അപ്പൊ. പ്രവൃത്തികൾ 5:17-26

അപ്പൊ. പ്രവൃത്തികൾ 5:17-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും അസൂയ നിറഞ്ഞ് എഴുന്നേറ്റ് അപ്പൊസ്തലന്മാരെ പിടിച്ചു പൊതുതടവിൽ ആക്കി. രാത്രിയിലോ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ പുറത്തു കൊണ്ടുവന്നു: നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു. അവർ കേട്ടു പുലർച്ചയ്ക്കു ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രായേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്ക് ആളയച്ചു. ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു; തുറന്നപ്പോഴോ അകത്ത് ആരെയും കണ്ടില്ല എന്ന് അറിയിച്ചു. ഈ വാക്കു കേട്ടിട്ട് ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇത് എന്തായിത്തീരും എന്ന് അവരെക്കുറിച്ചു ചഞ്ചലിച്ചു. അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്ന് ബോധിപ്പിച്ചു. പടനായകൻ ചേവകരുമായി ചെന്ന്, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.

അപ്പൊ. പ്രവൃത്തികൾ 5:17-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മഹാപുരോഹിതനും അദ്ദേഹത്തെ അനുകൂലിച്ച സാദൂക്യകക്ഷിയിൽപ്പെട്ട എല്ലാവരും അസൂയകൊണ്ടു നിറഞ്ഞ് അപ്പോസ്തോലന്മാർക്ക് എതിരെ നടപടി എടുക്കുവാൻ തീരുമാനിച്ചു. അവർ അവരെ പിടിച്ചു പൊതുതടവിലാക്കി. എന്നാൽ കർത്താവിന്റെ ദൂതൻ കാരാഗൃഹത്തിന്റെ വാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു പറഞ്ഞു: “നിങ്ങൾ ദേവാലയത്തിൽ ചെന്ന് ജനങ്ങളോട് ഈ പുതിയ ജീവന്റെ വചനങ്ങൾ അറിയിക്കുക.” അതനുസരിച്ച് അപ്പോസ്തോലന്മാർ അതിരാവിലെ ദേവാലയത്തിൽ പോയി പഠിപ്പിക്കുവാനാരംഭിച്ചു. മഹാപുരോഹിതനും കൂടെയുള്ളവരും ചെന്ന് ഇസ്രായേൽ ജനപ്രമുഖന്മാരെല്ലാം ഉൾപ്പെട്ട സന്നദ്രിംസംഘത്തെ വിളിച്ചുകൂട്ടി; പിന്നീട് അപ്പോസ്തോലന്മാരെ ഹാജരാക്കുവാൻ കാരാഗൃഹത്തിലേക്ക് ആളയച്ചു. എന്നാൽ ദേവാലയത്തിലെ ഉദ്യോഗസ്ഥന്മാർ ചെന്നപ്പോൾ അപ്പോസ്തോലന്മാരെ അവിടെ കണ്ടില്ല. അവർ മടങ്ങിച്ചെന്ന് ഇപ്രകാരം അറിയിച്ചു: “ജയിൽ വളരെ ഭദ്രമായി പൂട്ടിയിരിക്കുന്നത് ഞങ്ങൾ കണ്ടു. കാവല്‌ക്കാർ വാതില്‌ക്കൽ നില്‌ക്കുന്നുമുണ്ടായിരുന്നു. പക്ഷേ, വാതിൽ തുറന്നപ്പോൾ അകത്ത് ആരെയും കണ്ടില്ല.” ദേവാലയത്തിലെ പടനായകനും പുരോഹിതമുഖ്യന്മാരും ഇതു കേട്ടപ്പോൾ, ഇതെങ്ങനെ പരിണമിക്കുമെന്ന് ഓർത്ത് അവരെക്കുറിച്ച് അത്യധികം അമ്പരന്നു. ആ സമയത്ത് ഒരാൾ വന്ന് അവരോടു പറഞ്ഞു: “നിങ്ങൾ കാരാഗൃഹത്തിലടച്ച ആ മനുഷ്യൻ അതാ, ദേവാലയത്തിൽ നിന്നുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുന്നു.” അപ്പോൾ പടനായകനും ഭടന്മാരുംകൂടി ചെന്ന് അപ്പോസ്തോലന്മാരെ കൂട്ടിക്കൊണ്ടുവന്നു. ജനങ്ങൾ തങ്ങളെ കല്ലെറിഞ്ഞേക്കുമോ എന്ന് അവർക്ക് ഭയമുണ്ടായിരുന്നതുകൊണ്ട് ബലം പ്രയോഗിച്ചില്ല.

അപ്പൊ. പ്രവൃത്തികൾ 5:17-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ മഹാപുരോഹിതൻ എഴുന്നേറ്റ്, അവനോട് കൂടെ ഉണ്ടായിരുന്ന സദൂക്യരും ചേർന്നു അസൂയ നിറഞ്ഞ് അപ്പൊസ്തലന്മാരെ പിടിച്ച് പൊതു കാരാഗൃഹത്തിൽ ആക്കി. എന്നാൽ രാത്രിയിൽ കർത്താവിന്‍റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നിട്ട് അവരോട് “നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്‍റെ വചനം എല്ലാ ജനത്തോടും പ്രസ്താവിപ്പിൻ” എന്നു പറഞ്ഞു. അവർ അത് കേട്ടു പുലർച്ചയ്ക്ക് ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു. എന്നാൽ മഹാപുരോഹിതനും കൂടെയുള്ളവരും വന്ന് ന്യായാധിപസംഘത്തെയും യിസ്രായേൽ മക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അപ്പൊസ്തലന്മാരെ കൊണ്ടുവരുവാനായി കാരാഗൃഹത്തിലേക്ക് ആളയച്ചു. ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കണ്ടില്ല അവർ മടങ്ങിവന്നിട്ട് പറഞ്ഞത്: “കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു; എന്നാൽ തുറന്നപ്പോഴോ അകത്ത് ആരെയും കണ്ടില്ല.” ഈ വാക്ക് കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും അവരെക്കുറിച്ച് ഇത് എന്തായിത്തീരും എന്നു വിചാരിച്ച് ചഞ്ചലിച്ച് കൊണ്ടിരുന്നു അപ്പോൾ ഒരാൾ വന്ന്: “നിങ്ങൾ കാരാഗൃഹത്തിലാക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ട് ജനത്തെ ഉപദേശിക്കുന്നു” എന്നു അറിയിച്ചു. അതുകേട്ട് പടനായകൻ ചേവകരുമായി ചെന്നു, ജനം തങ്ങളെ കല്ലെറിയും എന്നു ഭയപ്പെടുകയാൽ, ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.

അപ്പൊ. പ്രവൃത്തികൾ 5:17-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി. രാത്രിയിലോ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു അവരെ പുറത്തു കൊണ്ടുവന്നു: നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു. അവർ കേട്ടു പുലർച്ചെക്കു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രായേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്കു ആളയച്ചു. ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു; തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു. ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു. അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു. പടനായകൻ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.

അപ്പൊ. പ്രവൃത്തികൾ 5:17-26 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ, മഹാപുരോഹിതനും അദ്ദേഹത്തിന്റെ സദൂക്യവിഭാഗക്കാരായ അനുയായികളും അസൂയാലുക്കളായി. അവർ അപ്പൊസ്തലന്മാരെ പിടിച്ചു പൊതുതടവറയിൽ അടച്ചു. എന്നാൽ, കർത്താവിന്റെ ഒരു ദൂതൻ രാത്രിയിൽ തടവറയുടെ വാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു. ദൂതൻ അവരോട്, “നിങ്ങൾ പോകുക! ദൈവാലയത്തിൽച്ചെന്നുനിന്ന് ഈ ജീവന്റെ സമ്പൂർണസന്ദേശം ജനത്തെ അറിയിക്കുക” എന്നു പറഞ്ഞു. പ്രഭാതത്തിൽ അവർ ദൈവാലയാങ്കണത്തിൽ ചെന്നു തങ്ങളോടു നിർദേശിച്ചിരുന്നതുപോലെ ജനത്തെ ഉപദേശിച്ചുതുടങ്ങി. മഹാപുരോഹിതനും അദ്ദേഹത്തിന്റെ സഹകാരികളും വന്ന്, ന്യായാധിപസമിതിയെ—ഇസ്രായേല്യ ഗോത്രത്തലവന്മാരെയെല്ലാം—വിളിച്ചുകൂട്ടി അപ്പൊസ്തലന്മാരെ കൊണ്ടുവരാൻ കാരാഗൃഹത്തിലേക്ക് ആളയച്ചു. എന്നാൽ, അവിടെ ചെന്നപ്പോൾ അവരെ കാണാത്തതിനാൽ സേവകർ മടങ്ങിവന്നു വിവരം അറിയിച്ചു. “കാരാഗൃഹം ഭദ്രമായി പൂട്ടിയിരിക്കുന്നതും കാവൽക്കാർ വാതിൽക്കൽ നിൽക്കുന്നതും ഞങ്ങൾ കണ്ടു; വാതിൽ തുറന്നപ്പോൾ ആരെയും അകത്തു കണ്ടില്ല.” ഇതു കേട്ടപ്പോൾ ദൈവാലയത്തിലെ കാവൽപ്പട്ടാളമേധാവിയും പുരോഹിതമുഖ്യന്മാരും ഇതെന്തായിത്തീരും എന്നോർത്ത് അവരെക്കുറിച്ചു പരിഭ്രാന്തരായിത്തീർന്നു. അപ്പോൾ ഒരാൾ വന്ന്, “നോക്കൂ, നിങ്ങൾ കാരാഗൃഹത്തിലടച്ച മനുഷ്യർ ദൈവാലയാങ്കണത്തിൽനിന്നുകൊണ്ടു ജനങ്ങളെ ഉപദേശിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ പട്ടാളമേധാവി സേവകരോടൊപ്പം ചെന്ന്, ജനങ്ങൾ തങ്ങളെ കല്ലെറിയുമെന്നുള്ള ഭയംനിമിത്തം ബലപ്രയോഗമൊന്നുംകൂടാതെ അപ്പൊസ്തലന്മാരെ കൂട്ടിക്കൊണ്ടുവന്നു.