1 SAMUELA 27

27
ദാവീദ് ഫെലിസ്ത്യരുടെ ഇടയിൽ
1ദാവീദ് ചിന്തിച്ചു; “ഞാൻ ഒരു ദിവസം ശൗലിന്റെ കൈയാൽ മരിക്കും. ഫെലിസ്ത്യരുടെ ദേശത്തേക്ക് ഓടി രക്ഷപെടുകയല്ലേ നല്ലത്? അങ്ങനെ ശൗൽ ഇസ്രായേലിന്റെ അതിർത്തികൾക്കുള്ളിൽ എന്നെ തിരഞ്ഞ് നിരാശനാകും. ഞാൻ അദ്ദേഹത്തിന്റെ കൈയിൽനിന്നു രക്ഷപെടുകയും ചെയ്യും.” 2ദാവീദ് അറുനൂറു അനുചരന്മാരെയും കൂട്ടിക്കൊണ്ട് ഗത്തിലെ രാജാവും മാവോക്കിന്റെ പുത്രനുമായ ആഖീശിന്റെ അടുക്കലേക്കു പോയി; 3ദാവീദും കൂട്ടരും കുടുംബസമേതം അവിടെ പാർത്തു. ദാവീദിന്റെ ഭാര്യമാരായ ജെസ്രീൽക്കാരി അഹീനോവാമും നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിലും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നു. 4ദാവീദ് ഗത്തിലേക്ക് ഓടിപ്പോയവിവരം അറിഞ്ഞശേഷം ശൗൽ അദ്ദേഹത്തെ അന്വേഷിച്ചതേയില്ല. 5ദാവീദ് ആഖീശിനോടു പറഞ്ഞു: “അങ്ങേക്ക് എന്നോടു പ്രീതി തോന്നുന്നു എങ്കിൽ നാട്ടിൻപുറത്ത് എവിടെയെങ്കിലും ഒരു സ്ഥലം തന്നാലും. ഞാൻ അവിടെ പാർത്തുകൊള്ളാം; അങ്ങയുടെ കൂടെ രാജനഗരത്തിൽ ഞാൻ പാർക്കുന്നതെന്തിന്?” 6ആഖീശ് അന്നുതന്നെ സിക്ലാഗ്പ്രദേശം ദാവീദിനു നല്‌കി. അതുകൊണ്ട് സിക്ലാഗ് ഇന്നും യെഹൂദാരാജാക്കന്മാരുടെ വകയാണ്.
7ദാവീദ് ഫെലിസ്ത്യദേശത്ത് ഒരു വർഷവും നാലു മാസവും പാർത്തു. 8ഈജിപ്തിലേക്കുള്ള വഴിയിൽ ശൂർവരെയുള്ള ദേശത്തു പാർത്തിരുന്ന ഗെശൂര്യരെയും ഗെസ്രീയരെയും അമാലേക്യരെയും ദാവീദ് അനുയായികളുമൊത്ത് ആക്രമിച്ചു; 9ദാവീദ് ആ ദേശം നശിപ്പിച്ചു. സ്‍ത്രീകളെയോ പുരുഷന്മാരെയോ ശേഷിപ്പിച്ചില്ല. അവർ കൊള്ളയടിച്ച ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയുമായി ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു. 10നിങ്ങളുടെ ആക്രമണം ഇന്ന് എവിടെ ആയിരുന്നു എന്ന് ആഖീശ് ചോദിക്കുമ്പോഴെല്ലാം: യെഹൂദായ്‍ക്കു തെക്കെന്നോ, യെരഹ്‍മേല്യർക്കു തെക്കെന്നോ, കേന്യർക്കു തെക്കെന്നോ ദാവീദ് മറുപടി പറയുമായിരുന്നു. 11ദാവീദിന്റെയും അനുയായികളുടെയും പ്രവൃത്തികൾ ഗത്തിൽ ആരും അറിയാൻ ഇടയാകരുതെന്നു കരുതി അവർ ആക്രമിക്കുന്ന സ്ഥലങ്ങളിൽ സ്‍ത്രീപുരുഷന്മാരെയെല്ലാം സംഹരിക്കുക പതിവായിരുന്നു. ഫെലിസ്ത്യരുടെ നാട്ടിൽ പാർത്തിരുന്ന കാലമത്രയും ദാവീദ് അങ്ങനെതന്നെ പ്രവർത്തിച്ചു. 12ആഖീശ് ദാവീദിനെ വിശ്വസിച്ചു. അയാൾ ചിന്തിച്ചു: “ഇസ്രായേല്യരായ സ്വജനങ്ങളുടെ കഠിനമായ വെറുപ്പ് ഇവൻ സമ്പാദിച്ചിരിക്കുകയാണ്. അതുകൊണ്ട് അവൻ എന്നും എന്റെ ദാസനായിരുന്നുകൊള്ളും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 SAMUELA 27: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക