1 ശമൂവേൽ 4:12-22

1 ശമൂവേൽ 4:12-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പോർക്കളത്തിൽനിന്ന് ഒരു ബെന്യാമീന്യൻ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ഓടി അന്നു തന്നെ ശീലോവിൽ വന്നു. അവൻ വരുമ്പോൾ ഏലി നോക്കിക്കൊണ്ടു വഴിയരികെ തന്റെ ആസനത്തിൽ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ച് അവന്റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു; ആ മനുഷ്യൻ പട്ടണത്തിൽ എത്തി വസ്തുത പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാം നിലവിളിയായി. ഏലി നിലവിളി കേട്ടപ്പോൾ ഈ ആരവം എന്ത് എന്നു ചോദിച്ചു. ആ മനുഷ്യൻ ബദ്ധപ്പെട്ടു വന്ന് ഏലിയോടും അറിയിച്ചു. ഏലിയോ തൊണ്ണൂറ്റിയെട്ടു വയസ്സുള്ളവനും കാൺമാൻവഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു. ആ മനുഷ്യൻ ഏലിയോട്: ഞാൻ പോർക്കളത്തിൽനിന്നു വന്നവൻ ആകുന്നു; ഇന്നുതന്നെ ഞാൻ പോർക്കളത്തിൽനിന്ന് ഓടിപ്പോന്നു എന്നു പറഞ്ഞു. വർത്തമാനം എന്താകുന്നു, മകനേ, എന്ന് അവൻ ചോദിച്ചു. അതിന് ആ ദൂതൻ: യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു. അവൻ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോൾ ഏലി പടിവാതിൽക്കൽ ആസനത്തിൽനിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവൻ നാല്പതു സംവത്സരം യിസ്രായേലിനു ന്യായപാലനം ചെയ്തു. എന്നാൽ അവന്റെ മരുമകൾ ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗർഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോയതും അമ്മാവിയപ്പനും ഭർത്താവും മരിച്ചതും കേട്ടപ്പോൾ അവൾക്കു പ്രസവവേദന തുടങ്ങി; അവൾ നിലത്തു വീണു പ്രസവിച്ചു. അവൾ മരിപ്പാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോട്: ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല. ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: മഹത്ത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് എന്നു പേർ ഇട്ടു. ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ട് മഹത്ത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്ന് അവൾ പറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 4 വായിക്കുക

1 ശമൂവേൽ 4:12-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ബെന്യാമീൻഗോത്രക്കാരനായ ഒരാൾ അന്നുതന്നെ യുദ്ധരംഗത്തുനിന്നു വസ്ത്രം പിച്ചിച്ചീന്തിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ശീലോവിൽ പാഞ്ഞെത്തി. അയാൾ അവിടെ എത്തുമ്പോൾ ഏലി സർവേശ്വരന്റെ പെട്ടകത്തെച്ചൊല്ലി ആകുലചിത്തനായി വഴിയിലേക്കു നോക്കി ഇരിക്കുകയായിരുന്നു. അയാൾ പട്ടണത്തിൽ എത്തി വാർത്ത അറിയിച്ചപ്പോൾ പട്ടണവാസികൾ മുറവിളി കൂട്ടി. ഏലി അതു ശ്രദ്ധിച്ചു; എന്തിനാണ് ഈ മുറവിളി എന്ന് അന്വേഷിച്ചു. വിവരം അറിയിക്കാൻ ദൂതൻ ഏലിയുടെ അടുക്കൽ ഓടി എത്തി, അദ്ദേഹത്തോടു സംസാരിച്ചു. ഏലിക്ക് അപ്പോൾ തൊണ്ണൂറ്റെട്ടു വയസ്സായിരുന്നു. കാണാൻ കഴിയാത്തവിധം കണ്ണിന്റെ കാഴ്ച ക്ഷയിച്ചിരുന്നു; “ഞാൻ ഇന്നു യുദ്ധരംഗത്തുനിന്ന് ഓടി രക്ഷപെട്ട് ഇവിടെ എത്തിയതാണ്” എന്നു ദൂതൻ പറഞ്ഞു. “മകനേ, എന്തു സംഭവിച്ചു” എന്ന് ഏലി ചോദിച്ചു. അയാൾ പറഞ്ഞു: “ഇസ്രായേൽ ഫെലിസ്ത്യരോടു തോറ്റു; ജനത്തിൽ ഒരു വലിയ ഭാഗം കൊല്ലപ്പെട്ടു; അവിടുത്തെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും വധിക്കപ്പെട്ടു; ദൈവത്തിന്റെ പെട്ടകം അവർ പിടിച്ചെടുത്തു.” ദൈവത്തിന്റെ പെട്ടകം എന്നു കേട്ട മാത്രയിൽ പടിവാതില്‌ക്കലെ ഇരിപ്പിടത്തിൽനിന്ന് ഏലി പിറകോട്ടു മറിഞ്ഞു വീണു കഴുത്തൊടിഞ്ഞു മരിച്ചു. അയാൾ വൃദ്ധനും സ്ഥൂലഗാത്രനും ആയിരുന്നു. ഏലി നാല്പതു വർഷം ഇസ്രായേലിൽ ന്യായപാലനം ചെയ്തിരുന്നു. ഏലിയുടെ മകൻ ഫീനെഹാസിന്റെ ഭാര്യക്ക് പ്രസവസമയം അടുത്തിരുന്നു. ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടു എന്നും തന്റെ ഭർത്താവും ഭർത്തൃപിതാവും മരിച്ചു എന്നും കേട്ടപ്പോൾ അവൾക്കു പ്രസവവേദന ഉണ്ടായി; അവൾ ഉടൻതന്നെ പ്രസവിച്ചു. ആസന്നമരണയായ അവളോട് അടുത്തു നിന്ന സ്‍ത്രീകൾ പറഞ്ഞു: “ഭയപ്പെടേണ്ടാ; നീയൊരു ആൺകുട്ടിയെ പ്രസവിച്ചിരിക്കുന്നു.” എന്നാൽ അവൾ മറുപടി പറഞ്ഞില്ല; അവരെ ശ്രദ്ധിച്ചതുമില്ല. ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതും ഭർത്താവും ഭർത്തൃപിതാവും മരണമടഞ്ഞതും കേട്ടപ്പോൾ ഇസ്രായേലിൽനിന്നു മഹത്ത്വം വിട്ടുപോയി എന്നു പറഞ്ഞ് അവൾ തന്റെ കുഞ്ഞിന് “ഈഖാബോദ്” എന്നു പേരിട്ടു. അവൾ പറഞ്ഞു: “ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ട് മഹത്ത്വം ഇസ്രായേലിൽനിന്ന് വിട്ടുപോയിരിക്കുന്നു.”

പങ്ക് വെക്കു
1 ശമൂവേൽ 4 വായിക്കുക

1 ശമൂവേൽ 4:12-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യുദ്ധക്കളത്തിൽ നിന്ന് ഒരു ബെന്യാമീൻ ഗോത്രക്കാരൻ വസ്ത്രം കീറിയും തലയിൽ മണ്ണ് വാരിയിട്ടുംകൊണ്ട് ഓടി. അയാൾ അന്നുതന്നെ ശീലോവിൽ വന്നു. അവൻ വരുമ്പോൾ ഏലി നോക്കിക്കൊണ്ട് വഴിയരികെ തന്‍റെ പീഠത്തിൽ ഇരിക്കയായിരുന്നു; യഹോവയുടെ നിയമപെട്ടകത്തെക്കുറിച്ച് അവന്‍റെ ഹൃദയം വ്യസനിച്ചിരുന്നു; ആ മനുഷ്യൻ പട്ടണത്തിൽ എത്തി ഈ വാർത്ത പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാവരും ഭയന്നു നിലവിളിച്ചു. ഏലി നിലവിളികേട്ടപ്പോൾ “ഈ ആരവം എന്ത്?” എന്നു ചോദിച്ചു. ആ മനുഷ്യൻ തിടുക്കത്തോടെ വന്ന് ഏലിയോടും അറിയിച്ചു. ഏലി തൊണ്ണൂറ്റെട്ട് വയസ്സുള്ളവനും കാണുവാൻ കഴിയാതവണ്ണം കണ്ണ് മങ്ങിയവനും ആയിരുന്നു. ആ മനുഷ്യൻ ഏലിയോട്: “ഞാൻ ഇപ്പോൾ യുദ്ധക്കളത്തിൽനിന്ന് ഓടിവന്നവൻ ആകുന്നു” എന്നു പറഞ്ഞു. “വാർത്ത എന്താകുന്നു, മകനേ?” എന്നു അവൻ ചോദിച്ചു. അതിന് ആ സന്ദേശവാഹകൻ: “യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്‍റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു; ദൈവത്തിന്‍റെ പെട്ടകവും പിടിക്കപ്പെട്ടു” എന്നു പറഞ്ഞു. ദൈവത്തിന്‍റെ നിയമപെട്ടകത്തിന്‍റെ കാര്യം അറിഞ്ഞപ്പോൾ ഏലി പടിവാതില്ക്കൽ, പീഠത്തിൽനിന്ന് പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും ഭാരമുള്ളവനും ആയിരുന്നു. അവൻ നാല്പത് വർഷം യിസ്രായേലിനു ന്യായപാലനം ചെയ്തു. എന്നാൽ അവന്‍റെ മരുമകൾ ഫീനെഹാസിന്‍റെ ഭാര്യ പ്രസവം അടുത്ത ഗർഭിണിയായിരുന്നു; ദൈവത്തിന്‍റെ നിയമപെട്ടകം പിടിക്കപ്പെട്ടതും അമ്മാവിയപ്പനും ഭർത്താവും മരിച്ചതും കേട്ടപ്പോൾ അവൾക്ക് പ്രസവവേദന തുടങ്ങി; അവൾ നിലത്ത് വീണ് പ്രസവിച്ചു. അവൾ മരിക്കാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോട്: “ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല. ദൈവത്തിന്‍റെ നിയമപെട്ടകം പിടിക്കപ്പെട്ടതുകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: “മഹത്വം യിസ്രായേലിൽ നിന്ന് പൊയ്പോയി” എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് എന്നു പേർ ഇട്ടു. ദൈവത്തിന്‍റെ നിയമപെട്ടകം പിടിക്കപ്പെട്ടതുകൊണ്ട് “മഹത്വം യിസ്രായേലിൽ നിന്നു പൊയ്പോയി” എന്നു അവൾ പറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 4 വായിക്കുക

1 ശമൂവേൽ 4:12-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പോർക്കളത്തിൽനിന്നു ഒരു ബെന്യാമീന്യൻ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ഓടി അന്നു തന്നെ ശീലോവിൽ വന്നു. അവൻ വരുമ്പോൾ ഏലി നോക്കിക്കൊണ്ടു വഴിയരികെ തന്റെ ആസനത്തിൽ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ചു അവന്റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു; ആ മനുഷ്യൻ പട്ടണത്തിൽ എത്തി വസ്തുത പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാം നിലവിളിയായി. ഏലി നിലവിളികേട്ടപ്പോൾ ഈ ആരവം എന്തു എന്നു ചോദിച്ചു. ആ മനുഷ്യൻ ബദ്ധപ്പെട്ടു വന്നു ഏലിയോടും അറിയിച്ചു. ഏലിയോ തൊണ്ണൂറ്റെട്ടു വയസ്സുള്ളവനും കാണ്മാൻ വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു. ആ മനുഷ്യൻ ഏലിയോടു: ഞാൻ പോർക്കളത്തിൽനിന്നു വന്നവൻ ആകുന്നു; ഇന്നു തന്നേ ഞാൻ പോർക്കളത്തിൽനിന്നു ഓടിപ്പോന്നു എന്നു പറഞ്ഞു. വർത്തമാനം എന്താകുന്നു, മകനേ, എന്നു അവൻ ചോദിച്ചു. അതിന്നു ആ ദൂതൻ: യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു. അവൻ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോൾ ഏലി പടിവാതില്ക്കൽ ആസനത്തിൽനിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവൻ നാല്പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്തു. എന്നാൽ അവന്റെ മരുമകൾ ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗർഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോയതും അമ്മാവിയപ്പനും ഭർത്താവും മരിച്ചതും കേട്ടപ്പോൾ അവൾക്കു പ്രസവവേദന തുടങ്ങി; അവൾ നിലത്തു വീണു പ്രസവിച്ചു. അവൾ മരിപ്പാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോടു: ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല. ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞു അവൾ കുഞ്ഞിന്നു ഈഖാബോദ് എന്നു പേർ ഇട്ടു. ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടു മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു അവൾ പറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 4 വായിക്കുക

1 ശമൂവേൽ 4:12-22 സമകാലിക മലയാളവിവർത്തനം (MCV)

അന്നുതന്നെ ബെന്യാമീൻഗോത്രജനായ ഒരാൾ പടക്കളത്തിൽനിന്നു തന്റെ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്, ശീലോവിലേക്ക് ഓടിയെത്തി. അയാൾ വന്നെത്തുമ്പോൾ ഏലി തന്റെ ഇരിപ്പിടത്തിൽ വഴിയോരത്ത് വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന്റെ ഹൃദയം ദൈവത്തിന്റെ പേടകത്തിന്റെ കാര്യമോർത്ത് വ്യാകുലപ്പെട്ടിരുന്നു. ആ മനുഷ്യൻ നഗരത്തിലെത്തി സംഭവിച്ച കാര്യങ്ങൾ അറിയിച്ചതോടെ നഗരവാസികൾ ഒന്നടങ്കം മുറവിളിയിട്ടു കരഞ്ഞു. ഏലി ആ നിലവിളി കേട്ടപ്പോൾ, “ഈ ആരവത്തിന്റെ അർഥമെന്താണ്?” എന്നു ചോദിച്ചു. ആ മനുഷ്യൻ അതിവേഗം ഏലിയുടെ സമീപത്തെത്തി. അദ്ദേഹം തൊണ്ണൂറ്റിയെട്ടു വയസ്സുള്ളവനും ഒന്നും കാണാൻ കഴിയാത്തവിധം കാഴ്ച മങ്ങിയവനുമായിരുന്നു. അയാൾ ഏലിയോട്, “ഞാൻ യുദ്ധമുന്നണിയിൽനിന്ന് വരികയാണ്. ഇന്നാണ് ഞാൻ അവിടെനിന്നു രക്ഷപ്പെട്ടോടിയത്” എന്നറിയിച്ചു. “എന്റെ മകനേ, എന്താണ് സംഭവിച്ചത്?” ഏലി ചോദിച്ചു. വാർത്തയുമായി ഓടിയെത്തിയ മനുഷ്യൻ, “ഇസ്രായേൽ ഫെലിസ്ത്യരുടെമുമ്പിൽനിന്നു തോറ്റോടി. നമ്മുടെ സൈന്യത്തിന് കനത്ത നഷ്ടം ഏൽക്കേണ്ടിവന്നു. അങ്ങയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു. ദൈവത്തിന്റെ പേടകവും ശത്രുക്കൾ പിടിച്ചെടുത്തു” എന്നറിയിച്ചു. ദൈവത്തിന്റെ പേടകത്തിന്റെ കാര്യം ആ മനുഷ്യൻ പറഞ്ഞപ്പോൾത്തന്നെ ഏലി തന്റെ ഇരിപ്പിടത്തിൽനിന്നും പിറകോട്ടു മറിഞ്ഞ് കവാടത്തിനരികെ വീണ് കഴുത്തൊടിഞ്ഞു മരിച്ചു. അദ്ദേഹം വൃദ്ധനായിരുന്നു; വളരെയധികം വണ്ണവും ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഏലി നാൽപ്പതു വർഷക്കാലം ഇസ്രായേലിനെ ന്യായപാലനംചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരുമകളായ ഫീനെഹാസിന്റെ ഭാര്യ ഗർഭിണിയും പ്രസവസമയം അടുത്തിരുന്നവളും ആയിരുന്നു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തെന്നും തന്റെ അമ്മായിയപ്പനും ഭർത്താവും മരിച്ചു എന്നുമുള്ള വാർത്ത കേട്ടപ്പോൾ അവൾക്ക് പ്രസവവേദനയുണ്ടായി, ഒരു പൈതലിനു ജന്മംനൽകി. എന്നാൽ ആ കഠിനവേദന അവളെ മരണത്തിന് കീഴ്പ്പെടുത്തി. അവൾ അന്ത്യശ്വാസം വലിക്കുമ്പോൾ അവൾക്ക് പ്രസവശുശ്രൂഷ നൽകിയിരുന്ന സ്ത്രീ പറഞ്ഞു: “നിരാശപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചിരിക്കുന്നു!” എന്നാൽ അവൾ ഉത്തരമൊന്നും പറഞ്ഞില്ല; ആ വാക്കുകൾ ശ്രദ്ധിച്ചതുമില്ല. “മഹത്ത്വം ഇസ്രായേലിൽനിന്നു പൊയ്പ്പോയിരിക്കുന്നു,” എന്നു പറഞ്ഞുകൊണ്ട് അവൾ ആ പൈതലിന് ഈഖാബോദ് എന്നു പേരിട്ടു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാലും അവളുടെ അമ്മായിയപ്പനും ഭർത്താവും മരിച്ചതിനാലും ആണ് അവൾ ഈ വിധം പറഞ്ഞത്. അവൾ വീണ്ടും, “ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാൽ മഹത്ത്വം ഇസ്രായേലിൽനിന്ന് പൊയ്പ്പോയിരിക്കുന്നു” എന്നു പറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 4 വായിക്കുക