2 ശമുവേൽ 6
6
ഉടമ്പടിയുടെ പേടകം ജെറുശലേമിലേക്കു കൊണ്ടുവരുന്നു
1ദാവീദ് വീണ്ടും ഇസ്രായേലിൽ, തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്നു മുപ്പതിനായിരം വീരയോദ്ധാക്കളെ ഒരുമിച്ചുകൂട്ടി. 2അവരോടൊപ്പം അദ്ദേഹം യെഹൂദ്യയിലെ ബാലായിലേക്ക്#6:2 അതായത്, കിര്യത്ത്-യെയാരീം. 1 ദിന. 13:6 കാണുക. പുറപ്പെട്ടു. കെരൂബുകളുടെ മധ്യേ സിംഹാസനസ്ഥനായിരിക്കുന്ന സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ വിളിക്കപ്പെടുന്ന#6:2 ചി.കൈ.പ്ര. ഈ പദം കാണുന്നില്ല. ദൈവത്തിന്റെ പേടകം അവിടെനിന്നു കൊണ്ടുവരുന്നതിനായി പുറപ്പെട്ടു. 3ദൈവത്തിന്റെ പേടകം അവർ ഒരു പുതിയ വണ്ടിയിൽ കയറ്റി, അബീനാദാബിന്റെ ഭവനത്തിൽനിന്ന് ഇറക്കിക്കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ഭവനം ഒരു മലമുകളിലായിരുന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും പേടകം കയറ്റിയിരുന്ന പുതിയ വണ്ടി തെളിച്ചു. 4അഹ്യോ ദൈവത്തിന്റെ പേടകവുമായി വണ്ടിയുടെമുമ്പിൽ നടന്നു. 5ദാവീദും ഇസ്രായേൽഗൃഹമൊക്കെയും കൈമണി,#6:5 ചി.കൈ.പ്ര. പാട്ടോടെ 1 ദിന. 13:8 കിന്നരം, വീണ, തപ്പ്, ചേങ്ങല, ഇലത്താളം എന്നീ വാദ്യങ്ങൾ മുഴക്കി സർവശക്തിയോടുംകൂടെ യഹോവയുടെമുമ്പാകെ നൃത്തംചെയ്തു.
6അവർ നാഖോന്റെ മെതിക്കളത്തിൽ എത്തിയപ്പോൾ കാള വിരണ്ടതിനാൽ ഉസ്സ കൈനീട്ടി ദൈവത്തിന്റെ പേടകത്തിൽ പിടിച്ചു. 7അയാളുടെ ഈ അനാദരവുമൂലം യഹോവയുടെ ക്രോധം ഉസ്സയുടെനേരേ ജ്വലിച്ചു; ദൈവം അയാളെ സംഹരിച്ചു. അയാൾ ദൈവത്തിന്റെ പേടകത്തിനു സമീപംതന്നെ മരിച്ചുവീണു.
8യഹോവയുടെ ക്രോധം ഉസ്സയുടെമേൽ പതിച്ചതിനാൽ ദാവീദ് ദുഃഖിതനായി.#6:8 മൂ.ഭാ. കോപാകുലനായി ആ സ്ഥലം ഇന്നുവരെയും ഫേരെസ്സ്-ഉസ്സ#6:8 ഉസ്സയുടെനേരേ ആക്രമണം എന്നർഥം. എന്നു വിളിച്ചുവരുന്നു.
9അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടു. “യഹോവയുടെ പേടകം എന്റെ അടുത്തേക്കു കൊണ്ടുവരുന്നതെങ്ങനെ,” എന്ന് അദ്ദേഹം പറഞ്ഞു. 10യഹോവയുടെ പേടകം തന്നോടുകൂടെ ഇരിക്കേണ്ടതിന് ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുപോകുന്നതിന് അദ്ദേഹം താത്പര്യപ്പെട്ടില്ല. പകരം, ഗിത്യനായ ഓബേദ്-ഏദോമിന്റെ വസതിയിൽ അതു കൊണ്ടുപോയി വെച്ചു. 11യഹോവയുടെ പേടകം ഗിത്യനായ ഓബേദ്-ഏദോമിന്റെ ഭവനത്തിൽ മൂന്നുമാസം ഇരുന്നു; യഹോവ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സകലകുടുംബത്തെയും അനുഗ്രഹിച്ചു.
12“ദൈവത്തിന്റെ പേടകംനിമിത്തം യഹോവ ഓബേദ്-ഏദോമിന്റെ കുടുംബത്തെയും അദ്ദേഹത്തിനുള്ള സകലത്തെയും അനുഗ്രഹിച്ചിരിക്കുന്നു,” എന്നു ദാവീദ് രാജാവിന് അറിവുകിട്ടി. അതിനാൽ അദ്ദേഹം ചെന്ന് ഓബേദ്-ഏദോമിന്റെ ഭവനത്തിൽനിന്ന് ദൈവത്തിന്റെ പേടകം ഉല്ലാസപൂർവം ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുവന്നു. 13യഹോവയുടെ പേടകം ചുമന്നിരുന്നവർ ആറു ചുവടുവെച്ചപ്പോൾ അദ്ദേഹം ഒരു കാളയെയും ഒരു കൊഴുത്ത കിടാവിനെയും ബലിയർപ്പിച്ചു. 14ദാവീദ് മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ചുകൊണ്ട്#6:14 അഥവാ, പുരോഹിതവസ്ത്രമണിഞ്ഞ് തന്റെ സർവശക്തിയോടുംകൂടെ യഹോവയുടെമുമ്പാകെ നൃത്തംചെയ്തു. 15അങ്ങനെ ദാവീദും സകല ഇസ്രായേൽഗൃഹവുംചേർന്ന് ആർപ്പുവിളിയോടും കാഹളനാദത്തോടുംകൂടി യഹോവയുടെ പേടകം കൊണ്ടുവന്നു.
16യഹോവയുടെ പേടകം ദാവീദിന്റെ നഗരത്തിലേക്കു കടന്നുവരുമ്പോൾ ശൗലിന്റെ മകളായ മീഖൾ ഒരു ജനാലയിലൂടെ അതു വീക്ഷിച്ചു. ദാവീദുരാജാവ് അവിടെ യഹോവയുടെമുമ്പാകെ തുള്ളിച്ചാടുന്നതും നൃത്തംചെയ്യുന്നതും കണ്ടപ്പോൾ അവൾക്കു ഹൃദയത്തിൽ അദ്ദേഹത്തോട് അവജ്ഞ തോന്നി.
17ഇങ്ങനെ അവർ യഹോവയുടെ പേടകം കൊണ്ടുവന്ന് ദാവീദ് അതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്ന കൂടാരത്തിനകത്ത്, അതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ദാവീദ് യഹോവയുടെമുമ്പാകെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. 18ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചുതീർന്നപ്പോൾ ദാവീദ് സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ ജനത്തെ ആശീർവദിച്ചു. 19അതിനുശേഷം അദ്ദേഹം ഇസ്രായേലിന്റെ ആ വലിയ ജനസമൂഹത്തിൽ— സ്ത്രീപുരുഷഭേദമെന്യേ—ഓരോരുത്തർക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും#6:19 അഥവാ, ഈന്തപ്പഴക്കട്ട. എബ്രായഭാഷയിൽ ഈ വാക്കിന്റെ അർഥം വ്യക്തമല്ല. ഓരോ മുന്തിരിയടയുംവീതം കൊടുത്തു. സകലജനങ്ങളും താന്താങ്ങളുടെ വീടുകളിലേക്കു തിരിച്ചുപോയി.
20ദാവീദ് സ്വകുടുംബത്തെ ആശീർവദിക്കുന്നതിനായി തിരിച്ചെത്തിയപ്പോൾ, ശൗലിന്റെ മകളായ മീഖൾ അദ്ദേഹത്തെ എതിരേറ്റുചെന്നു. അവൾ പരിഹാസപൂർവം ചോദിച്ചു: “ഒരു കോമാളി ഉടുതുണി അഴിച്ച് ചാഞ്ചാടുന്നതുപോലെ തന്റെ ദാസന്മാരുടെയും ദാസികളുടെയുംമുമ്പിൽ അർധനഗ്നനാക്കിയ ഇസ്രായേൽരാജാവ് ഇന്ന് എന്തു പുകഴ്ചയാണ് നേടിയിരിക്കുന്നത്!”
21ദാവീദ് മീഖളിനോടു പറഞ്ഞു: “ഞാൻ അർധനഗ്നനായി നൃത്തം ചെയ്തെങ്കിൽ അത് എന്റെ ദൈവമായ യഹോവയുടെമുമ്പാകെയാണ്. തന്റെ ജനമായ ഇസ്രായേലിനു രാജാവായി എന്നെ നിയോഗിക്കുകമൂലം നിന്റെ പിതാവിനെക്കാളും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏതൊരുവനെക്കാളും ഉപരിയായി എന്നെ തെരഞ്ഞെടുത്ത യഹോവയുടെമുമ്പാകെ ഞാനിനിയും നൃത്തംചെയ്യും. 22ഞാനിനിയും ഇതിലധികം ഹീനനും എന്റെ കണ്മുമ്പിൽ ഇതിനെക്കാളും നിന്ദിതനുമായിത്തീരും. എന്നാൽ നീ പറഞ്ഞ ദാസിമാരാലോ, ഞാൻ ബഹുമാനിതനായിത്തീരും.”
23എന്നാൽ ശൗലിന്റെ മകളായ മീഖളിന് അവളുടെ മരണപര്യന്തം സന്താനസൗഭാഗ്യം ലഭിച്ചില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ശമുവേൽ 6: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.