2 ദിനവൃത്താന്തം 6:20-40

2 ദിനവൃത്താന്തം 6:20-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അടിയൻ ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാർഥന കേൾക്കേണ്ടതിനു നിന്റെ നാമം സ്ഥാപിക്കുമെന്ന് നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കൺപാർത്തരുളേണമേ. ഈ സ്ഥലത്തുവച്ച് പ്രാർഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേൾക്കേണമേ; നിന്റെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ. ഒരുത്തൻ തന്റെ കൂട്ടുകാരനോട് കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിനു കാര്യം സത്യത്തിനു വയ്ക്കയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിനു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ നീ സ്വർഗത്തിൽനിന്നു കേട്ടു പ്രവർത്തിച്ചു ദുഷ്ടന്റെ നടപ്പ് അവന്റെ തലമേൽത്തന്നെ വരുത്തി പ്രതികാരം ചെയ്‍വാനും നീതിമാന്റെ നീതിക്ക് ഒത്തവണ്ണം അവനു നല്കി നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ. നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്ക നിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ട് ഈ ആലയത്തിൽവച്ചു നിന്റെ മുമ്പാകെ പ്രാർഥിക്കയും യാചിക്കയും ചെയ്താൽ നീ സ്വർഗത്തിൽനിന്നു കേട്ട് നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് നീ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തേക്ക് അവരെ തിരിച്ചു വരുത്തേണമേ. അവർ നിന്നോടു പാപം ചെയ്കകൊണ്ട് ആകാശം അടഞ്ഞു മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തിലേക്കു തിരിഞ്ഞു പ്രാർഥിച്ച് നിന്റെ നാമം സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ട് അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതിരിയുകയും ചെയ്താൽ, നീ സ്വർഗത്തിൽനിന്നു കേട്ട് നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ച് അവർ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന് അവകാശമായി കൊടുത്ത നിന്റെ ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ. ദേശത്ത് ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ, അവരുടെ ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ നിരോധിച്ചാൽ, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ, യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞ് ഈ ആലയത്തിങ്കലേക്കു തിരിഞ്ഞു കൈ മലർത്തുകയും ചെയ്താൽ, നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേട്ട് ക്ഷമിക്കയും ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്ത് അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിനു നീ ഓരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ, ഓരോരുത്തന് അവനവന്റെ നടപ്പുപോലെയൊക്കെയും നല്കയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നത്. നിന്റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരൻ നിന്റെ മഹത്ത്വമുള്ള നാമവും ബലമുള്ള കൈയും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ-അവർ ഈ ആലയത്തിൽ വന്നു പ്രാർഥിക്കും നിശ്ചയം- നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേട്ട് ഭൂമിയിലെ സകല ജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിനു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അറികയും ചെയ്യേണ്ടതിന് അന്യജാതിക്കാരൻ നിന്നോടു പ്രാർഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ. നീ നിന്റെ ജനത്തെ അയയ്ക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാർഥിച്ചാൽ നീ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ. അവർ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ-നീ അവരോടു കോപിച്ച് അവരെ ശത്രുക്കൾക്ക് ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ അവരെ പിടിച്ചുകൊണ്ടു പോയിരിക്കുന്ന ദേശത്തുവച്ച് അവർ തങ്ങളുടെ ഹൃദയത്തിൽ ഉണർന്നു പ്രവാസദേശത്തുവച്ച്: ഞങ്ങൾ പാപം ചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞ് നിന്നോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവച്ച് അവർ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞ് നീ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാർഥിക്കയും ചെയ്താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനകളും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ. ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാർഥനയ്ക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.

