പ്രവൃത്തികൾ 5:17-26

പ്രവൃത്തികൾ 5:17-26 IRVMAL

എന്നാൽ മഹാപുരോഹിതൻ എഴുന്നേറ്റ്, അവനോട് കൂടെ ഉണ്ടായിരുന്ന സദൂക്യരും ചേർന്നു അസൂയ നിറഞ്ഞ് അപ്പൊസ്തലന്മാരെ പിടിച്ച് പൊതു കാരാഗൃഹത്തിൽ ആക്കി. എന്നാൽ രാത്രിയിൽ കർത്താവിന്‍റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നിട്ട് അവരോട് “നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്‍റെ വചനം എല്ലാ ജനത്തോടും പ്രസ്താവിപ്പിൻ” എന്നു പറഞ്ഞു. അവർ അത് കേട്ടു പുലർച്ചയ്ക്ക് ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു. എന്നാൽ മഹാപുരോഹിതനും കൂടെയുള്ളവരും വന്ന് ന്യായാധിപസംഘത്തെയും യിസ്രായേൽ മക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അപ്പൊസ്തലന്മാരെ കൊണ്ടുവരുവാനായി കാരാഗൃഹത്തിലേക്ക് ആളയച്ചു. ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കണ്ടില്ല അവർ മടങ്ങിവന്നിട്ട് പറഞ്ഞത്: “കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു; എന്നാൽ തുറന്നപ്പോഴോ അകത്ത് ആരെയും കണ്ടില്ല.” ഈ വാക്ക് കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും അവരെക്കുറിച്ച് ഇത് എന്തായിത്തീരും എന്നു വിചാരിച്ച് ചഞ്ചലിച്ച് കൊണ്ടിരുന്നു അപ്പോൾ ഒരാൾ വന്ന്: “നിങ്ങൾ കാരാഗൃഹത്തിലാക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ട് ജനത്തെ ഉപദേശിക്കുന്നു” എന്നു അറിയിച്ചു. അതുകേട്ട് പടനായകൻ ചേവകരുമായി ചെന്നു, ജനം തങ്ങളെ കല്ലെറിയും എന്നു ഭയപ്പെടുകയാൽ, ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.