അപ്പൊ. പ്രവൃത്തികൾ 23:1-15
അപ്പൊ. പ്രവൃത്തികൾ 23:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പൗലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: സഹോദരന്മാരേ, ഞാൻ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോട് അവന്റെ വായ്ക്ക് അടിപ്പാൻ കല്പിച്ചു. പൗലൊസ് അവനോട്: ദൈവം നിന്നെ അടിക്കും, വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കയും ന്യായപ്രമാണത്തിന് വിരോധമായി എന്നെ അടിപ്പാൻ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു. അരികെ നില്ക്കുന്നവർ: നീ ദൈവത്തിന്റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ എന്ന് ചോദിച്ചു. അതിന് പൗലൊസ്: സഹോദരന്മാരേ, മഹാപുരോഹിതൻ എന്ന് ഞാൻ അറിഞ്ഞില്ല; “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുത് എന്ന് എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. എന്നാൽ ന്യായാധിപസംഘത്തിൽ ഒരുപക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്ന് പൗലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചുപറഞ്ഞു. അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചു. പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്ന് സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നും പ്രമാണിക്കുന്നു. അങ്ങനെ വലിയൊരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റ് വാദിച്ചു: ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോട് സംസാരിച്ചു എന്ന് വന്നേക്കാം എന്നു പറഞ്ഞു. അങ്ങനെ വലിയ ഇടച്ചൽ ആയതുകൊണ്ട് അവർ പൗലൊസിനെ ചീന്തിക്കളയും എന്ന് സഹസ്രാധിപൻ പേടിച്ചു, പടയാളികൾ ഇറങ്ങിവന്ന് അവനെ അവരുടെ നടുവിൽനിന്ന് പിടിച്ചെടുത്തു കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു. രാത്രിയിൽ കർത്താവ് അവന്റെ അടുക്കൽനിന്ന്: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ച് യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്ന് അരുളിച്ചെയ്തു. നേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ച് പൗലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു. ഈ ശപഥം ചെയ്തവർ നാല്പതിൽ അധികം പേർ ആയിരുന്നു. അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിപ്പിൻ; എന്നാൽ അവൻ സമീപിക്കും മുമ്പേ ഞങ്ങൾ അവനെ ഒടുക്കിക്കളവാൻ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 23:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സന്നദ്രിംസംഘാംഗങ്ങളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പൗലൊസ് പറഞ്ഞു: “സഹോദരന്മാരേ, ഞാൻ ഇന്നുവരെ ദൈവസന്നിധിയിൽ ഉത്തമമനസ്സാക്ഷിയോടെയത്രെ ജീവിച്ചിട്ടുള്ളത്.” ഉടനെ മഹാപുരോഹിതനായ അനന്യാസ് സമീപത്തു നിന്നവരോട്, അദ്ദേഹത്തിന്റെ കരണത്തടിക്കുവാൻ ആജ്ഞാപിച്ചു. പൗലൊസ് മഹാപുരോഹിതനോട് ‘വെള്ളപൂശിയ ചുവരേ! നിങ്ങളെ ദൈവം അടിക്കും. നിങ്ങൾ നിയമം അനുസരിച്ച് എന്നെ വിധിക്കുവാനല്ലേ ഇരിക്കുന്നത്; എന്നിട്ടും നിയമത്തിനു വിരുദ്ധമായി എന്നെ അടിക്കുവാൻ ആജ്ഞാപിക്കുന്നുവോ?’ അപ്പോൾ അടുത്തു നിന്നവർ “താങ്കൾ ദൈവത്തിന്റെ മഹാപുരോഹിതനെ അധിക്ഷേപിക്കുന്നുവോ?” എന്നു ചോദിച്ചു. പൗലൊസ് പറഞ്ഞു: “സഹോദരന്മാരേ, അദ്ദേഹം മഹാപുരോഹിതനാണെന്നു ഞാൻ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുത്’ എന്ന് എഴുതിയിട്ടുണ്ടല്ലോ.” അവിടെ കൂടിയിരുന്നവരിൽ ഒരു വിഭാഗം സാദൂക്യരും മറുഭാഗം പരീശന്മാരുമാണെന്നു മനസ്സിലാക്കിയപ്പോൾ, പൗലൊസ് സന്നദ്രിംസംഘത്തോട് ഇപ്രകാരം ഉച്ചത്തിൽ പറഞ്ഞു: “സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശകുലത്തിൽ ജനിച്ചവനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള പ്രത്യാശ നിമിത്തമത്രേ ഞാൻ വിസ്തരിക്കപ്പെടുന്നത്.” അദ്ദേഹം ഇതു പറഞ്ഞപ്പോൾ പരീശന്മാരും സാദൂക്യരും തമ്മിൽ കലഹമുണ്ടായി. അങ്ങനെ അവിടെ കൂടിയിരുന്നവർ രണ്ടു കക്ഷികളായി പിളർന്നു. പുനരുത്ഥാനമോ, മാലാഖയോ, ആത്മാവോ ഒന്നുമില്ലെന്നു പറയുന്നവരാണു സാദൂക്യർ. പരീശന്മാരാകട്ടെ, ഇവയെല്ലാം ഉണ്ടെന്നു വിശ്വസിക്കുന്നു. അങ്ങനെ അവിടെ ഒരു വലിയ ബഹളമുണ്ടായി. പരീശപക്ഷത്തുള്ള മതപണ്ഡിതന്മാരിൽ ചിലർ, “ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ മാലാഖയോ ഇയാളോടു സംസാരിച്ചുവെങ്കിൽ അതിനെന്ത്? എന്നു വാദിച്ചു. അവർ തമ്മിലുള്ള വാദപ്രതിവാദം അക്രമാസക്തമായപ്പോൾ, പൗലൊസിനെ അവർ വലിച്ചുകീറിക്കളയുമോ എന്നു സൈന്യാധിപൻ ഭയപ്പെട്ടു. അദ്ദേഹത്തെ അവരുടെ ഇടയിൽനിന്നു പാളയത്തിലേക്കു കൊണ്ടുപോകുവാൻ പടയാളികളോട് ആജ്ഞാപിച്ചു. അന്നു രാത്രിയിൽ കർത്താവ് പൗലൊസിന്റെ അടുക്കൽ വന്ന്: “ധൈര്യമുള്ളവനായിരിക്കുക; നീ യെരൂശലേമിൽ എനിക്കു സാക്ഷ്യം വഹിച്ചതുപോലെ റോമിലും സാക്ഷ്യം വഹിക്കേണ്ടതാകുന്നു” എന്ന് അരുൾചെയ്തു. നേരം വെളുത്തപ്പോൾ യെഹൂദന്മാർ ഒരു ഗൂഢാലോചന നടത്തി. പൗലൊസിനെ വധിക്കുന്നതുവരെ തങ്ങൾ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ശപഥം ചെയ്തു. ഈ ഗൂഢാലോചനയിൽ നാല്പതിൽപരം ആളുകൾ ഉൾപ്പെട്ടിരുന്നു. അവർ പുരോഹിതമുഖ്യന്മാരുടെയും ജനപ്രമുഖന്മാരുടെയും അടുക്കൽ ചെന്നു പറഞ്ഞു: “പൗലൊസിനെ വധിക്കുന്നതുവരെ ഞങ്ങൾ യാതൊന്നും ഭക്ഷിക്കുകയില്ലെന്നു സർവാത്മനാ ശപഥം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോൾ നിങ്ങളും സന്നദ്രിംസംഘവും ചേർന്ന്, അയാളുടെ കാര്യം കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുവാനെന്ന ഭാവത്തിൽ, അയാളെ നിങ്ങളുടെ അടുക്കലേക്ക് ഇറക്കിക്കൊണ്ടുവരുവാൻ സഹസ്രാധിപനോട് അഭ്യർഥിക്കുക. ഇവിടെയെത്തുന്നതിനു മുമ്പ് അയാളുടെ കഥ കഴിക്കുവാൻ ഞങ്ങൾ തയ്യാറാണ്.”
