പുറപ്പാട് 12
12
പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളും
1യഹോവ മോശയോടും അഹരോനോടും ഈജിപ്റ്റിൽവെച്ച് ഇങ്ങനെ അരുളിച്ചെയ്തു, 2“ഈമാസം നിങ്ങളുടെ വർഷത്തിന്റെ ഒന്നാംമാസമായ ആരംഭമാസം ആയിരിക്കണം. 3ഈമാസം പത്താംതീയതി ഓരോ പുരുഷനും തന്റെ കുടുംബത്തിനുവേണ്ടി, ഒരു കുടുംബത്തിന് ഒന്ന് എന്ന കണക്കിൽ, ഓരോ ആട്ടിൻകുട്ടിയെ എടുത്തുകൊള്ളണം എന്നു നിങ്ങൾ ഇസ്രായേല്യസമൂഹത്തോട് ഒന്നാകെ കൽപ്പിക്കണം. 4ഒരാട്ടിൻകുട്ടി മുഴുവൻ ആവശ്യമില്ല എന്നു വരത്തക്കവണ്ണം ഏതെങ്കിലും കുടുംബം ചെറിയതെങ്കിൽ അവർ തങ്ങളുടെ ഏറ്റവും അടുത്തുള്ള അയൽവാസിയുമായി അവിടെയുള്ളവരുടെ എണ്ണമനുസരിച്ച് അതിനെ പങ്കുവെക്കണം. ഓരോ വ്യക്തിയും ഭക്ഷിക്കുന്നതിന്റെ അളവനുസരിച്ച് നിങ്ങൾക്ക് എത്ര ആട്ടിൻകുട്ടി ആവശ്യമുണ്ട് എന്നു നിശ്ചയിക്കണം. 5നിങ്ങൾ തെരഞ്ഞെടുക്കുന്ന ആട്ടിൻകുട്ടി ഒരുവർഷം പ്രായമുള്ളതും ഊനമൊന്നും ഇല്ലാത്തതുമായ ആൺ ആയിരിക്കണം; ചെമ്മരിയാടോ കോലാടോ ആകാം. 6മാസത്തിന്റെ പതിന്നാലാംതീയതിവരെ അവയെ സംരക്ഷിക്കുകയും അന്നു സന്ധ്യാസമയത്ത് ഇസ്രായേല്യസമൂഹത്തിലെ സകലരും അവയെ അറക്കുകയും വേണം. 7പിന്നെ അവർ അവയുടെ രക്തത്തിൽ കുറെ എടുത്ത്, തങ്ങൾ ആട്ടിൻകുട്ടിയെ ഭക്ഷിക്കുന്ന വീടിന്റെ കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും പുരട്ടണം. 8അവർ കയ്‌പുചീരയും പുളിപ്പില്ലാത്ത അപ്പവും കൂട്ടി തീയിൽ ചുട്ട മാംസം ആ രാത്രിയിൽത്തന്നെ ഭക്ഷിക്കണം. 9തലയും കാലുകളും ആന്തരികഭാഗങ്ങളും എല്ലാംകൂടി തീയിൽ ചുട്ടതല്ലാതെ പച്ചയായിട്ടോ, വെള്ളത്തിൽ വേവിച്ചോ ഭക്ഷിക്കരുത്. 10രാവിലത്തേക്ക് അതിൽ അൽപ്പംപോലും ശേഷിപ്പിക്കരുത്; എന്തെങ്കിലും മിച്ചംവരുന്നെങ്കിൽ അതു ചുട്ടുകളയണം. 11നിങ്ങൾ അതു ഭക്ഷിക്കേണ്ടത് ഇപ്രകാരമാണ്: അര കെട്ടിയും കാലിൽ ചെരിപ്പിട്ടും കൈയിൽ വടിപിടിച്ചുംകൊണ്ട് തിടുക്കത്തിൽ അതു ഭക്ഷിക്കണം; അത് യഹോവയുടെ പെസഹ ആകുന്നു!
12“ആ രാത്രിയിൽത്തന്നെ ഞാൻ ഈജിപ്റ്റിൽക്കൂടി കടന്നുപോകുകയും മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലാ കടിഞ്ഞൂലുകളെയും സംഹരിക്കുകയും ചെയ്യും; ഈജിപ്റ്റിലെ സകലദേവന്മാരുടെയുംമേൽ ഞാൻ ന്യായവിധി വരുത്തും. ഞാൻ യഹോവ ആകുന്നു. 13നിങ്ങൾ വസിക്കുന്ന ഭവനത്തിൽ രക്തം നിങ്ങൾക്ക് ഒരു ചിഹ്നമായിരിക്കും; രക്തം കാണുമ്പോൾ ഞാൻ നിങ്ങളെ വിട്ടു കടന്നുപോകും. ഞാൻ ഈജിപ്റ്റിനെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശകാരണമായിത്തീരുകയില്ല.
14“ഈ ദിവസത്തിന്റെ സ്മരണ നിങ്ങൾ നിലനിർത്തേണ്ടതാകുന്നു; വരുംതലമുറകളിൽ നിങ്ങൾ അത് യഹോവയ്ക്കുള്ള ഉത്സവമായി ആഘോഷിക്കണം—ഇത് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമാണ്. 15നിങ്ങൾ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസം നിങ്ങൾ ഭവനങ്ങളിൽനിന്ന് പുളിമാവു നീക്കംചെയ്യണം. ഒന്നാംദിവസംമുതൽ ഏഴാംദിവസംവരെ പുളിപ്പോടുകൂടിയതെന്തെങ്കിലും ഭക്ഷിക്കുന്ന ഏതൊരുവനെയും ഇസ്രായേലിൽനിന്ന് ഛേദിച്ചുകളയേണ്ടതാണ്. 16ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം. ഏഴാംദിവസം വീണ്ടും സഭകൂടണം. അവരവർക്കുവേണ്ട ആഹാരം പാകംചെയ്യുകയല്ലാതെ മറ്റൊരു ജോലിയും ഈ ദിവസങ്ങളിൽ ചെയ്യരുത്.
17“നിങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിക്കണം, എന്തുകൊണ്ടെന്നാൽ, ഈ ദിവസത്തിലാണ് ഞാൻ നിങ്ങളുടെ സമൂഹത്തെ#12:17 മൂ.ഭാ. സൈന്യത്തെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുപോന്നത്. വരുംതലമുറകൾക്ക് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമായി ഈ ദിവസം നിങ്ങൾ ആചരിക്കുക. 18ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യമുതൽ ഇരുപത്തിയൊന്നാംതീയതി സന്ധ്യവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. 19ഏഴുദിവസത്തേക്ക് നിങ്ങളുടെ ഭവനങ്ങളിൽ പുളിമാവ് ഉണ്ടായിരിക്കരുത്. പുളിപ്പുള്ളത് എന്തെങ്കിലും ആരെങ്കിലും ഭക്ഷിച്ചാൽ, അയാൾ വിദേശിയായാലും സ്വദേശിയായാലും, ഇസ്രായേല്യസമൂഹത്തിൽനിന്ന് അയാളെ ഛേദിച്ചുകളയണം. 20പുളിച്ചത് യാതൊന്നും ഭക്ഷിക്കരുത്. നിങ്ങളുടെ താമസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.”
21ഇതിനുശേഷം മോശ ഇസ്രായേലിലെ സകലഗോത്രത്തലവന്മാരെയും കൂട്ടിവരുത്തി അവരോട് ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾ ഉടൻതന്നെ പോയി നിങ്ങളുടെ കുടുംബങ്ങൾക്കൊത്തവണ്ണം ആട്ടിൻകുട്ടിയെ തെരഞ്ഞെടുത്ത് പെസഹാക്കുഞ്ഞാടിനെ അറക്കുക. 22ഈസോപ്പുചെടിയുടെ ഒരു കെട്ടെടുത്ത് കിണ്ണത്തിലെ രക്തത്തിൽ മുക്കി കട്ടിളക്കാലുകളിൽ രണ്ടിലും കട്ടിളകളുടെ മീതേയുള്ള പടിയിലും തേയ്ക്കണം. നിങ്ങളിൽ ആരും നേരംപുലരുംവരെ വീടിന്റെ വാതിലിനു പുറത്തിറങ്ങരുത്. 23യഹോവ ഈജിപ്റ്റുകാരെ ദണ്ഡിപ്പിക്കുന്നതിനു ദേശത്തുകൂടി കടന്നുപോകുമ്പോൾ, കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും രക്തം കാണുകയും ആ വാതിൽ ഒഴിഞ്ഞു കടന്നുപോകുകയും ചെയ്യും; നിങ്ങളെ സംഹരിക്കാൻ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുന്നതിന് അവിടന്നു സംഹാരകനെ അനുവദിക്കുകയില്ല.
