പുറപ്പാട് 12:14-51

പുറപ്പാട് 12:14-51 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഈ ദിവസം നിങ്ങൾക്ക് ഓർമനാളായിരിക്കേണം; നിങ്ങൾ അതു യഹോവയ്ക്ക് ഉത്സവമായി ആചരിക്കേണം; തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അത് ആചരിക്കേണം. ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നെ പുളിച്ചമാവു നിങ്ങളുടെ വീടുകളിൽനിന്നു നീക്കേണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം. ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്ന് അവരവർക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുത്. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ നിങ്ങൾ ആചരിക്കേണം; ഈ ദിവസത്തിൽതന്നെയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നത്; അതുകൊണ്ട് ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ ആചരിക്കേണം. ഒന്നാം മാസം പതിന്നാലാം തീയതി വൈകുന്നേരം മുതൽ ആ മാസം ഇരുപത്തൊന്നാം തീയതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം. ഏഴു ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവു കാണരുത്; ആരെങ്കിലും പുളിച്ചതു തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽസഭയിൽനിന്നു ഛേദിച്ചുകളയേണം. പുളിച്ചതു യാതൊന്നും നിങ്ങൾ തിന്നരുത്; നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം. അനന്തരം മോശെ യിസ്രായേൽ മൂപ്പന്മാരെയൊക്കെയും വിളിച്ച് അവരോടു പറഞ്ഞത്: നിങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്ക് ഒത്തവണ്ണം ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിൻ. ഈസോപ്പുചെടിയുടെ ഒരു കെട്ട് എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും തേക്കേണം; പിറ്റന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീടിന്റെ വാതിലിനു പുറത്തിറങ്ങരുത്. യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിനു കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞു കടന്നുപോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിനു സംഹാരകൻ വരുവാൻ സമ്മതിക്കയുമില്ല. ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം. യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങൾക്കു തരുവാനിരിക്കുന്ന ദേശത്ത് നിങ്ങൾ എത്തിയശേഷം നിങ്ങൾ ഈ കർമം ആചരിക്കേണം. ഈ കർമം എന്തെന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ: മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹായാഗം ആകുന്നു ഇത് എന്നു നിങ്ങൾ പറയേണം. അപ്പോൾ ജനം കുമ്പിട്ടു നമസ്കരിച്ചു. യിസ്രായേൽമക്കൾ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെതന്നെ അവർ ചെയ്തു. അർധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതൻമുതൽ കുണ്ടറയിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻവരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു. ഫറവോനും അവന്റെ സകല ഭൃത്യന്മാരും സകല മിസ്രയീമ്യരും രാത്രിയിൽ എഴുന്നേറ്റു; മിസ്രയീമിൽ വലിയൊരു നിലവിളി ഉണ്ടായി; ഒന്നു മരിക്കാതെ ഒരു വീടും ഉണ്ടായിരുന്നില്ല. അപ്പോൾ അവൻ മോശെയെയും അഹരോനെയും രാത്രിയിൽ വിളിപ്പിച്ചു: നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റ് എന്റെ ജനത്തിന്റെ നടുവിൽനിന്നു പുറപ്പെട്ട്, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിൻ. നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപൊയ്ക്കൊൾവിൻ; എന്നെയും അനുഗ്രഹിപ്പിൻ എന്നു പറഞ്ഞു. മിസ്രയീമ്യർ ജനത്തെ നിർബന്ധിച്ചു വേഗത്തിൽ ദേശത്തുനിന്ന് അയച്ചു: ഞങ്ങൾ എല്ലാവരും മരിച്ചുപോകുന്നു എന്ന് അവർ പറഞ്ഞു. അതുകൊണ്ടു ജനം കുഴച്ച മാവു പുളിക്കുന്നതിനു മുമ്പേ തൊട്ടികളോടുകൂടെ ശീലകളിൽ കെട്ടി ചുമലിൽ എടുത്തു കൊണ്ടുപോയി. യിസ്രായേൽമക്കൾ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നിച്ചതുകൊണ്ട് അവർ ചോദിച്ചതൊക്കെയും അവർ അവർക്കു കൊടുത്തു; അങ്ങനെ അവർ മിസ്രയീമ്യരെ കൊള്ളയിട്ടു. എന്നാൽ യിസ്രായേൽമക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാർ കാൽനടയായി റമെസേസിൽനിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു. വലിയൊരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടുകൂടെ പോന്നു. മിസ്രയീമിൽനിന്നു കൊണ്ടു പോന്ന കുഴച്ചമാവുകൊണ്ട് അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ മിസ്രയീമിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളകയാൽ അതു പുളിച്ചിരുന്നില്ല; അവർ വഴിക്ക് ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല. യിസ്രായേൽമക്കൾ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റിമുപ്പതു സംവത്സരമായിരുന്നു. നാനൂറ്റിമുപ്പതു സംവത്സരം കഴിഞ്ഞിട്ട്, ആ ദിവസംതന്നെ, യഹോവയുടെ ഗണങ്ങളൊക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു. യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചതിനാൽ ഇത് അവനു പ്രത്യേകമായി ആചരിക്കേണ്ടുന്ന രാത്രി ആകുന്നു; ഇതുതന്നെ യിസ്രായേൽമക്കളൊക്കെയും തലമുറതലമുറയായി യഹോവയ്ക്കു പ്രത്യേകം ആചരിക്കേണ്ടുന്ന രാത്രി. യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചത്: പെസഹായുടെ ചട്ടം ഇതാകുന്നു, അന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുത്. എന്നാൽ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസനൊക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം. പരദേശിയും കൂലിക്കാരനും അതു തിന്നരുത്. അതതു വീട്ടിൽവച്ചുതന്നെ അതു തിന്നേണം; ആ മാംസം ഒട്ടും വീട്ടിനു പുറത്തു കൊണ്ടുപോകരുത്; അതിൽ ഒരു അസ്ഥിയും ഒടിക്കരുത്. യിസ്രായേൽസഭയൊക്കെയും അത് ആചരിക്കേണം. ഒരു അന്യജാതിക്കാരൻ നിന്നോടുകൂടെ പാർത്ത് യഹോവയ്ക്കു പെസഹ ആചരിക്കേണമെങ്കിൽ, അവനുള്ള ആണൊക്കെയും പരിച്ഛേദന ഏല്ക്കേണം. അതിന്റെശേഷം അത് ആചരിക്കേണ്ടതിന് അവന് അടുത്തുവരാം; അവൻ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുത്. സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണംതന്നെ ആയിരിക്കേണം; യിസ്രായേൽമക്കളൊക്കെയും അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെതന്നെ അവർ ചെയ്തു. അന്നുതന്നെ യഹോവ യിസ്രായേൽമക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു.

പുറപ്പാട് 12:14-51 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഈ ദിവസം നിങ്ങൾക്ക് ഓർമനാളായിരിക്കണം; സർവേശ്വരനുവേണ്ടിയുള്ള ഉത്സവമായി ഈ ദിനം ആചരിക്കണം. നിങ്ങളുടെ പിൻതലമുറകൾ എല്ലാക്കാലത്തും ഈ കല്പന പാലിക്കുകയും വേണം. “ഏഴു ദിവസത്തേക്കു നിങ്ങൾ പുളിപ്പു ചേർക്കാത്ത അപ്പം ഭക്ഷിക്കണം. ആദ്യദിവസം തന്നെ പുളിമാവ് വീട്ടിൽനിന്നു നീക്കിക്കളയണം. ആരെങ്കിലും ഈ ഏഴു ദിനങ്ങളിൽ എന്നെങ്കിലും പുളിമാവു ചേർത്ത അപ്പം ഭക്ഷിച്ചാൽ അയാളെ ഇസ്രായേല്യരിൽനിന്നു ബഹിഷ്കരിക്കണം. ഒന്നാം ദിവസവും ഏഴാം ദിവസവും നിങ്ങൾ വിശുദ്ധ ആരാധനയ്‍ക്ക് ഒന്നിച്ചുകൂടണം. ആ ദിവസങ്ങളിൽ ഒരു ജോലിയും ചെയ്യരുത്. ഭക്ഷണം പാകംചെയ്യുക മാത്രം ആകാം. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവദിനം നിങ്ങൾ ആചരിക്കണം. ഈ ദിവസമാണല്ലോ ഞാൻ നിങ്ങളെ കൂട്ടംകൂട്ടമായി ഈജിപ്തിൽനിന്നു വിമോചിപ്പിച്ചത്. അതുകൊണ്ടു നിങ്ങളുടെ പിൻതലമുറകൾ ഈ ദിനം ആചരിക്കണമെന്നത് ഒരു ശാശ്വതനിയമമാകുന്നു. ഒന്നാം മാസം പതിന്നാലാം ദിവസം സന്ധ്യമുതൽ ഇരുപത്തിയൊന്നാം ദിവസം സന്ധ്യവരെ പുളിപ്പില്ലാത്ത അപ്പം മാത്രമേ നിങ്ങൾ ഭക്ഷിക്കാവൂ. ഏഴു ദിവസത്തേക്കു നിങ്ങളുടെ ഭവനങ്ങളിൽ ഒരിടത്തും പുളിമാവു കാണരുത്. ആരെങ്കിലും സ്വദേശിയോ വിദേശിയോ ആകട്ടെ, ഈ ദിവസങ്ങളിൽ പുളിപ്പുള്ള അപ്പം ഭക്ഷിച്ചാൽ അയാളെ ഇസ്രായേല്യരിൽനിന്നു ബഹിഷ്കരിക്കണം. പുളിപ്പുചേർത്ത യാതൊന്നും നിങ്ങൾ ഭക്ഷിക്കരുത്; നിങ്ങൾ വസിക്കുന്നിടത്തെല്ലാം പുളിപ്പു ചേർക്കാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ.” പിന്നീട് മോശ ഇസ്രായേലിലെ പ്രമുഖന്മാരെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “നിങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിനൊത്തവിധം പെസഹാക്കുഞ്ഞാടിനെ തിരഞ്ഞെടുത്ത് അവയെ കൊല്ലണം. അതിന്റെ രക്തം കുറെ ഒരു പാത്രത്തിൽ എടുത്ത് ഈസോപ്പ്ചെടിയുടെ കുറെ ചില്ലകൾ ചേർത്തു കെട്ടിയതു രക്തത്തിൽ മുക്കി കട്ടിളക്കാലുകളിലും മുകൾപ്പടിയിലും പുരട്ടണം. നിങ്ങളിൽ ആരും പുലരുവോളം പുറത്തു പോകരുത്. ഈജിപ്തുകാരെ സംഹരിക്കാൻ സർവേശ്വരൻ വരും. കട്ടിളക്കാലുകളിലും മുകൾപ്പടിയിലും രക്തം കാണുമ്പോൾ സർവേശ്വരൻ വാതിൽ ഒഴിഞ്ഞുമാറി കടന്നുപോകും. നിങ്ങളുടെ ഭവനങ്ങളിൽ പ്രവേശിച്ച് ആരെയും നശിപ്പിക്കാൻ അവിടുന്ന് സംഹാരകനെ അനുവദിക്കുകയില്ല. ഈ ആചാരം നിങ്ങളും നിങ്ങളുടെ മക്കളും എല്ലാക്കാലവും അനുഷ്ഠിക്കേണ്ട നിയമമാണ്. സർവേശ്വരൻ വാഗ്ദാനം ചെയ്തിരിക്കുന്ന ദേശത്ത് പ്രവേശിച്ചശേഷവും നിങ്ങൾ ഇത് അനുഷ്ഠിക്കണം. എന്തിന് ഇത് അനുഷ്ഠിക്കുന്നുവെന്ന് നിങ്ങളുടെ മക്കൾ ചോദിച്ചാൽ, ‘ഇത് സർവേശ്വരന്റെ പെസഹായാഗം. അവിടുന്ന് ഒഴിഞ്ഞു കടന്നുപോയി; അങ്ങനെ നമ്മുടെ ഭവനങ്ങളെ രക്ഷിച്ചു’ എന്നു പറയണം.” അപ്പോൾ ജനം സാഷ്ടാംഗം വീണു വണങ്ങി. മോശയോടും അഹരോനോടും സർവേശ്വരൻ കല്പിച്ചതുപോലെ ചെയ്തു. സിംഹാസനസ്ഥനായ ഫറവോയുടെ ആദ്യജാതനെമുതൽ തടവറയിൽ കിടന്നിരുന്നവന്റെ ആദ്യജാതനെവരെ സർവേശ്വരൻ സംഹരിച്ചു. മൃഗങ്ങളുടെ കടിഞ്ഞൂലുകളും കൊല്ലപ്പെട്ടു. രാത്രിയിൽ ഫറവോയും ഉദ്യോഗസ്ഥന്മാരും ഈജിപ്തിലുള്ള സർവജനവും ഉണർന്നു; ദേശത്തെങ്ങും വലിയ വിലാപം ഉണ്ടായി. കാരണം ഒരു മരണമെങ്കിലും സംഭവിക്കാത്ത ഒരു ഭവനവും അവിടെ ഉണ്ടായിരുന്നില്ല. രാജാവ് രാത്രിയിൽത്തന്നെ മോശയെയും അഹരോനെയും വിളിപ്പിച്ചു പറഞ്ഞു: “എന്റെ ജനത്തിന്റെ ഇടയിൽനിന്നു നിങ്ങളും നിങ്ങളുടെ ജനവും നിങ്ങൾ പറഞ്ഞതുപോലെ സർവേശ്വരനെ ആരാധിക്കാൻ പൊയ്‍ക്കൊള്ളുക. നിങ്ങൾ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ കന്നുകാലികളെയും ആട്ടിൻപറ്റങ്ങളെയും കൂടെ കൊണ്ടുപോകാം. പോകുമ്പോൾ എന്നെ അനുഗ്രഹിക്കുകയും വേണം.” അവരുടെ ഇടയിൽ കൂട്ടമരണം ഉണ്ടാകുമെന്നു ഭയന്ന് ഇസ്രായേല്യരെ ദേശത്തുനിന്ന് പറഞ്ഞയയ്‍ക്കാൻ ഈജിപ്തുകാർ തിടുക്കം കൂട്ടി. അതിനാൽ മാവു പുളിക്കുന്നതിനു മുമ്പുതന്നെ ജനം അതു പാത്രത്തോടെ തുണിയിൽ കെട്ടി ചുമലിലേറ്റി. മോശ പറഞ്ഞതുപോലെ തന്നെ, ഇസ്രായേൽജനം ഈജിപ്തുകാരോടു വെള്ളിയാഭരണങ്ങളും സ്വർണാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചിരുന്നു. ഇസ്രായേല്യർ ചോദിക്കുന്നതെന്തും കൊടുക്കാനുള്ള സന്മനസ്സ് സർവേശ്വരൻ ഈജിപ്തിലെ ജനങ്ങൾക്കു നല്‌കിയിരുന്നു; അങ്ങനെ അവർ ഈജിപ്തുകാരുടെ സമ്പത്തും കൈക്കലാക്കി. ഇസ്രായേൽജനം രമെസേസിൽനിന്നു സുക്കോത്തിലേക്കു കാൽനടയായി പുറപ്പെട്ടു; സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ പുരുഷന്മാർ മാത്രം ഏകദേശം ആറു ലക്ഷം പേർ ഉണ്ടായിരുന്നു. ഇസ്രായേല്യരല്ലാത്ത ഒട്ടേറെ ആളുകളും ആടുമാടുകൾ അടങ്ങിയ മൃഗസഞ്ചയവും അവരോടൊപ്പം പോയി. ഈജിപ്തിൽനിന്നും തിടുക്കത്തിൽ പുറപ്പെടേണ്ടി വന്നതിനാൽ അവർക്കു ഭക്ഷണം തയ്യാറാക്കുന്നതിനോ മാവു പുളിപ്പിക്കുന്നതിനോ സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ട് അവർ പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കി. ഇസ്രായേൽജനം നാനൂറ്റിമുപ്പതു വർഷം ഈജിപ്തിൽ താമസിച്ചു. നാനൂറ്റിമുപ്പതു വർഷം തികഞ്ഞ ദിവസം തന്നെ സർവേശ്വരന്റെ ജനസമൂഹം ഈജിപ്തു വിട്ടു. ഈജിപ്തിൽനിന്ന് അവരെ മോചിപ്പിക്കാൻ സർവേശ്വരൻ ജാഗ്രതയോടെ കാത്തിരുന്ന രാത്രിയായിരുന്നു അത്. അതുകൊണ്ട് ഇസ്രായേൽജനം തലമുറതലമുറയായി ഈ രാത്രി ജാഗ്രതയോടെ കാത്തിരുന്നു സർവേശ്വരന്റെ രാത്രിയായി ആചരിക്കണം. സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “പെസഹ ആചരിക്കാനുള്ള ചട്ടം ഇതാണ്: വിദേശികൾ ആരും പെസഹ ഭക്ഷിക്കാൻ ഇടയാകരുത്. എന്നാൽ നിങ്ങൾ വിലയ്‍ക്കു വാങ്ങിയ അടിമ പരിച്ഛേദിതനെങ്കിൽ പെസഹ ഭക്ഷിച്ചുകൊള്ളട്ടെ. പരദേശിയും കൂലിക്കാരനും അതു ഭക്ഷിക്കരുത്. ഭവനത്തിനുള്ളിൽ വച്ചുതന്നെ അതു ഭക്ഷിക്കണം. മാംസത്തിൽ അല്പംപോലും പുറത്തു കൊണ്ടുപോകരുത്. അസ്ഥി ഒന്നും ഒടിക്കയുമരുത്. ഇസ്രായേൽസമൂഹം മുഴുവനും ഇത് ആചരിക്കണം. നിങ്ങളുടെകൂടെ പാർക്കുന്ന പരദേശിക്ക് സർവേശ്വരന്റെ പെസഹ ആചരിക്കണമെന്ന് ആഗ്രഹം ജനിച്ചാൽ അയാളുടെ പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം സ്വീകരിക്കട്ടെ. പിന്നെ അയാൾക്ക് പെസഹ ആചരിക്കാം. അയാളെ സ്വദേശിയായി കരുതണം. പരിച്ഛേദനം ഏല്‌ക്കാത്ത ഒരുവനും അതു ഭക്ഷിക്കരുത്. സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന വിദേശിക്കും ഒരേ നിയമം തന്നെ. സർവേശ്വരൻ മോശയോടും അഹരോനോടും കല്പിച്ചതെല്ലാം ഇസ്രായേൽജനം അനുഷ്ഠിച്ചു. ഇസ്രായേൽജനങ്ങളെ അന്നുതന്നെ സർവേശ്വരൻ കൂട്ടംകൂട്ടമായി ഈജിപ്തിൽനിന്നു വിമോചിപ്പിച്ചു.

പുറപ്പാട് 12:14-51 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

”ഈ ദിവസം നിങ്ങൾക്ക് ഓർമ്മദിവസം ആയിരിക്കേണം; നിങ്ങൾ അത് യഹോവയ്ക്ക് ഉത്സവമായി ആചരിക്കേണം. ഇത് നിങ്ങൾ തലമുറതലമുറയായി നിത്യനിയമമായി ആചരിക്കേണം. ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നെ പുളിച്ചമാവ് നിങ്ങളുടെ വീടുകളിൽനിന്ന് മാറ്റണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്ന് ഛേദിച്ചുകളയേണം. ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്ക് വിശുദ്ധ ആരാധന ഉണ്ടാകേണം; അന്നു അവരവർക്ക് വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുത്. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ നിങ്ങൾ ആചരിക്കേണം; ഈ ദിവസത്തിൽ തന്നെയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചിരിക്കുന്നത്; അതുകൊണ്ട് ഈ ദിവസം തലമുറതലമുറയായി നിത്യനിയമമായി നിങ്ങൾ ആചരിക്കേണം. ഒന്നാം മാസം പതിനാലാം തീയതി വൈകുന്നേരംമുതൽ ആ മാസം ഇരുപത്തൊന്നാം തീയതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം. ഏഴു ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവ് കാണരുത്. ആരെങ്കിലും പുളിച്ചത് തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽ സഭയിൽനിന്ന് ഛേദിച്ചുകളയേണം. പുളിച്ചത് യാതൊന്നും നിങ്ങൾ തിന്നരുത്; നിങ്ങളുടെ താമസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം.” അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ച് അവരോട് പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്ത് പെസഹയെ അറുക്കുവിൻ. ഈസോപ്പുചെടിയുടെ ഒരു കെട്ട് എടുത്ത് പാത്രത്തിലുള്ള രക്തത്തിൽ മുക്കി കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും പുരട്ടേണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്‍റെ വാതിലിന് പുറത്തിറങ്ങരുത്. യഹോവ മിസ്രയീമ്യരെ നശിപ്പിക്കേണ്ടതിന് കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞ് കടന്ന് പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ നശിപ്പിക്കേണ്ടതിന് സംഹാരകൻ വരുവാൻ സമ്മതിക്കുകയുമില്ല. ”ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം. യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങൾക്ക് തരുവാനിരിക്കുന്ന ദേശത്ത് നിങ്ങൾ എത്തിയശേഷം നിങ്ങൾ ഇത് ആചരിക്കേണം. ഈ ആചാരം എന്തെന്ന് നിങ്ങളുടെ മക്കൾ നിങ്ങളോട് ചോദിക്കുമ്പോൾ: മിസ്രയീമ്യരെ നശിപ്പിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന യിസ്രായേൽ മക്കളുടെ വീടുകളെ ഒഴിവാക്കി നമ്മെ രക്ഷിച്ച യഹോവയുടെ പെസഹായാഗം ആകുന്നു ഇത് എന്നു നിങ്ങൾ പറയേണം.” അപ്പോൾ ജനം കുമ്പിട്ട് നമസ്കരിച്ചു. യിസ്രായേൽ മക്കൾ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നെ അവർ ചെയ്തു. അർദ്ധരാത്രിയിൽ, സിംഹാസനത്തിലിരുന്ന ഫറവോന്‍റെ ആദ്യജാതൻ മുതൽ തടവറയിൽ കിടന്ന തടവുകാരൻ്റെ ആദ്യജാതൻ വരെയും മിസ്രയീമിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു. ഫറവോനും അവന്‍റെ സകലഭൃത്യന്മാരും സകല മിസ്രയീമ്യരും രാത്രിയിൽ എഴുന്നേറ്റു; മിസ്രയീമിൽ വലിയൊരു നിലവിളി ഉണ്ടായി; ഒരാളെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല. അപ്പോൾ അവൻ മോശെയെയും അഹരോനെയും രാത്രിയിൽ വിളിപ്പിച്ചു: “നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റ് എന്‍റെ ജനത്തിന്‍റെ നടുവിൽനിന്ന് പുറപ്പെട്ടു, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിക്കുവിൻ. നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയിക്കൊള്ളുവിൻ; എന്നെയും അനുഗ്രഹിക്കുവിൻ” എന്നു പറഞ്ഞു. മിസ്രയീമ്യർ ജനത്തെ നിർബന്ധിച്ച് വേഗത്തിൽ ദേശത്തുനിന്ന് അയച്ചു: “ഞങ്ങൾ എല്ലാവരും മരിച്ചു പോകുന്നു” എന്നു അവർ പറഞ്ഞു. അതുകൊണ്ട് ജനം കുഴച്ച മാവ് പുളിക്കുന്നതിന് മുമ്പ് തൊട്ടികളോടുകൂടി തുണിയിൽകെട്ടി ചുമലിൽ എടുത്ത് കൊണ്ടുപോയി. യിസ്രായേൽ മക്കൾ മോശെയുടെ വചനം അനുസരിച്ച് മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. യഹോവ മിസ്രയീമ്യർക്ക് ജനത്തോട് കൃപ തോന്നിച്ചതുകൊണ്ട് അവർ ചോദിച്ചതൊക്കെയും അവർ അവർക്ക് കൊടുത്തു; അങ്ങനെ അവർ മിസ്രയീമ്യരെ കൊള്ള ചെയ്തു. എന്നാൽ യിസ്രായേൽ മക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറു ലക്ഷം പുരുഷന്മാർ കാൽനടയായി രമെസേസിൽ നിന്ന് സുക്കോത്തിലേക്ക് യാത്ര പുറപ്പെട്ടു. യിസ്രായേല്യരല്ലാത്ത ഒരു വലിയ കൂട്ടം ജനങ്ങളും ആടുകളും കന്നുകാലികളും അനവധി മൃഗങ്ങളുമായി അവരോട് കൂടെ പോന്നു. മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന കുഴച്ച മാവുകൊണ്ട് അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ മിസ്രയീമിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളഞ്ഞതിനാൽ അത് പുളിച്ചിരുന്നില്ല; അവർ വഴിക്ക് ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല. യിസ്രായേൽ മക്കൾ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റിമുപ്പത് (430) വർഷമായിരുന്നു. നാനൂറ്റിമുപ്പത് (430) വർഷം കഴിഞ്ഞിട്ട്, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും മിസ്രയീമിൽ നിന്ന് പുറപ്പെട്ടു. യഹോവ അവരെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചതിനാൽ ഇത് യഹോവയ്ക്ക് പ്രത്യേകമായി ആചരിക്കേണ്ട രാത്രി ആകുന്നു; ഇതുതന്നെ യിസ്രായേൽ മക്കൾ ഒക്കെയും തലമുറതലമുറയായി യഹോവയ്ക്ക് പ്രത്യേകം ആചരിക്കേണ്ട രാത്രി. യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചത്: “പെസഹയുടെ ചട്ടം ഇത് ആകുന്നു: അന്യജാതിക്കാരനായ ഒരുവനും അത് തിന്നരുത്. എന്നാൽ ദ്രവ്യംകൊടുത്ത് വാങ്ങിയ ദാസന്മാരെല്ലാം പരിച്ഛേദന ഏറ്റ ശേഷം അത് തിന്നാം. പരദേശിയും കൂലിക്കാരനും അത് തിന്നരുത്. അതത് വീട്ടിൽവെച്ച് തന്നെ അത് തിന്നേണം; ആ മാംസം ഒട്ടും വീടിന് പുറത്ത് കൊണ്ടുപോകരുത്. അതിൽ ഒരു അസ്ഥിയും ഒടിക്കരുത്. യിസ്രായേൽസഭ മുഴുവനും അത് ആചരിക്കേണം. ഒരു അന്യജാതിക്കാരൻ നിന്നോടുകൂടെ വസിച്ച് യഹോവയ്ക്ക് പെസഹ ആചരിക്കണമെങ്കിൽ, അവനുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദന ഏല്ക്കേണം. അതിന്‍റെശേഷം അത് ആചരിക്കേണ്ടതിന് അവനു അടുത്തുവരാം; അവൻ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുവനും അത് തിന്നരുത്. സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നെ ആയിരിക്കേണം.“ യിസ്രായേൽ മക്കൾ എല്ലാവരും അങ്ങനെ ചെയ്തു; യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നെ അവർ ചെയ്തു. അന്നു തന്നെ യഹോവ യിസ്രായേൽ മക്കളെ ഗണംഗണമായി മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചു.

പുറപ്പാട് 12:14-51 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഈ ദിവസം നിങ്ങൾക്കു ഓർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവെക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം. ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളിൽനിന്നു നീക്കേണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം. ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു അവരവർക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ നിങ്ങൾ ആചരിക്കേണം; ഈ ദിവസത്തിൽ തന്നേയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ ആചരിക്കേണം. ഒന്നാം മാസം പതിന്നാലാം തിയ്യതി വൈകുന്നേരംമുതൽ ആ മാസം ഇരുപത്തൊന്നാം തിയ്യതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം. ഏഴു ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവു കാണരുതു; ആരെങ്കിലും പുളിച്ചതു തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽസഭയിൽ നിന്നു ഛേദിച്ചുകളയേണം. പുളിച്ചതു യാതൊന്നും നിങ്ങൾ തിന്നരുതു; നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം. അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്കു ഒത്തവണ്ണം ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിൻ. ഈസോപ്പുചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും തേക്കേണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിന്നു പുറത്തിറങ്ങരുതു. യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകൻ വരുവാൻ സമ്മതിക്കയുമില്ല. ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം. യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങൾക്കു തരുവാനിരിക്കുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം നിങ്ങൾ ഈ കർമ്മം ആചരിക്കേണം. ഈ കർമ്മം എന്തെന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ: മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം. അപ്പോൾ ജനം കുമ്പിട്ടു നമസ്കരിച്ചു. യിസ്രായേൽമക്കൾ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവർ ചെയ്തു. അർദ്ധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ കുണ്ടറയിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻ വരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു. ഫറവോനും അവന്റെ സകലഭൃത്യന്മാരും സകലമിസ്രയീമ്യരും രാത്രിയിൽ എഴുന്നേറ്റു; മിസ്രയീമിൽ വലിയോരു നിലവിളി ഉണ്ടായി; ഒന്നു മരിക്കാതെ ഒരു വീടും ഉണ്ടായിരുന്നില്ല. അപ്പോൾ അവൻ മോശെയെയും അഹരോനെയും രാത്രിയിൽ വിളിപ്പിച്ചു: നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റു എന്റെ ജനത്തിന്റെ നടുവിൽനിന്നു പുറപ്പെട്ടു, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിൻ. നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയ്ക്കൊൾവിൻ; എന്നെയും അനുഗ്രഹിപ്പിൻ എന്നു പറഞ്ഞു. മിസ്രയീമ്യർ ജനത്തെ നിർബന്ധിച്ചു വേഗത്തിൽ ദേശത്തുനിന്നു അയച്ചു: ഞങ്ങൾ എല്ലാവരും മരിച്ചുപോകുന്നു എന്നു അവർ പറഞ്ഞു. അതുകൊണ്ടു ജനം കുഴെച്ച മാവു പുളിക്കുന്നതിന്നു മുമ്പെ തൊട്ടികളോടുകൂടെ ശീലകളിൽ കെട്ടി ചുമലിൽ എടുത്തു കൊണ്ടുപോയി. യിസ്രായേൽമക്കൾ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവർ ചോദിച്ചതൊക്കെയും അവർ അവർക്കു കൊടുത്തു; അങ്ങനെ അവർ മിസ്രയീമ്യരെ കൊള്ളയിട്ടു. എന്നാൽ യിസ്രായേൽമക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറു ലക്ഷം പുരുഷന്മാർ കാൽനടയായി റമസേസിൽനിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു. വലിയോരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു. മിസ്രയീമിൽനിന്നു കൊണ്ടു പോന്ന കുഴെച്ച മാവുകൊണ്ടു അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ മിസ്രയീമിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളകയാൽ അതു പുളിച്ചിരുന്നില്ല; അവർ വഴിക്കു ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല. യിസ്രായേൽമക്കൾ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പതു സംവത്സരമായിരുന്നു. നാനൂറ്റി മുപ്പതു സംവത്സരം കഴിഞ്ഞിട്ടു, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു. യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചതിനാൽ ഇതു അവന്നു പ്രത്യേകമായി ആചരിക്കേണ്ടുന്ന രാത്രി ആകുന്നു; ഇതു തന്നേ യിസ്രായേൽ മക്കൾ ഒക്കെയും തലമുറതലമുറയായി യഹോവെക്കു പ്രത്യേകം ആചരിക്കേണ്ടുന്ന രാത്രി. യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചതു: പെസഹയുടെ ചട്ടം ഇതു ആകുന്നു: അന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുതു. എന്നാൽ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം. പരദേശിയും കൂലിക്കാരനും അതു തിന്നരുതു. അതതു വീട്ടിൽവെച്ചു തന്നേ അതു തിന്നേണം; ആ മാംസം ഒട്ടും വീട്ടിന്നു പുറത്തു കൊണ്ടുപോകരുതു; അതിൽ ഒരു അസ്ഥിയും ഒടിക്കരുതു. യിസ്രായേൽസഭ ഒക്കെയും അതു ആചരിക്കേണം. ഒരു അന്യജാതിക്കാരൻ നിന്നോടുകൂടെ പാർത്തു യഹോവെക്കു പെസഹ ആചരിക്കേണമെങ്കിൽ, അവന്നുള്ള ആണൊക്കെയും പരിച്ഛേദന ഏൽക്കേണം. അതിന്റെ ശേഷം അതു ആചരിക്കേണ്ടതിന്നു അവന്നു അടുത്തുവരാം; അവൻ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുതു. സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നേ ആയിരിക്കേണം. യിസ്രായേൽമക്കൾ ഒക്കെയും അങ്ങനെ ചെയ്തു; യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവർ ചെയ്തു. അന്നു തന്നേ യഹോവ യിസ്രായേൽമക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു.

പുറപ്പാട് 12:14-51 സമകാലിക മലയാളവിവർത്തനം (MCV)

“ഈ ദിവസത്തിന്റെ സ്മരണ നിങ്ങൾ നിലനിർത്തേണ്ടതാകുന്നു; വരുംതലമുറകളിൽ നിങ്ങൾ അത് യഹോവയ്ക്കുള്ള ഉത്സവമായി ആഘോഷിക്കണം—ഇത് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമാണ്. നിങ്ങൾ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസം നിങ്ങൾ ഭവനങ്ങളിൽനിന്ന് പുളിമാവു നീക്കംചെയ്യണം. ഒന്നാംദിവസംമുതൽ ഏഴാംദിവസംവരെ പുളിപ്പോടുകൂടിയതെന്തെങ്കിലും ഭക്ഷിക്കുന്ന ഏതൊരുവനെയും ഇസ്രായേലിൽനിന്ന് ഛേദിച്ചുകളയേണ്ടതാണ്. ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം. ഏഴാംദിവസം വീണ്ടും സഭകൂടണം. അവരവർക്കുവേണ്ട ആഹാരം പാകംചെയ്യുകയല്ലാതെ മറ്റൊരു ജോലിയും ഈ ദിവസങ്ങളിൽ ചെയ്യരുത്. “നിങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിക്കണം, എന്തുകൊണ്ടെന്നാൽ, ഈ ദിവസത്തിലാണ് ഞാൻ നിങ്ങളുടെ സമൂഹത്തെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുപോന്നത്. വരുംതലമുറകൾക്ക് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമായി ഈ ദിവസം നിങ്ങൾ ആചരിക്കുക. ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യമുതൽ ഇരുപത്തിയൊന്നാംതീയതി സന്ധ്യവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴുദിവസത്തേക്ക് നിങ്ങളുടെ ഭവനങ്ങളിൽ പുളിമാവ് ഉണ്ടായിരിക്കരുത്. പുളിപ്പുള്ളത് എന്തെങ്കിലും ആരെങ്കിലും ഭക്ഷിച്ചാൽ, അയാൾ വിദേശിയായാലും സ്വദേശിയായാലും, ഇസ്രായേല്യസമൂഹത്തിൽനിന്ന് അയാളെ ഛേദിച്ചുകളയണം. പുളിച്ചത് യാതൊന്നും ഭക്ഷിക്കരുത്. നിങ്ങളുടെ താമസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.” ഇതിനുശേഷം മോശ ഇസ്രായേലിലെ സകലഗോത്രത്തലവന്മാരെയും കൂട്ടിവരുത്തി അവരോട് ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾ ഉടൻതന്നെ പോയി നിങ്ങളുടെ കുടുംബങ്ങൾക്കൊത്തവണ്ണം ആട്ടിൻകുട്ടിയെ തെരഞ്ഞെടുത്ത് പെസഹാക്കുഞ്ഞാടിനെ അറക്കുക. ഈസോപ്പുചെടിയുടെ ഒരു കെട്ടെടുത്ത് കിണ്ണത്തിലെ രക്തത്തിൽ മുക്കി കട്ടിളക്കാലുകളിൽ രണ്ടിലും കട്ടിളകളുടെ മീതേയുള്ള പടിയിലും തേയ്ക്കണം. നിങ്ങളിൽ ആരും നേരംപുലരുംവരെ വീടിന്റെ വാതിലിനു പുറത്തിറങ്ങരുത്. യഹോവ ഈജിപ്റ്റുകാരെ ദണ്ഡിപ്പിക്കുന്നതിനു ദേശത്തുകൂടി കടന്നുപോകുമ്പോൾ, കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും രക്തം കാണുകയും ആ വാതിൽ ഒഴിഞ്ഞു കടന്നുപോകുകയും ചെയ്യും; നിങ്ങളെ സംഹരിക്കാൻ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുന്നതിന് അവിടന്നു സംഹാരകനെ അനുവദിക്കുകയില്ല. “നിങ്ങൾക്കും നിങ്ങളുടെ പിൻഗാമികൾക്കുംവേണ്ടിയുള്ള ശാശ്വതമായ നിയമമായി ഈ നിർദേശങ്ങൾ പാലിക്കുക. യഹോവ നിങ്ങൾക്കു നൽകുമെന്നു വാഗ്ദാനംചെയ്തിരിക്കുന്ന ദേശത്തു പ്രവേശിച്ചശേഷം ഇത് അനുഷ്ഠിക്കുക. ‘ഈ അനുഷ്ഠാനംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?’ എന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ, ‘ഈജിപ്റ്റിൽവെച്ച് ഇസ്രായേല്യരുടെ ഭവനങ്ങളെ വിട്ടു കടന്നുപോകുകയും ഈജിപ്റ്റുകാരെ ദണ്ഡിപ്പിച്ചപ്പോൾ നമ്മുടെ വീടുകളെ ഒഴിവാക്കുകയുംചെയ്ത യഹോവയ്ക്കുള്ള പെസഹായാഗമാണിത്,’ എന്നു നിങ്ങൾ അവരോടു പറയുക.” അപ്പോൾ ജനം കുമ്പിട്ട് ആരാധിച്ചു. യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചിരുന്നതുപോലെതന്നെ ഇസ്രായേൽമക്കൾ ചെയ്തു. അർധരാത്രിയിൽ യഹോവ ഈജിപ്റ്റിലെ സകലകടിഞ്ഞൂലുകളെയും— സിംഹാസനത്തിൽ ഇരുന്ന ഫറവോന്റെ ആദ്യജാതൻമുതൽ കാരാഗൃഹത്തിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻവരെയുള്ള സർവ കടിഞ്ഞൂലുകളെയും സകല ആടുമാടുകളുടെ കടിഞ്ഞൂലുകളെയും—സംഹരിച്ചു. ഫറവോനും അയാളുടെ ഉദ്യോഗസ്ഥന്മാരെല്ലാവരും സകല ഈജിപ്റ്റുകാരും രാത്രിയിൽ ഉണർന്നെഴുന്നേറ്റു; ഈജിപ്റ്റിൽ വലിയൊരു നിലവിളി ഉണ്ടായി; ഒരാളെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല. ഫറവോൻ രാത്രിയിൽ മോശയെയും അഹരോനെയും ആളയച്ചുവരുത്തി, “നിങ്ങളും ഇസ്രായേല്യരും എഴുന്നേറ്റ് എന്റെ ജനത്തെ വിട്ടുപോകുക. നിങ്ങൾ അപേക്ഷിച്ചതുപോലെ പോയി യഹോവയെ ആരാധിക്കുക. നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആട്ടിൻപറ്റങ്ങളെയും കന്നുകാലികളെയും കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളൂ. എന്നെ അനുഗ്രഹിക്കുകയും ചെയ്യുക” എന്നു പറഞ്ഞു. എത്രയുംവേഗം ദേശം വിട്ടുപോകാൻ ഈജിപ്റ്റുകാർ ജനങ്ങളെ നിർബന്ധിച്ചു. “അല്ലാത്തപക്ഷം ഞങ്ങൾ എല്ലാവരും മരിച്ചുപോകും,” എന്ന് അവർ പറഞ്ഞു. അതുകൊണ്ടു ജനം അവരുടെ കുഴച്ച മാവ് പുളിക്കുന്നതിനുമുമ്പുതന്നെ തൊട്ടികളിലെടുത്ത് അവ തുണിയിൽ പൊതിഞ്ഞു തോളിൽ കയറ്റി. മോശ നിർദേശിച്ചതനുസരിച്ച് ഇസ്രായേല്യർ പ്രവർത്തിച്ചു; അവർ ഈജിപ്റ്റുകാരോടു വെള്ളിയും സ്വർണവുംകൊണ്ടുള്ള സാധനങ്ങളും വസ്ത്രങ്ങളും ആവശ്യപ്പെട്ടു. ജനങ്ങളുടെനേർക്ക് ഈജിപ്റ്റുകാർക്ക് അനുകൂലഭാവം ഉണ്ടാകാൻ യഹോവ ഇടയാക്കി; അവർ തങ്ങളോട് ആവശ്യപ്പെട്ടതെല്ലാം അവർക്കു കൊടുത്തു; അങ്ങനെ അവർ ഈജിപ്റ്റുകാരെ കൊള്ളയിട്ടു. ഇസ്രായേല്യർ രമെസേസിൽനിന്ന് സൂക്കോത്തിലേക്കു കാൽനടയായി യാത്രചെയ്തു; അവർ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം ആറുലക്ഷം പുരുഷന്മാരാണ് കാൽനടയായി പുറപ്പെട്ടത്. ഒരു സമ്മിശ്രപുരുഷാരവും ആട്ടിൻപറ്റങ്ങൾ, കന്നുകാലിക്കൂട്ടങ്ങൾ എന്നിവ അടങ്ങുന്ന വിപുലമായ മൃഗസഞ്ചയവും അവരോടുകൂടെ പോയി. അവർ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന മാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പം ചുട്ടു. അവരെ തിടുക്കത്തിൽ ഈജിപ്റ്റിൽനിന്ന് ഓടിച്ചുവിട്ടതുകൊണ്ട് മാവു പുളിച്ചിരുന്നില്ല. യാത്രയ്ക്കുവേണ്ട ഭക്ഷണം അവർ കരുതിയിരുന്നുമില്ല. ഇസ്രായേൽജനം ഈജിപ്റ്റിൽ താമസിച്ചിരുന്ന കാലഘട്ടം 430 വർഷം ആയിരുന്നു. ആ 430 വർഷം തീരുന്ന ദിവസംതന്നെ യഹോവയുടെ സൈന്യം എല്ലാം ഈജിപ്റ്റ് വിട്ടുപോയി. അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുപോന്നതിനാൽ യഹോവയ്ക്കു പ്രത്യേകമായി ആചരിക്കേണ്ട രാത്രിയാണ് അത്. ഇസ്രായേല്യർ എല്ലാവരും തലമുറതലമുറയായി വളരെ ജാഗ്രതയോടെ ഈ രാത്രി ആചരിക്കേണ്ടതാകുന്നു. യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “പെസഹായ്ക്കുള്ള നിബന്ധനകൾ ഇവയാകുന്നു: “ഒരു വിദേശിയും ഇതിൽനിന്ന് ഭക്ഷിക്കാൻ പാടില്ല. നീ വിലയ്ക്കു വാങ്ങിയിട്ടുള്ള ഏതൊരു അടിമയ്ക്കും അവൻ പരിച്ഛേദനം ഏറ്റതിനുശേഷം, ഇതിൽനിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നാൽ തൽക്കാലത്തേക്കു വന്നു താമസിക്കുന്നവനും കൂലിക്കാരനും ഇതു ഭക്ഷിക്കാൻ പാടില്ല. “വീടിനുള്ളിൽവെച്ചായിരിക്കണം ഇതു ഭക്ഷിക്കുന്നത്; മാംസത്തിൽ അൽപ്പംപോലും വീടിനു പുറത്തേക്കു കൊണ്ടുപോകരുത്; അതിൽ ഒരസ്ഥിയും ഒടിക്കരുത്. ഇസ്രായേല്യസമൂഹം ഒന്നാകെ ഇത് ആചരിക്കണം. “നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശി യഹോവയുടെ പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ തന്റെ കുടുംബത്തിലുള്ള സകലപുരുഷന്മാർക്കും പരിച്ഛേദനം നടത്തിയിരിക്കണം; പിന്നെ അവന്, സ്വദേശത്തു ജനിച്ച ഒരുവനെപ്പോലെ ഇതിൽ പങ്കെടുക്കാം. പരിച്ഛേദനമേൽക്കാത്ത യാതൊരു പുരുഷനും ഇതു ഭക്ഷിക്കരുത്. സ്വദേശിക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന വിദേശിക്കും ഈ നിയമം ഒരുപോലെ ബാധകമായിരിക്കണം.” യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചതുപോലെതന്നെ ഇസ്രായേൽമക്കൾ എല്ലാവരും ചെയ്തു. യഹോവ ആ ദിവസംതന്നെ ഇസ്രായേല്യരെ ഗണംഗണമായി ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു.