2 ശമൂവേൽ 6:19-23
2 ശമൂവേൽ 6:19-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ അവൻ യിസ്രായേലിന്റെ സർവസംഘവുമായ സകല ജനത്തിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ആളൊന്നിന് ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി. അനന്തരം ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിനു മടങ്ങിവന്നപ്പോൾ ശൗലിന്റെ മകളായ മീഖൾ ദാവീദിനെ എതിരേറ്റുചെന്നു: നിസ്സാരന്മാരിൽ ഒരുത്തൻ തന്നെത്താൻ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികൾ കാൺകെ തന്നെത്താൻ അനാവൃതനാക്കിയ യിസ്രായേൽരാജാവ് ഇന്ന് എത്ര മഹത്ത്വമുള്ളവൻ എന്നു പറഞ്ഞു. ദാവീദ് മീഖളിനോട്: യഹോവയുടെ ജനമായ യിസ്രായേലിനു പ്രഭുവായി നിയമിപ്പാൻ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകല ഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാൻ നൃത്തം ചെയ്യും. ഞാൻ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചയ്ക്ക് എളിയവനുമായിരിക്കും; നീ പറഞ്ഞ ദാസികളാലോ എനിക്കു മഹത്ത്വമുണ്ടാകും എന്നു പറഞ്ഞു. എന്നാൽ ശൗലിന്റെ മകളായ മീഖളിനു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല.
2 ശമൂവേൽ 6:19-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽസമൂഹത്തിലെ സമസ്ത സ്‍ത്രീപുരുഷന്മാർക്കും ഒരപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം കൊടുത്തു. പിന്നീടു ജനം അവരവരുടെ വീടുകളിലേക്കു പിരിഞ്ഞുപോയി. ദാവീദ് തന്റെ കുടുംബാംഗങ്ങളെ അനുഗ്രഹിക്കാൻ മടങ്ങിച്ചെന്നപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ മീഖൾ ഇറങ്ങിവന്നു. അവൾ പരിഹസിച്ചു പറഞ്ഞു: “ഇസ്രായേലിന്റെ രാജാവ് ഇന്നു തന്നെത്തന്നെ എത്ര പ്രശസ്തനാക്കിയിരിക്കുന്നു. തന്റെ സേവകരുടെയും ദാസികളുടെയും മുമ്പിൽ ഒരു വിഡ്ഢിയെപ്പോലെ നാണമില്ലാതെ തന്റെ നഗ്നത പ്രദർശിപ്പിച്ചില്ലേ?” അപ്പോൾ ദാവീദ് മീഖളിനോടു പറഞ്ഞു: “നിന്റെ പിതാവിനും കുടുംബത്തിനും പകരം സർവേശ്വരന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി എന്നെ തിരഞ്ഞെടുത്ത സർവേശ്വരന്റെ മുമ്പിലാണ് ഞാൻ നൃത്തം ചെയ്തത്. അവിടുത്തെ മുമ്പാകെ ഞാൻ ഇനിയും നൃത്തം ചെയ്യും. ഞാൻ ഇതിനെക്കാൾ നിസ്സാരനും നിന്റെ കാഴ്ചയിൽ നിന്ദിതനുമാകാം. എന്നാൽ ആ ദാസിമാർ ഇതുനിമിത്തം എന്നെ ബഹുമാനിക്കുകയേ ഉള്ളൂ;” ശൗലിന്റെ പുത്രിയായ മീഖളിനു മരണംവരെ സന്താനഭാഗ്യം ഉണ്ടായില്ല.
2 ശമൂവേൽ 6:19-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നെ അവൻ യിസ്രായേലിന്റെ സർവ്വസംഘവുമായ സകലജനത്തിലും, പുരുഷന്മാർക്കും സ്ത്രീകൾക്കും, ആളൊന്നിന് ഒരു അപ്പവും ഒരു കഷണം മാംസവും ഒരു ഉണക്കമുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, അതിനുശേഷം ജനങ്ങളെല്ലാവരും താന്താന്‍റെ വീട്ടിലേക്കു പോയി. പിന്നീട് ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കുന്നതിന് മടങ്ങിവന്നപ്പോൾ ശൗലിന്റെ മകളായ മീഖൾ ദാവീദിനെ കാണുവാൻ പുറത്തു വന്നു: “നിസ്സാരന്മാരിൽ ഒരുവൻ സ്വയം അനാവൃതനാക്കുന്നതുപോലെ ഇന്ന് തന്‍റെ ദാസന്മാരുടെ ദാസികളുടെ കണ്മുൻപിൽ സ്വയം അനാവൃതനാക്കിയ യിസ്രായേൽ രാജാവ് ഇന്ന് എത്ര മഹത്വമുള്ളവൻ” എന്നു പറഞ്ഞു. ദാവീദ് മീഖളിനോട്: “യഹോവയുടെ ജനമായ യിസ്രായേലിനു പ്രഭുവായി നിയമിക്കുവാൻ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാൻ നൃത്തംചെയ്യും. ഞാൻ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചയ്ക്ക് എളിയവനും ആയിരിക്കും; എന്നാൽ നീ പറഞ്ഞ ദാസികളാൽ എനിക്ക് മഹത്വമുണ്ടാകും” എന്നു പറഞ്ഞു. ആ കാരണത്താൽ ശൗലിന്‍റെ മകളായ മീഖളിന് മരണം വരെ ഒരു കുട്ടിയും ഉണ്ടായില്ല.
2 ശമൂവേൽ 6:19-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ അവൻ യിസ്രായേലിന്റെ സർവ്വസംഘവുമായ സകലജനത്തിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി. അനന്തരം ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിന്നു മടങ്ങിവന്നപ്പോൾ ശൗലിന്റെ മകളായ മീഖൾ ദാവീദിനെ എതിരേറ്റു ചെന്നു: നിസ്സാരന്മാരിൽ ഒരുത്തൻ തന്നെത്താൻ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികൾ കാൺകെ തന്നെത്താൻ അനാവൃതനാക്കിയ യിസ്രായേൽരാജാവു ഇന്നു എത്ര മഹത്വമുള്ളവൻ എന്നു പറഞ്ഞു. ദാവീദ് മീഖളിനോടു: യഹോവയുടെ ജനമായ യിസ്രായേലിന്നു പ്രഭുവായി നിയമിപ്പാൻ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാൻ നൃത്തം ചെയ്യും. ഞാൻ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചെക്കു എളിയവനും ആയിരിക്കും; നീ പറഞ്ഞ ദാസികളാലോ എനിക്കു മഹത്വമുണ്ടാകും എന്നു പറഞ്ഞു. എന്നാൽ ശൗലിന്റെ മകളായ മീഖളിന്നു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല.
2 ശമൂവേൽ 6:19-23 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം അദ്ദേഹം ഇസ്രായേലിന്റെ ആ വലിയ ജനസമൂഹത്തിൽ— സ്ത്രീപുരുഷഭേദമെന്യേ—ഓരോരുത്തർക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ മുന്തിരിയടയുംവീതം കൊടുത്തു. സകലജനങ്ങളും താന്താങ്ങളുടെ വീടുകളിലേക്കു തിരിച്ചുപോയി. ദാവീദ് സ്വകുടുംബത്തെ ആശീർവദിക്കുന്നതിനായി തിരിച്ചെത്തിയപ്പോൾ, ശൗലിന്റെ മകളായ മീഖൾ അദ്ദേഹത്തെ എതിരേറ്റുചെന്നു. അവൾ പരിഹാസപൂർവം ചോദിച്ചു: “ഒരു കോമാളി ഉടുതുണി അഴിച്ച് ചാഞ്ചാടുന്നതുപോലെ തന്റെ ദാസന്മാരുടെയും ദാസികളുടെയുംമുമ്പിൽ അർധനഗ്നനാക്കിയ ഇസ്രായേൽരാജാവ് ഇന്ന് എന്തു പുകഴ്ചയാണ് നേടിയിരിക്കുന്നത്!” ദാവീദ് മീഖളിനോടു പറഞ്ഞു: “ഞാൻ അർധനഗ്നനായി നൃത്തം ചെയ്തെങ്കിൽ അത് എന്റെ ദൈവമായ യഹോവയുടെമുമ്പാകെയാണ്. തന്റെ ജനമായ ഇസ്രായേലിനു രാജാവായി എന്നെ നിയോഗിക്കുകമൂലം നിന്റെ പിതാവിനെക്കാളും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏതൊരുവനെക്കാളും ഉപരിയായി എന്നെ തെരഞ്ഞെടുത്ത യഹോവയുടെമുമ്പാകെ ഞാനിനിയും നൃത്തംചെയ്യും. ഞാനിനിയും ഇതിലധികം ഹീനനും എന്റെ കണ്മുമ്പിൽ ഇതിനെക്കാളും നിന്ദിതനുമായിത്തീരും. എന്നാൽ നീ പറഞ്ഞ ദാസിമാരാലോ, ഞാൻ ബഹുമാനിതനായിത്തീരും.” എന്നാൽ ശൗലിന്റെ മകളായ മീഖളിന് അവളുടെ മരണപര്യന്തം സന്താനസൗഭാഗ്യം ലഭിച്ചില്ല.