EXODUS 12:14-51

EXODUS 12:14-51 MALCLBSI

ഈ ദിവസം നിങ്ങൾക്ക് ഓർമനാളായിരിക്കണം; സർവേശ്വരനുവേണ്ടിയുള്ള ഉത്സവമായി ഈ ദിനം ആചരിക്കണം. നിങ്ങളുടെ പിൻതലമുറകൾ എല്ലാക്കാലത്തും ഈ കല്പന പാലിക്കുകയും വേണം. “ഏഴു ദിവസത്തേക്കു നിങ്ങൾ പുളിപ്പു ചേർക്കാത്ത അപ്പം ഭക്ഷിക്കണം. ആദ്യദിവസം തന്നെ പുളിമാവ് വീട്ടിൽനിന്നു നീക്കിക്കളയണം. ആരെങ്കിലും ഈ ഏഴു ദിനങ്ങളിൽ എന്നെങ്കിലും പുളിമാവു ചേർത്ത അപ്പം ഭക്ഷിച്ചാൽ അയാളെ ഇസ്രായേല്യരിൽനിന്നു ബഹിഷ്കരിക്കണം. ഒന്നാം ദിവസവും ഏഴാം ദിവസവും നിങ്ങൾ വിശുദ്ധ ആരാധനയ്‍ക്ക് ഒന്നിച്ചുകൂടണം. ആ ദിവസങ്ങളിൽ ഒരു ജോലിയും ചെയ്യരുത്. ഭക്ഷണം പാകംചെയ്യുക മാത്രം ആകാം. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവദിനം നിങ്ങൾ ആചരിക്കണം. ഈ ദിവസമാണല്ലോ ഞാൻ നിങ്ങളെ കൂട്ടംകൂട്ടമായി ഈജിപ്തിൽനിന്നു വിമോചിപ്പിച്ചത്. അതുകൊണ്ടു നിങ്ങളുടെ പിൻതലമുറകൾ ഈ ദിനം ആചരിക്കണമെന്നത് ഒരു ശാശ്വതനിയമമാകുന്നു. ഒന്നാം മാസം പതിന്നാലാം ദിവസം സന്ധ്യമുതൽ ഇരുപത്തിയൊന്നാം ദിവസം സന്ധ്യവരെ പുളിപ്പില്ലാത്ത അപ്പം മാത്രമേ നിങ്ങൾ ഭക്ഷിക്കാവൂ. ഏഴു ദിവസത്തേക്കു നിങ്ങളുടെ ഭവനങ്ങളിൽ ഒരിടത്തും പുളിമാവു കാണരുത്. ആരെങ്കിലും സ്വദേശിയോ വിദേശിയോ ആകട്ടെ, ഈ ദിവസങ്ങളിൽ പുളിപ്പുള്ള അപ്പം ഭക്ഷിച്ചാൽ അയാളെ ഇസ്രായേല്യരിൽനിന്നു ബഹിഷ്കരിക്കണം. പുളിപ്പുചേർത്ത യാതൊന്നും നിങ്ങൾ ഭക്ഷിക്കരുത്; നിങ്ങൾ വസിക്കുന്നിടത്തെല്ലാം പുളിപ്പു ചേർക്കാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ.” പിന്നീട് മോശ ഇസ്രായേലിലെ പ്രമുഖന്മാരെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “നിങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിനൊത്തവിധം പെസഹാക്കുഞ്ഞാടിനെ തിരഞ്ഞെടുത്ത് അവയെ കൊല്ലണം. അതിന്റെ രക്തം കുറെ ഒരു പാത്രത്തിൽ എടുത്ത് ഈസോപ്പ്ചെടിയുടെ കുറെ ചില്ലകൾ ചേർത്തു കെട്ടിയതു രക്തത്തിൽ മുക്കി കട്ടിളക്കാലുകളിലും മുകൾപ്പടിയിലും പുരട്ടണം. നിങ്ങളിൽ ആരും പുലരുവോളം പുറത്തു പോകരുത്. ഈജിപ്തുകാരെ സംഹരിക്കാൻ സർവേശ്വരൻ വരും. കട്ടിളക്കാലുകളിലും മുകൾപ്പടിയിലും രക്തം