1 SAMUELA 4:12-22

1 SAMUELA 4:12-22 MALCLBSI

ബെന്യാമീൻഗോത്രക്കാരനായ ഒരാൾ അന്നുതന്നെ യുദ്ധരംഗത്തുനിന്നു വസ്ത്രം പിച്ചിച്ചീന്തിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ശീലോവിൽ പാഞ്ഞെത്തി. അയാൾ അവിടെ എത്തുമ്പോൾ ഏലി സർവേശ്വരന്റെ പെട്ടകത്തെച്ചൊല്ലി ആകുലചിത്തനായി വഴിയിലേക്കു നോക്കി ഇരിക്കുകയായിരുന്നു. അയാൾ പട്ടണത്തിൽ എത്തി വാർത്ത അറിയിച്ചപ്പോൾ പട്ടണവാസികൾ മുറവിളി കൂട്ടി. ഏലി അതു ശ്രദ്ധിച്ചു; എന്തിനാണ് ഈ മുറവിളി എന്ന് അന്വേഷിച്ചു. വിവരം അറിയിക്കാൻ ദൂതൻ ഏലിയുടെ അടുക്കൽ ഓടി എത്തി, അദ്ദേഹത്തോടു സംസാരിച്ചു. ഏലിക്ക് അപ്പോൾ തൊണ്ണൂറ്റെട്ടു വയസ്സായിരുന്നു. കാണാൻ കഴിയാത്തവിധം കണ്ണിന്റെ കാഴ്ച ക്ഷയിച്ചിരുന്നു; “ഞാൻ ഇന്നു യുദ്ധരംഗത്തുനിന്ന് ഓടി രക്ഷപെട്ട് ഇവിടെ എത്തിയതാണ്” എന്നു ദൂതൻ പറഞ്ഞു. “മകനേ, എന്തു സംഭവിച്ചു” എന്ന് ഏലി ചോദിച്ചു. അയാൾ പറഞ്ഞു: “ഇസ്രായേൽ ഫെലിസ്ത്യരോടു തോറ്റു; ജനത്തിൽ ഒരു വലിയ ഭാഗം കൊല്ലപ്പെട്ടു; അവിടുത്തെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും വധിക്കപ്പെട്ടു; ദൈവത്തിന്റെ പെട്ടകം അവർ പിടിച്ചെടുത്തു.” ദൈവത്തിന്റെ പെട്ടകം എന്നു കേട്ട മാത്രയിൽ പടിവാതില്‌ക്കലെ ഇരിപ്പിടത്തിൽനിന്ന് ഏലി പിറകോട്ടു മറിഞ്ഞു വീണു കഴുത്തൊടിഞ്ഞു മരിച്ചു. അയാൾ വൃദ്ധനും സ്ഥൂലഗാത്രനും ആയിരുന്നു. ഏലി നാല്പതു വർഷം ഇസ്രായേലിൽ ന്യായപാലനം ചെയ്തിരുന്നു. ഏലിയുടെ മകൻ ഫീനെഹാസിന്റെ ഭാര്യക്ക് പ്രസവസമയം അടുത്തിരുന്നു. ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടു എന്നും തന്റെ ഭർത്താവും ഭർത്തൃപിതാവും മരിച്ചു എന്നും കേട്ടപ്പോൾ അവൾക്കു പ്രസവവേദന ഉണ്ടായി; അവൾ ഉടൻതന്നെ പ്രസവിച്ചു. ആസന്നമരണയായ അവളോട് അടുത്തു നിന്ന സ്‍ത്രീകൾ പറഞ്ഞു: “ഭയപ്പെടേണ്ടാ; നീയൊരു ആൺകുട്ടിയെ പ്രസവിച്ചിരിക്കുന്നു.” എന്നാൽ അവൾ മറുപടി പറഞ്ഞില്ല; അവരെ ശ്രദ്ധിച്ചതുമില്ല. ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതും ഭർത്താവും ഭർത്തൃപിതാവും മരണമടഞ്ഞതും കേട്ടപ്പോൾ ഇസ്രായേലിൽനിന്നു മഹത്ത്വം വിട്ടുപോയി എന്നു പറഞ്ഞ് അവൾ തന്റെ കുഞ്ഞിന് “ഈഖാബോദ്” എന്നു പേരിട്ടു. അവൾ പറഞ്ഞു: “ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ട് മഹത്ത്വം ഇസ്രായേലിൽനിന്ന് വിട്ടുപോയിരിക്കുന്നു.”

1 SAMUELA 4 വായിക്കുക