അപ്പൊ. പ്രവൃത്തികൾ 23:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പൗലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: “സഹോദരന്മാരേ, ഞാൻ ഈ ദിവസംവരെ നിശ്ചയമായും നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോട് അവന്റെ വായ്ക്ക് അടിയ്ക്കുവിൻ എന്നു കല്പിച്ചു. പൗലൊസ് മഹാപുരോഹിതനോട്: “വെള്ള തേച്ച ചുവരേ; ദൈവം നിന്നെ അടിക്കും, നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കുകയും ന്യായപ്രമാണത്തിന് വിരോധമായി എന്നെ അടിക്കുവാൻ കല്പിക്കുകയും ചെയ്യുന്നുവോ?” എന്നു പറഞ്ഞു. അരികെ നിന്നിരുന്നവർ: “നീ ദൈവത്തിന്റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിനുത്തരമായി പൗലൊസ്: “സഹോദരന്മാരേ, മഹാപുരോഹിതൻ എന്നു ഞാൻ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുത്’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. എന്നാൽ ന്യായാധിപസംഘത്തിൽ ഒരു ഭാഗം സദൂക്യരും മറുഭാഗം പരീശന്മാരും ആകുന്നു എന്നു പൗലൊസ് തിരിച്ചറിഞ്ഞിട്ട് “സഹോദരന്മാരേ, ഞാൻ ഒരു പരീശനും, പരീശൻ്റെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ച് ഞാൻ വിസ്താരത്തിലായിരിക്കുന്നു” എന്നു വിളിച്ചുപറഞ്ഞു. അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ വാഗ്വാദം ഉണ്ടായിട്ട് സംഘം ഭിന്നിച്ചു. പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്ന് വിശ്വസിക്കുന്നു. അങ്ങനെ വലിയൊരു ലഹള ഉണ്ടായി; പരീശ പക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റ് വാദിച്ചു: “ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ആത്മാവോ ദൂതനോ അവനോട് സംസാരിച്ചിരിക്കും” എന്നു പറഞ്ഞു. അങ്ങനെ അക്രമാസക്തമായ വലിയ ലഹള ആയതുകൊണ്ട് അവർ പൗലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപൻ ഭയപ്പെട്ടു, പടയാളികൾ ഇറങ്ങിവന്ന് അവനെ അവരുടെ നടുവിൽനിന്ന് പിടിച്ചെടുത്ത് കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു. രാത്രിയിൽ കർത്താവ് അവന്റെ അടുക്കൽനിന്ന്: “ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ച് യെരൂശലേമിൽ സാക്ഷിയായതുപോലെ റോമയിലും സാക്ഷിയാകേണ്ടതാകുന്നു” എന്നു അരുളിച്ചെയ്തു. പ്രഭാതമായപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ച് പൗലൊസിനെ കൊന്നുകളയുന്നതുവരെ ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു. ഇങ്ങനെ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു. അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: “ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ഭക്ഷിക്കുകയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മതയോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിക്കുവിൻ; എന്നാൽ അവൻ ഇവിടെ എത്തുംമുമ്പെ ഞങ്ങൾ അവനെ കൊന്നുകളയുവാൻ ഒരുങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 23:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പൗലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: സഹോദരന്മാരേ, ഞാൻ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടുംകൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോടു അവന്റെ വായിക്കു അടിപ്പാൻ കല്പിച്ചു. പൗലൊസ് അവനോടു: ദൈവം നിന്നെ അടിക്കും, വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കയും ന്യായപ്രമാണത്തിന്നു വിരോധമായി എന്നെ അടിപ്പാൻ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു. അരികെ നില്ക്കുന്നവർ: നീ ദൈവത്തിന്റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു പൗലൊസ്: സഹോദരന്മാരേ, മഹാപുരോഹിതൻ എന്നു ഞാൻ അറിഞ്ഞില്ല; “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. എന്നാൽ ന്യായാധിപസംഘത്തിൽ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൗലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു. അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചു. പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു. അങ്ങനെ വലിയോരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റു വാദിച്ചു: ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം എന്നു പറഞ്ഞു. അങ്ങനെ വലിയ ഇടച്ചൽ ആയതുകൊണ്ടു അവർ പൗലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപൻ പേടിച്ചു, പടയാളികൾ ഇറങ്ങിവന്നു അവനെ അവരുടെ നടുവിൽ നിന്നു പിടിച്ചെടുത്തു കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു. രാത്രിയിൽ കർത്താവു അവന്റെ അടുക്കൽ നിന്നു: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു. നേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ചു പൗലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു. ഈ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു. അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോടു അപേക്ഷിപ്പിൻ; എന്നാൽ അവൻ സമീപിക്കും മുമ്പെ ഞങ്ങൾ അവനെ ഒടുക്കിക്കളവാൻ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 23:1-15 സമകാലിക മലയാളവിവർത്തനം (MCV)
പൗലോസ് ന്യായാധിപസമിതിയെ ഉറ്റുനോക്കിക്കൊണ്ട്, “സഹോദരന്മാരേ, ഇന്നുവരെ ഞാൻ നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിനുമുമ്പാകെ ജീവിച്ചു.” അപ്പോൾ മഹാപുരോഹിതനായ അനന്യാസ് പൗലോസിന്റെ അടുത്തുനിൽക്കുന്നവരോട്, അദ്ദേഹത്തിന്റെ മുഖത്തടിക്കാൻ ആജ്ഞാപിച്ചു. അതിന് പൗലോസ്, “വെള്ളപൂശിയ ചുമരേ, ദൈവം നിന്നെ അടിക്കും. ന്യായപ്രമാണമനുസരിച്ച് എന്നെ വിസ്തരിക്കാൻ നീ അവിടെ ഇരിക്കുന്നു; എന്നാൽ, എന്നെ അടിക്കാൻ കൽപ്പിക്കുന്നതിലൂടെ നീ ന്യായപ്രമാണം ലംഘിക്കുന്നു” എന്നു പറഞ്ഞു. പൗലോസിന്റെ അടുത്തുനിന്നവർ അദ്ദേഹത്തോട്, “നീ ദൈവത്തിന്റെ മഹാപുരോഹിതനെ അധിക്ഷേപിക്കുന്നോ?” എന്നു ചോദിച്ചു. “സഹോദരന്മാരേ, മഹാപുരോഹിതനാണ് ഇദ്ദേഹം എന്നു ഞാൻ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ ഭരണകർത്താവിനെ നീ ദുഷിക്കരുത്’ എന്നെഴുതിയിട്ടുണ്ടല്ലോ,” എന്നു പൗലോസ് മറുപടി പറഞ്ഞു. ന്യായാധിപസമിതിയിൽ, ചിലർ സദൂക്യരും മറ്റുള്ളവർ പരീശന്മാരും ആണെന്ന് മനസ്സിലാക്കിയിട്ട് പൗലോസ്, “എന്റെ സഹോദരന്മാരേ, ഞാനൊരു പരീശനും പരീശന്റെ മകനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള എന്റെ പ്രത്യാശനിമിത്തമാണ് ഞാനിപ്പോൾ വിസ്തരിക്കപ്പെടുന്നത്” എന്നു വിളിച്ചുപറഞ്ഞു. അദ്ദേഹം ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായി. ജനക്കൂട്ടം ചേരിതിരിഞ്ഞു. പുനരുത്ഥാനം ഇല്ല, ദൈവദൂതരും ആത്മാക്കളും ഇല്ലെന്നു സദൂക്യർ പറയുന്നു, എന്നാൽ പരീശർ ഇവയിലെല്ലാം വിശ്വസിക്കുന്നു. അപ്പോൾ വലിയ കോലാഹലമായി. പരീശന്മാരുടെ കൂട്ടത്തിലെ ചില വേദജ്ഞർ എഴുന്നേറ്റുനിന്നു വാദിച്ചുകൊണ്ട്, “ഞങ്ങൾ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല. ഒരു ആത്മാവോ ഒരു ദൂതനോ അയാളോടു സംസാരിച്ചെന്നു വരാമല്ലോ!” അവർ പറഞ്ഞു. അവരുടെ തർക്കം അക്രമാസക്തമായപ്പോൾ പൗലോസിനെ അവർ പിച്ചിച്ചീന്തിക്കളഞ്ഞേക്കുമെന്നു സൈന്യാധിപൻ ഭയപ്പെട്ടു. അയാൾ സൈന്യത്തോട് ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു ബലം പ്രയോഗിച്ച് അദ്ദേഹത്തെപ്പിടിച്ചു സൈനികത്താവളത്തിലെത്തിക്കാൻ ആജ്ഞാപിച്ചു. ആ രാത്രിയിൽ കർത്താവ് പൗലോസിന്റെ അടുക്കൽനിന്നുകൊണ്ട്, “ധൈര്യമായിരിക്ക, ജെറുശലേമിൽ നീ എന്നെക്കുറിച്ചു സാക്ഷ്യംവഹിച്ചതുപോലെതന്നെ റോമിലും എന്റെ സാക്ഷിയാകേണ്ടതാണ്” എന്ന് അരുളിച്ചെയ്തു. പിറ്റേന്നു പ്രഭാതമായപ്പോൾ യെഹൂദന്മാർ ഒരുമിച്ചുകൂടി ഒരു ഗൂഢാലോചന നടത്തി. പൗലോസിനെ കൊന്നുകഴിഞ്ഞിട്ടല്ലാതെ തിന്നുകയോ കുടിക്കുകയോ ഇല്ലെന്ന് അവർ ശപഥംചെയ്തു. ഈ ഗൂഢാലോചനയിൽ നാൽപ്പതിലധികംപേർ പങ്കെടുത്തിരുന്നു. അവർ പുരോഹിതമുഖ്യന്മാരുടെയും സമുദായനേതാക്കന്മാരുടെയും അടുക്കൽച്ചെന്ന്, “പൗലോസിനെ വധിച്ചിട്ടല്ലാതെ ഞങ്ങൾ ആഹാരം കഴിക്കുകയില്ല എന്നു ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ്. അതുകൊണ്ട് ‘അയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതൽ സൂക്ഷ്മമായി അന്വേഷിക്കേണ്ടതുണ്ട്’ എന്നുള്ള ഭാവത്തിൽ അയാളെ നിങ്ങളുടെമുമ്പാകെ കൊണ്ടുവരുന്നതിന് നിങ്ങളും ന്യായാധിപസമിതിയും സൈന്യാധിപനോട് അപേക്ഷിക്കണം. പൗലോസ് ഇവിടെയെത്തുന്നതിനുമുമ്പുതന്നെ അയാളെ കൊല്ലാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്” എന്നു പറഞ്ഞു.