അന്നുതന്നെ ബെന്യാമീൻഗോത്രജനായ ഒരാൾ പടക്കളത്തിൽനിന്നു തന്റെ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്, ശീലോവിലേക്ക് ഓടിയെത്തി. അയാൾ വന്നെത്തുമ്പോൾ ഏലി തന്റെ ഇരിപ്പിടത്തിൽ വഴിയോരത്ത് വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന്റെ ഹൃദയം ദൈവത്തിന്റെ പേടകത്തിന്റെ കാര്യമോർത്ത് വ്യാകുലപ്പെട്ടിരുന്നു. ആ മനുഷ്യൻ നഗരത്തിലെത്തി സംഭവിച്ച കാര്യങ്ങൾ അറിയിച്ചതോടെ നഗരവാസികൾ ഒന്നടങ്കം മുറവിളിയിട്ടു കരഞ്ഞു. ഏലി ആ നിലവിളി കേട്ടപ്പോൾ, “ഈ ആരവത്തിന്റെ അർഥമെന്താണ്?” എന്നു ചോദിച്ചു. ആ മനുഷ്യൻ അതിവേഗം ഏലിയുടെ സമീപത്തെത്തി. അദ്ദേഹം തൊണ്ണൂറ്റിയെട്ടു വയസ്സുള്ളവനും ഒന്നും കാണാൻ കഴിയാത്തവിധം കാഴ്ച മങ്ങിയവനുമായിരുന്നു. അയാൾ ഏലിയോട്, “ഞാൻ യുദ്ധമുന്നണിയിൽനിന്ന് വരികയാണ്. ഇന്നാണ് ഞാൻ അവിടെനിന്നു രക്ഷപ്പെട്ടോടിയത്” എന്നറിയിച്ചു. “എന്റെ മകനേ, എന്താണ് സംഭവിച്ചത്?” ഏലി ചോദിച്ചു. വാർത്തയുമായി ഓടിയെത്തിയ മനുഷ്യൻ, “ഇസ്രായേൽ ഫെലിസ്ത്യരുടെമുമ്പിൽനിന്നു തോറ്റോടി. നമ്മുടെ സൈന്യത്തിന് കനത്ത നഷ്ടം ഏൽക്കേണ്ടിവന്നു. അങ്ങയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു. ദൈവത്തിന്റെ പേടകവും ശത്രുക്കൾ പിടിച്ചെടുത്തു” എന്നറിയിച്ചു. ദൈവത്തിന്റെ പേടകത്തിന്റെ കാര്യം ആ മനുഷ്യൻ പറഞ്ഞപ്പോൾത്തന്നെ ഏലി തന്റെ ഇരിപ്പിടത്തിൽനിന്നും പിറകോട്ടു മറിഞ്ഞ് കവാടത്തിനരികെ വീണ് കഴുത്തൊടിഞ്ഞു മരിച്ചു. അദ്ദേഹം വൃദ്ധനായിരുന്നു; വളരെയധികം വണ്ണവും ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഏലി നാൽപ്പതു വർഷക്കാലം ഇസ്രായേലിനെ ന്യായപാലനംചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരുമകളായ ഫീനെഹാസിന്റെ ഭാര്യ ഗർഭിണിയും പ്രസവസമയം അടുത്തിരുന്നവളും ആയിരുന്നു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തെന്നും തന്റെ അമ്മായിയപ്പനും ഭർത്താവും മരിച്ചു എന്നുമുള്ള വാർത്ത കേട്ടപ്പോൾ അവൾക്ക് പ്രസവവേദനയുണ്ടായി, ഒരു പൈതലിനു ജന്മംനൽകി. എന്നാൽ ആ കഠിനവേദന അവളെ മരണത്തിന് കീഴ്പ്പെടുത്തി. അവൾ അന്ത്യശ്വാസം വലിക്കുമ്പോൾ അവൾക്ക് പ്രസവശുശ്രൂഷ നൽകിയിരുന്ന സ്ത്രീ പറഞ്ഞു: “നിരാശപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചിരിക്കുന്നു!” എന്നാൽ അവൾ ഉത്തരമൊന്നും പറഞ്ഞില്ല; ആ വാക്കുകൾ ശ്രദ്ധിച്ചതുമില്ല. “മഹത്ത്വം ഇസ്രായേലിൽനിന്നു പൊയ്പ്പോയിരിക്കുന്നു,” എന്നു പറഞ്ഞുകൊണ്ട് അവൾ ആ പൈതലിന് ഈഖാബോദ് എന്നു പേരിട്ടു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാലും അവളുടെ അമ്മായിയപ്പനും ഭർത്താവും മരിച്ചതിനാലും ആണ് അവൾ ഈ വിധം പറഞ്ഞത്. അവൾ വീണ്ടും, “ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാൽ മഹത്ത്വം ഇസ്രായേലിൽനിന്ന് പൊയ്പ്പോയിരിക്കുന്നു” എന്നു പറഞ്ഞു.
1 ശമുവേൽ 4 വായിക്കുക
കേൾക്കുക 1 ശമുവേൽ 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമുവേൽ 4:12-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