ഈ സ്ഥലത്തുവച്ച് ഈ ദാസൻ നടത്തുന്ന പ്രാർഥന കേൾക്കാൻ തക്കവിധം അവിടുത്തെ ദൃഷ്‍ടികൾ രാവും പകലും ഈ ആലയത്തിന്റെ നേർക്കു തുറന്നിരിക്കണമേ. അവിടുത്തെ നാമം ഈ സ്ഥലത്ത് സ്ഥാപിക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ഈ ദാസനും അവിടുത്തെ ജനമായ ഇസ്രായേലും ഈ ആലയത്തിലേക്കു തിരിഞ്ഞു നടത്തുന്ന പ്രാർഥനകൾ ചെവിക്കൊള്ളണമേ; അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേട്ടു ഞങ്ങളോടു ക്ഷമിക്കണമേ. “ഒരാൾ തന്റെ അയൽക്കാരനോടു കുറ്റം ചെയ്തതായി ആരോപണം ഉണ്ടാകുകയും അയാളെ സത്യം ചെയ്യിക്കാനായി ഈ ആലയത്തിൽ കൊണ്ടുവരികയും അയാൾ ഈ യാഗപീഠത്തിനു മുമ്പാകെ താൻ നിർദ്ദോഷിയെന്ന് സത്യം ചെയ്യുകയും ചെയ്യുമ്പോൾ, അവിടുന്നു സ്വർഗത്തിൽനിന്നു ശ്രദ്ധിച്ച് അവിടുത്തെ ദാസരെ ന്യായം വിധിക്കണമേ. കുറ്റക്കാരന് അവന്റെ പ്രവൃത്തിക്കു തക്ക ശിക്ഷയും നീതിനിഷ്ഠന് അവന്റെ നീതിക്കൊത്ത പ്രതിഫലവും നല്‌കണമേ. “അവിടുത്തെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരെ പാപം ചെയ്തതിന്റെ ഫലമായി ശത്രുക്കളാൽ തോല്പിക്കപ്പെടുകയും അവർ പശ്ചാത്തപിച്ച് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തിൽവച്ച് അവിടുത്തോടു പ്രാർഥിക്കുകയും ചെയ്താൽ, അവിടുന്ന് സ്വർഗത്തിൽനിന്നു കേൾക്കണമേ. അവിടുത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവർക്കും അവരുടെ പിതാക്കന്മാർക്കുമായി നല്‌കിയ ദേശത്തേക്ക് അവരെ മടക്കി വരുത്തുകയും ചെയ്യണമേ. “അവർ അങ്ങേക്കെതിരെ പാപം ചെയ്യുക നിമിത്തം ആകാശം അടഞ്ഞു മഴ പെയ്യാതാകുമ്പോൾ അവർ തങ്ങളുടെ പാപം വിട്ടുതിരിഞ്ഞ് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തിലേക്ക് തിരിഞ്ഞു പ്രാർഥിക്കുകയും ചെയ്താൽ, അവിടുന്നു സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ. അവിടുത്തെ ദാസരും ജനങ്ങളുമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവർക്കു നടക്കേണ്ടുന്ന നേരായ മാർഗം അവരെ ഉപദേശിക്കുകയും അങ്ങയുടെ ജനത്തിന് അവകാശമായി നല്‌കിയിട്ടുള്ള അവിടുത്തെ ദേശത്തു മഴ പെയ്യിക്കുകയും ചെയ്യണമേ. “ക്ഷാമം, പകർച്ചവ്യാധി, ഉഷ്ണക്കാറ്റ്, വിഷമഞ്ഞ്, വെട്ടുക്കിളി, കീടബാധ എന്നിവയാലുള്ള നാശമോ ശത്രുക്കളുടെ ആക്രമണമോ ഏതെങ്കിലും ബാധയോ രോഗമോ ദേശത്ത് ഉണ്ടാകുകയും അവിടുത്തെ ജനമായ ഇസ്രായേൽ വ്യക്തികളായോ, കൂട്ടമായോ തങ്ങളുടെ ദുരിതത്തിൽ അങ്ങയോടു നിലവിളിക്കുകയും ഈ ആലയത്തിലേക്കു കൈകൾ നീട്ടി പ്രാർഥിക്കുകയും ചെയ്താൽ, അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേട്ട് അവിടുന്ന് അവരോടു ക്ഷമിക്കണമേ. ഓരോരുത്തന്റെയും ഹൃദയം അറിയുന്ന അവിടുന്ന് അവരുടെ പ്രവൃത്തികൾക്കനുസരിച്ചു പ്രതിഫലം നല്‌കണമേ. മനുഷ്യരുടെ ഹൃദയങ്ങളെ അറിയുന്നത് അവിടുന്നു മാത്രമാണല്ലോ. അങ്ങനെ അവർ അവിടുന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നല്‌കിയ ദേശത്ത് പാർക്കുന്ന നാളെല്ലാം അങ്ങയെ ഭയപ്പെടുകയും അവിടുത്തെ വഴിയിൽ നടക്കുകയും ചെയ്യട്ടെ. “അവിടുത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു പരദേശി അവിടുത്തെ ശ്രേഷ്ഠമായ നാമത്തെയും അവിടുത്തെ ശക്തമായ കരങ്ങളുടെ പ്രവർത്തനങ്ങളെയുംപറ്റി കേട്ടു ദൂരദേശത്തുനിന്ന് ഈ ആലയത്തിൽവന്നു പ്രാർഥിച്ചാൽ, അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവന്റെ അപേക്ഷകൾ നിറവേറ്റുമാറാകണമേ. അങ്ങനെ ഭൂമിയിലുള്ള സകല ജനതകളും അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ അവിടുത്തെ നാമം അറിയാനും അങ്ങയെ ഭയപ്പെടാനും ഇടയാകട്ടെ; ഈ ആലയം അവിടുത്തെ നാമത്തിലാണ് ഞാൻ പണിതിരിക്കുന്നതെന്നും അവർ അറിയട്ടെ. “അവിടുത്തെ ജനം അവിടുന്ന് അയയ്‍ക്കുന്ന വഴിയിലൂടെ ശത്രുക്കളോടു യുദ്ധം ചെയ്യാൻ പോകുമ്പോൾ അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തിൽ ഞാൻ നിർമ്മിച്ച ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാർഥിച്ചാൽ, അവിടുന്ന് അവരുടെ പ്രാർഥനയും അപേക്ഷകളും സ്വർഗത്തിൽനിന്നു കേട്ട് അവർക്ക് വിജയം നല്‌കണമേ. “അവിടുത്തെ ജനം അങ്ങേക്കെതിരെ പാപം ചെയ്യുകയും-പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ-അവിടുന്നു കോപിച്ച് അവരെ ശത്രുക്കളുടെ കൈകളിൽ ഏല്പിച്ചു കൊടുക്കുകയും ശത്രുക്കൾ അവരെ ബന്ദികളായി അടുത്തോ അകലയോ ഉള്ള ദേശത്തേക്കു കൊണ്ടുപോകുകയും അവിടെവച്ച് അവർ ഉള്ളുരുകി, തങ്ങളുടെ പാപവും അകൃത്യവും ദുഷ്ടതയും ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും ആ പ്രവാസദേശത്ത് അവർ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ അനുതപിച്ച് അവിടുന്ന് അവരുടെ പിതാക്കന്മാർക്കു നല്‌കിയ ദേശത്തേക്കും അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തിനുവേണ്ടി ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാർഥിക്കുകയും ചെയ്താൽ, അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അങ്ങേക്കെതിരെ പാപം ചെയ്ത ജനത്തോട് അവരുടെ പാപം ക്ഷമിച്ച് അവരെ വിടുവിക്കണമേ. “എന്റെ ദൈവമേ, ഇപ്പോൾ ഈ സ്ഥലത്തുവച്ച് നടത്തുന്ന പ്രാർഥന ശ്രവിക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യണമേ.
2 CHRONICLE 6 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 CHRONICLE 6:20-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