സന്നദ്രിംസംഘാംഗങ്ങളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പൗലൊസ് പറഞ്ഞു: “സഹോദരന്മാരേ, ഞാൻ ഇന്നുവരെ ദൈവസന്നിധിയിൽ ഉത്തമമനസ്സാക്ഷിയോടെയത്രെ ജീവിച്ചിട്ടുള്ളത്.” ഉടനെ മഹാപുരോഹിതനായ അനന്യാസ് സമീപത്തു നിന്നവരോട്, അദ്ദേഹത്തിന്റെ കരണത്തടിക്കുവാൻ ആജ്ഞാപിച്ചു. പൗലൊസ് മഹാപുരോഹിതനോട് ‘വെള്ളപൂശിയ ചുവരേ! നിങ്ങളെ ദൈവം അടിക്കും. നിങ്ങൾ നിയമം അനുസരിച്ച് എന്നെ വിധിക്കുവാനല്ലേ ഇരിക്കുന്നത്; എന്നിട്ടും നിയമത്തിനു വിരുദ്ധമായി എന്നെ അടിക്കുവാൻ ആജ്ഞാപിക്കുന്നുവോ?’ അപ്പോൾ അടുത്തു നിന്നവർ “താങ്കൾ ദൈവത്തിന്റെ മഹാപുരോഹിതനെ അധിക്ഷേപിക്കുന്നുവോ?” എന്നു ചോദിച്ചു. പൗലൊസ് പറഞ്ഞു: “സഹോദരന്മാരേ, അദ്ദേഹം മഹാപുരോഹിതനാണെന്നു ഞാൻ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുത്’ എന്ന് എഴുതിയിട്ടുണ്ടല്ലോ.” അവിടെ കൂടിയിരുന്നവരിൽ ഒരു വിഭാഗം സാദൂക്യരും മറുഭാഗം പരീശന്മാരുമാണെന്നു മനസ്സിലാക്കിയപ്പോൾ, പൗലൊസ് സന്നദ്രിംസംഘത്തോട് ഇപ്രകാരം ഉച്ചത്തിൽ പറഞ്ഞു: “സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശകുലത്തിൽ ജനിച്ചവനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള പ്രത്യാശ നിമിത്തമത്രേ ഞാൻ വിസ്തരിക്കപ്പെടുന്നത്.” അദ്ദേഹം ഇതു പറഞ്ഞപ്പോൾ പരീശന്മാരും സാദൂക്യരും തമ്മിൽ കലഹമുണ്ടായി. അങ്ങനെ അവിടെ കൂടിയിരുന്നവർ രണ്ടു കക്ഷികളായി പിളർന്നു. പുനരുത്ഥാനമോ, മാലാഖയോ, ആത്മാവോ ഒന്നുമില്ലെന്നു പറയുന്നവരാണു സാദൂക്യർ. പരീശന്മാരാകട്ടെ, ഇവയെല്ലാം ഉണ്ടെന്നു വിശ്വസിക്കുന്നു. അങ്ങനെ അവിടെ ഒരു വലിയ ബഹളമുണ്ടായി. പരീശപക്ഷത്തുള്ള മതപണ്ഡിതന്മാരിൽ ചിലർ, “ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ മാലാഖയോ ഇയാളോടു സംസാരിച്ചുവെങ്കിൽ അതിനെന്ത്? എന്നു വാദിച്ചു. അവർ തമ്മിലുള്ള വാദപ്രതിവാദം അക്രമാസക്തമായപ്പോൾ, പൗലൊസിനെ അവർ വലിച്ചുകീറിക്കളയുമോ എന്നു സൈന്യാധിപൻ ഭയപ്പെട്ടു. അദ്ദേഹത്തെ അവരുടെ ഇടയിൽനിന്നു പാളയത്തിലേക്കു കൊണ്ടുപോകുവാൻ പടയാളികളോട് ആജ്ഞാപിച്ചു. അന്നു രാത്രിയിൽ കർത്താവ് പൗലൊസിന്റെ അടുക്കൽ വന്ന്: “ധൈര്യമുള്ളവനായിരിക്കുക; നീ യെരൂശലേമിൽ എനിക്കു സാക്ഷ്യം വഹിച്ചതുപോലെ റോമിലും സാക്ഷ്യം വഹിക്കേണ്ടതാകുന്നു” എന്ന് അരുൾചെയ്തു. നേരം വെളുത്തപ്പോൾ യെഹൂദന്മാർ ഒരു ഗൂഢാലോചന നടത്തി. പൗലൊസിനെ വധിക്കുന്നതുവരെ തങ്ങൾ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ശപഥം ചെയ്തു. ഈ ഗൂഢാലോചനയിൽ നാല്പതിൽപരം ആളുകൾ ഉൾപ്പെട്ടിരുന്നു. അവർ പുരോഹിതമുഖ്യന്മാരുടെയും ജനപ്രമുഖന്മാരുടെയും അടുക്കൽ ചെന്നു പറഞ്ഞു: “പൗലൊസിനെ വധിക്കുന്നതുവരെ ഞങ്ങൾ യാതൊന്നും ഭക്ഷിക്കുകയില്ലെന്നു സർവാത്മനാ ശപഥം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോൾ നിങ്ങളും സന്നദ്രിംസംഘവും ചേർന്ന്, അയാളുടെ കാര്യം കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുവാനെന്ന ഭാവത്തിൽ, അയാളെ നിങ്ങളുടെ അടുക്കലേക്ക് ഇറക്കിക്കൊണ്ടുവരുവാൻ സഹസ്രാധിപനോട് അഭ്യർഥിക്കുക. ഇവിടെയെത്തുന്നതിനു മുമ്പ് അയാളുടെ കഥ കഴിക്കുവാൻ ഞങ്ങൾ തയ്യാറാണ്.”
TIRHKOHTE 23 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: TIRHKOHTE 23:1-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