പ്രവൃത്തികൾ 23
23
ന്യായാധിപസംഘത്തിൻ്റെ മുമ്പാകെ പൗലോസിന്‍റെ പ്രതിവാദം
1പൗലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: “സഹോദരന്മാരേ, ഞാൻ ഈ ദിവസംവരെ നിശ്ചയമായും നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിന്‍റെ മുമ്പാകെ നടന്നിരിക്കുന്നു” എന്നു പറഞ്ഞു. 2അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോട് അവന്‍റെ വായ്ക്ക് അടിയ്ക്കുവിൻ എന്നു കല്പിച്ചു. 3പൗലൊസ് മഹാപുരോഹിതനോട്: “വെള്ള തേച്ച ചുവരേ; ദൈവം നിന്നെ അടിക്കും, നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കുകയും ന്യായപ്രമാണത്തിന് വിരോധമായി എന്നെ അടിക്കുവാൻ കല്പിക്കുകയും ചെയ്യുന്നുവോ?” എന്നു പറഞ്ഞു.
4അരികെ നിന്നിരുന്നവർ: “നീ ദൈവത്തിന്‍റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ?” എന്നു ചോദിച്ചു.
5അതിനുത്തരമായി പൗലൊസ്: “സഹോദരന്മാരേ, മഹാപുരോഹിതൻ എന്നു ഞാൻ അറിഞ്ഞില്ല; ‘നിന്‍റെ ജനത്തിന്‍റെ അധിപതിയെ ദുഷിക്കരുത്’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
6എന്നാൽ ന്യായാധിപസംഘത്തിൽ ഒരു ഭാഗം സദൂക്യരും മറുഭാഗം പരീശന്മാരും ആകുന്നു എന്നു പൗലൊസ് തിരിച്ചറിഞ്ഞിട്ട് “സഹോദരന്മാരേ, ഞാൻ ഒരു പരീശനും, പരീശൻ്റെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ച് ഞാൻ വിസ്താരത്തിലായിരിക്കുന്നു” എന്നു വിളിച്ചുപറഞ്ഞു.
7അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ വാഗ്വാദം ഉണ്ടായിട്ട് സംഘം ഭിന്നിച്ചു. 8പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്ന് വിശ്വസിക്കുന്നു.
9അങ്ങനെ വലിയൊരു ലഹള ഉണ്ടായി; പരീശ പക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റ് വാദിച്ചു: “ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ആത്മാവോ ദൂതനോ അവനോട് സംസാരിച്ചിരിക്കും” എന്നു പറഞ്ഞു. 10അങ്ങനെ അക്രമാസക്തമായ വലിയ ലഹള ആയതുകൊണ്ട് അവർ പൗലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപൻ ഭയപ്പെട്ടു, പടയാളികൾ ഇറങ്ങിവന്ന് അവനെ അവരുടെ നടുവിൽനിന്ന് പിടിച്ചെടുത്ത് കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു.
11രാത്രിയിൽ കർത്താവ് അവന്‍റെ അടുക്കൽനിന്ന്: “ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ച് യെരൂശലേമിൽ സാക്ഷിയായതുപോലെ റോമയിലും സാക്ഷിയാകേണ്ടതാകുന്നു” എന്നു അരുളിച്ചെയ്തു.
പൗലൊസിനെ കൊല്ലുവാൻ പദ്ധതിയിടുന്നു
12പ്രഭാതമായപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ച് പൗലൊസിനെ കൊന്നുകളയുന്നതുവരെ ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു. 13ഇങ്ങനെ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു. 14അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: “ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ഭക്ഷിക്കുകയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു. 15ആകയാൽ നിങ്ങൾ അവന്‍റെ കാര്യം അധികം സൂക്ഷ്മതയോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിക്കുവിൻ; എന്നാൽ അവൻ ഇവിടെ എത്തുംമുമ്പെ ഞങ്ങൾ അവനെ കൊന്നുകളയുവാൻ ഒരുങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
16ഈ പതിയിരിപ്പിനെക്കുറിച്ച് പൗലോസിന്‍റെ പെങ്ങളുടെ മകൻ കേട്ടിട്ടു ചെന്നു കോട്ടയിൽ കടന്ന് പൗലൊസിനോട് വസ്തുതകൾ അറിയിച്ചു. 17പൗലൊസ് ശതാധിപന്മാരിൽ ഒരുവനെ വിളിച്ച്: “ഈ യൗവനക്കാരന് സഹസ്രാധിപനോട് ഒരു കാര്യം അറിയിക്കുവാനുള്ളതിനാൽ അവനെ അങ്ങോട്ട് കൊണ്ടുപോകേണം” എന്ന പറഞ്ഞു. 18ശതാധിപന്മാരിൽ ഒരുവൻ യൗവനക്കാരനെ കൂട്ടി സഹസ്രാധിപൻ്റെ അടുക്കൽ കൊണ്ടുചെന്ന്: “തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്‍റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോട് അപേക്ഷിച്ചു” എന്നു പറഞ്ഞു.
19സഹസ്രാധിപൻ അവനെ കൈയ്ക്ക് പിടിച്ച് സ്വകാര്യസ്ഥലത്തേക്ക് മാറിനിന്ന്: “എന്നോട് ബോധിപ്പിക്കുവാനുള്ളത് എന്ത്?” എന്നു രഹസ്യമായി ചോദിച്ചു.
20അതിന് അവൻ: “യെഹൂദന്മാർ പൗലൊസിനെക്കുറിച്ച് അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കണമെന്നുള്ള വ്യാജഭാവത്തിൽ വന്ന് നാളെ അവനെ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുവരേണ്ടതിന് നിന്നോട് അപേക്ഷിക്കുവാൻ ഒത്തുകൂടിയിരിക്കുന്നു. 21നീ അവരെ വിശ്വസിച്ച് പൗലൊസിനെ വിട്ടുകൊടുക്കരുത്; അവരിൽ നാല്പതിൽ അധികംപേർ അവനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്നു ശപഥംചെയ്ത് അവനായി പതിയിരിക്കുന്നു; നിന്‍റെ സമ്മതം കിട്ടും എന്നു ആശിച്ച് അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു” എന്നു പറഞ്ഞു.
22“നീ ഇത് എന്നോട് അറിയിച്ചു എന്നു ആരോടും പറയരുത്” എന്നു സഹസ്രാധിപൻ കല്പിച്ചു, യൗവനക്കാരനെ പറഞ്ഞയച്ചു.
23പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: “ഈ രാത്രിയിൽ മൂന്നാം മണിനേരത്ത് കൈസര്യയ്ക്ക് പോകുവാൻ ഇരുനൂറ് പടയാളികളെയും എഴുപത് കുതിരച്ചേവകരെയും ഇരുനൂറ് കുന്തക്കാരെയും ഒരുക്കുവിൻ. 24പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിൻ്റെ അടുക്കൽ ക്ഷേമത്തോടെ എത്തിക്കുവാൻ മൃഗവാഹനങ്ങളെയും സജ്ജീകരിപ്പിൻ” എന്നു കല്പിച്ചു. 25താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി.
ഫെലിക്സിനുള്ള കത്ത്.
26“ശ്രേഷ്ഠനായ രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് ക്ലൗദ്യൊസ് ലുസിയാസ് വന്ദനം ചൊല്ലുന്നു. 27ഈ പുരുഷനെ യെഹൂദന്മാർ പിടിച്ച് കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമാപൗരൻ എന്നു അറിഞ്ഞ് ഞാൻ പട്ടാളത്തോടുകൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു. 28അവന്‍റെമേൽ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാൻ ഇച്ഛിച്ചിട്ട് അവരുടെ ന്യായാധിപസംഘത്തിലേക്ക് അവനെ കൊണ്ടുചെന്നു. 29എന്നാൽ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ച് കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിനോ തടവുശിക്ഷക്കോ യോഗ്യമായത് ഒന്നും ഇല്ല എന്നു കണ്ടു. 30അനന്തരം ഈ പുരുഷന്‍റെ നേരെ അവർ കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്നുള്ള ഗൂഢാലോചനയെപ്പറ്റി അറിവ് കിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്‍റെ അടുക്കലേക്ക് അയച്ചിരിക്കുന്നു; അവന്‍റെ നേരെയുള്ള അന്യായം ദേശാധിപതിയുടെ സാന്നിദ്ധ്യത്തിൽ ബോധിപ്പിക്കുവാൻ വാദികളോട് കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.”
31പടയാളികൾ അവരുടെ കല്പനകൾ അനുസരിച്ചു പൗലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടുചെന്നു, 32പിറ്റെന്നാൾ കുതിരച്ചേവകരെ അവനോടുകൂടെ അയച്ച് പടയാളികൾ കോട്ടയിലേക്ക് മടങ്ങിപ്പോന്നു. 33മറ്റവർ കൈസര്യയിൽ എത്തി ദേശാധിപതിക്ക് കത്ത് കൊടുത്ത് പൗലൊസിനെയും അവന്‍റെ മുമ്പിൽ നിർത്തി. 34അവൻ കത്ത് വായിച്ചിട്ട് ഏത് സംസ്ഥാനക്കാരൻ എന്നു ചോദിച്ചു. കിലിക്യക്കാരൻ എന്നു കേട്ടാറെ: 35“വാദികളും കൂടെ വന്നുചേരുമ്പോൾ നിന്നെ വിസ്തരിക്കാം” എന്നു പറഞ്ഞ് ഹെരോദാവിൻ്റെ കൊട്ടാരത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പ്രവൃത്തികൾ 23: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.