2 ശമുവേൽ 19:31-43

2 ശമുവേൽ 19:31-43 MCV

രാജാവിനോടുകൂടി യോർദാൻ കടക്കുന്നതിനും അവിടെനിന്നും അദ്ദേഹത്തെ യാത്രയാക്കുന്നതിനുമായി രോഗെലീമിൽനിന്നും ഗിലെയാദ്യനായ ബർസില്ലായിയും വന്നുചേർന്നു. ഈ സമയം ബർസില്ലായി എൺപതു വയസ്സുള്ള വൃദ്ധനായിരുന്നു. രാജാവു മഹനയീമിൽ താമസിച്ചിരുന്നകാലത്ത് അദ്ദേഹത്തിനുവേണ്ട ഭക്ഷണസാമഗ്രികൾ അദ്ദേഹം എത്തിച്ചുകൊടുത്തിരുന്നു. അദ്ദേഹം വളരെ ധനികനുമായിരുന്നു. രാജാവു ബർസില്ലായിയോടു പറഞ്ഞു. “എന്നോടൊപ്പം ജെറുശലേമിൽ താമസിക്കുക. നിങ്ങൾക്കു വേണ്ടതെല്ലാം ഞാൻ തന്നു രക്ഷിക്കും.” എന്നാൽ ബർസില്ലായി രാജാവിനോടു മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു: “ഇനി ഞാൻ എത്രകാലം ജീവിച്ചിരിക്കും! ഞാനെന്തിന് രാജാവിനോടുകൂടി ജെറുശലേമിൽ പോരണം! എനിക്കിപ്പോൾ എൺപതു വയസ്സായി, ആസ്വാദ്യവും അല്ലാത്തതുംതമ്മിൽ വിവേചിച്ചുപറയാൻ എനിക്കു കഴിയുമോ? ഭക്ഷണപാനീയങ്ങളുടെ സ്വാദു തിരിച്ചറിയാനും അടിയനു കഴിയുമോ? ഗായകന്മാരുടെയും ഗായികമാരുടെയും സ്വരം കേട്ടുരസിക്കാൻ എനിക്കു കഴിയുമോ? എന്റെ യജമാനനായ രാജാവിന് ദാസനായ അടിയൻ ഒരു ഭാരമായിരിക്കുന്നതെന്തിന്? അവിടത്തെ ഈ ദാസൻ യോർദാൻ കടന്ന് അൽപ്പദൂരം രാജാവിനോടുകൂടെപ്പോരാം. രാജാവ് അടിയന് ഈ വിധം പ്രതിഫലം തരുന്നതെന്തിന്? അങ്ങയുടെ ദാസൻ തിരികെപ്പോകട്ടെ! എന്റെ സ്വന്തം നഗരത്തിൽ എന്റെ മാതാപിതാക്കന്മാരുടെ കല്ലറയ്ക്കരികിൽ ഞാൻ മരിക്കട്ടെ! എന്നാൽ ഇതാ, അങ്ങയുടെ ദാസനായ കിംഹാം. എന്റെ യജമാനനായ രാജാവിനോടുകൂടി അയാൾ യോർദാൻ കടന്നുവരട്ടെ! അങ്ങയുടെ പ്രസാദംപോലെ അയാളോടു ചെയ്താലും!” രാജാവു കൽപ്പിച്ചു: “കിംഹാം എന്നോടുകൂടി യോർദാൻ കടന്നുവരട്ടെ! താങ്കളുടെ ഇഷ്ടംപോലെ ഞാൻ അവനുവേണ്ടി ചെയ്തുകൊടുക്കാം; താങ്കൾ എന്നിൽനിന്നും ആഗ്രഹിക്കുന്നതെന്തും ഞാൻ താങ്കൾക്കുവേണ്ടി ചെയ്തുതരാം.” അങ്ങനെ ജനമെല്ലാം യോർദാൻ കടന്നു; അതിനുശേഷം രാജാവും നദികടന്നു. രാജാവ് ബർസില്ലായിയെ ചുംബിച്ച് അനുഗ്രഹിച്ചു. ബർസില്ലായി തന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി. രാജാവു ഗിൽഗാലിലേക്കു പോയപ്പോൾ കിംഹാമും അദ്ദേഹത്തോടൊപ്പം പോയി. യെഹൂദാപട്ടാളം മുഴുവനും, ഇസ്രായേൽ പടയിൽ പകുതിയും രാജാവിന് അകമ്പടി സേവിച്ചിരുന്നു. പെട്ടെന്നുതന്നെ ഇസ്രായേൽജനമെല്ലാം വന്ന് രാജാവിനോടു പറഞ്ഞു: “യെഹൂദ്യരായ ഞങ്ങളുടെ സഹോദരന്മാർ രാജാവിനെയും കുടുംബത്തെയും സകലപരിചാരകരോടുംകൂടി രഹസ്യമായി യോർദാൻ കടത്തിക്കൊണ്ടുവന്നതെന്തിന്?” യെഹൂദാജനമെല്ലാം ഇസ്രായേൽജനത്തോടു മറുപടി പറഞ്ഞു: “രാജാവു ഞങ്ങളുടെ അടുത്ത ബന്ധുക്കാരനായതുകൊണ്ട് ഞങ്ങളിതു ചെയ്തു. നിങ്ങൾ അതിനു ക്ഷോഭിക്കുന്നതെന്തിന്? രാജാവിനു കഴിക്കാനുള്ളതു വല്ലതും ഞങ്ങൾ തിന്നോ? ഞങ്ങൾ എന്തെങ്കിലും സ്വന്തമാക്കിയെടുത്തോ?” അപ്പോൾ ഇസ്രായേൽജനം യെഹൂദ്യരോടു മറുപടി പറഞ്ഞു: “ഞങ്ങൾക്കു രാജാവിങ്കൽ പത്ത് ഓഹരിയുണ്ട്; അതുകൊണ്ട് ഞങ്ങൾക്കു ദാവീദിന്മേൽ നിങ്ങൾക്കുള്ളതിനെക്കാൾ കൂടുതൽ അവകാശവുമുണ്ട്. അങ്ങനെയിരിക്കെ നിങ്ങൾ ഞങ്ങളെ ഇത്ര അവഗണിക്കുന്നതെന്തിന്? ഞങ്ങളുടെ രാജാവിനെ തിരിച്ചുകൊണ്ടുവരുന്നകാര്യം ആദ്യം പറഞ്ഞതു ഞങ്ങളല്ലേ?” എന്നാൽ യെഹൂദാജനത്തിന്റെ വാക്കുകൾ ഇസ്രായേൽജനത്തിന്റേതിനെക്കാൾ പരുഷമായിരുന്നു.