2 ശമൂവേൽ 19:31-43
2 ശമൂവേൽ 19:31-43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗിലെയാദ്യനായ ബർസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോർദ്ദാനക്കരെ കടത്തി യാത്ര അയപ്പാൻ അവനോടുകൂടെ യോർദ്ദാൻ കടന്നു. ബർസില്ലായിയോ എൺപതു വയസ്സുള്ളൊരു വയോധികനായിരുന്നു; രാജാവ് മഹനയീമിൽ പാർത്തിരുന്ന കാലത്ത് അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു. രാജാവ് ബർസില്ലായിയോട്: എന്നോടുകൂടെ പോരുക; ഞാൻ നിന്നെ യെരൂശലേമിൽ എന്റെ അടുക്കൽ പാർപ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു. ബർസില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാൽ: ഞാൻ രാജാവിനോടുകൂടെ യെരൂശലേമിൽ വരുന്നതെന്തിന്? ഞാൻ ഇനി എത്രനാൾ ജീവിച്ചിരിക്കും? എനിക്ക് ഇന്ന് എൺപതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദ് അടിയന് അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്ക് ഇനി കേട്ടു രസിക്കാമോ? അടിയൻ യജമാനനായ രാജാവിനു ഭാരമായിത്തീരുന്നത് എന്തിന്? അടിയൻ രാജാവിനോടുകൂടെ യോർദ്ദാൻ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവ് ഇതിനായി എനിക്ക് ഈവിധം പ്രത്യുപകാരം ചെയ്യുന്നത് എന്തിന്? എന്റെ പട്ടണത്തിൽ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവച്ചു മരിക്കേണ്ടതിന് അടിയൻ വിടകൊള്ളട്ടെ; എന്നാൽ നിന്റെ ദാസനായ കിംഹാം ഇതാ; അവൻ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായത് അവനു ചെയ്തുകൊടുത്താലും. അതിനു രാജാവ്: കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാൻ അവനു ചെയ്തുകൊടുക്കാം; നീ എന്നോട് ആവശ്യപ്പെടുന്നതൊക്കെയും ഞാൻ നിനക്കായി ചെയ്യും എന്നു പറഞ്ഞു. പിന്നെ സകല ജനവും യോർദ്ദാൻ കടന്നു. രാജാവ് യോർദ്ദാൻ കടന്നശേഷം ബർസില്ലായിയെ ചുംബനം ചെയ്ത് അനുഗ്രഹിച്ചു; അവൻ സ്വദേശത്തേക്കു മടങ്ങിപ്പോയി. രാജാവ് ഗില്ഗാലിൽ ചെന്നു; കിംഹാമും അവനോടുകൂടെ പോയി; യെഹൂദാജനമൊക്കെയും യിസ്രായേൽജനം പാതിയുംകൂടി രാജാവിനെ ഇക്കരെ കൊണ്ടുവന്നു. അപ്പോൾ യിസ്രായേൽപുരുഷന്മാർ ഒക്കെയും രാജാവിന്റെ അടുക്കൽ വന്നു രാജാവിനോട്: ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അവന്റെ കുടുംബത്തെയും ദാവീദിന്റെ സകല പരിചാരകന്മാരെയും മോഷ്‍ടിച്ചു കൊണ്ടുവന്ന് യോർദ്ദാൻ കടത്തിയത് എന്ത് എന്നു പറഞ്ഞു. അതിന് യെഹൂദാപുരുഷന്മാരൊക്കെയും യിസ്രായേൽ പുരുഷന്മാരോട്: രാജാവ് ഞങ്ങൾക്ക് അടുത്ത ചാർച്ചക്കാരൻ ആകകൊണ്ടു തന്നെ; അതിനു നിങ്ങൾ കോപിക്കുന്നത് എന്തിന്? ഞങ്ങൾ രാജാവിന്റെ വക വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്കു വല്ല സമ്മാനവും തന്നുവോ എന്ന് ഉത്തരം പറഞ്ഞു. യിസ്രായേൽപുരുഷന്മാർ യെഹൂദാപുരുഷന്മാരോട്: രാജാവിങ്കൽ ഞങ്ങൾക്കു പത്ത് ഓഹരി ഉണ്ട്; ദാവീദിങ്കൽ ഞങ്ങൾക്കു നിങ്ങളെക്കാൾ അധികം അവകാശവും ഉണ്ട്; നിങ്ങൾ ഞങ്ങളെ ധിക്കരിച്ചത് എന്ത്? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന് ഞങ്ങളല്ലയോ ആദ്യം പറഞ്ഞത് എന്ന് ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്ക് യിസ്രായേൽ പുരുഷന്മാരുടെ വാക്കിനേക്കാൾ അധികം കഠിനമായിരുന്നു.
2 ശമൂവേൽ 19:31-43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗിലെയാദുകാരനായ ബർസില്ലായിയും രാജാവിനെ യോർദ്ദാൻനദി കടത്തിവിടാൻ രോഗെലീമിൽനിന്നു വന്നിരുന്നു. അയാൾ എൺപതു വയസ്സുള്ള വൃദ്ധനായിരുന്നു. രാജാവ് മഹനയീമിൽ പാർത്തിരുന്ന കാലത്തു ധനികനായ അയാൾ ഭക്ഷണസാധനങ്ങൾ അദ്ദേഹത്തിനു നല്‌കിയിരുന്നു. “എന്റെ കൂടെ യെരൂശലേമിലേക്കു വരിക; ഞാൻ നിന്നെ സംരക്ഷിച്ചുകൊള്ളാം” എന്നു രാജാവ് അയാളോടു പറഞ്ഞു. ബർസില്ലായി പറഞ്ഞു: “ഞാൻ അങ്ങയുടെ കൂടെ യെരൂശലേമിലേക്കു വരുന്നതെന്തിന്? ഞാനിനി എത്രനാൾ ജീവിച്ചിരിക്കും? എനിക്കിപ്പോൾ എൺപതു വയസ്സായി. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് എനിക്കില്ല. ഭക്ഷണപാനീയങ്ങളുടെ സ്വാദും അറിഞ്ഞുകൂടാ; ഗായകന്റെയോ ഗായികയുടെയോ ഗാനം കേട്ട് ആസ്വദിക്കാനും കഴിവില്ല. ഞാൻ വന്ന് എന്റെ യജമാനനെ കൂടുതൽ ഭാരപ്പെടുത്തുന്നത് എന്തിന്? അങ്ങ് എനിക്ക് ഇത്ര വലിയ പ്രത്യുപകാരം തരുന്നതെന്തിന്? ഞാൻ അങ്ങയോടൊപ്പം യോർദ്ദാനക്കരെ കുറച്ചു ദൂരംവരെ വരാം. പിന്നീട് മടങ്ങിപ്പോരാൻ അങ്ങ് എന്നെ അനുവദിച്ചാലും. എന്റെ സ്വന്തം പട്ടണത്തിൽ, എന്റെ മാതാപിതാക്കളുടെ കല്ലറയ്‍ക്കടുത്തുതന്നെ ഞാനും വിശ്രമിക്കട്ടെ. ഇതാ, അങ്ങയുടെ ദാസനായ കിംഹാം; അവൻ അങ്ങയുടെകൂടെ പോരട്ടെ; അങ്ങേക്ക് ഇഷ്ടമുള്ളത് അവനു ചെയ്തുകൊടുത്താലും.” രാജാവു പ്രതിവചിച്ചു: “കിംഹാം എന്നോടുകൂടെ പോരട്ടെ; നിനക്കു നല്ലതെന്നു തോന്നുന്നതെന്തും ഞാൻ അവനു ചെയ്തുകൊടുക്കാം. നീ എന്നിൽനിന്ന് ആഗ്രഹിക്കുന്നതെന്തും ഞാൻ നിനക്കും ചെയ്തുതരും.” ജനമെല്ലാം യോർദ്ദാൻ കടന്നു; രാജാവും മറുകരയിൽ എത്തി. അദ്ദേഹം ബർസില്ലായിയെ ചുംബിച്ച് ആശീർവദിച്ചു. ബർസില്ലായി സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോയി. രാജാവ് ഗില്ഗാലിലേക്കു പോയി; കിംഹാമും കൂടെ ഉണ്ടായിരുന്നു. സകല യെഹൂദ്യരും ഇസ്രായേൽജനത്തിൽ പകുതി ആളുകളും രാജാവിന് അകമ്പടി സേവിച്ചു. അപ്പോൾ ഇസ്രായേൽജനമെല്ലാം രാജാവിന്റെ സമീപത്തു ചെന്നു ചോദിച്ചു: “ഞങ്ങളുടെ സഹോദരരായ യെഹൂദ്യർ അങ്ങയെയും കുടുംബത്തെയും എല്ലാ പരിചാരകരെയും രഹസ്യമായി യോർദ്ദാൻ കടത്തിക്കൊണ്ടു പോയത് എന്ത്?” അപ്പോൾ യെഹൂദ്യർ ഇസ്രായേല്യരോടു പറഞ്ഞു: “രാജാവ് ഞങ്ങളുടെ അടുത്ത ചാർച്ചക്കാരനായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അതിനു നിങ്ങൾ എന്തിനു കോപിക്കുന്നു? രാജാവിന്റെ ചെലവിൽ ഞങ്ങൾ വല്ലതും ഭക്ഷിച്ചോ? അദ്ദേഹം ഞങ്ങൾക്കു വല്ല സമ്മാനവും തന്നോ?” ഇസ്രായേല്യർ മറുപടി പറഞ്ഞു: “അദ്ദേഹം നിങ്ങളിൽ ഒരാൾ ആണെങ്കിലും രാജാവിന്റെ അടുക്കൽ ഞങ്ങൾക്കു പത്ത് ഓഹരിയുണ്ട്. എന്നിട്ടും എന്തുകൊണ്ട് നിങ്ങൾ ഞങ്ങളെ അവഗണിച്ചു? രാജാവിനെ മടക്കിക്കൊണ്ടു വരുന്ന കാര്യം ആദ്യം പറഞ്ഞതു ഞങ്ങളല്ലേ?” യെഹൂദ്യരുടെ വാക്കുകൾ ഇസ്രായേല്യരുടേതിലും പരുഷമായിരുന്നു.
2 ശമൂവേൽ 19:31-43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഗിലെയാദ്യനായ ബർസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോർദ്ദാനക്കരെ കടത്തി യാത്ര അയയ്ക്കുവാൻ അവനോടുകൂടെ യോർദ്ദാൻ കടന്നു. ബർസില്ലായിയോ എൺപതു വയസ്സുള്ള ഒരു വൃദ്ധനായിരുന്നു; രാജാവ് മഹനയീമിൽ വസിച്ചിരുന്ന കാലത്ത് അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു. രാജാവ് ബർസില്ലായിയോട്: “എന്നോടുകൂടി വരിക; നീ എന്നോടൊപ്പം യെരൂശലേമിൽ ഉള്ള കാലത്തോളം ഞാൻ നിനക്കായി കരുതും” എന്നു പറഞ്ഞു. ബർസില്ലായി രാജാവിനോട് പറഞ്ഞത്: “ഞാൻ യെരൂശലേമിൽ രാജാവിനോടുകൂടി പോരേണ്ടതിന് ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും? എനിക്ക് ഇന്ന് എൺപതു വയസ്സായിരിക്കുന്നു; നല്ലതും ചീത്തയും എനിക്ക് തിരിച്ചറിയാമോ? ഭക്ഷണപാനിയങ്ങളുടെ രുചി അടിയന് അറിയാമോ? ഗായകന്മാരുടെയും ഗായികമാരുടെയും സ്വരം എനിക്ക് ഇനി കേട്ടു രസിക്കാമോ? എന്‍റെ യജമാനനായ രാജാവിന് അടിയൻ ഭാരമായിത്തീരുന്നത് എന്തിന്? അടിയൻ രാജാവിനോടുകൂടെ യോർദ്ദാൻ കടക്കുവാൻ മാത്രമേ വിചാരിച്ചുള്ളൂ; രാജാവ് ഇതിനായി എനിക്ക് ഈ വിധം പ്രത്യുപകാരം ചെയ്യുന്നത് എന്തിന്? എന്റെ പട്ടണത്തിൽ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവച്ചു മരിക്കേണ്ടതിന് അടിയനെ വിട്ടയച്ചാലും; എന്നാൽ നിന്റെ ദാസനായ കിംഹാം ഇതാ; അവൻ എന്‍റെ യജമാനനായ രാജാവിനോടുകൂടി പോരട്ടെ; നിനക്ക് പ്രസാദമായത് അവന് ചെയ്തു കൊടുത്താലും.“ അതിന് രാജാവ്: “കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാൻ അവന് ചെയ്തുകൊടുക്കാം; നീ എന്നോട് ആവശ്യപ്പെടുന്നതെല്ലാം ഞാൻ നിനക്കായി ചെയ്യും“ എന്നു പറഞ്ഞു. പിന്നെ സകലജനവും യോർദ്ദാൻ കടന്നു. രാജാവ് യോർദ്ദാൻ കടന്നശേഷം ബർസില്ലായിയെ ചുംബനം ചെയ്തു അനുഗ്രഹിച്ചു; അവൻ സ്വദേശത്തേക്ക് മടങ്ങിപ്പോയി. രാജാവ് ഗില്ഗാലിൽ ചെന്നു; കീംഹാമും അവനോടുകൂടെ പോയി; യെഹൂദാജനം മുഴുവനും യിസ്രായേൽജനം പകുതിയും കൂടി രാജാവിനെ അകമ്പടി ചെയ്തു. അപ്പോൾ യിസ്രായേൽപുരുഷന്മാർ എല്ലാവരും രാജാവിന്‍റെ അടുക്കൽ വന്നു രാജാവിനോട്: “ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അങ്ങേയുടെ കുടുംബത്തെയും ദാവീദിന്റെ സകലപരിചാരകന്മാരെയും മോഷ്ടിച്ചു കൊണ്ടുവന്നു യോർദ്ദാൻ കടത്തിയത് എന്ത്?“ എന്നു പറഞ്ഞു. അതിന് യെഹൂദാപുരുഷന്മാർ എല്ലാവരും യിസ്രായേൽ പുരുഷന്മാരോട്: “രാജാവ് ഞങ്ങളുടെ അടുത്ത ബന്ധു ആയതുകൊണ്ടുതന്നെ; പിന്നെ ഈ കാര്യത്തിന് നിങ്ങൾ കോപിക്കുന്നത് എന്തിന്? ഞങ്ങൾ രാജാവിന്‍റെ ചെലവിൽ വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്ക് വല്ല സമ്മാനവും തന്നുവോ?“ എന്നു ഉത്തരം പറഞ്ഞു. യിസ്രായേൽപുരുഷന്മാർ യെഹൂദാപുരുഷന്മാരോട്: “രാജാവിങ്കൽ ഞങ്ങൾക്ക് പത്തു ഓഹരി ഉണ്ട്; ദാവീദിങ്കൽ ഞങ്ങൾക്ക് നിങ്ങളേക്കാൾ അധികം അവകാശവും ഉണ്ട്; നിങ്ങൾ ഞങ്ങളെ അവഗണിച്ചത് എന്ത്? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന് ഞങ്ങളല്ലയോ ആദ്യം പറഞ്ഞത്“ എന്നു ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്ക് യിസ്രായേൽ പുരുഷന്മാരുടെ വാക്കിനെക്കാൾ അധികം കഠിനമായിരുന്നു.
2 ശമൂവേൽ 19:31-43 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഗിലെയാദ്യനായ ബർസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോർദ്ദാന്നക്കരെ കടത്തി യാത്ര അയപ്പാൻ അവനോടുകൂടെ യോർദ്ദാൻ കടന്നു. ബർസില്ലായിയോ എണ്പതു വയസ്സുള്ളോരു വയോധികനായിരുന്നു; രാജാവു മഹനയീമിൽ പാർത്തിരുന്ന കാലത്തു അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു. രാജാവു ബർസില്ലായിയോടു: എന്നോടുകൂടെ പോരിക; ഞാൻ നിന്നെ യെരൂശലേമിൽ എന്റെ അടുക്കൽ പാർപ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു. ബർസില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാൽ: ഞാൻ രാജാവിനോടുകൂടെ യെരൂശലേമിൽ വരുന്നതെന്തിന്നു? ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും? എനിക്കു ഇന്നു എണ്പതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദു അടിയന്നു അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്കു ഇനി കേട്ടു രസിക്കാമോ? അടിയൻ യജമാനനായ രാജാവിന്നു ഭാരമായ്തീരുന്നതു എന്തിന്നു? അടിയൻ രാജാവിനോടുകൂടെ യോർദ്ദാൻ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവു ഇതിന്നായി എനിക്കു ഈ വിധം പ്രത്യുപകാരം ചെയ്യുന്നതു എന്തിനു? എന്റെ പട്ടണത്തിൽ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവെച്ചു മരിക്കേണ്ടതിന്നു അടിയൻ വിടകൊള്ളട്ടെ; എന്നാൽ നിന്റെ ദാസനായ കിംഹാം ഇതാ; അവൻ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായതു അവന്നു ചെയ്തു കൊടുത്താലും. അതിന്നു രാജാവു: കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാൻ അവന്നു ചെയ്തുകൊടുക്കാം; നീ എന്നോടു ആവശ്യപ്പെടുന്നതൊക്കെയും ഞാൻ നിനക്കായി ചെയ്യും എന്നു പറഞ്ഞു. പിന്നെ സകലജനവും യോർദ്ദാൻ കടന്നു. രാജാവു യോർദ്ദാൻ കടന്നശേഷം ബർസില്ലായിയെ ചുംബനം ചെയ്തു അനുഗ്രഹിച്ചു; അവൻ സ്വദേശത്തേക്കു മടങ്ങിപ്പോയി. രാജാവു ഗില്ഗാലിൽ ചെന്നു; കീംഹാമും അവനോടുകൂടെ പോയി; യെഹൂദാജനമൊക്കെയും യിസ്രായേൽജനം പാതിയും കൂടി രാജാവിനെ ഇക്കരെകൊണ്ടുവന്നു. അപ്പോൾ യിസ്രായേൽപുരുഷന്മാർ ഒക്കെയും രാജാവിന്റെ അടുക്കൽ വന്നു രാജാവിനോടു: ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അവന്റെ കുടുംബത്തെയും ദാവീദിന്റെ സകലപരിചാരകന്മാരെയും മോഷ്ടിച്ചു കൊണ്ടുവന്നു യോർദ്ദാൻ കടത്തിയതു എന്തു എന്നു പറഞ്ഞു. അതിന്നു യെഹൂദാപുരുഷന്മാർ ഒക്കെയും യിസ്രായേൽ പുരുഷന്മാരോടു: രാജാവു ഞങ്ങൾക്കു അടുത്ത ചാർച്ചക്കാരൻ ആകകൊണ്ടു തന്നേ; അതിന്നു നിങ്ങൾ കോപിക്കുന്നതു എന്തിന്നു? ഞങ്ങൾ രാജാവിന്റെ വക വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്കു വല്ല സമ്മാനവും തന്നുവോ എന്നു ഉത്തരം പറഞ്ഞു. യിസ്രായേൽപുരുഷന്മാർ യെഹൂദാപുരുഷന്മാരോടു: രാജാവിങ്കൽ ഞങ്ങൾക്കു പത്തു ഓഹരി ഉണ്ടു; ദാവീദിങ്കൽ ഞങ്ങൾക്കു നിങ്ങളെക്കാൾ അധികം അവകാശവും ഉണ്ടു; നിങ്ങൾ ഞങ്ങളെ ധിക്കരിച്ചതു എന്തു? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന്നു ഞങ്ങളല്ലയോ ആദ്യം പറഞ്ഞതു എന്നു ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്കു യിസ്രായേൽ പുരുഷന്മാരുടെ വാക്കിനെക്കാൾ അധികം കഠിനമായിരുന്നു.
2 ശമൂവേൽ 19:31-43 സമകാലിക മലയാളവിവർത്തനം (MCV)
രാജാവിനോടുകൂടി യോർദാൻ കടക്കുന്നതിനും അവിടെനിന്നും അദ്ദേഹത്തെ യാത്രയാക്കുന്നതിനുമായി രോഗെലീമിൽനിന്നും ഗിലെയാദ്യനായ ബർസില്ലായിയും വന്നുചേർന്നു. ഈ സമയം ബർസില്ലായി എൺപതു വയസ്സുള്ള വൃദ്ധനായിരുന്നു. രാജാവു മഹനയീമിൽ താമസിച്ചിരുന്നകാലത്ത് അദ്ദേഹത്തിനുവേണ്ട ഭക്ഷണസാമഗ്രികൾ അദ്ദേഹം എത്തിച്ചുകൊടുത്തിരുന്നു. അദ്ദേഹം വളരെ ധനികനുമായിരുന്നു. രാജാവു ബർസില്ലായിയോടു പറഞ്ഞു. “എന്നോടൊപ്പം ജെറുശലേമിൽ താമസിക്കുക. നിങ്ങൾക്കു വേണ്ടതെല്ലാം ഞാൻ തന്നു രക്ഷിക്കും.” എന്നാൽ ബർസില്ലായി രാജാവിനോടു മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു: “ഇനി ഞാൻ എത്രകാലം ജീവിച്ചിരിക്കും! ഞാനെന്തിന് രാജാവിനോടുകൂടി ജെറുശലേമിൽ പോരണം! എനിക്കിപ്പോൾ എൺപതു വയസ്സായി, ആസ്വാദ്യവും അല്ലാത്തതുംതമ്മിൽ വിവേചിച്ചുപറയാൻ എനിക്കു കഴിയുമോ? ഭക്ഷണപാനീയങ്ങളുടെ സ്വാദു തിരിച്ചറിയാനും അടിയനു കഴിയുമോ? ഗായകന്മാരുടെയും ഗായികമാരുടെയും സ്വരം കേട്ടുരസിക്കാൻ എനിക്കു കഴിയുമോ? എന്റെ യജമാനനായ രാജാവിന് ദാസനായ അടിയൻ ഒരു ഭാരമായിരിക്കുന്നതെന്തിന്? അവിടത്തെ ഈ ദാസൻ യോർദാൻ കടന്ന് അൽപ്പദൂരം രാജാവിനോടുകൂടെപ്പോരാം. രാജാവ് അടിയന് ഈ വിധം പ്രതിഫലം തരുന്നതെന്തിന്? അങ്ങയുടെ ദാസൻ തിരികെപ്പോകട്ടെ! എന്റെ സ്വന്തം നഗരത്തിൽ എന്റെ മാതാപിതാക്കന്മാരുടെ കല്ലറയ്ക്കരികിൽ ഞാൻ മരിക്കട്ടെ! എന്നാൽ ഇതാ, അങ്ങയുടെ ദാസനായ കിംഹാം. എന്റെ യജമാനനായ രാജാവിനോടുകൂടി അയാൾ യോർദാൻ കടന്നുവരട്ടെ! അങ്ങയുടെ പ്രസാദംപോലെ അയാളോടു ചെയ്താലും!” രാജാവു കൽപ്പിച്ചു: “കിംഹാം എന്നോടുകൂടി യോർദാൻ കടന്നുവരട്ടെ! താങ്കളുടെ ഇഷ്ടംപോലെ ഞാൻ അവനുവേണ്ടി ചെയ്തുകൊടുക്കാം; താങ്കൾ എന്നിൽനിന്നും ആഗ്രഹിക്കുന്നതെന്തും ഞാൻ താങ്കൾക്കുവേണ്ടി ചെയ്തുതരാം.” അങ്ങനെ ജനമെല്ലാം യോർദാൻ കടന്നു; അതിനുശേഷം രാജാവും നദികടന്നു. രാജാവ് ബർസില്ലായിയെ ചുംബിച്ച് അനുഗ്രഹിച്ചു. ബർസില്ലായി തന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി. രാജാവു ഗിൽഗാലിലേക്കു പോയപ്പോൾ കിംഹാമും അദ്ദേഹത്തോടൊപ്പം പോയി. യെഹൂദാപട്ടാളം മുഴുവനും, ഇസ്രായേൽ പടയിൽ പകുതിയും രാജാവിന് അകമ്പടി സേവിച്ചിരുന്നു. പെട്ടെന്നുതന്നെ ഇസ്രായേൽജനമെല്ലാം വന്ന് രാജാവിനോടു പറഞ്ഞു: “യെഹൂദ്യരായ ഞങ്ങളുടെ സഹോദരന്മാർ രാജാവിനെയും കുടുംബത്തെയും സകലപരിചാരകരോടുംകൂടി രഹസ്യമായി യോർദാൻ കടത്തിക്കൊണ്ടുവന്നതെന്തിന്?” യെഹൂദാജനമെല്ലാം ഇസ്രായേൽജനത്തോടു മറുപടി പറഞ്ഞു: “രാജാവു ഞങ്ങളുടെ അടുത്ത ബന്ധുക്കാരനായതുകൊണ്ട് ഞങ്ങളിതു ചെയ്തു. നിങ്ങൾ അതിനു ക്ഷോഭിക്കുന്നതെന്തിന്? രാജാവിനു കഴിക്കാനുള്ളതു വല്ലതും ഞങ്ങൾ തിന്നോ? ഞങ്ങൾ എന്തെങ്കിലും സ്വന്തമാക്കിയെടുത്തോ?” അപ്പോൾ ഇസ്രായേൽജനം യെഹൂദ്യരോടു മറുപടി പറഞ്ഞു: “ഞങ്ങൾക്കു രാജാവിങ്കൽ പത്ത് ഓഹരിയുണ്ട്; അതുകൊണ്ട് ഞങ്ങൾക്കു ദാവീദിന്മേൽ നിങ്ങൾക്കുള്ളതിനെക്കാൾ കൂടുതൽ അവകാശവുമുണ്ട്. അങ്ങനെയിരിക്കെ നിങ്ങൾ ഞങ്ങളെ ഇത്ര അവഗണിക്കുന്നതെന്തിന്? ഞങ്ങളുടെ രാജാവിനെ തിരിച്ചുകൊണ്ടുവരുന്നകാര്യം ആദ്യം പറഞ്ഞതു ഞങ്ങളല്ലേ?” എന്നാൽ യെഹൂദാജനത്തിന്റെ വാക്കുകൾ ഇസ്രായേൽജനത്തിന്റേതിനെക്കാൾ പരുഷമായിരുന്നു.