ആവർത്തനം 3:21-29

ആവർത്തനം 3:21-29 MCV

അക്കാലത്തു ഞാൻ യോശുവയോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതെല്ലാം നീ വ്യക്തമായി കണ്ടല്ലോ. നീ കൈവശമാക്കാൻചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെതന്നെ ചെയ്യും. നിങ്ങൾ അവരെ ഭയപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും.” ആ സമയത്ത് ഞാൻ യഹോവയോട് ഇപ്രകാരം പ്രാർഥിച്ചു: “കർത്താവായ യഹോവേ, അവിടത്തെ മഹിമയും ഭുജബലവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ. അങ്ങയുടെ പ്രവൃത്തികൾപോലെയും അങ്ങയുടെ അത്ഭുതങ്ങൾപോലെയും ചെയ്യാൻ കഴിയുന്ന ദേവൻ സ്വർഗത്തിലും ഭൂമിയിലും വേറെ ഇല്ലല്ലോ. യോർദാന് അക്കരെയുള്ള നല്ല പ്രദേശങ്ങളും മനോഹരമായ പർവതവും ലെബാനോനും ഞാൻ പോയി കണ്ടുകൊള്ളട്ടെ!” എന്നാൽ യഹോവ നിങ്ങൾനിമിത്തം എന്നോടു കോപിച്ചിരുന്നതുകൊണ്ട് എന്റെ അപേക്ഷ കേട്ടില്ല. യഹോവ എന്നോട്, “മതി, ഈ കാര്യം ഇനിയും എന്നോടു സംസാരിക്കരുത്. പിസ്ഗായുടെ മുകളിൽ കയറിനിന്ന് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നിന്റെ സ്വന്തം കണ്ണുകൊണ്ടുതന്നെ നോക്കിക്കൊൾക, എന്നാൽ ഈ യോർദാൻനദി നീ കടക്കുകയില്ല. പകരം യോശുവയ്ക്ക് അധികാരംനൽകി അവനെ പ്രോത്സാഹിപ്പിച്ച് ഉറപ്പുള്ളവനാക്കുക; അവന്റെ നേതൃത്വത്തിലായിരിക്കും ഈ ജനത അക്കരെ എത്തുക. നീ കാണുന്ന ഈ ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടുകൊടുക്കും” എന്ന് യഹോവ എന്നോട് അരുളിച്ചെയ്തു. അങ്ങനെ നാം ബേത്-പെയോരിന് എതിർവശത്തുള്ള താഴ്വരയിൽ താമസിച്ചു.