2 ശമൂവേൽ 6
6
1അനന്തരം ദാവീദ് യിസ്രായേലിൽനിന്നു സകല വിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി 2കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദായിൽനിന്നു കൊണ്ടുവരേണ്ടതിനു ദാവീദും കൂടെയുള്ള സകല ജനവും അവിടേക്കു പുറപ്പെട്ടുപോയി. 3അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയ വണ്ടി തെളിച്ചു. 4കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്ന് അവർ അതിനെ ദൈവത്തിന്റെ പെട്ടകവുമായി കൊണ്ടുപോരുമ്പോൾ അഹ്യോ പെട്ടകത്തിനു മുമ്പായി നടന്നു. 5ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധ വാദിത്രങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു. 6അവർ നാഖോന്റെ കളത്തിങ്കൽ എത്തിയപ്പോൾ കാള വിരണ്ടതുകൊണ്ട് ഉസ്സ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു. 7അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരേ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവച്ച് അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവച്ചു മരിച്ചു. 8യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിനു വ്യസനമായി അവൻ ആ സ്ഥലത്തിനു പേരെസ്-ഉസ്സ എന്നു പേർ വിളിച്ചു. അത് ഇന്നുവരെയും പറഞ്ഞുവരുന്നു. 9അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടൂ എന്ന് അവൻ പറഞ്ഞു. 10ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ തന്റെ അടുക്കൽ വരുത്തുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ കൊണ്ടുപോയി വച്ചു. 11യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ മൂന്നു മാസം ഇരുന്നു; യഹോവ ഓബേദ്-എദോമിനെയും അവന്റെ കുടുംബത്തെയൊക്കെയും അനുഗ്രഹിച്ചു. 12ദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ്‍രാജാവിന് അറിവു കിട്ടിയപ്പോൾ ദാവീദ് പുറപ്പെട്ട് ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽനിന്ന് ദാവീദിന്റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു. 13യഹോവയുടെ പെട്ടകം ചുമന്നവർ ആറു ചുവടു നടന്നശേഷം അവൻ ഒരു കാളയെയും തടിച്ച കിടാവിനെയും യാഗം കഴിച്ചു. 14ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ട് പൂർണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു. 15അങ്ങനെ ദാവീദും യിസ്രായേൽഗൃഹമൊക്കെയും ആർപ്പോടും കാഹളനാദത്തോടുംകൂടെ യഹോവയുടെ പെട്ടകം കൊണ്ടുവന്നു. 16എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൗലിന്റെ മകളായ മീഖൾ കിളിവാതിലിൽക്കൂടി നോക്കി, ദാവീദുരാജാവ് യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു. 17അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിന്റെ നടുവിൽ അതിന്റെ സ്ഥാനത്തു വച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. 18ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു തീർന്നശേഷം അവൻ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു. 19പിന്നെ അവൻ യിസ്രായേലിന്റെ സർവസംഘവുമായ സകല ജനത്തിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ആളൊന്നിന് ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി. 20അനന്തരം ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിനു മടങ്ങിവന്നപ്പോൾ ശൗലിന്റെ മകളായ മീഖൾ ദാവീദിനെ എതിരേറ്റുചെന്നു: നിസ്സാരന്മാരിൽ ഒരുത്തൻ തന്നെത്താൻ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികൾ കാൺകെ തന്നെത്താൻ അനാവൃതനാക്കിയ യിസ്രായേൽരാജാവ് ഇന്ന് എത്ര മഹത്ത്വമുള്ളവൻ എന്നു പറഞ്ഞു. 21ദാവീദ് മീഖളിനോട്: യഹോവയുടെ ജനമായ യിസ്രായേലിനു പ്രഭുവായി നിയമിപ്പാൻ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകല ഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാൻ നൃത്തം ചെയ്യും. 22ഞാൻ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചയ്ക്ക് എളിയവനുമായിരിക്കും; നീ പറഞ്ഞ ദാസികളാലോ എനിക്കു മഹത്ത്വമുണ്ടാകും എന്നു പറഞ്ഞു. 23എന്നാൽ ശൗലിന്റെ മകളായ മീഖളിനു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ശമൂവേൽ 6: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.