2 SAMUELA 19:31-43

2 SAMUELA 19:31-43 MALCLBSI

ഗിലെയാദുകാരനായ ബർസില്ലായിയും രാജാവിനെ യോർദ്ദാൻനദി കടത്തിവിടാൻ രോഗെലീമിൽനിന്നു വന്നിരുന്നു. അയാൾ എൺപതു വയസ്സുള്ള വൃദ്ധനായിരുന്നു. രാജാവ് മഹനയീമിൽ പാർത്തിരുന്ന കാലത്തു ധനികനായ അയാൾ ഭക്ഷണസാധനങ്ങൾ അദ്ദേഹത്തിനു നല്‌കിയിരുന്നു. “എന്റെ കൂടെ യെരൂശലേമിലേക്കു വരിക; ഞാൻ നിന്നെ സംരക്ഷിച്ചുകൊള്ളാം” എന്നു രാജാവ് അയാളോടു പറഞ്ഞു. ബർസില്ലായി പറഞ്ഞു: “ഞാൻ അങ്ങയുടെ കൂടെ യെരൂശലേമിലേക്കു വരുന്നതെന്തിന്? ഞാനിനി എത്രനാൾ ജീവിച്ചിരിക്കും? എനിക്കിപ്പോൾ എൺപതു വയസ്സായി. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് എനിക്കില്ല. ഭക്ഷണപാനീയങ്ങളുടെ സ്വാദും അറിഞ്ഞുകൂടാ; ഗായകന്റെയോ ഗായികയുടെയോ ഗാനം കേട്ട് ആസ്വദിക്കാനും കഴിവില്ല. ഞാൻ വന്ന് എന്റെ യജമാനനെ കൂടുതൽ ഭാരപ്പെടുത്തുന്നത് എന്തിന്? അങ്ങ് എനിക്ക് ഇത്ര വലിയ പ്രത്യുപകാരം തരുന്നതെന്തിന്? ഞാൻ അങ്ങയോടൊപ്പം യോർദ്ദാനക്കരെ കുറച്ചു ദൂരംവരെ വരാം. പിന്നീട് മടങ്ങിപ്പോരാൻ അങ്ങ് എന്നെ അനുവദിച്ചാലും. എന്റെ സ്വന്തം പട്ടണത്തിൽ, എന്റെ മാതാപിതാക്കളുടെ കല്ലറയ്‍ക്കടുത്തുതന്നെ ഞാനും വിശ്രമിക്കട്ടെ. ഇതാ, അങ്ങയുടെ ദാസനായ കിംഹാം; അവൻ അങ്ങയുടെകൂടെ പോരട്ടെ; അങ്ങേക്ക് ഇഷ്ടമുള്ളത് അവനു ചെയ്തുകൊടുത്താലും.” രാജാവു പ്രതിവചിച്ചു: “കിംഹാം എന്നോടുകൂടെ പോരട്ടെ; നിനക്കു നല്ലതെന്നു തോന്നുന്നതെന്തും ഞാൻ അവനു ചെയ്തുകൊടുക്കാം. നീ എന്നിൽനിന്ന് ആഗ്രഹിക്കുന്നതെന്തും ഞാൻ നിനക്കും ചെയ്തുതരും.” ജനമെല്ലാം യോർദ്ദാൻ കടന്നു; രാജാവും മറുകരയിൽ എത്തി. അദ്ദേഹം ബർസില്ലായിയെ ചുംബിച്ച് ആശീർവദിച്ചു. ബർസില്ലായി സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോയി. രാജാവ് ഗില്ഗാലിലേക്കു പോയി; കിംഹാമും കൂടെ ഉണ്ടായിരുന്നു. സകല യെഹൂദ്യരും ഇസ്രായേൽജനത്തിൽ പകുതി ആളുകളും രാജാവിന് അകമ്പടി സേവിച്ചു. അപ്പോൾ ഇസ്രായേൽജനമെല്ലാം രാജാവിന്റെ സമീപത്തു ചെന്നു ചോദിച്ചു: “ഞങ്ങളുടെ സഹോദരരായ യെഹൂദ്യർ അങ്ങയെയും കുടുംബത്തെയും എല്ലാ പരിചാരകരെയും രഹസ്യമായി യോർദ്ദാൻ കടത്തിക്കൊണ്ടു പോയത് എന്ത്?” അപ്പോൾ യെഹൂദ്യർ ഇസ്രായേല്യരോടു പറഞ്ഞു: “രാജാവ് ഞങ്ങളുടെ അടുത്ത ചാർച്ചക്കാരനായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അതിനു നിങ്ങൾ എന്തിനു കോപിക്കുന്നു? രാജാവിന്റെ ചെലവിൽ ഞങ്ങൾ വല്ലതും ഭക്ഷിച്ചോ? അദ്ദേഹം ഞങ്ങൾക്കു വല്ല സമ്മാനവും തന്നോ?” ഇസ്രായേല്യർ മറുപടി പറഞ്ഞു: “അദ്ദേഹം നിങ്ങളിൽ ഒരാൾ ആണെങ്കിലും രാജാവിന്റെ അടുക്കൽ ഞങ്ങൾക്കു പത്ത് ഓഹരിയുണ്ട്. എന്നിട്ടും എന്തുകൊണ്ട് നിങ്ങൾ ഞങ്ങളെ അവഗണിച്ചു? രാജാവിനെ മടക്കിക്കൊണ്ടു വരുന്ന കാര്യം ആദ്യം പറഞ്ഞതു ഞങ്ങളല്ലേ?” യെഹൂദ്യരുടെ വാക്കുകൾ ഇസ്രായേല്യരുടേതിലും പരുഷമായിരുന്നു.

2 SAMUELA 19 വായിക്കുക