പുറപ്പാട് 12:5-13

പുറപ്പാട് 12:5-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തീയതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്ത് അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്ത് തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കയ്പുചീരയോടുകൂടെ അതു തിന്നേണം. തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുത്. പിറ്റന്നാൾ കാലത്തേക്ക് അതിൽ ഒട്ടും ശേഷിപ്പിക്കരുത്; പിറ്റന്നാൾ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം. അരകെട്ടിയും കാലിനു ചെരുപ്പിട്ടും കൈയിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു. ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടെ കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയൊക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നുപോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായിത്തീരുകയില്ല.

പുറപ്പാട് 12:5-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആട് ഒരു വയസ്സു തികഞ്ഞ കുറ്റമറ്റ ആൺകുട്ടി ആയിരിക്കണം. ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തീയതിവരെ നിങ്ങൾ അതിനെ സൂക്ഷിക്കണം. പതിന്നാലാം ദിവസം വൈകുന്നേരം എല്ലാ ഇസ്രായേല്യരും തങ്ങളുടെ ആട്ടിൻകുട്ടിയെ കൊല്ലണം. അതിന്റെ രക്തം കുറെ എടുത്ത് നിങ്ങൾ ഭക്ഷിക്കാൻ കൂടിയിരിക്കുന്ന വീടിന്റെ കട്ടിളക്കാലിലും മുകൾപ്പടിയിലും പുരട്ടണം. അന്നു രാത്രി മാംസം ചുട്ട് പുളിപ്പുചേർക്കാത്ത അപ്പവും കയ്പുചീരയും ചേർത്തു ഭക്ഷിക്കണം. പച്ചയ്‍ക്കോ വെള്ളത്തിൽ വേവിച്ചോ മാംസം ഭക്ഷിക്കരുത്. മൃഗത്തെ മുഴുവനും തലയും കാലുകളും ഉൾഭാഗങ്ങളും ഉൾപ്പെടെ ചുട്ട് ഭക്ഷിക്കണം. അതിൽ അല്പം പോലും അടുത്ത ദിവസത്തേക്കു ശേഷിപ്പിക്കരുത്. ബാക്കി വരുന്നതു ദഹിപ്പിച്ചുകളയണം. അര മുറുക്കി, ചെരുപ്പു ധരിച്ച്, കൈയിൽ വടിയും പിടിച്ചുകൊണ്ട് തിടുക്കത്തിൽ നിങ്ങൾ അതു ഭക്ഷിക്കണം. അതു സർവേശ്വരന്റെ പെസഹ ആണല്ലോ. “അന്നുരാത്രി ഞാൻ ഈജിപ്തിലൂടെ കടന്നുപോകും; അവിടെയുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂൽസന്തതികളെ ഞാൻ സംഹരിക്കും. ഈജിപ്തിലെ എല്ലാ ദേവന്മാരുടെയുംമേൽ ഞാൻ ശിക്ഷാവിധി നടത്തും; ഞാൻ സർവേശ്വരൻ ആകുന്നു. നിങ്ങൾ പാർക്കുന്ന വീടുകൾക്ക് രക്തം അടയാളമായിരിക്കും; അതു കാണുമ്പോൾ ഞാൻ നിങ്ങളെ കടന്നുപോകും; ഈജിപ്തുകാരെ ഞാൻ സംഹരിക്കുമ്പോൾ, ഒരു ബാധയും നിങ്ങളെ നശിപ്പിക്കുകയില്ല.

