2 ശമു. 19:31-43

2 ശമു. 19:31-43 IRVMAL

ഗിലെയാദ്യനായ ബർസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോർദ്ദാനക്കരെ കടത്തി യാത്ര അയയ്ക്കുവാൻ അവനോടുകൂടെ യോർദ്ദാൻ കടന്നു. ബർസില്ലായിയോ എൺപതു വയസ്സുള്ള ഒരു വൃദ്ധനായിരുന്നു; രാജാവ് മഹനയീമിൽ വസിച്ചിരുന്ന കാലത്ത് അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു. രാജാവ് ബർസില്ലായിയോട്: “എന്നോടുകൂടി വരിക; നീ എന്നോടൊപ്പം യെരൂശലേമിൽ ഉള്ള കാലത്തോളം ഞാൻ നിനക്കായി കരുതും” എന്നു പറഞ്ഞു. ബർസില്ലായി രാജാവിനോട് പറഞ്ഞത്: “ഞാൻ യെരൂശലേമിൽ രാജാവിനോടുകൂടി പോരേണ്ടതിന് ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും? എനിക്ക് ഇന്ന് എൺപതു വയസ്സായിരിക്കുന്നു; നല്ലതും ചീത്തയും എനിക്ക് തിരിച്ചറിയാമോ? ഭക്ഷണപാനിയങ്ങളുടെ രുചി അടിയന് അറിയാമോ? ഗായകന്മാരുടെയും ഗായികമാരുടെയും സ്വരം എനിക്ക് ഇനി കേട്ടു രസിക്കാമോ? എന്‍റെ യജമാനനായ രാജാവിന് അടിയൻ ഭാരമായിത്തീരുന്നത് എന്തിന്? അടിയൻ രാജാവിനോടുകൂടെ യോർദ്ദാൻ കടക്കുവാൻ മാത്രമേ വിചാരിച്ചുള്ളൂ; രാജാവ് ഇതിനായി എനിക്ക് ഈ വിധം പ്രത്യുപകാരം ചെയ്യുന്നത് എന്തിന്? എന്‍റെ പട്ടണത്തിൽ എന്‍റെ അപ്പന്‍റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവച്ചു മരിക്കേണ്ടതിന് അടിയനെ വിട്ടയച്ചാലും; എന്നാൽ നിന്‍റെ ദാസനായ കിംഹാം ഇതാ; അവൻ എന്‍റെ യജമാനനായ രാജാവിനോടുകൂടി പോരട്ടെ; നിനക്ക് പ്രസാദമായത് അവന് ചെയ്തു കൊടുത്താലും.“ അതിന് രാജാവ്: “കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്‍റെ ഇഷ്ടപ്രകാരം ഞാൻ അവന് ചെയ്തുകൊടുക്കാം; നീ എന്നോട് ആവശ്യപ്പെടുന്നതെല്ലാം ഞാൻ നിനക്കായി ചെയ്യും“ എന്നു പറഞ്ഞു. പിന്നെ സകലജനവും യോർദ്ദാൻ കടന്നു. രാജാവ് യോർദ്ദാൻ കടന്നശേഷം ബർസില്ലായിയെ ചുംബനം ചെയ്തു അനുഗ്രഹിച്ചു; അവൻ സ്വദേശത്തേക്ക് മടങ്ങിപ്പോയി. രാജാവ് ഗില്ഗാലിൽ ചെന്നു; കീംഹാമും അവനോടുകൂടെ പോയി; യെഹൂദാജനം മുഴുവനും യിസ്രായേൽജനം പകുതിയും കൂടി രാജാവിനെ അകമ്പടി ചെയ്തു. അപ്പോൾ യിസ്രായേൽപുരുഷന്മാർ എല്ലാവരും രാജാവിന്‍റെ അടുക്കൽ വന്നു രാജാവിനോട്: “ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അങ്ങേയുടെ കുടുംബത്തെയും ദാവീദിന്‍റെ സകലപരിചാരകന്മാരെയും മോഷ്ടിച്ചു കൊണ്ടുവന്നു യോർദ്ദാൻ കടത്തിയത് എന്ത്?“ എന്നു പറഞ്ഞു. അതിന് യെഹൂദാപുരുഷന്മാർ എല്ലാവരും യിസ്രായേൽ പുരുഷന്മാരോട്: “രാജാവ് ഞങ്ങളുടെ അടുത്ത ബന്ധു ആയതുകൊണ്ടുതന്നെ; പിന്നെ ഈ കാര്യത്തിന് നിങ്ങൾ കോപിക്കുന്നത് എന്തിന്? ഞങ്ങൾ രാജാവിന്‍റെ ചെലവിൽ വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്ക് വല്ല സമ്മാനവും തന്നുവോ?“ എന്നു ഉത്തരം പറഞ്ഞു. യിസ്രായേൽപുരുഷന്മാർ യെഹൂദാപുരുഷന്മാരോട്: “രാജാവിങ്കൽ ഞങ്ങൾക്ക് പത്തു ഓഹരി ഉണ്ട്; ദാവീദിങ്കൽ ഞങ്ങൾക്ക് നിങ്ങളേക്കാൾ അധികം അവകാശവും ഉണ്ട്; നിങ്ങൾ ഞങ്ങളെ അവഗണിച്ചത് എന്ത്? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന് ഞങ്ങളല്ലയോ ആദ്യം പറഞ്ഞത്“ എന്നു ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്ക് യിസ്രായേൽ പുരുഷന്മാരുടെ വാക്കിനെക്കാൾ അധികം കഠിനമായിരുന്നു.