ആവർ. 3
3
ബാശാൻരാജാവായ ഓഗിനെ കീഴടക്കുന്നു
1അനന്തരം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയിലൂടെ പോയി; അപ്പോൾ ബാശാൻരാജാവായ ഓഗും അവന്‍റെ സർവ്വജനവും നമ്മുടെനേരെ പുറപ്പെട്ടു എദ്രെയിൽ വച്ച് യുദ്ധംചെയ്തു. 2അപ്പോൾ യഹോവ എന്നോട്: “അവനെ ഭയപ്പെടരുത്; ഞാൻ അവനെയും അവന്‍റെ സർവ്വജനത്തെയും ദേശത്തെയും നിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു: ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യ രാജാവായ സീഹോനോട് ചെയ്തതുപോലെ നീ അവനോടും ചെയ്യും” എന്നു കല്പിച്ചു.
3അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാൻരാജാവായ ഓഗിനെയും അവന്‍റെ സകലജനത്തെയും നമ്മുടെ കയ്യിൽ ഏല്പിച്ചു; ആരും ശേഷിക്കാതെ നാം അവരെ സംഹരിച്ചുകളഞ്ഞു. 4അക്കാലത്ത് നാം അവന്‍റെ എല്ലാ പട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്ന് പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്‍റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അർഗ്ഗോബ് ദേശവും 5നാട്ടുമ്പുറങ്ങളിലെ അനവധി ഗ്രാമങ്ങളും പിടിച്ചടക്കി; ആ പട്ടണങ്ങൾ എല്ലാം ഉയർന്ന മതിലുകളും വാതിലുകളും ഓടാമ്പലുകളുംകൊണ്ട് ഉറപ്പിച്ചിരുന്നു. 6ഹെശ്ബോൻ രാജാവായ സീഹോനോട് ചെയ്തതുപോലെ നാം അവയെ നിർമ്മൂലമാക്കി; പട്ടണം തോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചു. 7എന്നാൽ നാൽക്കാലികൾ ഉൾപ്പെടെ പട്ടണങ്ങളിലെ സമ്പത്തെല്ലാം നാം കൊള്ള ചെയ്തു.
8ഇങ്ങനെ അക്കാലത്ത് അമോര്യരുടെ രണ്ടു രാജാക്കന്മാരുടേയും കയ്യിൽനിന്ന് യോർദ്ദാനക്കരെ അർന്നോൻതാഴ്വര തുടങ്ങി ഹെർമ്മോൻപർവ്വതം വരെയുള്ള ദേശവും - 9സീദോന്യർ ഹെർമ്മോന് സീര്യോൻ എന്നും അമോര്യർ അതിന് സെനീർ എന്നും പേർ പറയുന്നു - 10സമഭൂമിയിലെ എല്ലാ പട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്‍റെ രാജ്യത്തുള്ള സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾവരെയുള്ള ബാശാൻ മുഴുവനും നാം പിടിച്ചടക്കി. 11ബാശാൻരാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്‍റെ കട്ടിൽ അമ്മോന്യനഗരമായ രബ്ബായിൽ ഉണ്ടല്ലോ? അതിന് ഒമ്പത് മുഴം നീളവും നാലു മുഴം വീതിയും ഉണ്ട്.
