ന് എനിക്കുള്ള ഓഹരി അർപ്പിക്കാൻ താമസിക്കരുത്. നിങ്ങളുടെ കടിഞ്ഞൂൽപുത്രന്മാരെ എനിക്കു നല്‌കണം. അതുപോലെതന്നെ നിങ്ങളുടെ കന്നുകാലികളുടെയും ആടുകളുടെയും കടിഞ്ഞൂലുകളെ എനിക്കു നല്‌കണം. അവ ഏഴു ദിവസം തള്ളയോടൊപ്പം നില്‌ക്കട്ടെ. എട്ടാം ദിവസം അതിനെ എനിക്ക് അർപ്പിക്കണം. നിങ്ങൾ എനിക്കായി വേർതിരിക്കപ്പെട്ടവരാണ്. അതുകൊണ്ട് മൃഗങ്ങൾ കടിച്ചുകീറിയ മാംസം നിങ്ങൾ ഭക്ഷിക്കരുത്. അത് നായ്‍ക്കൾക്ക് കൊടുക്കുക.

EXODUS 22 വായിക്കുക

EXODUS 22:16-31 - നുള്ള വീഡിയോ