1 ശമുവേൽ 27:8-12

1 ശമുവേൽ 27:8-12 MCV

ദാവീദും അനുയായികളും ഗെശൂര്യരെയും ഗെസിയരെയും അമാലേക്യരെയും കടന്നാക്രമിച്ചു (ഈ ജനതകൾ പ്രാചീനകാലംമുതൽക്കേ ശൂർവരെയും ഈജിപ്റ്റുവരെയും ഉള്ളപ്രദേശങ്ങളിലെ നിവാസികളായിരുന്നു). ദാവീദ് എപ്പോഴെങ്കിലും ഒരു പ്രദേശത്തെ ആക്രമിച്ചാൽ അവിടെ ഒരു പുരുഷനെയോ ഒരു സ്ത്രീയെയോപോലും ജീവനോടെ ശേഷിപ്പിച്ചിരുന്നില്ല. എന്നാൽ ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം അപഹരിച്ചുകൊണ്ടുപോരുമായിരുന്നു. എല്ലാംകഴിഞ്ഞ് അദ്ദേഹം ആഖീശിന്റെ അടുത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു. “നിങ്ങളിന്ന് എവിടെയാണ് ആക്രമണത്തിനു പോയത്,” എന്ന് ആഖീശ് ചോദിച്ചാൽ, “യെഹൂദയ്ക്കും തെക്ക്, യരഹ്മേല്യർക്കും തെക്ക്, കേന്യർക്കും തെക്ക്” എന്നിങ്ങനെ ദാവീദ് മറുപടി പറയുമായിരുന്നു. ഗത്തിൽ വിവരം അറിയിക്കാൻ തക്കവണ്ണം പുരുഷനെയാകട്ടെ, സ്ത്രീയെയാകട്ടെ, ഒരുത്തനെയും ദാവീദ് ജീവനോടെ അവശേഷിപ്പിച്ചില്ല. മറിച്ചായാൽ, “ ‘ദാവീദ് ഞങ്ങളോട് ഈ വിധത്തിൽ പ്രവർത്തിച്ചു,’ എന്ന് അവർ പറയുമല്ലോ” എന്നു ദാവീദ് ചിന്തിച്ചിരുന്നു. ഫെലിസ്ത്യരുടെ ദേശത്തു താമസിച്ചിരുന്ന കാലമെല്ലാം ദാവീദിന്റെ പതിവ് ഇതായിരുന്നു. ആഖീശ് ദാവീദിനെ വിശ്വസിച്ചു. “അവൻ ഇസ്രായേല്യർക്ക് അത്യന്തം നിന്ദ്യനായി തീർന്നിരിക്കുകയാൽ എക്കാലവും എന്റെ സേവകനായിരിക്കും,” എന്ന് അയാൾ വിചാരിച്ചു.