24“നിങ്ങൾക്കും നിങ്ങളുടെ പിൻഗാമികൾക്കുംവേണ്ടിയുള്ള ശാശ്വതമായ നിയമമായി ഈ നിർദേശങ്ങൾ പാലിക്കുക. 25യഹോവ നിങ്ങൾക്കു നൽകുമെന്നു വാഗ്ദാനംചെയ്തിരിക്കുന്ന ദേശത്തു പ്രവേശിച്ചശേഷം ഇത് അനുഷ്ഠിക്കുക. 26‘ഈ അനുഷ്ഠാനംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?’ എന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ, 27‘ഈജിപ്റ്റിൽവെച്ച് ഇസ്രായേല്യരുടെ ഭവനങ്ങളെ വിട്ടു കടന്നുപോകുകയും ഈജിപ്റ്റുകാരെ ദണ്ഡിപ്പിച്ചപ്പോൾ നമ്മുടെ വീടുകളെ ഒഴിവാക്കുകയുംചെയ്ത യഹോവയ്ക്കുള്ള പെസഹായാഗമാണിത്,’ എന്നു നിങ്ങൾ അവരോടു പറയുക.” അപ്പോൾ ജനം കുമ്പിട്ട് ആരാധിച്ചു. 28യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചിരുന്നതുപോലെതന്നെ ഇസ്രായേൽമക്കൾ ചെയ്തു.
29അർധരാത്രിയിൽ യഹോവ ഈജിപ്റ്റിലെ സകലകടിഞ്ഞൂലുകളെയും— സിംഹാസനത്തിൽ ഇരുന്ന ഫറവോന്റെ ആദ്യജാതൻമുതൽ കാരാഗൃഹത്തിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻവരെയുള്ള സർവ കടിഞ്ഞൂലുകളെയും സകല ആടുമാടുകളുടെ കടിഞ്ഞൂലുകളെയും—സംഹരിച്ചു. 30ഫറവോനും അയാളുടെ ഉദ്യോഗസ്ഥന്മാരെല്ലാവരും സകല ഈജിപ്റ്റുകാരും രാത്രിയിൽ ഉണർന്നെഴുന്നേറ്റു; ഈജിപ്റ്റിൽ വലിയൊരു നിലവിളി ഉണ്ടായി; ഒരാളെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല.
പുറപ്പാട്
31ഫറവോൻ രാത്രിയിൽ മോശയെയും അഹരോനെയും ആളയച്ചുവരുത്തി, “നിങ്ങളും ഇസ്രായേല്യരും എഴുന്നേറ്റ് എന്റെ ജനത്തെ വിട്ടുപോകുക. നിങ്ങൾ അപേക്ഷിച്ചതുപോലെ പോയി യഹോവയെ ആരാധിക്കുക. 32നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആട്ടിൻപറ്റങ്ങളെയും കന്നുകാലികളെയും കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളൂ. എന്നെ അനുഗ്രഹിക്കുകയും ചെയ്യുക” എന്നു പറഞ്ഞു.
33എത്രയുംവേഗം ദേശം വിട്ടുപോകാൻ ഈജിപ്റ്റുകാർ ജനങ്ങളെ നിർബന്ധിച്ചു. “അല്ലാത്തപക്ഷം ഞങ്ങൾ എല്ലാവരും മരിച്ചുപോകും,” എന്ന് അവർ പറഞ്ഞു. 34അതുകൊണ്ടു ജനം അവരുടെ കുഴച്ച മാവ് പുളിക്കുന്നതിനുമുമ്പുതന്നെ തൊട്ടികളിലെടുത്ത് അവ തുണിയിൽ പൊതിഞ്ഞു തോളിൽ കയറ്റി. 35മോശ നിർദേശിച്ചതനുസരിച്ച് ഇസ്രായേല്യർ പ്രവർത്തിച്ചു; അവർ ഈജിപ്റ്റുകാരോടു വെള്ളിയും സ്വർണവുംകൊണ്ടുള്ള സാധനങ്ങളും വസ്ത്രങ്ങളും ആവശ്യപ്പെട്ടു. 36ജനങ്ങളുടെനേർക്ക് ഈജിപ്റ്റുകാർക്ക് അനുകൂലഭാവം ഉണ്ടാകാൻ യഹോവ ഇടയാക്കി; അവർ തങ്ങളോട് ആവശ്യപ്പെട്ടതെല്ലാം അവർക്കു കൊടുത്തു; അങ്ങനെ അവർ ഈജിപ്റ്റുകാരെ കൊള്ളയിട്ടു.
