1 SAMUELA 28

28
1ആ കാലത്തു ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധം ചെയ്യാൻ സേനകളെ ഒരുമിച്ചു കൂട്ടി. ആഖീശ് ദാവീദിനോടു പറഞ്ഞു: “നീയും അനുയായികളും യുദ്ധത്തിന് എന്റെ കൂടെ പോരണം.” 2ദാവീദ് ആഖീശിനോടു പറഞ്ഞു: “ഈ ദാസന് എന്തു ചെയ്യാൻ കഴിയും എന്ന് അങ്ങേക്കു കാണാം.” “അങ്ങനെയെങ്കിൽ നീ എന്നും എന്റെ അംഗരക്ഷകനായിരിക്കും.” ആഖീശ് ദാവീദിനോടു പറഞ്ഞു.
ശൗൽ മന്ത്രവാദിനിയുടെ അടുക്കൽ പോകുന്നു
3ശമൂവേൽ മരിക്കുകയും ഇസ്രായേൽജനമെല്ലാം അദ്ദേഹത്തിനുവേണ്ടി വിലപിക്കുകയും അദ്ദേഹത്തിന്റെ സ്വന്തം നഗരമായ രാമായിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തിരുന്നു. സകല മന്ത്രവാദികളെയും ആഭിചാരകരെയും ശൗൽ രാജ്യത്തുനിന്നു പുറത്താക്കിയിരുന്നു. 4ഫെലിസ്ത്യർ ഒരുമിച്ചുകൂടി ശൂനേം പട്ടണത്തിനടുത്ത് പാളയമടിച്ചു; ഇസ്രായേല്യരെയെല്ലാം കൂട്ടിക്കൊണ്ട് ശൗൽ ഗിൽബോവയിലും പാളയമടിച്ചു. 5ഫെലിസ്ത്യസൈന്യത്തെ കണ്ട് ശൗൽ ഭയപ്പെട്ട് അസ്വസ്ഥചിത്തനായി. 6സർവേശ്വരഹിതം അറിയാൻ ശൗൽ ശ്രമിച്ചെങ്കിലും സ്വപ്നത്തിലൂടെയോ ഊറീമിലൂടെയോ പ്രവാചകന്മാരിലൂടെയോ സർവേശ്വരനിൽനിന്നു മറുപടി ലഭിച്ചില്ല; 7അപ്പോൾ ഉപദേശം തേടുന്നതിന് ഒരു മന്ത്രവാദിനിയെ കണ്ടുപിടിക്കാൻ ശൗൽ ഭൃത്യന്മാരോടു കല്പിച്ചു. എൻ-ദോരിൽ ഒരു മന്ത്രവാദിനി ഉള്ള വിവരം അവർ രാജാവിനോടു പറഞ്ഞു. 8ശൗൽ ആ രാത്രിയിൽതന്നെ വേഷപ്രച്ഛന്നനായി രണ്ടു ഭൃത്യന്മാരോടുകൂടി ആ സ്‍ത്രീയുടെ അടുക്കലെത്തി. അവളുടെ മന്ത്രശക്തികൊണ്ടു താൻ നിർദ്ദേശിക്കുന്ന ആളെ വരുത്തണമെന്ന് രാജാവ് ആവശ്യപ്പെട്ടു. 9അപ്പോൾ അവൾ പറഞ്ഞു: “സകല മന്ത്രവാദികളെയും ആഭിചാരകരെയും ശൗൽ നാട്ടിൽനിന്നു തുരത്തിയ വിവരം നിങ്ങൾക്കറിഞ്ഞുകൂടേ? പിന്നെ എന്നെ നശിപ്പിക്കാൻ എന്തിനു നിങ്ങൾ കെണിയൊരുക്കുന്നു?” 10അപ്പോൾ ശൗൽ സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്തു പറഞ്ഞു: “ഈ കാര്യം നിമിത്തം നിനക്ക് ഒരു ശിക്ഷയും ഉണ്ടാവുകയില്ല.” 11“ഞാൻ ആരെയാണു വരുത്തിത്തരേണ്ടത്” എന്ന് അവൾ ചോദിച്ചു; “ശമൂവേലിനെ വരുത്തിത്തരണം;” അയാൾ മറുപടി പറഞ്ഞു. 12ശമൂവേലിനെ കണ്ടപ്പോൾ ആ സ്‍ത്രീ ഉറക്കെ നിലവിളിച്ചു. അവൾ ശൗലിനോടു ചോദിച്ചു: “രാജാവല്ലേ അങ്ങ്? എന്നെ എന്തിനു ചതിച്ചു? അങ്ങ് ശൗലല്ലേ?” 13രാജാവ് അവളോടു പറഞ്ഞു: “നീ ഭയപ്പെടേണ്ട; എന്താണ് നീ കാണുന്നത്?” “ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു” ആ സ്‍ത്രീ പറഞ്ഞു. 14“ആ ദേവന്റെ രൂപം എങ്ങനെ?” ശൗൽ ചോദിച്ചു. അവൾ പറഞ്ഞു: “ഒരു വൃദ്ധനാണ് കയറിവരുന്നത്; അങ്കി ധരിച്ചിട്ടുണ്ട്.” അതു ശമൂവേലാണെന്നു ശൗലിനു മനസ്സിലായി. അദ്ദേഹം സാഷ്ടാംഗം വീണു നമസ്കരിച്ചു. 15ശമൂവേൽ ശൗലിനോടു ചോദിച്ചു: “നീ എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയതെന്ത്?” ശൗൽ പറഞ്ഞു: ” ഞാൻ വലിയ കഷ്ടതയിലായിരിക്കുന്നു. ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുകയാണ്; സർവേശ്വരൻ എന്നെ കൈവിട്ടിരിക്കുന്നു; പ്രവാചകരിലൂടെയോ സ്വപ്നത്തിലൂടെയോ എനിക്ക് ഉത്തരം നല്‌കുന്നില്ല, അതുകൊണ്ട് ഞാൻ എന്തു ചെയ്യണം എന്നു പറഞ്ഞുതരേണ്ടതിനാണ് ഞാൻ അങ്ങയെ വിളിച്ചുവരുത്തിയത്.” 16ശമൂവേൽ പറഞ്ഞു: “സർവേശ്വരൻ നിന്നെ കൈവിട്ട്, നിനക്ക് എതിരാളി ആയിരിക്കെ എന്തിന് എന്നോടു ചോദിക്കുന്നു. 17എന്നിലൂടെ അരുളപ്പാടുണ്ടായതുപോലെ അവിടുന്നു പ്രവർത്തിച്ചിരിക്കുന്നു. രാജ്യം നിന്നിൽനിന്നെടുത്തു നിന്റെ അയൽക്കാരനായ ദാവീദിനു കൊടുത്തിരിക്കുന്നു. 18സർവേശ്വരന്റെ ശബ്ദം നീ കേട്ടില്ല; അമാലേക്യരോടുള്ള അവിടുത്തെ ഉഗ്രകോപം അറിഞ്ഞ് നീ പ്രവർത്തിച്ചില്ല. അതുകൊണ്ടാണ് അവിടുന്നു ഇപ്പോൾ നിന്നോട് ഇങ്ങനെ പ്രവർത്തിച്ചിരിക്കുന്നത്. 19അവിടുന്ന് നിന്നോടൊപ്പം ഇസ്രായേൽജനങ്ങളെയും ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കും; നീയും നിന്റെ പുത്രന്മാരും നാളെ എന്റെ കൂടെ ചേരും; ഇസ്രായേൽസൈന്യത്തെയും സർവേശ്വരൻ ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കും.” 20ശമൂവേൽ പറഞ്ഞതു കേട്ട് ശൗൽ വല്ലാതെ ഭയന്ന് നെടുനീളം നിലത്തുവീണു. അന്നു പകലോ രാത്രിയിലോ ഒന്നും ഭക്ഷിക്കാതെയിരുന്നതിനാൽ അദ്ദേഹം ക്ഷീണിച്ച് അവശനായി. 21മന്ത്രവാദിനി ശൗലിന്റെ അടുക്കൽ വന്നു; അത്യന്തം പരിഭ്രാന്തനായ ശൗലിനെ കണ്ട് അവൾ പറഞ്ഞു: “ഇതാ, അങ്ങയുടെ ദാസി; അങ്ങയുടെ വാക്കു കേട്ട് ജീവൻ പണയപ്പെടുത്തിപ്പോലും അങ്ങയെ അനുസരിച്ചു. 22അതുകൊണ്ട് ഞാൻ പറയുന്നത് അങ്ങു കേട്ടാലും; ഞാൻ അങ്ങയുടെ മുമ്പിൽ വയ്‍ക്കുന്ന അല്പം അപ്പം ഭക്ഷിച്ചാലും. അതുകൊണ്ട് യാത്രയ്‍ക്കുവേണ്ട ശക്തി അങ്ങേക്കു ലഭിക്കും.” ശൗൽ അതു നിരസിച്ചു. 23ആ സ്‍ത്രീയും രാജഭൃത്യന്മാരും നിർബന്ധിച്ചു; അതനുസരിച്ചു രാജാവ് നിലത്തുനിന്ന് എഴുന്നേറ്റു കിടക്കയിൽ ഇരുന്നു. 24ആ സ്‍ത്രീ ഉടൻതന്നെ തന്റെ വീട്ടിൽ ഉണ്ടായിരുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിനെ കൊന്നു പാചകം ചെയ്തു. മാവെടുത്തു കുഴച്ചു പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. 25അവൾ അതു ശൗലിനും ഭൃത്യന്മാർക്കും വിളമ്പിക്കൊടുത്തു; അവർ അതു ഭക്ഷിച്ചു. ആ രാത്രിയിൽതന്നെ അവർ തിരിച്ചുപോകുകയും ചെയ്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 SAMUELA 28: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക