2 CHRONICLE 6

6
പെട്ടകം ദേവാലയത്തിൽ
(1 രാജാ. 8:12-21)
1ശലോമോൻ പറഞ്ഞു: “താൻ കൂരിരുട്ടിൽ വസിക്കുമെന്നു സർവേശ്വരൻ അരുളിച്ചെയ്തിട്ടുണ്ട്. 2എങ്കിലും അവിടുത്തേക്കു നിത്യമായി പാർക്കാൻ വിശിഷ്ടമായ ഒരു ആലയം ഞാൻ പണിതിരിക്കുന്നു.”
3അവിടെ കൂടിയിരുന്ന ഇസ്രായേൽജനമെല്ലാം എഴുന്നേറ്റു നില്‌ക്കയായിരുന്നു. രാജാവ് അവരെ ആശീർവദിച്ചു. അദ്ദേഹം പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. 4എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റിയിരിക്കുന്നു. 5അവിടുന്നു അരുളിച്ചെയ്തിരുന്നു: ‘ഈജിപ്തിൽനിന്ന് എന്റെ ജനത്തെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ എന്റെ നാമത്തിൽ ഒരു ആലയം പണിയുവാൻ ഇസ്രായേൽഗോത്രങ്ങളിലെ ഒരു പട്ടണവും ഞാൻ തിരഞ്ഞെടുത്തിരുന്നില്ല. എന്റെ ജനമായ ഇസ്രായേലിനെ നയിക്കാൻ ആരെയും നിയമിച്ചിരുന്നുമില്ല. 6എങ്കിലും ഇപ്പോൾ എന്റെ നാമം നിലനിർത്താൻ യെരൂശലേം തിരഞ്ഞെടുക്കുകയും എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ദാവീദിനെ നിയമിക്കുകയും ചെയ്തിരിക്കുന്നു.’ 7ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഒരു ആലയം പണിയാൻ എന്റെ പിതാവിന് ആഗ്രഹമുണ്ടായിരുന്നു. 8എങ്കിലും അവിടുന്നു എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തു: ‘എന്റെ നാമത്തിൽ ഒരു ആലയം പണിയാൻ നീ ആഗ്രഹിച്ചു; നിന്റെ ആഗ്രഹം നല്ലതുതന്നെ; 9എന്നാൽ നീ ആലയം പണിയരുത്; നിനക്കു ജനിക്കാൻ പോകുന്ന പുത്രനായിരിക്കും എന്റെ നാമത്തിൽ ആലയം പണിയുക!’
10“സർവേശ്വരൻ ചെയ്ത വാഗ്ദാനം ഇന്നിതാ അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുത്തെ വാഗ്ദാനംപോലെ എന്റെ പിതാവായ ദാവീദിന്റെ പിൻഗാമിയായി ഞാൻ ഉയർത്തപ്പെട്ട് ഇസ്രായേലിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഒരു ആലയം നിർമ്മിച്ചുമിരിക്കുന്നു. 11ഇസ്രായേൽജനവുമായി അവിടുന്നു ചെയ്ത ഉടമ്പടിയുടെ പെട്ടകവും അതിനുള്ളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.”
