TIRHKOHTE 5:17-26

TIRHKOHTE 5:17-26 MALCLBSI

മഹാപുരോഹിതനും അദ്ദേഹത്തെ അനുകൂലിച്ച സാദൂക്യകക്ഷിയിൽപ്പെട്ട എല്ലാവരും അസൂയകൊണ്ടു നിറഞ്ഞ് അപ്പോസ്തോലന്മാർക്ക് എതിരെ നടപടി എടുക്കുവാൻ തീരുമാനിച്ചു. അവർ അവരെ പിടിച്ചു പൊതുതടവിലാക്കി. എന്നാൽ കർത്താവിന്റെ ദൂതൻ കാരാഗൃഹത്തിന്റെ വാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു പറഞ്ഞു: “നിങ്ങൾ ദേവാലയത്തിൽ ചെന്ന് ജനങ്ങളോട് ഈ പുതിയ ജീവന്റെ വചനങ്ങൾ അറിയിക്കുക.” അതനുസരിച്ച് അപ്പോസ്തോലന്മാർ അതിരാവിലെ ദേവാലയത്തിൽ പോയി പഠിപ്പിക്കുവാനാരംഭിച്ചു. മഹാപുരോഹിതനും കൂടെയുള്ളവരും ചെന്ന് ഇസ്രായേൽ ജനപ്രമുഖന്മാരെല്ലാം ഉൾപ്പെട്ട സന്നദ്രിംസംഘത്തെ വിളിച്ചുകൂട്ടി; പിന്നീട് അപ്പോസ്തോലന്മാരെ ഹാജരാക്കുവാൻ കാരാഗൃഹത്തിലേക്ക് ആളയച്ചു. എന്നാൽ ദേവാലയത്തിലെ ഉദ്യോഗസ്ഥന്മാർ ചെന്നപ്പോൾ അപ്പോസ്തോലന്മാരെ അവിടെ കണ്ടില്ല. അവർ മടങ്ങിച്ചെന്ന് ഇപ്രകാരം അറിയിച്ചു: “ജയിൽ വളരെ ഭദ്രമായി പൂട്ടിയിരിക്കുന്നത് ഞങ്ങൾ കണ്ടു. കാവല്‌ക്കാർ വാതില്‌ക്കൽ നില്‌ക്കുന്നുമുണ്ടായിരുന്നു. പക്ഷേ, വാതിൽ തുറന്നപ്പോൾ അകത്ത് ആരെയും കണ്ടില്ല.” ദേവാലയത്തിലെ പടനായകനും പുരോഹിതമുഖ്യന്മാരും ഇതു കേട്ടപ്പോൾ, ഇതെങ്ങനെ പരിണമിക്കുമെന്ന് ഓർത്ത് അവരെക്കുറിച്ച് അത്യധികം അമ്പരന്നു. ആ സമയത്ത് ഒരാൾ വന്ന് അവരോടു പറഞ്ഞു: “നിങ്ങൾ കാരാഗൃഹത്തിലടച്ച ആ മനുഷ്യൻ അതാ, ദേവാലയത്തിൽ നിന്നുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുന്നു.” അപ്പോൾ പടനായകനും ഭടന്മാരുംകൂടി ചെന്ന് അപ്പോസ്തോലന്മാരെ കൂട്ടിക്കൊണ്ടുവന്നു. ജനങ്ങൾ തങ്ങളെ കല്ലെറിഞ്ഞേക്കുമോ എന്ന് അവർക്ക് ഭയമുണ്ടായിരുന്നതുകൊണ്ട് ബലം പ്രയോഗിച്ചില്ല.

TIRHKOHTE 5 വായിക്കുക