“ഈ ദിവസത്തിന്റെ സ്മരണ നിങ്ങൾ നിലനിർത്തേണ്ടതാകുന്നു; വരുംതലമുറകളിൽ നിങ്ങൾ അത് യഹോവയ്ക്കുള്ള ഉത്സവമായി ആഘോഷിക്കണം—ഇത് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമാണ്. നിങ്ങൾ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസം നിങ്ങൾ ഭവനങ്ങളിൽനിന്ന് പുളിമാവു നീക്കംചെയ്യണം. ഒന്നാംദിവസംമുതൽ ഏഴാംദിവസംവരെ പുളിപ്പോടുകൂടിയതെന്തെങ്കിലും ഭക്ഷിക്കുന്ന ഏതൊരുവനെയും ഇസ്രായേലിൽനിന്ന് ഛേദിച്ചുകളയേണ്ടതാണ്. ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം. ഏഴാംദിവസം വീണ്ടും സഭകൂടണം. അവരവർക്കുവേണ്ട ആഹാരം പാകംചെയ്യുകയല്ലാതെ മറ്റൊരു ജോലിയും ഈ ദിവസങ്ങളിൽ ചെയ്യരുത്. “നിങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിക്കണം, എന്തുകൊണ്ടെന്നാൽ, ഈ ദിവസത്തിലാണ് ഞാൻ നിങ്ങളുടെ സമൂഹത്തെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുപോന്നത്. വരുംതലമുറകൾക്ക് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമായി ഈ ദിവസം നിങ്ങൾ ആചരിക്കുക. ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യമുതൽ ഇരുപത്തിയൊന്നാംതീയതി സന്ധ്യവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴുദിവസത്തേക്ക് നിങ്ങളുടെ ഭവനങ്ങളിൽ പുളിമാവ് ഉണ്ടായിരിക്കരുത്. പുളിപ്പുള്ളത് എന്തെങ്കിലും ആരെങ്കിലും ഭക്ഷിച്ചാൽ, അയാൾ വിദേശിയായാലും സ്വദേശിയായാലും, ഇസ്രായേല്യസമൂഹത്തിൽനിന്ന് അയാളെ ഛേദിച്ചുകളയണം. പുളിച്ചത് യാതൊന്നും ഭക്ഷിക്കരുത്. നിങ്ങളുടെ താമസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.” ഇതിനുശേഷം മോശ ഇസ്രായേലിലെ സകലഗോത്രത്തലവന്മാരെയും കൂട്ടിവരുത്തി അവരോട് ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾ ഉടൻതന്നെ പോയി നിങ്ങളുടെ കുടുംബങ്ങൾക്കൊത്തവണ്ണം ആട്ടിൻകുട്ടിയെ തെരഞ്ഞെടുത്ത് പെസഹാക്കുഞ്ഞാടിനെ അറക്കുക. ഈസോപ്പുചെടിയുടെ ഒരു കെട്ടെടുത്ത് കിണ്ണത്തിലെ രക്തത്തിൽ മുക്കി കട്ടിളക്കാലുകളിൽ രണ്ടിലും കട്ടിളകളുടെ മീതേയുള്ള പടിയിലും തേയ്ക്കണം. നിങ്ങളിൽ ആരും നേരംപുലരുംവരെ വീടിന്റെ വാതിലിനു പുറത്തിറങ്ങരുത്. യഹോവ ഈജിപ്റ്റുകാരെ ദണ്ഡിപ്പിക്കുന്നതിനു ദേശത്തുകൂടി കടന്നുപോകുമ്പോൾ, കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും രക്തം കാണുകയും ആ വാതിൽ ഒഴിഞ്ഞു കടന്നുപോകുകയും ചെയ്യും; നിങ്ങളെ സംഹരിക്കാൻ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുന്നതിന് അവിടന്നു സംഹാരകനെ അനുവദിക്കുകയില്ല. “നിങ്ങൾക്കും നിങ്ങളുടെ പിൻഗാമികൾക്കുംവേണ്ടിയുള്ള ശാശ്വതമായ നിയമമായി ഈ നിർദേശങ്ങൾ പാലിക്കുക. യഹോവ നിങ്ങൾക്കു നൽകുമെന്നു വാഗ്ദാനംചെയ്തിരിക്കുന്ന ദേശത്തു പ്രവേശിച്ചശേഷം ഇത് അനുഷ്ഠിക്കുക. ‘ഈ അനുഷ്ഠാനംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?’ എന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ, ‘ഈജിപ്റ്റിൽവെച്ച് ഇസ്രായേല്യരുടെ ഭവനങ്ങളെ വിട്ടു കടന്നുപോകുകയും ഈജിപ്റ്റുകാരെ ദണ്ഡിപ്പിച്ചപ്പോൾ നമ്മുടെ വീടുകളെ ഒഴിവാക്കുകയുംചെയ്ത യഹോവയ്ക്കുള്ള പെസഹായാഗമാണിത്,’ എന്നു നിങ്ങൾ അവരോടു പറയുക.” അപ്പോൾ ജനം കുമ്പിട്ട് ആരാധിച്ചു. യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചിരുന്നതുപോലെതന്നെ ഇസ്രായേൽമക്കൾ ചെയ്തു. അർധരാത്രിയിൽ യഹോവ ഈജിപ്റ്റിലെ സകലകടിഞ്ഞൂലുകളെയും— സിംഹാസനത്തിൽ ഇരുന്ന ഫറവോന്റെ ആദ്യജാതൻമുതൽ കാരാഗൃഹത്തിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻവരെയുള്ള സർവ കടിഞ്ഞൂലുകളെയും സകല ആടുമാടുകളുടെ കടിഞ്ഞൂലുകളെയും—സംഹരിച്ചു. ഫറവോനും അയാളുടെ ഉദ്യോഗസ്ഥന്മാരെല്ലാവരും സകല ഈജിപ്റ്റുകാരും രാത്രിയിൽ ഉണർന്നെഴുന്നേറ്റു; ഈജിപ്റ്റിൽ വലിയൊരു നിലവിളി ഉണ്ടായി; ഒരാളെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല. ഫറവോൻ രാത്രിയിൽ മോശയെയും അഹരോനെയും ആളയച്ചുവരുത്തി, “നിങ്ങളും ഇസ്രായേല്യരും എഴുന്നേറ്റ് എന്റെ ജനത്തെ വിട്ടുപോകുക. നിങ്ങൾ അപേക്ഷിച്ചതുപോലെ പോയി യഹോവയെ ആരാധിക്കുക. നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആട്ടിൻപറ്റങ്ങളെയും കന്നുകാലികളെയും കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളൂ. എന്നെ അനുഗ്രഹിക്കുകയും ചെയ്യുക” എന്നു പറഞ്ഞു. എത്രയുംവേഗം ദേശം വിട്ടുപോകാൻ ഈജിപ്റ്റുകാർ ജനങ്ങളെ നിർബന്ധിച്ചു. “അല്ലാത്തപക്ഷം ഞങ്ങൾ എല്ലാവരും മരിച്ചുപോകും,” എന്ന് അവർ പറഞ്ഞു. അതുകൊണ്ടു ജനം അവരുടെ കുഴച്ച മാവ് പുളിക്കുന്നതിനുമുമ്പുതന്നെ തൊട്ടികളിലെടുത്ത് അവ തുണിയിൽ പൊതിഞ്ഞു തോളിൽ കയറ്റി. മോശ നിർദേശിച്ചതനുസരിച്ച് ഇസ്രായേല്യർ പ്രവർത്തിച്ചു; അവർ ഈജിപ്റ്റുകാരോടു വെള്ളിയും സ്വർണവുംകൊണ്ടുള്ള സാധനങ്ങളും വസ്ത്രങ്ങളും ആവശ്യപ്പെട്ടു. ജനങ്ങളുടെനേർക്ക് ഈജിപ്റ്റുകാർക്ക് അനുകൂലഭാവം ഉണ്ടാകാൻ യഹോവ ഇടയാക്കി; അവർ തങ്ങളോട് ആവശ്യപ്പെട്ടതെല്ലാം അവർക്കു കൊടുത്തു; അങ്ങനെ അവർ ഈജിപ്റ്റുകാരെ കൊള്ളയിട്ടു. ഇസ്രായേല്യർ രമെസേസിൽനിന്ന് സൂക്കോത്തിലേക്കു കാൽനടയായി യാത്രചെയ്തു; അവർ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം ആറുലക്ഷം പുരുഷന്മാരാണ് കാൽനടയായി പുറപ്പെട്ടത്. ഒരു സമ്മിശ്രപുരുഷാരവും ആട്ടിൻപറ്റങ്ങൾ, കന്നുകാലിക്കൂട്ടങ്ങൾ എന്നിവ അടങ്ങുന്ന വിപുലമായ മൃഗസഞ്ചയവും അവരോടുകൂടെ പോയി. അവർ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന മാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പം ചുട്ടു. അവരെ തിടുക്കത്തിൽ ഈജിപ്റ്റിൽനിന്ന് ഓടിച്ചുവിട്ടതുകൊണ്ട് മാവു പുളിച്ചിരുന്നില്ല. യാത്രയ്ക്കുവേണ്ട ഭക്ഷണം അവർ കരുതിയിരുന്നുമില്ല. ഇസ്രായേൽജനം ഈജിപ്റ്റിൽ താമസിച്ചിരുന്ന കാലഘട്ടം 430 വർഷം ആയിരുന്നു. ആ 430 വർഷം തീരുന്ന ദിവസംതന്നെ യഹോവയുടെ സൈന്യം എല്ലാം ഈജിപ്റ്റ് വിട്ടുപോയി. അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുപോന്നതിനാൽ യഹോവയ്ക്കു പ്രത്യേകമായി ആചരിക്കേണ്ട രാത്രിയാണ് അത്. ഇസ്രായേല്യർ എല്ലാവരും തലമുറതലമുറയായി വളരെ ജാഗ്രതയോടെ ഈ രാത്രി ആചരിക്കേണ്ടതാകുന്നു. യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “പെസഹായ്ക്കുള്ള നിബന്ധനകൾ ഇവയാകുന്നു: “ഒരു വിദേശിയും ഇതിൽനിന്ന് ഭക്ഷിക്കാൻ പാടില്ല. നീ വിലയ്ക്കു വാങ്ങിയിട്ടുള്ള ഏതൊരു അടിമയ്ക്കും അവൻ പരിച്ഛേദനം ഏറ്റതിനുശേഷം, ഇതിൽനിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നാൽ തൽക്കാലത്തേക്കു വന്നു താമസിക്കുന്നവനും കൂലിക്കാരനും ഇതു ഭക്ഷിക്കാൻ പാടില്ല. “വീടിനുള്ളിൽവെച്ചായിരിക്കണം ഇതു ഭക്ഷിക്കുന്നത്; മാംസത്തിൽ അൽപ്പംപോലും വീടിനു പുറത്തേക്കു കൊണ്ടുപോകരുത്; അതിൽ ഒരസ്ഥിയും ഒടിക്കരുത്. ഇസ്രായേല്യസമൂഹം ഒന്നാകെ ഇത് ആചരിക്കണം. “നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശി യഹോവയുടെ പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ തന്റെ കുടുംബത്തിലുള്ള സകലപുരുഷന്മാർക്കും പരിച്ഛേദനം നടത്തിയിരിക്കണം; പിന്നെ അവന്, സ്വദേശത്തു ജനിച്ച ഒരുവനെപ്പോലെ ഇതിൽ പങ്കെടുക്കാം. പരിച്ഛേദനമേൽക്കാത്ത യാതൊരു പുരുഷനും ഇതു ഭക്ഷിക്കരുത്. സ്വദേശിക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന വിദേശിക്കും ഈ നിയമം ഒരുപോലെ ബാധകമായിരിക്കണം.” യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചതുപോലെതന്നെ ഇസ്രായേൽമക്കൾ എല്ലാവരും ചെയ്തു. യഹോവ ആ ദിവസംതന്നെ ഇസ്രായേല്യരെ ഗണംഗണമായി ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു.
പുറപ്പാട് 12 വായിക്കുക
കേൾക്കുക പുറപ്പാട് 12
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറപ്പാട് 12:14-51
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