2 ദിനവൃത്താന്തം 6:20-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഈ സ്ഥലത്തുവച്ച് ഈ ദാസൻ നടത്തുന്ന പ്രാർഥന കേൾക്കാൻ തക്കവിധം അവിടുത്തെ ദൃഷ്‍ടികൾ രാവും പകലും ഈ ആലയത്തിന്റെ നേർക്കു തുറന്നിരിക്കണമേ. അവിടുത്തെ നാമം ഈ സ്ഥലത്ത് സ്ഥാപിക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ഈ ദാസനും അവിടുത്തെ ജനമായ ഇസ്രായേലും ഈ ആലയത്തിലേക്കു തിരിഞ്ഞു നടത്തുന്ന പ്രാർഥനകൾ ചെവിക്കൊള്ളണമേ; അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേട്ടു ഞങ്ങളോടു ക്ഷമിക്കണമേ. “ഒരാൾ തന്റെ അയൽക്കാരനോടു കുറ്റം ചെയ്തതായി ആരോപണം ഉണ്ടാകുകയും അയാളെ സത്യം ചെയ്യിക്കാനായി ഈ ആലയത്തിൽ കൊണ്ടുവരികയും അയാൾ ഈ യാഗപീഠത്തിനു മുമ്പാകെ താൻ നിർദ്ദോഷിയെന്ന് സത്യം ചെയ്യുകയും ചെയ്യുമ്പോൾ, അവിടുന്നു സ്വർഗത്തിൽനിന്നു ശ്രദ്ധിച്ച് അവിടുത്തെ ദാസരെ ന്യായം വിധിക്കണമേ. കുറ്റക്കാരന് അവന്റെ പ്രവൃത്തിക്കു തക്ക ശിക്ഷയും നീതിനിഷ്ഠന് അവന്റെ നീതിക്കൊത്ത പ്രതിഫലവും നല്‌കണമേ. “അവിടുത്തെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരെ പാപം ചെയ്തതിന്റെ ഫലമായി ശത്രുക്കളാൽ തോല്പിക്കപ്പെടുകയും അവർ പശ്ചാത്തപിച്ച് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തിൽവച്ച് അവിടുത്തോടു പ്രാർഥിക്കുകയും ചെയ്താൽ, അവിടുന്ന് സ്വർഗത്തിൽനിന്നു കേൾക്കണമേ. അവിടുത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവർക്കും അവരുടെ പിതാക്കന്മാർക്കുമായി നല്‌കിയ ദേശത്തേക്ക് അവരെ മടക്കി വരുത്തുകയും ചെയ്യണമേ. “അവർ അങ്ങേക്കെതിരെ പാപം ചെയ്യുക നിമിത്തം ആകാശം അടഞ്ഞു മഴ പെയ്യാതാകുമ്പോൾ അവർ തങ്ങളുടെ പാപം വിട്ടുതിരിഞ്ഞ് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തിലേക്ക് തിരിഞ്ഞു പ്രാർഥിക്കുകയും ചെയ്താൽ, അവിടുന്നു സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ. അവിടുത്തെ ദാസരും ജനങ്ങളുമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവർക്കു നടക്കേണ്ടുന്ന നേരായ മാർഗം അവരെ ഉപദേശിക്കുകയും അങ്ങയുടെ ജനത്തിന് അവകാശമായി നല്‌കിയിട്ടുള്ള അവിടുത്തെ ദേശത്തു മഴ പെയ്യിക്കുകയും ചെയ്യണമേ. “ക്ഷാമം, പകർച്ചവ്യാധി, ഉഷ്ണക്കാറ്റ്, വിഷമഞ്ഞ്, വെട്ടുക്കിളി, കീടബാധ എന്നിവയാലുള്ള നാശമോ ശത്രുക്കളുടെ ആക്രമണമോ ഏതെങ്കിലും ബാധയോ രോഗമോ ദേശത്ത് ഉണ്ടാകുകയും അവിടുത്തെ ജനമായ ഇസ്രായേൽ വ്യക്തികളായോ, കൂട്ടമായോ തങ്ങളുടെ ദുരിതത്തിൽ അങ്ങയോടു നിലവിളിക്കുകയും ഈ ആലയത്തിലേക്കു കൈകൾ നീട്ടി പ്രാർഥിക്കുകയും ചെയ്താൽ, അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേട്ട് അവിടുന്ന് അവരോടു ക്ഷമിക്കണമേ. ഓരോരുത്തന്റെയും ഹൃദയം അറിയുന്ന അവിടുന്ന് അവരുടെ പ്രവൃത്തികൾക്കനുസരിച്ചു പ്രതിഫലം നല്‌കണമേ. മനുഷ്യരുടെ ഹൃദയങ്ങളെ അറിയുന്നത് അവിടുന്നു മാത്രമാണല്ലോ. അങ്ങനെ അവർ അവിടുന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നല്‌കിയ ദേശത്ത് പാർക്കുന്ന നാളെല്ലാം അങ്ങയെ ഭയപ്പെടുകയും അവിടുത്തെ വഴിയിൽ നടക്കുകയും ചെയ്യട്ടെ. “അവിടുത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു പരദേശി അവിടുത്തെ ശ്രേഷ്ഠമായ നാമത്തെയും അവിടുത്തെ ശക്തമായ കരങ്ങളുടെ പ്രവർത്തനങ്ങളെയുംപറ്റി കേട്ടു ദൂരദേശത്തുനിന്ന് ഈ ആലയത്തിൽവന്നു പ്രാർഥിച്ചാൽ, അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവന്റെ അപേക്ഷകൾ നിറവേറ്റുമാറാകണമേ. അങ്ങനെ ഭൂമിയിലുള്ള സകല ജനതകളും അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ അവിടുത്തെ നാമം അറിയാനും അങ്ങയെ ഭയപ്പെടാനും ഇടയാകട്ടെ; ഈ ആലയം അവിടുത്തെ നാമത്തിലാണ് ഞാൻ പണിതിരിക്കുന്നതെന്നും അവർ അറിയട്ടെ. “അവിടുത്തെ ജനം അവിടുന്ന് അയയ്‍ക്കുന്ന വഴിയിലൂടെ ശത്രുക്കളോടു യുദ്ധം ചെയ്യാൻ പോകുമ്പോൾ അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തിൽ ഞാൻ നിർമ്മിച്ച ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാർഥിച്ചാൽ, അവിടുന്ന് അവരുടെ പ്രാർഥനയും അപേക്ഷകളും സ്വർഗത്തിൽനിന്നു കേട്ട് അവർക്ക് വിജയം നല്‌കണമേ. “അവിടുത്തെ ജനം അങ്ങേക്കെതിരെ പാപം ചെയ്യുകയും-പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ-അവിടുന്നു കോപിച്ച് അവരെ ശത്രുക്കളുടെ കൈകളിൽ ഏല്പിച്ചു കൊടുക്കുകയും ശത്രുക്കൾ അവരെ ബന്ദികളായി അടുത്തോ അകലയോ ഉള്ള ദേശത്തേക്കു കൊണ്ടുപോകുകയും അവിടെവച്ച് അവർ ഉള്ളുരുകി, തങ്ങളുടെ പാപവും അകൃത്യവും ദുഷ്ടതയും ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും ആ പ്രവാസദേശത്ത് അവർ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ അനുതപിച്ച് അവിടുന്ന് അവരുടെ പിതാക്കന്മാർക്കു നല്‌കിയ ദേശത്തേക്കും അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തിനുവേണ്ടി ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാർഥിക്കുകയും ചെയ്താൽ, അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അങ്ങേക്കെതിരെ പാപം ചെയ്ത ജനത്തോട് അവരുടെ പാപം ക്ഷമിച്ച് അവരെ വിടുവിക്കണമേ. “എന്റെ ദൈവമേ, ഇപ്പോൾ ഈ സ്ഥലത്തുവച്ച് നടത്തുന്ന പ്രാർഥന ശ്രവിക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യണമേ.

2 ദിനവൃത്താന്തം 6:20-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

തിരുനാമം സ്ഥാപിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിൽ അടിയൻ കഴിക്കുന്ന പ്രാർത്ഥന കേൾക്കുവാൻ രാവും പകലും അവിടുത്തെ ദൃഷ്ടികൾ ഈ ആലയത്തിൻമേൽ ഉണ്ടായിരിക്കേണമേ. ഈ സ്ഥലത്തുവച്ചു പ്രാർത്ഥിക്കുന്ന അടിയന്‍റെയും നിന്‍റെ ജനമായ യിസ്രായേലിന്‍റെയും യാചനകൾ നിന്‍റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ. “ഒരുത്തൻ തന്‍റെ കൂട്ടുകാരനോട് കുറ്റം ചെയ്കയും അവൻ ഈ ആലയത്തിൽ നിന്‍റെ യാഗപീഠത്തിനുമുമ്പാകെ സത്യം ചെയ്യുവാൻ നിർബന്ധിതനായിത്തീരുകയും ചെയ്താൽ നീ സ്വർഗ്ഗത്തിൽനിന്ന് കേട്ടു അവൻ ദുഷ്ടനെങ്കിൽ ശിക്ഷ അവന്‍റെ തലമേൽ വരുത്തി പ്രതികാരം ചെയ്‌വാനും നീതിമാനെങ്കിൽ നീതിക്കു ഒത്തവണ്ണം അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ. നിന്‍റെ ജനമായ യിസ്രായേൽ നിന്നോട് പാപം ചെയ്കനിമിത്തം അവർ ശത്രുവിനോട് തോറ്റിട്ട് അനുതാപത്തോടെ നിന്‍റെ നാമം ഏറ്റുപറഞ്ഞ് ഈ ആലയത്തിൽവച്ച് നിന്‍റെ മുമ്പാകെ പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്‍റെ ജനമായ യിസ്രായേലിന്‍റെ പാപം ക്ഷമിച്ച് നീ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തേക്ക് അവരെ തിരിച്ചു വരുത്തേണമേ. അവർ നിന്നോട് പാപം ചെയ്കകൊണ്ട് ആകാശം അടഞ്ഞ് മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ ആലയത്തിലേക്ക് തിരിഞ്ഞ് നിന്‍റെ നാമം ഏറ്റുപറഞ്ഞ് തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും പ്രാർത്ഥിക്കയും ചെയ്താൽ, നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്‍റെ ദാസന്മാരും നിന്‍റെ ജനവുമായ യിസ്രായേലിന്‍റെ പാപം ക്ഷമിച്ച് അവർ നടക്കേണ്ട നല്ലവഴി അവരെ ഉപദേശിക്കുകയും നിന്‍റെ ജനത്തിന് അവകാശമായി കൊടുത്ത നിന്‍റെ ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ. “ദേശത്ത് ക്ഷാമം, പകർച്ചവ്യാധി, ഉഷ്ണക്കാറ്റ്, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവ ഉണ്ടായാൽ, ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ തടഞ്ഞുവച്ചാൽ, വല്ല വ്യാധിയോ ദീനമോ ഉണ്ടായാൽ, നിന്‍റെ ജനമായ യിസ്രായേൽ വ്യക്തികളായോ കൂട്ടമായോ പ്രാർത്ഥനയും യാചനയും കഴിക്കുകയും ഓരോരുത്തൻ താന്താന്‍റെ ദുരിതത്തിൽ ഈ ആലയത്തിങ്കലേക്കു തിരിഞ്ഞ് കൈ മലർത്തി പ്രാർത്ഥിക്കയും ചെയ്താൽ, നീ നിന്‍റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ക്ഷമിക്കയും ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്ത് അവർ ജീവകാലത്തൊക്കെയും അങ്ങയെ ഭയപ്പെട്ട് അങ്ങേയുടെ വഴികളിൽ നടപ്പാൻ തക്കവണ്ണം, അങ്ങ് ഓരോരുത്തരുടേയും ഹൃദയം അറിയുന്നതിനാൽ ഓരോരുത്തന് അവനവന്‍റെ പ്രവൃത്തിപോലെ പ്രതിഫലം നല്കുകയും ചെയ്യേണമേ; അങ്ങ് മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നത്. “അവിടുത്തെ ജനമായ യിസ്രായേലിൽ ഉൾപ്പെടാ‍ത്ത അന്യജനത അങ്ങേയുടെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും അറിഞ്ഞ് ദൂരദേശത്തുനിന്നു വന്ന് പ്രാർത്ഥിച്ചാൽ അങ്ങ് അങ്ങേയുടെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ഭൂമിയിലെ സകലജനങ്ങളും യിസ്രായേൽജനത്തേ പോലെ അങ്ങേയുടെ നാമത്തെ അറിഞ്ഞ് അങ്ങയെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന് അങ്ങയുടെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറിയുകയും ചെയ്യേണ്ടതിന് ആ പരദേശികൾ അങ്ങയോടു പ്രാർത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ. അങ്ങ് അങ്ങയുടെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‌വാൻ പുറപ്പെടുമ്പോൾ, അങ്ങ് തെരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ അങ്ങയുടെ നാമത്തിനായി പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് അങ്ങയോടു പ്രാർത്ഥിച്ചാൽ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് അവരുടെ പ്രാർത്ഥനയും യാചനയും കേട്ട് അവർക്ക് ന്യായം പാലിച്ചുകൊടുക്കേണമേ. അവർ അങ്ങയോട് പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ - അങ്ങ് അവരോടു കോപിച്ച് അവരെ ശത്രുക്കൾക്ക് ഏല്പിക്കുകയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്ക് ബദ്ധരാക്കി കൊണ്ടുപോകുകയും ചെയ്താൽ പ്രവാസദേശത്തുവച്ച് അവർ സുബോധം വന്നിട്ട് തങ്ങളുടെ ഹൃദയത്തിൽനിന്ന്: “ഞങ്ങൾ പാപംചെയ്തു; അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അങ്ങയോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവച്ച് അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അങ്ങിലേക്കു തിരിഞ്ഞ് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും തെരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ അങ്ങയുടെ നാമത്തിനായി പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാർത്ഥിക്കയും ചെയ്താൽ അങ്ങയുടെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്ന് അങ്ങ് അവരുടെ പ്രാർത്ഥനയും യാചനകളും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുത്ത് അങ്ങയോട് പാപം ചെയ്ത അങ്ങയുടെ ജനത്തോടു ക്ഷമിക്കേണമേ. ഇപ്പോൾ എന്‍റെ ദൈവമേ, ഈ സ്ഥലത്തുവച്ച് കഴിക്കുന്ന പ്രാർത്ഥന കേൾക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യേണമേ.

