EXODUS 12:5-13

EXODUS 12:5-13 MALCLBSI

ആട് ഒരു വയസ്സു തികഞ്ഞ കുറ്റമറ്റ ആൺകുട്ടി ആയിരിക്കണം. ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തീയതിവരെ നിങ്ങൾ അതിനെ സൂക്ഷിക്കണം. പതിന്നാലാം ദിവസം വൈകുന്നേരം എല്ലാ ഇസ്രായേല്യരും തങ്ങളുടെ ആട്ടിൻകുട്ടിയെ കൊല്ലണം. അതിന്റെ രക്തം കുറെ എടുത്ത് നിങ്ങൾ ഭക്ഷിക്കാൻ കൂടിയിരിക്കുന്ന വീടിന്റെ കട്ടിളക്കാലിലും മുകൾപ്പടിയിലും പുരട്ടണം. അന്നു രാത്രി മാംസം ചുട്ട് പുളിപ്പുചേർക്കാത്ത അപ്പവും കയ്പുചീരയും ചേർത്തു ഭക്ഷിക്കണം. പച്ചയ്‍ക്കോ വെള്ളത്തിൽ വേവിച്ചോ മാംസം ഭക്ഷിക്കരുത്. മൃഗത്തെ മുഴുവനും തലയും കാലുകളും ഉൾഭാഗങ്ങളും ഉൾപ്പെടെ ചുട്ട് ഭക്ഷിക്കണം. അതിൽ അല്പം പോലും അടുത്ത ദിവസത്തേക്കു ശേഷിപ്പിക്കരുത്. ബാക്കി വരുന്നതു ദഹിപ്പിച്ചുകളയണം. അര മുറുക്കി, ചെരുപ്പു ധരിച്ച്, കൈയിൽ വടിയും പിടിച്ചുകൊണ്ട് തിടുക്കത്തിൽ നിങ്ങൾ അതു ഭക്ഷിക്കണം. അതു സർവേശ്വരന്റെ പെസഹ ആണല്ലോ. “അന്നുരാത്രി ഞാൻ ഈജിപ്തിലൂടെ കടന്നുപോകും; അവിടെയുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂൽസന്തതികളെ ഞാൻ സംഹരിക്കും. ഈജിപ്തിലെ എല്ലാ ദേവന്മാരുടെയുംമേൽ ഞാൻ ശിക്ഷാവിധി നടത്തും; ഞാൻ സർവേശ്വരൻ ആകുന്നു. നിങ്ങൾ പാർക്കുന്ന വീടുകൾക്ക് രക്തം അടയാളമായിരിക്കും; അതു കാണുമ്പോൾ ഞാൻ നിങ്ങളെ കടന്നുപോകും; ഈജിപ്തുകാരെ ഞാൻ സംഹരിക്കുമ്പോൾ, ഒരു ബാധയും നിങ്ങളെ നശിപ്പിക്കുകയില്ല.

EXODUS 12 വായിക്കുക

EXODUS 12:5-13 - നുള്ള വീഡിയോ