യുദ്ധക്കളത്തിൽ നിന്ന് ഒരു ബെന്യാമീൻ ഗോത്രക്കാരൻ വസ്ത്രം കീറിയും തലയിൽ മണ്ണ് വാരിയിട്ടുംകൊണ്ട് ഓടി. അയാൾ അന്നുതന്നെ ശീലോവിൽ വന്നു. അവൻ വരുമ്പോൾ ഏലി നോക്കിക്കൊണ്ട് വഴിയരികെ തന്റെ പീഠത്തിൽ ഇരിക്കയായിരുന്നു; യഹോവയുടെ നിയമപെട്ടകത്തെക്കുറിച്ച് അവന്റെ ഹൃദയം വ്യസനിച്ചിരുന്നു; ആ മനുഷ്യൻ പട്ടണത്തിൽ എത്തി ഈ വാർത്ത പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാവരും ഭയന്നു നിലവിളിച്ചു. ഏലി നിലവിളികേട്ടപ്പോൾ “ഈ ആരവം എന്ത്?” എന്നു ചോദിച്ചു. ആ മനുഷ്യൻ തിടുക്കത്തോടെ വന്ന് ഏലിയോടും അറിയിച്ചു. ഏലി തൊണ്ണൂറ്റെട്ട് വയസ്സുള്ളവനും കാണുവാൻ കഴിയാതവണ്ണം കണ്ണ് മങ്ങിയവനും ആയിരുന്നു. ആ മനുഷ്യൻ ഏലിയോട്: “ഞാൻ ഇപ്പോൾ യുദ്ധക്കളത്തിൽനിന്ന് ഓടിവന്നവൻ ആകുന്നു” എന്നു പറഞ്ഞു. “വാർത്ത എന്താകുന്നു, മകനേ?” എന്നു അവൻ ചോദിച്ചു. അതിന് ആ സന്ദേശവാഹകൻ: “യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു; ദൈവത്തിന്റെ പെട്ടകവും പിടിക്കപ്പെട്ടു” എന്നു പറഞ്ഞു. ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ കാര്യം അറിഞ്ഞപ്പോൾ ഏലി പടിവാതില്ക്കൽ, പീഠത്തിൽനിന്ന് പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും ഭാരമുള്ളവനും ആയിരുന്നു. അവൻ നാല്പത് വർഷം യിസ്രായേലിനു ന്യായപാലനം ചെയ്തു. എന്നാൽ അവന്റെ മരുമകൾ ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗർഭിണിയായിരുന്നു; ദൈവത്തിന്റെ നിയമപെട്ടകം പിടിക്കപ്പെട്ടതും അമ്മാവിയപ്പനും ഭർത്താവും മരിച്ചതും കേട്ടപ്പോൾ അവൾക്ക് പ്രസവവേദന തുടങ്ങി; അവൾ നിലത്ത് വീണ് പ്രസവിച്ചു. അവൾ മരിക്കാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോട്: “ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല. ദൈവത്തിന്റെ നിയമപെട്ടകം പിടിക്കപ്പെട്ടതുകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: “മഹത്വം യിസ്രായേലിൽ നിന്ന് പൊയ്പോയി” എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് എന്നു പേർ ഇട്ടു. ദൈവത്തിന്റെ നിയമപെട്ടകം പിടിക്കപ്പെട്ടതുകൊണ്ട് “മഹത്വം യിസ്രായേലിൽ നിന്നു പൊയ്പോയി” എന്നു അവൾ പറഞ്ഞു.
1 ശമു. 4 വായിക്കുക
കേൾക്കുക 1 ശമു. 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമു. 4:12-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