2 ദിനവൃത്താന്തം 6:20-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം സ്ഥാപിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കൺപാർത്തരുളേണമേ. ഈ സ്ഥലത്തുവെച്ചു പ്രാർത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേൾക്കേണമേ; നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ. ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു പ്രവർത്തിച്ചു ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽതന്നേ വരുത്തി പ്രതികാരം ചെയ്‌വാനും നീതിമാന്റെ നീതിക്കു ഒത്തവണ്ണം അവന്നു നല്കി നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ. നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചു കൊണ്ടു ഈ ആലയത്തിൽവെച്ചു നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു നീ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തേക്കു അവരെ തിരിച്ചു വരുത്തേണമേ. അവർ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടെഞ്ഞു മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തിലേക്കു തിരിഞ്ഞു പ്രാർത്ഥിച്ചു നിന്റെ നാമം സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും ചെയ്താൽ, നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു അവർ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ. ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ, അവരുടെ ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ നിരോധിച്ചാൽ, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ, യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞു ഈ ആലയത്തിങ്കലേക്കു തിരിഞ്ഞു കൈ മലർത്തുകയും ചെയ്താൽ, നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേട്ടു ക്ഷമിക്കയും ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ ഓരോരുത്തന്നു അവനവന്റെ നടപ്പുപോലെ ഒക്കെയും നല്കുകയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു. നിന്റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരൻ നിന്റെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ - അവർ ഈ ആലയത്തിൽ വന്നു പ്രാർത്ഥിക്കും നിശ്ചയം - നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറികയും ചെയ്യേണ്ടതിന്നു അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ. നീ നിന്റെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‌വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാർത്ഥിച്ചാൽ നീ സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ. അവർ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ - നീ അവരോടു കോപിച്ചു അവരെ ശത്രുക്കൾക്കു ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ തങ്ങളുടെ ഹൃദയത്തിൽ ഉണർന്നു പ്രവാസദേശത്തുവെച്ചു: ഞങ്ങൾ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു നിന്നോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവെച്ചു അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു നീ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാർത്ഥിക്കയും ചെയ്താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥനയും യാചനകളും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ. ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.

