ആവർത്തനപുസ്തകം 3:21-29

ആവർത്തനപുസ്തകം 3:21-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അക്കാലത്ത് ഞാൻ യോശുവയോട് ആജ്ഞാപിച്ചത്: നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകല രാജ്യങ്ങളോടും യഹോവ അങ്ങനെതന്നെ ചെയ്യും. നിങ്ങൾ അവരെ ഭയപ്പെടരുത്; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നത്. അക്കാലത്തു ഞാൻ യഹോവയോട് അപേക്ഷിച്ചു: കർത്താവായ യഹോവേ, നിന്റെ മഹത്ത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളൂ? ഞാൻ കടന്നുചെന്ന് യോർദ്ദാനക്കരെയുള്ള നല്ല ദേശവും മനോഹരമായ പർവതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു. എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോട്: മതി; ഈ കാര്യത്തെക്കുറിച്ച് ഇനി എന്നോടു സംസാരിക്കരുത്; പിസ്ഗായുടെ മുകളിൽ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാൺക; ഈ യോർദ്ദാൻ നീ കടക്കയില്ല; യോശുവയോടു കല്പിച്ച് അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടുകൊടുക്കും എന്ന് അരുളിച്ചെയ്തു. അങ്ങനെ നാം ബേത്ത് - പെയോരിനെതിരെ താഴ്‌വരയിൽ പാർത്തു.

ആവർത്തനപുസ്തകം 3:21-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അന്ന് ഞാൻ യോശുവയോടു കല്പിച്ചു: ഈ രണ്ടു രാജാക്കന്മാരോടു നിങ്ങളുടെ ദൈവമായ സർവേശ്വരൻ എങ്ങനെ പ്രവർത്തിച്ചു എന്നു നിങ്ങൾ കണ്ടല്ലോ; നീ കടന്നുപോകുന്ന സകല രാജ്യങ്ങളോടും അവിടുന്ന് അങ്ങനെതന്നെ ചെയ്യും. നിങ്ങൾ അവരെ ഭയപ്പെടേണ്ടാ, നിങ്ങളുടെ ദൈവമായ സർവേശ്വരനാണ് നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നത്.” അക്കാലത്ത് ഞാൻ സർവേശ്വരനോടു ഇപ്രകാരം അപേക്ഷിച്ചു: “ദൈവമായ സർവേശ്വരാ, അവിടുത്തെ മഹത്ത്വവും കരബലവും അങ്ങയുടെ ദാസനെ കാണിക്കാൻ തുടങ്ങിയതേയുള്ളല്ലോ. അവിടുന്നു ചെയ്തതുപോലെ ശക്തമായ പ്രവൃത്തികൾ ചെയ്യാൻ കഴിവുള്ള ദൈവം സ്വർഗത്തിലും ഭൂമിയിലും ആരുള്ളൂ. യോർദ്ദാൻനദി കടന്ന് അക്കരെയുള്ള ഫലഭൂയിഷ്ഠമായ ദേശവും മനോഹരമായ മലനാടും ലെബാനോനും കാണാൻ എന്നെ അനുവദിക്കണമേ. എന്നാൽ സർവേശ്വരൻ നിങ്ങൾ നിമിത്തം എന്നോടു കോപിച്ചിരുന്നു; അവിടുന്ന് എന്റെ അപേക്ഷ കൈക്കൊണ്ടില്ല; അവിടുന്ന് എന്നോടു പറഞ്ഞു: മതി, ഇക്കാര്യത്തെക്കുറിച്ച് ഇനി എന്നോടു സംസാരിക്കേണ്ടാ; പിസ്ഗാമലയുടെ മുകളിൽ കയറി വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക; ആ സ്ഥലങ്ങളെല്ലാം കണ്ടുകൊൾക. നീ യോർദ്ദാൻ കടക്കുകയില്ല. യോശുവയ്‍ക്കു വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുക; അവന് ഉറപ്പും ധൈര്യവും പകരുക. അവൻ ഈ ജനത്തെ അക്കരയ്‍ക്കു നയിച്ച് നീ കാണാൻ പോകുന്ന ദേശം അവർക്ക് അവകാശമായി കൊടുക്കും. അങ്ങനെ നാം ബേത്ത്-പെയോരിനെതിരെയുള്ള താഴ്‌വരയിൽ പാർത്തു.

ആവർത്തനപുസ്തകം 3:21-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അക്കാലത്ത് ഞാൻ യോശുവയോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോട് ചെയ്തതൊക്കെയും നീ കണ്ണുകൊണ്ട് കണ്ടുവല്ലോ; നീ കൈവശമാക്കുവാൻ ചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നെ ചെയ്യും. നിങ്ങൾ അവരെ ഭയപ്പെടരുത്; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും.” അക്കാലത്ത് ഞാൻ യഹോവയോട് അപേക്ഷിച്ചു: “കർത്താവായ യഹോവേ, നിന്‍റെ മഹത്വവും നിന്‍റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്‍റെ ക്രിയകൾപോലെയും നിന്‍റെ വീര്യപ്രവൃത്തികൾപോലെയും ചെയ്യുവാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു? ഞാൻ കടന്നുചെന്ന് യോർദ്ദാനക്കരെയുള്ള നല്ല ദേശവും മനോഹരമായ പർവ്വതവും ലെബാനോനും ഒന്ന് കണ്ടുകൊള്ളട്ടെ” എന്നു പറഞ്ഞു. എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോട് കോപിച്ചിരുന്നു; എന്‍റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോട്: “മതി; ഈ കാര്യത്തെക്കുറിച്ച് ഇനി എന്നോട് സംസാരിക്കരുത്; പിസ്ഗയുടെ മുകളിൽ കയറി തല ഉയർത്തി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാണുക; ഈ യോർദ്ദാൻ നീ കടക്കുകയില്ല; യോശുവയോട് കല്പിച്ച് അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്കുക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടു കൊടുക്കും” എന്നു അരുളിച്ചെയ്തു. അങ്ങനെ നാം ബേത്ത്-പെയോരിനെതിരെ താഴ്വരയിൽ പാർത്തു.

ആവർത്തനപുസ്തകം 3:21-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അക്കാലത്തു ഞാൻ യോശുവയോടു ആജ്ഞാപിച്ചതു: നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നേ ചെയ്യും. നിങ്ങൾ അവരെ ഭയപ്പെടരുതു; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നതു. അക്കാലത്തു ഞാൻ യഹോവയോടു അപേക്ഷിച്ചു: കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‌വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു? ഞാൻ കടന്നുചെന്നു യോർദ്ദാന്നക്കരെയുള്ള നല്ല ദേശവും മനോഹരമായ പർവ്വതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു. എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോടു: മതി; ഈ കാര്യത്തെക്കുറിച്ചു ഇനി എന്നോടു സംസാരിക്കരുതു; പിസ്ഗയുടെ മുകളിൽ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാൺക; ഈ യോർദ്ദാൻ നീ കടക്കയില്ല; യോശുവയോടു കല്പിച്ചു അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവർക്കു അവകാശമായി പങ്കിട്ടു കൊടുക്കും എന്നു അരുളിച്ചെയ്തു. അങ്ങനെ നാം ബേത്ത്‒പെയോരിന്നെതിരെ താഴ്‌വരയിൽ പാർത്തു.

ആവർത്തനപുസ്തകം 3:21-29 സമകാലിക മലയാളവിവർത്തനം (MCV)

അക്കാലത്തു ഞാൻ യോശുവയോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതെല്ലാം നീ വ്യക്തമായി കണ്ടല്ലോ. നീ കൈവശമാക്കാൻചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെതന്നെ ചെയ്യും. നിങ്ങൾ അവരെ ഭയപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും.” ആ സമയത്ത് ഞാൻ യഹോവയോട് ഇപ്രകാരം പ്രാർഥിച്ചു: “കർത്താവായ യഹോവേ, അവിടത്തെ മഹിമയും ഭുജബലവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ. അങ്ങയുടെ പ്രവൃത്തികൾപോലെയും അങ്ങയുടെ അത്ഭുതങ്ങൾപോലെയും ചെയ്യാൻ കഴിയുന്ന ദേവൻ സ്വർഗത്തിലും ഭൂമിയിലും വേറെ ഇല്ലല്ലോ. യോർദാന് അക്കരെയുള്ള നല്ല പ്രദേശങ്ങളും മനോഹരമായ പർവതവും ലെബാനോനും ഞാൻ പോയി കണ്ടുകൊള്ളട്ടെ!” എന്നാൽ യഹോവ നിങ്ങൾനിമിത്തം എന്നോടു കോപിച്ചിരുന്നതുകൊണ്ട് എന്റെ അപേക്ഷ കേട്ടില്ല. യഹോവ എന്നോട്, “മതി, ഈ കാര്യം ഇനിയും എന്നോടു സംസാരിക്കരുത്. പിസ്ഗായുടെ മുകളിൽ കയറിനിന്ന് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നിന്റെ സ്വന്തം കണ്ണുകൊണ്ടുതന്നെ നോക്കിക്കൊൾക, എന്നാൽ ഈ യോർദാൻനദി നീ കടക്കുകയില്ല. പകരം യോശുവയ്ക്ക് അധികാരംനൽകി അവനെ പ്രോത്സാഹിപ്പിച്ച് ഉറപ്പുള്ളവനാക്കുക; അവന്റെ നേതൃത്വത്തിലായിരിക്കും ഈ ജനത അക്കരെ എത്തുക. നീ കാണുന്ന ഈ ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടുകൊടുക്കും” എന്ന് യഹോവ എന്നോട് അരുളിച്ചെയ്തു. അങ്ങനെ നാം ബേത്-പെയോരിന് എതിർവശത്തുള്ള താഴ്വരയിൽ താമസിച്ചു.