പൗലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: “സഹോദരന്മാരേ, ഞാൻ ഈ ദിവസംവരെ നിശ്ചയമായും നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിന്‍റെ മുമ്പാകെ നടന്നിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോട് അവന്‍റെ വായ്ക്ക് അടിയ്ക്കുവിൻ എന്നു കല്പിച്ചു. പൗലൊസ് മഹാപുരോഹിതനോട്: “വെള്ള തേച്ച ചുവരേ; ദൈവം നിന്നെ അടിക്കും, നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കുകയും ന്യായപ്രമാണത്തിന് വിരോധമായി എന്നെ അടിക്കുവാൻ കല്പിക്കുകയും ചെയ്യുന്നുവോ?” എന്നു പറഞ്ഞു. അരികെ നിന്നിരുന്നവർ: “നീ ദൈവത്തിന്‍റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിനുത്തരമായി പൗലൊസ്: “സഹോദരന്മാരേ, മഹാപുരോഹിതൻ എന്നു ഞാൻ അറിഞ്ഞില്ല; ‘നിന്‍റെ ജനത്തിന്‍റെ അധിപതിയെ ദുഷിക്കരുത്’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. എന്നാൽ ന്യായാധിപസംഘത്തിൽ ഒരു ഭാഗം സദൂക്യരും മറുഭാഗം പരീശന്മാരും ആകുന്നു എന്നു പൗലൊസ് തിരിച്ചറിഞ്ഞിട്ട് “സഹോദരന്മാരേ, ഞാൻ ഒരു പരീശനും, പരീശൻ്റെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ച് ഞാൻ വിസ്താരത്തിലായിരിക്കുന്നു” എന്നു വിളിച്ചുപറഞ്ഞു. അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ വാഗ്വാദം ഉണ്ടായിട്ട് സംഘം ഭിന്നിച്ചു. പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്ന് വിശ്വസിക്കുന്നു. അങ്ങനെ വലിയൊരു ലഹള ഉണ്ടായി; പരീശ പക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റ് വാദിച്ചു: “ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ആത്മാവോ ദൂതനോ അവനോട് സംസാരിച്ചിരിക്കും” എന്നു പറഞ്ഞു. അങ്ങനെ അക്രമാസക്തമായ വലിയ ലഹള ആയതുകൊണ്ട് അവർ പൗലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപൻ ഭയപ്പെട്ടു, പടയാളികൾ ഇറങ്ങിവന്ന് അവനെ അവരുടെ നടുവിൽനിന്ന് പിടിച്ചെടുത്ത് കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു. രാത്രിയിൽ കർത്താവ് അവന്‍റെ അടുക്കൽനിന്ന്: “ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ച് യെരൂശലേമിൽ സാക്ഷിയായതുപോലെ റോമയിലും സാക്ഷിയാകേണ്ടതാകുന്നു” എന്നു അരുളിച്ചെയ്തു. പ്രഭാതമായപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ച് പൗലൊസിനെ കൊന്നുകളയുന്നതുവരെ ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു. ഇങ്ങനെ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു. അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: “ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ഭക്ഷിക്കുകയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ അവന്‍റെ കാര്യം അധികം സൂക്ഷ്മതയോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിക്കുവിൻ; എന്നാൽ അവൻ ഇവിടെ എത്തുംമുമ്പെ ഞങ്ങൾ അവനെ കൊന്നുകളയുവാൻ ഒരുങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
പ്രവൃത്തികൾ 23 വായിക്കുക
കേൾക്കുക പ്രവൃത്തികൾ 23
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പ്രവൃത്തികൾ 23:1-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