37ഇസ്രായേല്യർ രമെസേസിൽനിന്ന് സൂക്കോത്തിലേക്കു കാൽനടയായി യാത്രചെയ്തു; അവർ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം ആറുലക്ഷം പുരുഷന്മാരാണ് കാൽനടയായി പുറപ്പെട്ടത്. 38ഒരു സമ്മിശ്രപുരുഷാരവും ആട്ടിൻപറ്റങ്ങൾ, കന്നുകാലിക്കൂട്ടങ്ങൾ എന്നിവ അടങ്ങുന്ന വിപുലമായ മൃഗസഞ്ചയവും അവരോടുകൂടെ പോയി. 39അവർ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന മാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പം ചുട്ടു. അവരെ തിടുക്കത്തിൽ ഈജിപ്റ്റിൽനിന്ന് ഓടിച്ചുവിട്ടതുകൊണ്ട് മാവു പുളിച്ചിരുന്നില്ല. യാത്രയ്ക്കുവേണ്ട ഭക്ഷണം അവർ കരുതിയിരുന്നുമില്ല.
40ഇസ്രായേൽജനം ഈജിപ്റ്റിൽ താമസിച്ചിരുന്ന കാലഘട്ടം 430 വർഷം ആയിരുന്നു. 41ആ 430 വർഷം തീരുന്ന ദിവസംതന്നെ യഹോവയുടെ സൈന്യം എല്ലാം ഈജിപ്റ്റ് വിട്ടുപോയി. 42അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുപോന്നതിനാൽ യഹോവയ്ക്കു പ്രത്യേകമായി ആചരിക്കേണ്ട രാത്രിയാണ് അത്. ഇസ്രായേല്യർ എല്ലാവരും തലമുറതലമുറയായി വളരെ ജാഗ്രതയോടെ ഈ രാത്രി ആചരിക്കേണ്ടതാകുന്നു.
പെസഹായുടെ നിബന്ധനകൾ
43യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “പെസഹായ്ക്കുള്ള നിബന്ധനകൾ ഇവയാകുന്നു:
“ഒരു വിദേശിയും ഇതിൽനിന്ന് ഭക്ഷിക്കാൻ പാടില്ല. 44നീ വിലയ്ക്കു വാങ്ങിയിട്ടുള്ള ഏതൊരു അടിമയ്ക്കും അവൻ പരിച്ഛേദനം ഏറ്റതിനുശേഷം, ഇതിൽനിന്ന് ഭക്ഷിക്കാവുന്നതാണ്. 45എന്നാൽ തൽക്കാലത്തേക്കു വന്നു താമസിക്കുന്നവനും കൂലിക്കാരനും ഇതു ഭക്ഷിക്കാൻ പാടില്ല.
46“വീടിനുള്ളിൽവെച്ചായിരിക്കണം ഇതു ഭക്ഷിക്കുന്നത്; മാംസത്തിൽ അൽപ്പംപോലും വീടിനു പുറത്തേക്കു കൊണ്ടുപോകരുത്; അതിൽ ഒരസ്ഥിയും ഒടിക്കരുത്. 47ഇസ്രായേല്യസമൂഹം ഒന്നാകെ ഇത് ആചരിക്കണം.
48“നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശി യഹോവയുടെ പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ തന്റെ കുടുംബത്തിലുള്ള സകലപുരുഷന്മാർക്കും പരിച്ഛേദനം നടത്തിയിരിക്കണം; പിന്നെ അവന്, സ്വദേശത്തു ജനിച്ച ഒരുവനെപ്പോലെ ഇതിൽ പങ്കെടുക്കാം. പരിച്ഛേദനമേൽക്കാത്ത യാതൊരു പുരുഷനും ഇതു ഭക്ഷിക്കരുത്. 49സ്വദേശിക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന വിദേശിക്കും ഈ നിയമം ഒരുപോലെ ബാധകമായിരിക്കണം.”
50യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചതുപോലെതന്നെ ഇസ്രായേൽമക്കൾ എല്ലാവരും ചെയ്തു. 51യഹോവ ആ ദിവസംതന്നെ ഇസ്രായേല്യരെ ഗണംഗണമായി ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പുറപ്പാട് 12: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.