അപ്പോ.പ്രവൃത്തികൾ 5:17-26

അപ്പോ.പ്രവൃത്തികൾ 5:17-26 MCV

അപ്പോൾ, മഹാപുരോഹിതനും അദ്ദേഹത്തിന്റെ സദൂക്യവിഭാഗക്കാരായ അനുയായികളും അസൂയാലുക്കളായി. അവർ അപ്പൊസ്തലന്മാരെ പിടിച്ചു പൊതുതടവറയിൽ അടച്ചു. എന്നാൽ, കർത്താവിന്റെ ഒരു ദൂതൻ രാത്രിയിൽ തടവറയുടെ വാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു. ദൂതൻ അവരോട്, “നിങ്ങൾ പോകുക! ദൈവാലയത്തിൽച്ചെന്നുനിന്ന് ഈ ജീവന്റെ സമ്പൂർണസന്ദേശം ജനത്തെ അറിയിക്കുക” എന്നു പറഞ്ഞു. പ്രഭാതത്തിൽ അവർ ദൈവാലയാങ്കണത്തിൽ ചെന്നു തങ്ങളോടു നിർദേശിച്ചിരുന്നതുപോലെ ജനത്തെ ഉപദേശിച്ചുതുടങ്ങി. മഹാപുരോഹിതനും അദ്ദേഹത്തിന്റെ സഹകാരികളും വന്ന്, ന്യായാധിപസമിതിയെ—ഇസ്രായേല്യ ഗോത്രത്തലവന്മാരെയെല്ലാം—വിളിച്ചുകൂട്ടി അപ്പൊസ്തലന്മാരെ കൊണ്ടുവരാൻ കാരാഗൃഹത്തിലേക്ക് ആളയച്ചു. എന്നാൽ, അവിടെ ചെന്നപ്പോൾ അവരെ കാണാത്തതിനാൽ സേവകർ മടങ്ങിവന്നു വിവരം അറിയിച്ചു. “കാരാഗൃഹം ഭദ്രമായി പൂട്ടിയിരിക്കുന്നതും കാവൽക്കാർ വാതിൽക്കൽ നിൽക്കുന്നതും ഞങ്ങൾ കണ്ടു; വാതിൽ തുറന്നപ്പോൾ ആരെയും അകത്തു കണ്ടില്ല.” ഇതു കേട്ടപ്പോൾ ദൈവാലയത്തിലെ കാവൽപ്പട്ടാളമേധാവിയും പുരോഹിതമുഖ്യന്മാരും ഇതെന്തായിത്തീരും എന്നോർത്ത് അവരെക്കുറിച്ചു പരിഭ്രാന്തരായിത്തീർന്നു. അപ്പോൾ ഒരാൾ വന്ന്, “നോക്കൂ, നിങ്ങൾ കാരാഗൃഹത്തിലടച്ച മനുഷ്യർ ദൈവാലയാങ്കണത്തിൽനിന്നുകൊണ്ടു ജനങ്ങളെ ഉപദേശിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ പട്ടാളമേധാവി സേവകരോടൊപ്പം ചെന്ന്, ജനങ്ങൾ തങ്ങളെ കല്ലെറിയുമെന്നുള്ള ഭയംനിമിത്തം ബലപ്രയോഗമൊന്നുംകൂടാതെ അപ്പൊസ്തലന്മാരെ കൂട്ടിക്കൊണ്ടുവന്നു.