പുറപ്പാട് 12:5-13

പുറപ്പാട് 12:5-13 MCV

നിങ്ങൾ തെരഞ്ഞെടുക്കുന്ന ആട്ടിൻകുട്ടി ഒരുവർഷം പ്രായമുള്ളതും ഊനമൊന്നും ഇല്ലാത്തതുമായ ആൺ ആയിരിക്കണം; ചെമ്മരിയാടോ കോലാടോ ആകാം. മാസത്തിന്റെ പതിന്നാലാംതീയതിവരെ അവയെ സംരക്ഷിക്കുകയും അന്നു സന്ധ്യാസമയത്ത് ഇസ്രായേല്യസമൂഹത്തിലെ സകലരും അവയെ അറക്കുകയും വേണം. പിന്നെ അവർ അവയുടെ രക്തത്തിൽ കുറെ എടുത്ത്, തങ്ങൾ ആട്ടിൻകുട്ടിയെ ഭക്ഷിക്കുന്ന വീടിന്റെ കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും പുരട്ടണം. അവർ കയ്‌പുചീരയും പുളിപ്പില്ലാത്ത അപ്പവും കൂട്ടി തീയിൽ ചുട്ട മാംസം ആ രാത്രിയിൽത്തന്നെ ഭക്ഷിക്കണം. തലയും കാലുകളും ആന്തരികഭാഗങ്ങളും എല്ലാംകൂടി തീയിൽ ചുട്ടതല്ലാതെ പച്ചയായിട്ടോ, വെള്ളത്തിൽ വേവിച്ചോ ഭക്ഷിക്കരുത്. രാവിലത്തേക്ക് അതിൽ അൽപ്പംപോലും ശേഷിപ്പിക്കരുത്; എന്തെങ്കിലും മിച്ചംവരുന്നെങ്കിൽ അതു ചുട്ടുകളയണം. നിങ്ങൾ അതു ഭക്ഷിക്കേണ്ടത് ഇപ്രകാരമാണ്: അര കെട്ടിയും കാലിൽ ചെരിപ്പിട്ടും കൈയിൽ വടിപിടിച്ചുംകൊണ്ട് തിടുക്കത്തിൽ അതു ഭക്ഷിക്കണം; അത് യഹോവയുടെ പെസഹ ആകുന്നു! “ആ രാത്രിയിൽത്തന്നെ ഞാൻ ഈജിപ്റ്റിൽക്കൂടി കടന്നുപോകുകയും മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലാ കടിഞ്ഞൂലുകളെയും സംഹരിക്കുകയും ചെയ്യും; ഈജിപ്റ്റിലെ സകലദേവന്മാരുടെയുംമേൽ ഞാൻ ന്യായവിധി വരുത്തും. ഞാൻ യഹോവ ആകുന്നു. നിങ്ങൾ വസിക്കുന്ന ഭവനത്തിൽ രക്തം നിങ്ങൾക്ക് ഒരു ചിഹ്നമായിരിക്കും; രക്തം കാണുമ്പോൾ ഞാൻ നിങ്ങളെ വിട്ടു കടന്നുപോകും. ഞാൻ ഈജിപ്റ്റിനെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശകാരണമായിത്തീരുകയില്ല.

പുറപ്പാട് 12:5-13 - നുള്ള വീഡിയോ