പുറപ്പാട് 12:5-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സ് പ്രായമുള്ള ആണും ആയിരിക്കേണം; അത് ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിനാലാം തീയതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്ത് അതിനെ അറുക്കേണം. അതിന്‍റെ രക്തം കുറെ എടുത്ത് നിങ്ങൾ മാംസം ഭക്ഷിക്കുവാൻ കൂടിയിരിക്കുന്ന വീടുകളുടെ വാതിലിന്‍റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടി അത് തിന്നേണം. തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായോ വെള്ളത്തിൽ പുഴുങ്ങിയോ തിന്നരുത്. പിറ്റെന്നാൾ കാലത്തേക്ക് അതിൽ ഒട്ടും ശേഷിപ്പിക്കരുത്; ബാക്കി വരുന്നത് പിറ്റെന്നാൾ നിങ്ങൾ തീയിലിട്ട് ചുട്ടുകളയേണം. അരയിൽ തോൽവാർ കെട്ടിയും കാലിൽ ചെരുപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ട് നിങ്ങൾ തിന്നേണം; തിടുക്കത്തിൽ നിങ്ങൾ തിന്നേണം; അത് യഹോവയുടെ പെസഹ ആകുന്നു. ”ഈ രാത്രിയിൽ ഞാൻ മിസ്രയീമിൽ കൂടി കടന്ന് മിസ്രയീംദേശത്തുള്ള മനുഷ്യൻ്റെയും മൃഗത്തിൻ്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ വിട്ട് ഒഴിഞ്ഞ് പോകും; ഞാൻ മിസ്രയീമിനെ ബാധിക്കുന്ന ബാധ നിങ്ങൾക്ക് നാശകാരണമായി തീരുകയില്ല.

പുറപ്പാട് 12:5-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം. തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുതു. പിറ്റെന്നാൾ കാലത്തേക്കു അതിൽ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാൾ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം. അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു. ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല.

പുറപ്പാട് 12:5-13 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങൾ തെരഞ്ഞെടുക്കുന്ന ആട്ടിൻകുട്ടി ഒരുവർഷം പ്രായമുള്ളതും ഊനമൊന്നും ഇല്ലാത്തതുമായ ആൺ ആയിരിക്കണം; ചെമ്മരിയാടോ കോലാടോ ആകാം. മാസത്തിന്റെ പതിന്നാലാംതീയതിവരെ അവയെ സംരക്ഷിക്കുകയും അന്നു സന്ധ്യാസമയത്ത് ഇസ്രായേല്യസമൂഹത്തിലെ സകലരും അവയെ അറക്കുകയും വേണം. പിന്നെ അവർ അവയുടെ രക്തത്തിൽ കുറെ എടുത്ത്, തങ്ങൾ ആട്ടിൻകുട്ടിയെ ഭക്ഷിക്കുന്ന വീടിന്റെ കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും പുരട്ടണം. അവർ കയ്‌പുചീരയും പുളിപ്പില്ലാത്ത അപ്പവും കൂട്ടി തീയിൽ ചുട്ട മാംസം ആ രാത്രിയിൽത്തന്നെ ഭക്ഷിക്കണം. തലയും കാലുകളും ആന്തരികഭാഗങ്ങളും എല്ലാംകൂടി തീയിൽ ചുട്ടതല്ലാതെ പച്ചയായിട്ടോ, വെള്ളത്തിൽ വേവിച്ചോ ഭക്ഷിക്കരുത്. രാവിലത്തേക്ക് അതിൽ അൽപ്പംപോലും ശേഷിപ്പിക്കരുത്; എന്തെങ്കിലും മിച്ചംവരുന്നെങ്കിൽ അതു ചുട്ടുകളയണം. നിങ്ങൾ അതു ഭക്ഷിക്കേണ്ടത് ഇപ്രകാരമാണ്: അര കെട്ടിയും കാലിൽ ചെരിപ്പിട്ടും കൈയിൽ വടിപിടിച്ചുംകൊണ്ട് തിടുക്കത്തിൽ അതു ഭക്ഷിക്കണം; അത് യഹോവയുടെ പെസഹ ആകുന്നു! “ആ രാത്രിയിൽത്തന്നെ ഞാൻ ഈജിപ്റ്റിൽക്കൂടി കടന്നുപോകുകയും മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലാ കടിഞ്ഞൂലുകളെയും സംഹരിക്കുകയും ചെയ്യും; ഈജിപ്റ്റിലെ സകലദേവന്മാരുടെയുംമേൽ ഞാൻ ന്യായവിധി വരുത്തും. ഞാൻ യഹോവ ആകുന്നു. നിങ്ങൾ വസിക്കുന്ന ഭവനത്തിൽ രക്തം നിങ്ങൾക്ക് ഒരു ചിഹ്നമായിരിക്കും; രക്തം കാണുമ്പോൾ ഞാൻ നിങ്ങളെ വിട്ടു കടന്നുപോകും. ഞാൻ ഈജിപ്റ്റിനെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശകാരണമായിത്തീരുകയില്ല.