ദേശം വിഭജിക്കുന്നു
12ഈ ദേശം നാം അക്കാലത്ത് കൈവശമാക്കി. അർന്നോൻതാഴ്വരയുടെ അരികെയുള്ള അരോവേർ എന്ന പട്ടണം മുതൽ#3:12 അരോവേർ എന്ന പട്ടണം മുതൽ അരോവേർ പട്ടണത്തിന്‍റെ വടക്കുഭാഗത്ത് നിന്നും ഗിലെയാദ് മലനാടിൻ്റെ പകുതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു. 13ഗിലെയാദിന്‍റെ മറ്റെ പകുതിയും ഓഗിന്‍റെ രാജ്യമായ ബാശാൻ മുഴുവനും അർഗ്ഗോബ്ദേശം മുഴുവനും ഞാൻ മനശ്ശെയുടെ പകുതിഗോത്രത്തിന് കൊടുത്തു. - ബാശാന് മല്ലന്മാരുടെ ദേശം എന്നു പേർ പറയുന്നു. 14മനശ്ശെയുടെ മകനായ യായീർ ഗെശൂര്യരുടെയും മയഖാത്യരുടെയും അതിർവരെ അർഗ്ഗോബ്ദേശം മുഴുവനും പിടിച്ച് തന്‍റെ പേരിൻ പ്രകാരം ബാശാന് ഹവോത്ത് - യായീർ#3:14 ഹവോത്ത് - യായീർ സംഖ്യ-32:41 നോക്കുക എന്നു പേര് ഇട്ടു; ഇന്നുവരെ ആ പേര് നിലനിൽക്കുന്നു. - 15മാഖീരിന് ഞാൻ ഗിലെയാദ്‌ദേശം കൊടുത്തു. 16രൂബേന്യർക്കും ഗാദ്യർക്കും ഗിലെയാദ് മുതൽ അർന്നോൻതാഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യാബ്ബോക്ക് തോടുവരെയും 17കിന്നെരോത്ത് തുടങ്ങി കിഴക്കോട്ടു പിസ്ഗയുടെ ചരിവിന് താഴെ അരാബായിലെ ഉപ്പുകടൽവരെ അരാബയും യോർദ്ദാൻപ്രദേശവും ഞാൻ കൊടുത്തു.
18അക്കാലത്ത് ഞാൻ നിങ്ങളോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഈ ദേശം അവകാശമായി തന്നിരിക്കുന്നു; നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാർക്ക് മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകണം. 19നിങ്ങളുടെ ഭാര്യമാരും മക്കളും ആടുമാടുകളും ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള പട്ടണങ്ങളിൽ വസിക്കട്ടെ; നിങ്ങൾക്ക് ആടുമാടുകൾ വളരെ ഉണ്ട് എന്നു എനിക്ക് അറിയാം. 20യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും യോർദ്ദാനക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവർക്ക് കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം തന്നെ. പിന്നെ നിങ്ങൾ ഓരോരുത്തൻ ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശത്തിലേക്ക് മടങ്ങിപ്പോരേണം.”
യോർദ്ദാൻനദി കടക്കുന്നതിൽ മോശെക്കുള്ള വിലക്ക്
21അക്കാലത്ത് ഞാൻ യോശുവയോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോട് ചെയ്തതൊക്കെയും നീ കണ്ണുകൊണ്ട് കണ്ടുവല്ലോ; നീ കൈവശമാക്കുവാൻ ചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നെ ചെയ്യും. 22നിങ്ങൾ അവരെ ഭയപ്പെടരുത്; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും.”
23അക്കാലത്ത് ഞാൻ യഹോവയോട് അപേക്ഷിച്ചു: 24“കർത്താവായ യഹോവേ, നിന്‍റെ മഹത്വവും നിന്‍റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്‍റെ ക്രിയകൾപോലെയും നിന്‍റെ വീര്യപ്രവൃത്തികൾപോലെയും ചെയ്യുവാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു? 25ഞാൻ കടന്നുചെന്ന് യോർദ്ദാനക്കരെയുള്ള നല്ല ദേശവും മനോഹരമായ പർവ്വതവും ലെബാനോനും ഒന്ന് കണ്ടുകൊള്ളട്ടെ” എന്നു പറഞ്ഞു.
26എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോട് കോപിച്ചിരുന്നു; എന്‍റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോട്: “മതി; ഈ കാര്യത്തെക്കുറിച്ച് ഇനി എന്നോട് സംസാരിക്കരുത്; 27പിസ്ഗയുടെ മുകളിൽ കയറി തല ഉയർത്തി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാണുക; 28ഈ യോർദ്ദാൻ നീ കടക്കുകയില്ല; യോശുവയോട് കല്പിച്ച് അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്കുക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടു കൊടുക്കും” എന്നു അരുളിച്ചെയ്തു. 29അങ്ങനെ നാം ബേത്ത്-പെയോരിനെതിരെ താഴ്വരയിൽ പാർത്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആവർ. 3: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.