കാണുമ്പോൾ സർവേശ്വരൻ വാതിൽ ഒഴിഞ്ഞുമാറി കടന്നുപോകും. നിങ്ങളുടെ ഭവനങ്ങളിൽ പ്രവേശിച്ച് ആരെയും നശിപ്പിക്കാൻ അവിടുന്ന് സംഹാരകനെ അനുവദിക്കുകയില്ല. ഈ ആചാരം നിങ്ങളും നിങ്ങളുടെ മക്കളും എല്ലാക്കാലവും അനുഷ്ഠിക്കേണ്ട നിയമമാണ്. സർവേശ്വരൻ വാഗ്ദാനം ചെയ്തിരിക്കുന്ന ദേശത്ത് പ്രവേശിച്ചശേഷവും നിങ്ങൾ ഇത് അനുഷ്ഠിക്കണം. എന്തിന് ഇത് അനുഷ്ഠിക്കുന്നുവെന്ന് നിങ്ങളുടെ മക്കൾ ചോദിച്ചാൽ, ‘ഇത് സർവേശ്വരന്റെ പെസഹായാഗം. അവിടുന്ന് ഒഴിഞ്ഞു കടന്നുപോയി; അങ്ങനെ നമ്മുടെ ഭവനങ്ങളെ രക്ഷിച്ചു’ എന്നു പറയണം.” അപ്പോൾ ജനം സാഷ്ടാംഗം വീണു വണങ്ങി. മോശയോടും അഹരോനോടും സർവേശ്വരൻ കല്പിച്ചതുപോലെ ചെയ്തു. സിംഹാസനസ്ഥനായ ഫറവോയുടെ ആദ്യജാതനെമുതൽ തടവറയിൽ കിടന്നിരുന്നവന്റെ ആദ്യജാതനെവരെ സർവേശ്വരൻ സംഹരിച്ചു. മൃഗങ്ങളുടെ കടിഞ്ഞൂലുകളും കൊല്ലപ്പെട്ടു. രാത്രിയിൽ ഫറവോയും ഉദ്യോഗസ്ഥന്മാരും ഈജിപ്തിലുള്ള സർവജനവും ഉണർന്നു; ദേശത്തെങ്ങും വലിയ വിലാപം ഉണ്ടായി. കാരണം ഒരു മരണമെങ്കിലും സംഭവിക്കാത്ത ഒരു ഭവനവും അവിടെ ഉണ്ടായിരുന്നില്ല. രാജാവ് രാത്രിയിൽത്തന്നെ മോശയെയും അഹരോനെയും വിളിപ്പിച്ചു പറഞ്ഞു: “എന്റെ ജനത്തിന്റെ ഇടയിൽനിന്നു നിങ്ങളും നിങ്ങളുടെ ജനവും നിങ്ങൾ പറഞ്ഞതുപോലെ സർവേശ്വരനെ ആരാധിക്കാൻ പൊയ്‍ക്കൊള്ളുക. നിങ്ങൾ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ കന്നുകാലികളെയും ആട്ടിൻപറ്റങ്ങളെയും കൂടെ കൊണ്ടുപോകാം. പോകുമ്പോൾ എന്നെ അനുഗ്രഹിക്കുകയും വേണം.” അവരുടെ ഇടയിൽ കൂട്ടമരണം ഉണ്ടാകുമെന്നു ഭയന്ന് ഇസ്രായേല്യരെ ദേശത്തുനിന്ന് പറഞ്ഞയയ്‍ക്കാൻ ഈജിപ്തുകാർ തിടുക്കം കൂട്ടി. അതിനാൽ മാവു പുളിക്കുന്നതിനു മുമ്പുതന്നെ ജനം അതു പാത്രത്തോടെ തുണിയിൽ കെട്ടി ചുമലിലേറ്റി. മോശ പറഞ്ഞതുപോലെ തന്നെ, ഇസ്രായേൽജനം ഈജിപ്തുകാരോടു വെള്ളിയാഭരണങ്ങളും സ്വർണാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചിരുന്നു. ഇസ്രായേല്യർ ചോദിക്കുന്നതെന്തും കൊടുക്കാനുള്ള സന്മനസ്സ് സർവേശ്വരൻ ഈജിപ്തിലെ ജനങ്ങൾക്കു നല്‌കിയിരുന്നു; അങ്ങനെ അവർ ഈജിപ്തുകാരുടെ സമ്പത്തും കൈക്കലാക്കി. ഇസ്രായേൽജനം രമെസേസിൽനിന്നു സുക്കോത്തിലേക്കു കാൽനടയായി