1 ശമൂവേൽ 27:8-12
1 ശമൂവേൽ 27:8-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദും അവന്റെ ആളുകളും ഗെശൂര്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്ന് ആക്രമിച്ചു. ഇവർ ശൂർവരെയും മിസ്രയീംദേശംവരെയുമുള്ള നാട്ടിലെ പൂർവനിവാസികളായിരുന്നു. എന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വച്ചേച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ട് അവൻ ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു. നിങ്ങൾ ഇന്ന് എവിടെയായിരുന്നു പോയി ആക്രമിച്ചത് എന്ന് ആഖീശ് ചോദിച്ചതിന്: യെഹൂദായ്ക്കു തെക്കും യെരഹ്‍മേല്യർക്കു തെക്കും കേന്യർക്കു തെക്കും എന്നു ദാവീദ് പറഞ്ഞു. ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, അവൻ ഫെലിസ്ത്യരുടെ ദേശത്തു പാർത്ത കാലമൊക്കെയും അവന്റെ പതിവ് ഇതായിരുന്നു എന്ന് അവർ നമ്മെക്കുറിച്ചു പറയരുത് എന്നുവച്ച് ഗത്തിൽ വിവരം അറിയിപ്പാൻ തക്കവണ്ണം ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വച്ചേച്ചില്ല. ദാവീദ് സ്വജനമായ യിസ്രായേലിനു തന്നെത്താൻ നാറ്റിച്ചതുകൊണ്ട് അവൻ എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞ് ആഖീശ് അവനിൽ വിശ്വാസംവച്ചു.
1 ശമൂവേൽ 27:8-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈജിപ്തിലേക്കുള്ള വഴിയിൽ ശൂർവരെയുള്ള ദേശത്തു പാർത്തിരുന്ന ഗെശൂര്യരെയും ഗെസ്രീയരെയും അമാലേക്യരെയും ദാവീദ് അനുയായികളുമൊത്ത് ആക്രമിച്ചു; ദാവീദ് ആ ദേശം നശിപ്പിച്ചു. സ്‍ത്രീകളെയോ പുരുഷന്മാരെയോ ശേഷിപ്പിച്ചില്ല. അവർ കൊള്ളയടിച്ച ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയുമായി ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു. നിങ്ങളുടെ ആക്രമണം ഇന്ന് എവിടെ ആയിരുന്നു എന്ന് ആഖീശ് ചോദിക്കുമ്പോഴെല്ലാം: യെഹൂദായ്‍ക്കു തെക്കെന്നോ, യെരഹ്‍മേല്യർക്കു തെക്കെന്നോ, കേന്യർക്കു തെക്കെന്നോ ദാവീദ് മറുപടി പറയുമായിരുന്നു. ദാവീദിന്റെയും അനുയായികളുടെയും പ്രവൃത്തികൾ ഗത്തിൽ ആരും അറിയാൻ ഇടയാകരുതെന്നു കരുതി അവർ ആക്രമിക്കുന്ന സ്ഥലങ്ങളിൽ സ്‍ത്രീപുരുഷന്മാരെയെല്ലാം സംഹരിക്കുക പതിവായിരുന്നു. ഫെലിസ്ത്യരുടെ നാട്ടിൽ പാർത്തിരുന്ന കാലമത്രയും ദാവീദ് അങ്ങനെതന്നെ പ്രവർത്തിച്ചു. ആഖീശ് ദാവീദിനെ വിശ്വസിച്ചു. അയാൾ ചിന്തിച്ചു: “ഇസ്രായേല്യരായ സ്വജനങ്ങളുടെ കഠിനമായ വെറുപ്പ് ഇവൻ സമ്പാദിച്ചിരിക്കുകയാണ്. അതുകൊണ്ട് അവൻ എന്നും എന്റെ ദാസനായിരുന്നുകൊള്ളും.”
1 ശമൂവേൽ 27:8-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദാവീദും അവന്റെ ആളുകളും ഗെശൂര്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്നു ആക്രമിച്ചു. ഇവർ ശൂർ വരെയും മിസ്രയീംദേശം വരെയുമുള്ള നാട്ടിലെ പൂർവ്വ നിവാസികളായിരുന്നു. എന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ച് ആഖീശിന്‍റെ അടുക്കൽ മടങ്ങിവന്നു. “നിങ്ങൾ ഇന്ന് എവിടെയാണ് പോയി ആക്രമിച്ചത്?” എന്നു ആഖീശ് ചോദിച്ചു അതിന്: “യെഹൂദെക്ക് തെക്കും യെരഹ്മേല്യര്‍ക്ക് തെക്കും കേന്യർക്കു തെക്കും” എന്നു ദാവീദ് മറുപടി പറഞ്ഞു. ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, ഫെലിസ്ത്യരുടെ ദേശത്ത് താമസിച്ച കാലമെല്ലാം അവൻ ഇങ്ങനെയായിരുന്നു എന്ന വിവരം ഗത്തിൽ അറിയിക്കാതിരിക്കാൻ ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വെച്ചില്ല. “ദാവീദ് സ്വജനമായ യിസ്രായേലിനു വെറുപ്പായതുകൊണ്ട് അവൻ എന്നും എന്റെ ദാസനായിരിക്കും” എന്നു പറഞ്ഞ് ആഖീശ് അവനിൽ വിശ്വസിച്ചു.
1 ശമൂവേൽ 27:8-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദും അവന്റെ ആളുകളും ഗെശൂര്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്നു ആക്രമിച്ചു. ഇവർ ശൂർ വരെയും മിസ്രയീംദേശം വരെയുമുള്ള നാട്ടിലെ പൂർവ്വ നിവാസികളായിരുന്നു. എന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവൻ ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു. നിങ്ങൾ ഇന്നു എവിടെയായിരുന്നു പോയി ആക്രമിച്ചതു എന്നു ആഖീശ് ചോദിച്ചതിന്നു: യെഹൂദെക്കു തെക്കും യെരപ്മേല്യക്കു തെക്കും കേന്യർക്കു തെക്കും എന്നു ദാവീദ് പറഞ്ഞു. ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, അവൻ ഫെലിസ്ത്യരുടെ ദേശത്തു പാർത്ത കാലമൊക്കെയും അവന്റെ പതിവു ഇതായിരുന്നു എന്നു അവർ നമ്മെക്കുറിച്ചു പറയരുതു എന്നുവെച്ചു ഗത്തിൽ വിവരം അറിയിപ്പാൻ തക്കവണ്ണം ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വെച്ചേച്ചില്ല. ദാവീദ് സ്വജനമായ യിസ്രായേലിന്നു തന്നെത്താൻ നാറ്റിച്ചതുകൊണ്ടു അവൻ എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞു ആഖീശ് അവനിൽ വിശ്വാസം വെച്ചു.
1 ശമൂവേൽ 27:8-12 സമകാലിക മലയാളവിവർത്തനം (MCV)
ദാവീദും അനുയായികളും ഗെശൂര്യരെയും ഗെസിയരെയും അമാലേക്യരെയും കടന്നാക്രമിച്ചു (ഈ ജനതകൾ പ്രാചീനകാലംമുതൽക്കേ ശൂർവരെയും ഈജിപ്റ്റുവരെയും ഉള്ളപ്രദേശങ്ങളിലെ നിവാസികളായിരുന്നു). ദാവീദ് എപ്പോഴെങ്കിലും ഒരു പ്രദേശത്തെ ആക്രമിച്ചാൽ അവിടെ ഒരു പുരുഷനെയോ ഒരു സ്ത്രീയെയോപോലും ജീവനോടെ ശേഷിപ്പിച്ചിരുന്നില്ല. എന്നാൽ ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം അപഹരിച്ചുകൊണ്ടുപോരുമായിരുന്നു. എല്ലാംകഴിഞ്ഞ് അദ്ദേഹം ആഖീശിന്റെ അടുത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു. “നിങ്ങളിന്ന് എവിടെയാണ് ആക്രമണത്തിനു പോയത്,” എന്ന് ആഖീശ് ചോദിച്ചാൽ, “യെഹൂദയ്ക്കും തെക്ക്, യരഹ്മേല്യർക്കും തെക്ക്, കേന്യർക്കും തെക്ക്” എന്നിങ്ങനെ ദാവീദ് മറുപടി പറയുമായിരുന്നു. ഗത്തിൽ വിവരം അറിയിക്കാൻ തക്കവണ്ണം പുരുഷനെയാകട്ടെ, സ്ത്രീയെയാകട്ടെ, ഒരുത്തനെയും ദാവീദ് ജീവനോടെ അവശേഷിപ്പിച്ചില്ല. മറിച്ചായാൽ, “ ‘ദാവീദ് ഞങ്ങളോട് ഈ വിധത്തിൽ പ്രവർത്തിച്ചു,’ എന്ന് അവർ പറയുമല്ലോ” എന്നു ദാവീദ് ചിന്തിച്ചിരുന്നു. ഫെലിസ്ത്യരുടെ ദേശത്തു താമസിച്ചിരുന്ന കാലമെല്ലാം ദാവീദിന്റെ പതിവ് ഇതായിരുന്നു. ആഖീശ് ദാവീദിനെ വിശ്വസിച്ചു. “അവൻ ഇസ്രായേല്യർക്ക് അത്യന്തം നിന്ദ്യനായി തീർന്നിരിക്കുകയാൽ എക്കാലവും എന്റെ സേവകനായിരിക്കും,” എന്ന് അയാൾ വിചാരിച്ചു.