ശലോമോന്റെ പ്രാർഥന
(1 രാജാ. 8:22-53)
12ശലോമോൻ ഇസ്രായേൽജനസമൂഹത്തിന്റെ സാന്നിധ്യത്തിൽ സർവേശ്വരന്റെ യാഗപീഠത്തിനു മുമ്പാകെ പ്രാർഥനയ്‍ക്കായി കൈകൾ ഉയർത്തി. 13അദ്ദേഹം ഓടുകൊണ്ട് ഒരു പീഠമുണ്ടാക്കി അങ്കണമധ്യത്തിൽ സ്ഥാപിച്ചിരുന്നു. അതിന് അഞ്ചു മുഴം വീതിയും അഞ്ചുമുഴം നീളവും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. ശലോമോൻ അതിന്റെ മുകളിൽ കയറി സമസ്ത ഇസ്രായേൽജനങ്ങളുടെയും സാന്നിധ്യത്തിൽ മുട്ടുകുത്തി. സ്വർഗത്തേക്കു കൈകൾ ഉയർത്തി പ്രാർഥിച്ചു: 14“ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുത്തേക്കു സമനായി സ്വർഗത്തിലും ഭൂമിയിലും മറ്റൊരു ദൈവവുമില്ല. പൂർണഹൃദയത്തോടെ അങ്ങയെ അനുസരിക്കുന്ന അവിടുത്തെ ദാസരോട് അവിടുന്നു സുസ്ഥിരസ്നേഹം കാണിക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്യുന്നു. 15എന്റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റി; അവിടുന്ന് അരുളിച്ചെയ്തത് നിറവേറ്റിയുമിരിക്കുന്നു. 16ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, എന്റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോട് അവിടുന്ന് ഇങ്ങനെ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. നീ എന്റെ സന്നിധിയിൽ ജീവിച്ചതുപോലെ നിന്റെ പുത്രന്മാരും എന്റെ കല്പനകൾ അനുസരിച്ചു ജീവിച്ചാൽ ഇസ്രായേലിന്റെ സിംഹാസനത്തിൽ വാഴുന്നതിനു നിനക്ക് ഒരു സന്തതി ഇല്ലാതെ പോകുകയില്ല. ഈ വാഗ്ദാനം അവിടുന്നു പാലിക്കണമേ. 17ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ ദാസനായ ദാവീദിനോട് അരുളിച്ചെയ്ത വാക്കുകൾ ഇപ്പോൾ യാഥാർഥ്യമാക്കണമേ.
18“എന്നാൽ ദൈവം മനുഷ്യരോടൊത്തു ഭൂമിയിൽ വസിക്കുമോ? സ്വർഗവും സ്വർഗാധിസ്വർഗവും അവിടുത്തേക്കു വസിക്കാൻ മതിയാകയില്ല. അവയെക്കാൾ എത്ര നിസ്സാരമാണു ഞാൻ പണിത ഈ ദേവാലയം. 19എങ്കിലും എന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ ഈ ദാസന്റെ പ്രാർഥന കേൾക്കണമേ. അവിടുത്തെ മുമ്പിൽ അടിയൻ നടത്തുന്ന നിലവിളിയും പ്രാർഥനയും കൈക്കൊള്ളണമേ. 20ഈ സ്ഥലത്തുവച്ച് ഈ ദാസൻ നടത്തുന്ന പ്രാർഥന കേൾക്കാൻ തക്കവിധം അവിടുത്തെ ദൃഷ്‍ടികൾ രാവും പകലും ഈ ആലയത്തിന്റെ നേർക്കു തുറന്നിരിക്കണമേ. അവിടുത്തെ നാമം ഈ സ്ഥലത്ത് സ്ഥാപിക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. 21ഈ ദാസനും അവിടുത്തെ ജനമായ ഇസ്രായേലും ഈ ആലയത്തിലേക്കു തിരിഞ്ഞു നടത്തുന്ന പ്രാർഥനകൾ ചെവിക്കൊള്ളണമേ; അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേട്ടു ഞങ്ങളോടു ക്ഷമിക്കണമേ.
22“ഒരാൾ തന്റെ അയൽക്കാരനോടു കുറ്റം ചെയ്തതായി ആരോപണം ഉണ്ടാകുകയും അയാളെ സത്യം ചെയ്യിക്കാനായി ഈ ആലയത്തിൽ കൊണ്ടുവരികയും അയാൾ ഈ യാഗപീഠത്തിനു മുമ്പാകെ താൻ നിർദ്ദോഷിയെന്ന് സത്യം ചെയ്യുകയും ചെയ്യുമ്പോൾ, 23അവിടുന്നു സ്വർഗത്തിൽനിന്നു ശ്രദ്ധിച്ച് അവിടുത്തെ ദാസരെ ന്യായം വിധിക്കണമേ. കുറ്റക്കാരന് അവന്റെ പ്രവൃത്തിക്കു തക്ക ശിക്ഷയും നീതിനിഷ്ഠന് അവന്റെ നീതിക്കൊത്ത പ്രതിഫലവും നല്‌കണമേ.
24“അവിടുത്തെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരെ പാപം ചെയ്തതിന്റെ ഫലമായി ശത്രുക്കളാൽ തോല്പിക്കപ്പെടുകയും അവർ പശ്ചാത്തപിച്ച് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തിൽവച്ച് അവിടുത്തോടു പ്രാർഥിക്കുകയും ചെയ്താൽ, 25അവിടുന്ന് സ്വർഗത്തിൽനിന്നു കേൾക്കണമേ. അവിടുത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവർക്കും അവരുടെ പിതാക്കന്മാർക്കുമായി നല്‌കിയ ദേശത്തേക്ക് അവരെ മടക്കി വരുത്തുകയും ചെയ്യണമേ.
26“അവർ അങ്ങേക്കെതിരെ പാപം ചെയ്യുക നിമിത്തം ആകാശം അടഞ്ഞു മഴ പെയ്യാതാകുമ്പോൾ അവർ തങ്ങളുടെ പാപം വിട്ടുതിരിഞ്ഞ് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തിലേക്ക് തിരിഞ്ഞു പ്രാർഥിക്കുകയും ചെയ്താൽ, 27അവിടുന്നു സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ. അവിടുത്തെ ദാസരും ജനങ്ങളുമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവർക്കു നടക്കേണ്ടുന്ന നേരായ മാർഗം അവരെ ഉപദേശിക്കുകയും അങ്ങയുടെ ജനത്തിന് അവകാശമായി നല്‌കിയിട്ടുള്ള അവിടുത്തെ ദേശത്തു മഴ പെയ്യിക്കുകയും ചെയ്യണമേ.
28“ക്ഷാമം, പകർച്ചവ്യാധി, ഉഷ്ണക്കാറ്റ്, വിഷമഞ്ഞ്, വെട്ടുക്കിളി, കീടബാധ എന്നിവയാലുള്ള നാശമോ ശത്രുക്കളുടെ ആക്രമണമോ ഏതെങ്കിലും ബാധയോ രോഗമോ ദേശത്ത് ഉണ്ടാകുകയും 29അവിടുത്തെ ജനമായ ഇസ്രായേൽ വ്യക്തികളായോ, കൂട്ടമായോ തങ്ങളുടെ ദുരിതത്തിൽ അങ്ങയോടു നിലവിളിക്കുകയും ഈ ആലയത്തിലേക്കു കൈകൾ നീട്ടി പ്രാർഥിക്കുകയും ചെയ്താൽ, 30അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേട്ട് അവിടുന്ന് അവരോടു ക്ഷമിക്കണമേ. ഓരോരുത്തന്റെയും ഹൃദയം അറിയുന്ന അവിടുന്ന് അവരുടെ പ്രവൃത്തികൾക്കനുസരിച്ചു പ്രതിഫലം നല്‌കണമേ. മനുഷ്യരുടെ ഹൃദയങ്ങളെ അറിയുന്നത് അവിടുന്നു മാത്രമാണല്ലോ. 31അങ്ങനെ അവർ അവിടുന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നല്‌കിയ ദേശത്ത് പാർക്കുന്ന നാളെല്ലാം അങ്ങയെ ഭയപ്പെടുകയും അവിടുത്തെ വഴിയിൽ നടക്കുകയും ചെയ്യട്ടെ.
