1 ശമൂവേൽ 23:14-23
1 ശമൂവേൽ 23:14-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദ് മരുഭൂമിയിലെ ദുർഗങ്ങളിൽ താമസിച്ചു. സീഫ്മരുഭൂമിയിലെ മലനാട്ടിൽ പാർത്തു; ഇക്കാലത്തൊക്കെയും ശൗൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കൈയിൽ ഏല്പിച്ചില്ല. തന്റെ ജീവനെ തേടി ശൗൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ്മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു. അനന്തരം ശൗലിന്റെ മകനായ യോനാഥാൻ പുറപ്പെട്ട് ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്ന് അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോട്: ഭയപ്പെടേണ്ടാ, എന്റെ അപ്പനായ ശൗലിന് നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിനു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അത് എന്റെ അപ്പനായ ശൗലും അറിയുന്നു എന്നു പറഞ്ഞു. ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാൻ വീട്ടിലേക്കു പോകയും ചെയ്തു. അനന്തരം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലമലയിലെ വനദുർഗങ്ങളിൽ ഒളിച്ചിരിക്കുന്നു. ആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കൈയിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു. അതിന് ശൗൽ പറഞ്ഞത്: നിങ്ങൾക്ക് എന്നോടു മനസ്സലിവ് തോന്നിയിരിക്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച് അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു. ആകയാൽ അവൻ ഒളിച്ചിരിക്കുന്ന ഒളിവിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്ന് സൂക്ഷ്മവിവരം എന്നെ അറിയിപ്പിൻ; ഞാൻ നിങ്ങളോടുകൂടെ പോരും; അവൻ ദേശത്ത് എങ്ങാനും ഉണ്ടെന്നുവരികിൽ ഞാൻ അവനെ യെഹൂദാ സഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും.
1 ശമൂവേൽ 23:14-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദ് സീഫ് മരുഭൂമിയിലെ കുന്നുകളിലും ഒളിസങ്കേതങ്ങളിലും പാർത്തു. അദ്ദേഹത്തെ കണ്ടുപിടിക്കാൻ ശൗൽ തുടരെ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ സർവേശ്വരൻ ദാവീദിനെ അദ്ദേഹത്തിന്റെ കൈയിൽ ഏല്പിച്ചുകൊടുത്തില്ല; തന്നെ കൊല്ലാൻ ശൗൽ അന്വേഷിച്ചു നടക്കുന്ന വിവരം ദാവീദ് അറിഞ്ഞു. അന്നു ദാവീദ് സീഫ്മരുഭൂമിയിലെ ഹോരേശിലായിരുന്നു. ശൗലിന്റെ പുത്രനായ യോനാഥാൻ അവിടെയെത്തി ദാവീദിനെ ദൈവത്തിൽ ധൈര്യപ്പെടുത്തി; അവൻ പറഞ്ഞു: “ഭയപ്പെടേണ്ടാ, എന്റെ പിതാവായ ശൗലിന് നിന്നെ പിടികൂടാൻ കഴിയുകയില്ല; നീ ഇസ്രായേലിന്റെ രാജാവാകും. ഞാൻ രണ്ടാമനായിരിക്കും. ഇത് എന്റെ പിതാവിനറിയാം.” അവർ ഇരുവരും സർവേശ്വരന്റെ സന്നിധിയിൽ ഉടമ്പടി ചെയ്തു. ദാവീദ് ഹോരേശിൽ പാർത്തു; യോനാഥാൻ വീട്ടിലേക്കു മടങ്ങിപ്പോയി. സീഫിലെ ആളുകൾ ഗിബെയായിൽ ശൗലിനെ സമീപിച്ചു പറഞ്ഞു: “മരുഭൂമിക്കു തെക്ക് ഞങ്ങൾക്കു സമീപം ഹഖീലാപർവതത്തിലെ ഹോരേശിലെ ദുർഗങ്ങളിൽ ദാവീദ് ഒളിച്ചുപാർക്കുന്നു; രാജാവേ, അങ്ങേക്ക് ഇഷ്ടമുള്ളപ്പോൾ വന്നാലും; അവനെ അങ്ങയുടെ കൈയിൽ ഞങ്ങൾ ഏല്പിച്ചുതരാം.” ശൗൽ പറഞ്ഞു: “നിങ്ങൾക്ക് എന്നോടു കരുണതോന്നിയല്ലോ! സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ; നിങ്ങൾ പോയി ഒന്നുകൂടി സൂക്ഷ്മമായി തിരക്കുവിൻ; അവൻ ഒളിച്ചിരിക്കുന്നതു എവിടെയാണെന്നും ആരെല്ലാം അവനെ കണ്ടിട്ടുണ്ടെന്നും മനസ്സിലാക്കണം; അവൻ വലിയ സൂത്രശാലിയാണെന്നു ഞാൻ കേട്ടിട്ടുണ്ട്. അവന്റെ ഒളിവിടങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കിയശേഷം എന്നെ വിവരം അറിയിക്കുവിൻ; അപ്പോൾ ഞാൻ നിങ്ങളുടെ കൂടെ വരാം; അവൻ യെഹൂദ്യദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ അവിടത്തെ ജനസഹസ്രങ്ങളിൽനിന്നു ഞാൻ അവനെ അന്വേഷിച്ചു കണ്ടുപിടിക്കും.”
1 ശമൂവേൽ 23:14-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമിയിലെ മലനാട്ടിലുള്ള ദുർഗ്ഗങ്ങളിൽ താമസിച്ചു; ശൗല്‍ അവനെ എപ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നു; എങ്കിലും ദൈവം ദാവീദിനെ അവന്‍റെ കയ്യിൽ ഏല്പിച്ചില്ല. തന്റെ ജീവനെ തേടി ശൗല്‍ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് അറിഞ്ഞ്; അന്ന് ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു. അപ്പോൾ ശൗലിന്‍റെ മകനായ യോനാഥാൻ, കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു. അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി. യോനാഥാൻ അവനോട്: “ഭയപ്പെടേണ്ടാ, എന്റെ അപ്പനായ ശൗലിന് നിനക്ക് ഹാനി വരുത്താൻ കഴിയുകയില്ല; നീ യിസ്രായേലിനു രാജാവാകും; അന്ന് എനിക്ക് രണ്ടാമത്തെ സ്ഥാനം ആയിരിക്കും; അത് എന്റെ അപ്പനായ ശൗല്‍ അറിയുന്നു” എന്നു പറഞ്ഞു. ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടിചെയ്തു. ദാവീദ് കാട്ടിൽ താമസിക്കുകയും യോനാഥാൻ വീട്ടിലേക്കു പോകുകയും ചെയ്തു. അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: “ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു. അതുകൊണ്ട് രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു. അതിന് ശൗല്‍ പറഞ്ഞത്: “നിങ്ങൾക്ക് എന്നോട് മനസ്സലിവുള്ളതിനാൽ നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച്, അവൻ എവിടെയൊക്കെ പോകുന്നു എന്നും, അവിടെ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു. അതുകൊണ്ട് അവൻ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം കൃത്യമായി അറിഞ്ഞുവന്ന് ആ വിവരം എന്നെ അറിയിക്കുവിൻ; ഞാൻ നിങ്ങളോടുകൂടെ വരാം; അവൻ യെഹൂദാദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞാൻ അവനെ അവിടുത്തെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് കണ്ടുപിടിക്കും.”
1 ശമൂവേൽ 23:14-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമയിയിലെ മലനാട്ടിൽ പാർത്തു; ഇക്കാലത്തൊക്കെയും ശൗൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല. തന്റെ ജീവനെ തേടി ശൗൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു. അനന്തരം ശൗലിന്റെ മകനായ യോനാഥാൻ പുറപ്പെട്ടു ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോടു: ഭയപ്പെടേണ്ടാ, എന്റെ അപ്പനായ ശൗലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൗലും അറിയുന്നു എന്നു പറഞ്ഞു. ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാൻ വീട്ടിലേക്കു പോകയും ചെയ്തു. അനന്തരം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു. ആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു ശൗൽ പറഞ്ഞതു: നിങ്ങൾക്കു എന്നോടു മനസ്സലിവു തോന്നിയിരിക്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ചു അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു. ആകയാൽ അവൻ ഒളിച്ചിരിക്കുന്ന ഒളിപ്പിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്നു സൂക്ഷ്മവിവരം എന്നെ അറിയിപ്പിൻ; ഞാൻ നിങ്ങളോടുകൂടെ പോരും; അവൻ ദേശത്തു എങ്ങാനും ഉണ്ടെന്നു വരികിൽ ഞാൻ അവനെ യെഹൂദാസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും.
1 ശമൂവേൽ 23:14-23 സമകാലിക മലയാളവിവർത്തനം (MCV)
ദാവീദ് മരുഭൂമിയിലെ സുരക്ഷിതസങ്കേതങ്ങളിലും സീഫ് മരുഭൂമിയിലെ കുന്നുകളിലുമായി താമസിച്ചു. ശൗൽ ദിനംതോറും ദാവീദിനെ തെരഞ്ഞുകൊണ്ടിരുന്നു. എന്നാൽ ദൈവം അദ്ദേഹത്തെ അയാളുടെ കൈയിൽ ഏൽപ്പിച്ചില്ല. ദാവീദ് സീഫ് മരുഭൂമിയിലെ ഹോരേശിൽ ആയിരുന്നപ്പോൾ, തന്റെ ജീവനെത്തേടി ശൗൽ വന്നെത്തിയിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. ശൗലിന്റെ മകനായ യോനാഥാൻ ഹോരേശിൽ ദാവീദിന്റെ അടുത്തെത്തി. അദ്ദേഹത്തെ ദൈവത്തിൽ വിശ്വാസമർപ്പിക്കാൻ പറഞ്ഞ് ധൈര്യപ്പെടുത്തി. യോനാഥാൻ അദ്ദേഹത്തോട്: “ഭയപ്പെടേണ്ട; എന്റെ പിതാവായ ശൗൽ അങ്ങയുടെമേൽ കൈവെക്കുകയില്ല. അങ്ങ് ഇസ്രായേലിനു രാജാവായിത്തീരും; ഞാൻ അങ്ങേക്കു രണ്ടാമനും ആയിരിക്കും. ഇത് എന്റെ പിതാവായ ശൗലിനറിയാം” എന്നു പറഞ്ഞു. അവരിരുവരും യഹോവയുടെമുമ്പാകെ ഉടമ്പടിചെയ്തു. അതിനുശേഷം യോനാഥാൻ സ്വഭവനത്തിലേക്കു മടങ്ങിപ്പോയി. ദാവീദ് ഹോരേശിൽത്തന്നെ താമസിച്ചു. ഇതിനിടയിൽ സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുത്തെത്തി: “ദാവീദ് ഞങ്ങളുടെ സമീപത്ത് യശിമോന് തെക്ക് ഹഖീലാമലയിലെ ഹോരേശിലുള്ള സുരക്ഷിതകേന്ദ്രങ്ങളിൽ ഒളിച്ചിരിക്കുന്നു. ആകയാൽ രാജാവേ, അങ്ങയുടെ ഇഷ്ടംപോലെ എപ്പോൾ വേണമെങ്കിലും വന്നാലും! അവനെ അങ്ങയുടെ കൈകളിൽ ഏൽപ്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു. ശൗൽ മറുപടി പറഞ്ഞു: “നിങ്ങൾക്ക് എന്നോടുള്ള കരുതലിന് യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങൾചെന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുക. ദാവീദ് പതിവായി പോകുന്നതെവിടെയാണെന്നും അവിടെ അവനെ കണ്ടവർ ആരാണെന്നും അന്വേഷിച്ചറിയുക. അവൻ വലിയ തന്ത്രശാലിയാണ് എന്നാണ് ഞാൻ കേട്ടിരിക്കുന്നത്. അവൻ ഒളിച്ചിരിക്കാറുള്ള ഇടങ്ങളെല്ലാം കണ്ടുപിടിച്ച് സൂക്ഷ്മവിവരങ്ങളുമായി നിങ്ങൾ മടങ്ങിവരിക! അപ്പോൾ ഞാൻ നിങ്ങളോടുകൂടെ വരും. അവൻ ആ പ്രദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ യെഹൂദ്യയിലെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് ഞാനവനെ കണ്ടുപിടിക്കും.”