പുറപ്പെട്ടു; സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ പുരുഷന്മാർ മാത്രം ഏകദേശം ആറു ലക്ഷം പേർ ഉണ്ടായിരുന്നു. ഇസ്രായേല്യരല്ലാത്ത ഒട്ടേറെ ആളുകളും ആടുമാടുകൾ അടങ്ങിയ മൃഗസഞ്ചയവും അവരോടൊപ്പം പോയി. ഈജിപ്തിൽനിന്നും തിടുക്കത്തിൽ പുറപ്പെടേണ്ടി വന്നതിനാൽ അവർക്കു ഭക്ഷണം തയ്യാറാക്കുന്നതിനോ മാവു പുളിപ്പിക്കുന്നതിനോ സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ട് അവർ പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കി. ഇസ്രായേൽജനം നാനൂറ്റിമുപ്പതു വർഷം ഈജിപ്തിൽ താമസിച്ചു. നാനൂറ്റിമുപ്പതു വർഷം തികഞ്ഞ ദിവസം തന്നെ സർവേശ്വരന്റെ ജനസമൂഹം ഈജിപ്തു വിട്ടു. ഈജിപ്തിൽനിന്ന് അവരെ മോചിപ്പിക്കാൻ സർവേശ്വരൻ ജാഗ്രതയോടെ കാത്തിരുന്ന രാത്രിയായിരുന്നു അത്. അതുകൊണ്ട് ഇസ്രായേൽജനം തലമുറതലമുറയായി ഈ രാത്രി ജാഗ്രതയോടെ കാത്തിരുന്നു സർവേശ്വരന്റെ രാത്രിയായി ആചരിക്കണം. സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “പെസഹ ആചരിക്കാനുള്ള ചട്ടം ഇതാണ്: വിദേശികൾ ആരും പെസഹ ഭക്ഷിക്കാൻ ഇടയാകരുത്. എന്നാൽ നിങ്ങൾ വിലയ്‍ക്കു വാങ്ങിയ അടിമ പരിച്ഛേദിതനെങ്കിൽ പെസഹ ഭക്ഷിച്ചുകൊള്ളട്ടെ. പരദേശിയും കൂലിക്കാരനും അതു ഭക്ഷിക്കരുത്. ഭവനത്തിനുള്ളിൽ വച്ചുതന്നെ അതു ഭക്ഷിക്കണം. മാംസത്തിൽ അല്പംപോലും പുറത്തു കൊണ്ടുപോകരുത്. അസ്ഥി ഒന്നും ഒടിക്കയുമരുത്. ഇസ്രായേൽസമൂഹം മുഴുവനും ഇത് ആചരിക്കണം. നിങ്ങളുടെകൂടെ പാർക്കുന്ന പരദേശിക്ക് സർവേശ്വരന്റെ പെസഹ ആചരിക്കണമെന്ന് ആഗ്രഹം ജനിച്ചാൽ അയാളുടെ പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം സ്വീകരിക്കട്ടെ. പിന്നെ അയാൾക്ക് പെസഹ ആചരിക്കാം. അയാളെ സ്വദേശിയായി കരുതണം. പരിച്ഛേദനം ഏല്‌ക്കാത്ത ഒരുവനും അതു ഭക്ഷിക്കരുത്. സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന വിദേശിക്കും ഒരേ നിയമം തന്നെ. സർവേശ്വരൻ മോശയോടും അഹരോനോടും കല്പിച്ചതെല്ലാം ഇസ്രായേൽജനം അനുഷ്ഠിച്ചു. ഇസ്രായേൽജനങ്ങളെ അന്നുതന്നെ സർവേശ്വരൻ കൂട്ടംകൂട്ടമായി ഈജിപ്തിൽനിന്നു വിമോചിപ്പിച്ചു.

EXODUS 12 വായിക്കുക

EXODUS 12:14-51 - നുള്ള വീഡിയോ