32“അവിടുത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു പരദേശി അവിടുത്തെ ശ്രേഷ്ഠമായ നാമത്തെയും അവിടുത്തെ ശക്തമായ കരങ്ങളുടെ പ്രവർത്തനങ്ങളെയുംപറ്റി കേട്ടു ദൂരദേശത്തുനിന്ന് ഈ ആലയത്തിൽവന്നു പ്രാർഥിച്ചാൽ, 33അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവന്റെ അപേക്ഷകൾ നിറവേറ്റുമാറാകണമേ. അങ്ങനെ ഭൂമിയിലുള്ള സകല ജനതകളും അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ അവിടുത്തെ നാമം അറിയാനും അങ്ങയെ ഭയപ്പെടാനും ഇടയാകട്ടെ; ഈ ആലയം അവിടുത്തെ നാമത്തിലാണ് ഞാൻ പണിതിരിക്കുന്നതെന്നും അവർ അറിയട്ടെ.
34“അവിടുത്തെ ജനം അവിടുന്ന് അയയ്‍ക്കുന്ന വഴിയിലൂടെ ശത്രുക്കളോടു യുദ്ധം ചെയ്യാൻ പോകുമ്പോൾ അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തിൽ ഞാൻ നിർമ്മിച്ച ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാർഥിച്ചാൽ, 35അവിടുന്ന് അവരുടെ പ്രാർഥനയും അപേക്ഷകളും സ്വർഗത്തിൽനിന്നു കേട്ട് അവർക്ക് വിജയം നല്‌കണമേ.
36“അവിടുത്തെ ജനം അങ്ങേക്കെതിരെ പാപം ചെയ്യുകയും-പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ-അവിടുന്നു കോപിച്ച് അവരെ ശത്രുക്കളുടെ കൈകളിൽ ഏല്പിച്ചു കൊടുക്കുകയും ശത്രുക്കൾ അവരെ ബന്ദികളായി അടുത്തോ അകലയോ ഉള്ള ദേശത്തേക്കു കൊണ്ടുപോകുകയും 37അവിടെവച്ച് അവർ ഉള്ളുരുകി, തങ്ങളുടെ പാപവും അകൃത്യവും ദുഷ്ടതയും ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും 38ആ പ്രവാസദേശത്ത് അവർ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ അനുതപിച്ച് അവിടുന്ന് അവരുടെ പിതാക്കന്മാർക്കു നല്‌കിയ ദേശത്തേക്കും അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തിനുവേണ്ടി ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാർഥിക്കുകയും ചെയ്താൽ, 39അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അങ്ങേക്കെതിരെ പാപം ചെയ്ത ജനത്തോട് അവരുടെ പാപം ക്ഷമിച്ച് അവരെ വിടുവിക്കണമേ.
40“എന്റെ ദൈവമേ, ഇപ്പോൾ ഈ സ്ഥലത്തുവച്ച് നടത്തുന്ന പ്രാർഥന ശ്രവിക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യണമേ. 41ദൈവമായ സർവേശ്വരാ, അവിടുത്തെ ശക്തിയുടെ പ്രതീകമായ പെട്ടകവുമായി അവിടുത്തെ ഈ വിശ്രമസ്ഥലത്തേക്കു വരണമേ. 42സർവേശ്വരനായ ദൈവമേ, അങ്ങയുടെ പുരോഹിതന്മാർ രക്ഷയുടെ വസ്ത്രം ധരിക്കുകയും അങ്ങയുടെ വിശുദ്ധന്മാർ അവിടുത്തെ നന്മയിൽ സന്തോഷിക്കുകയും ചെയ്യട്ടെ. സർവേശ്വരനായ ദൈവമേ, അങ്ങയുടെ അഭിഷിക്തനിൽനിന്നു മുഖം തിരിച്ചു കളയരുതേ, അവിടുത്തെ ദാസനായ ദാവീദിനോടുള്ള അചഞ്ചലസ്നേഹം ഓർക്കണമേ.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 CHRONICLE 6: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക