1 ശമു. 23:14-23

1 ശമു. 23:14-23 IRVMAL

ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമിയിലെ മലനാട്ടിലുള്ള ദുർഗ്ഗങ്ങളിൽ താമസിച്ചു; ശൗല്‍ അവനെ എപ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നു; എങ്കിലും ദൈവം ദാവീദിനെ അവന്‍റെ കയ്യിൽ ഏല്പിച്ചില്ല. തന്‍റെ ജീവനെ തേടി ശൗല്‍ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് അറിഞ്ഞ്; അന്ന് ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു. അപ്പോൾ ശൗലിന്‍റെ മകനായ യോനാഥാൻ, കാട്ടിൽ ദാവീദിന്‍റെ അടുക്കൽ ചെന്നു. അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി. യോനാഥാൻ അവനോട്: “ഭയപ്പെടേണ്ടാ, എന്‍റെ അപ്പനായ ശൗലിന് നിനക്ക് ഹാനി വരുത്താൻ കഴിയുകയില്ല; നീ യിസ്രായേലിനു രാജാവാകും; അന്ന് എനിക്ക് രണ്ടാമത്തെ സ്ഥാനം ആയിരിക്കും; അത് എന്‍റെ അപ്പനായ ശൗല്‍ അറിയുന്നു” എന്നു പറഞ്ഞു. ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടിചെയ്തു. ദാവീദ് കാട്ടിൽ താമസിക്കുകയും യോനാഥാൻ വീട്ടിലേക്കു പോകുകയും ചെയ്തു. അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൗലിന്‍റെ അടുക്കൽ വന്നു: “ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു. അതുകൊണ്ട് രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്‍റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു. അതിന് ശൗല്‍ പറഞ്ഞത്: “നിങ്ങൾക്ക് എന്നോട് മനസ്സലിവുള്ളതിനാൽ നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച്, അവൻ എവിടെയൊക്കെ പോകുന്നു എന്നും, അവിടെ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു. അതുകൊണ്ട് അവൻ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം കൃത്യമായി അറിഞ്ഞുവന്ന് ആ വിവരം എന്നെ അറിയിക്കുവിൻ; ഞാൻ നിങ്ങളോടുകൂടെ വരാം; അവൻ യെഹൂദാദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞാൻ അവനെ അവിടുത്തെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് കണ്ടുപിടിക്കും.”