2 ദിനവൃത്താന്തം 6:20-40 സമകാലിക മലയാളവിവർത്തനം (MCV)

പകലും രാത്രിയും അവിടത്തെ കടാക്ഷം ഈ ആലയത്തിന്മേൽ ഉണ്ടായിരിക്കണമേ! ‘അവിടത്തെ നാമം അങ്ങു സ്ഥാപിക്കും,’ എന്ന് ഈ സ്ഥലത്തെക്കുറിച്ച് അവിടന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അവിടത്തെ ഈ ദാസൻ ഈ സ്ഥലത്തേക്കു തിരിഞ്ഞ് നടത്തുന്ന ഈ പ്രാർഥന ചെവിക്കൊള്ളണമേ! അവിടത്തെ ഈ ദാസനും അവിടത്തെ ജനമായ ഇസ്രായേലും ഇവിടേക്കു തിരിഞ്ഞു പ്രാർഥിക്കുമ്പോൾ അടിയങ്ങളുടെ സങ്കടയാചനകൾ കേൾക്കണേ! അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട് അടിയങ്ങളോടു ക്ഷമിക്കണമേ! “ഒരാൾ തന്റെ അയൽവാസിയോടു തെറ്റുചെയ്യുകയും അയാൾ ശപഥംചെയ്യാൻ നിർബന്ധിക്കപ്പെടുകയും ചെയ്താൽ, ആ വ്യക്തി ഈ ആലയത്തിൽ എത്തി അവിടത്തെ യാഗപീഠത്തിനുമുമ്പാകെ ശപഥംചെയ്യുമ്പോൾ, അവിടന്നു സ്വർഗത്തിൽനിന്ന് കേട്ട് അപരാധിയെ കുറ്റം വിധിച്ചും പ്രവൃത്തിക്കു തക്കതായ ശിക്ഷ അയാളുടെമേൽ വരുത്തിയും അവിടത്തെ ദാസർക്കു നീതി നടപ്പാക്കിത്തരണമേ. നിഷ്കളങ്കനെ നിരപരാധിയെന്നു വിധിക്കുകയും അയാളുടെ നിഷ്കളങ്കത തെളിയിക്കുകയും ചെയ്യണമേ! “അവിടത്തെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരേ പാപംചെയ്യുകയും അങ്ങനെ അവർ ശത്രുവിനാൽ പരാജിതരാക്കപ്പെടുകയും ചെയ്യുമ്പോൾ, അവർ വീണ്ടും മനംതിരിയുകയും അവിടത്തെ ഈ ആലയത്തിന്റെ മുമ്പാകെ വരികയും അവിടത്തെ നാമം ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും സങ്കടയാചന ബോധിപ്പിക്കുകയും ചെയ്താൽ, അവിടന്ന് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനകേട്ട് അവിടത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവർക്കും അവരുടെ പിതാക്കന്മാർക്കും അവിടന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക് അവരെ മടക്കിവരുത്തുകയും ചെയ്യണമേ! “അവിടത്തെ ജനം അങ്ങയോടു പാപം ചെയ്യുകനിമിത്തം ആകാശം അടഞ്ഞ് മഴയില്ലാതെയിരിക്കുമ്പോൾ—അവിടന്ന് അങ്ങനെ അവരെ ശിക്ഷിക്കുമ്പോൾ—അവർ ഈ ആലയത്തിലേക്കു തിരിഞ്ഞുവന്നു പ്രാർഥിക്കുകയും അവിടത്തെ നാമം ഏറ്റുപറയുകയും തങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം, അവിടന്നു സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ, അവിടത്തെ ദാസരും അവിടത്തെ ജനവുമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കണമേ. അവർ ജീവിക്കേണ്ട ശരിയായ വഴി അങ്ങ് അവരെ പഠിപ്പിക്കണേ, അങ്ങയുടെ ജനത്തിന് അവിടന്ന് അവകാശമായി നൽകിയ ദേശത്ത് മഴ വർഷിക്കണമേ. “ദേശത്ത് ക്ഷാമമോ പകർച്ചവ്യാധിയോ ഉഷ്ണക്കാറ്റോ വിഷമഞ്ഞോ വെട്ടുക്കിളിയോ കീടബാധയോ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ശത്രുക്കൾ അവരുടെ ഏതെങ്കിലും നഗരത്തെ ഉപരോധിക്കുമ്പോൾ, ഏതെങ്കിലും രോഗമോ വ്യാധിയോ വരുമ്പോൾ, അങ്ങയുടെ ജനമായ ഇസ്രായേലിലെ ഏതെങ്കിലും ഒരാൾ, അയാളുടെ പീഡയും വേദനയും ഓർത്ത് ഈ ആലയത്തിലേക്കു കരങ്ങളുയർത്തി പ്രാർഥനയോ അപേക്ഷയോ സമർപ്പിക്കുന്നപക്ഷം, അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ. അവരോടു ക്ഷമിച്ച് അതിൻപ്രകാരം പ്രവർത്തിക്കണമേ, ഓരോരുത്തരോടും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി പെരുമാറണമേ, കാരണം, അയാളുടെ ഹൃദയം അവിടന്ന് അറിയുന്നല്ലോ! മനുഷ്യരുടെ ഹൃദയം അറിയുന്നത് അവിടന്നുമാത്രമാണല്ലോ! അങ്ങനെ, അവിടന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ ഈ ദേശത്തു വസിക്കുന്ന കാലമെല്ലാം അവർ അങ്ങയെ ഭയപ്പെടാനും അനുസരിച്ചു ജീവിക്കാനും ഇടയാകുമല്ലോ. “അവിടത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു വിദേശി, അവിടത്തെ മഹത്തായ നാമംനിമിത്തം വിദൂരദേശത്തുനിന്നു വരികയും അവിടത്തെ മഹത്തായ നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയുംകുറിച്ച് കേൾക്കുകയും ചെയ്യുമല്ലോ—അയാൾ ഈ ആലയത്തിലേക്കുതിരിഞ്ഞ് പ്രാർഥിക്കുമ്പോൾ, അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് ആ പ്രാർഥന കേൾക്കണേ! ആ വിദേശി അങ്ങയോട് അപേക്ഷിക്കുന്നതെന്തായാലും അവിടന്നു ചെയ്തുകൊടുക്കണേ. ആ വിധത്തിൽ അവിടത്തെ സ്വന്തജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയിലെ സകലജനതകളും അവിടത്തെ നാമം അറിയുകയും അങ്ങയെ ബഹുമാനിക്കുകയും ചെയ്യുമല്ലൊ! അടിയൻ നിർമിച്ച ഈ ആലയം അവിടത്തെ നാമത്തിലാണ് വിളിക്കപ്പെടുന്നതെന്ന് അവർ അറിയുമാറാകട്ടെ! “അവിടത്തെ ജനം അവരുടെ ശത്രുക്കൾക്കെതിരേ യുദ്ധത്തിനുപോകുമ്പോൾ—അവിടന്ന് അവരെ എവിടെയൊക്കെ അയച്ചാലും—അവിടെനിന്നും അവർ അങ്ങു തെരഞ്ഞെടുത്തിരിക്കുന്ന ഈ നഗരത്തിലേക്കും അടിയൻ അവിടത്തെ നാമത്തിനുവേണ്ടി നിർമിച്ചിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് അങ്ങയോടു പ്രാർഥിക്കുമ്പോൾ, അങ്ങ് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവരുടെ കാര്യം സാധിച്ചുകൊടുക്കണേ! “ഇസ്രായേൽ അവിടത്തേക്കെതിരേ പാപംചെയ്യുകയും—പാപം ചെയ്യാത്ത ഒരു മനുഷ്യനും ഇല്ലല്ലോ—അവിടന്ന് അവരോടു കോപിച്ച് അവരെ ശത്രുവിന്റെ കൈകളിൽ ഏൽപ്പിച്ചുകൊടുക്കുകയും ശത്രു അവരെ, അടുത്തോ അകലെയോ ഉള്ള രാജ്യത്തേക്ക് അടിമകളാക്കികൊണ്ടുപോകുകയും ചെയ്യുമ്പോൾ, അവർ അടിമകളായിക്കഴിയുന്ന രാജ്യത്തുവെച്ച് മനമുരുകി അനുതപിച്ച്, ‘ഞങ്ങൾ പാപംചെയ്തു വഴിതെറ്റിപ്പോയി, ദുഷ്ടത പ്രവർത്തിച്ചുപോയി,’ എന്ന് ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും തങ്ങളെ അടിമകളാക്കി കൊണ്ടുപോയവരുടെ രാജ്യത്തുവെച്ച് പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അവിടത്തെ സന്നിധിയിലേക്കു തിരിഞ്ഞ് അവിടന്ന് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തിലേക്കും അവിടന്നു തെരഞ്ഞെടുത്ത നഗരത്തിലേക്കും അടിയൻ തിരുനാമത്തിനുവേണ്ടി നിർമിച്ച ആലയത്തിലേക്കും തിരിഞ്ഞ് അവിടത്തോടു പ്രാർഥിക്കുകയും ചെയ്യുമ്പോൾ, അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനകളും കേട്ട് അവരുടെ കാര്യം നടത്തിക്കൊടുക്കണേ. അവിടത്തേക്കെതിരേ പാപംചെയ്ത അവിടത്തെ ജനത്തോട് അങ്ങു ക്ഷമിക്കണമേ. “ഇപ്പോൾ, എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ച് അർപ്പിക്കുന്ന പ്രാർഥനകൾക്ക് അവിടത്തെ കണ്ണുകൾ തുറക്കുകയും കാതുകൾ ശ്രദ്ധിക്കുകയും ചെയ്യണമേ!