ദാവീദ് മരുഭൂമിയിലെ സുരക്ഷിതസങ്കേതങ്ങളിലും സീഫ് മരുഭൂമിയിലെ കുന്നുകളിലുമായി താമസിച്ചു. ശൗൽ ദിനംതോറും ദാവീദിനെ തെരഞ്ഞുകൊണ്ടിരുന്നു. എന്നാൽ ദൈവം അദ്ദേഹത്തെ അയാളുടെ കൈയിൽ ഏൽപ്പിച്ചില്ല. ദാവീദ് സീഫ് മരുഭൂമിയിലെ ഹോരേശിൽ ആയിരുന്നപ്പോൾ, തന്റെ ജീവനെത്തേടി ശൗൽ വന്നെത്തിയിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. ശൗലിന്റെ മകനായ യോനാഥാൻ ഹോരേശിൽ ദാവീദിന്റെ അടുത്തെത്തി. അദ്ദേഹത്തെ ദൈവത്തിൽ വിശ്വാസമർപ്പിക്കാൻ പറഞ്ഞ് ധൈര്യപ്പെടുത്തി. യോനാഥാൻ അദ്ദേഹത്തോട്: “ഭയപ്പെടേണ്ട; എന്റെ പിതാവായ ശൗൽ അങ്ങയുടെമേൽ കൈവെക്കുകയില്ല. അങ്ങ് ഇസ്രായേലിനു രാജാവായിത്തീരും; ഞാൻ അങ്ങേക്കു രണ്ടാമനും ആയിരിക്കും. ഇത് എന്റെ പിതാവായ ശൗലിനറിയാം” എന്നു പറഞ്ഞു. അവരിരുവരും യഹോവയുടെമുമ്പാകെ ഉടമ്പടിചെയ്തു. അതിനുശേഷം യോനാഥാൻ സ്വഭവനത്തിലേക്കു മടങ്ങിപ്പോയി. ദാവീദ് ഹോരേശിൽത്തന്നെ താമസിച്ചു. ഇതിനിടയിൽ സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുത്തെത്തി: “ദാവീദ് ഞങ്ങളുടെ സമീപത്ത് യശിമോന് തെക്ക് ഹഖീലാമലയിലെ ഹോരേശിലുള്ള സുരക്ഷിതകേന്ദ്രങ്ങളിൽ ഒളിച്ചിരിക്കുന്നു. ആകയാൽ രാജാവേ, അങ്ങയുടെ ഇഷ്ടംപോലെ എപ്പോൾ വേണമെങ്കിലും വന്നാലും! അവനെ അങ്ങയുടെ കൈകളിൽ ഏൽപ്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു. ശൗൽ മറുപടി പറഞ്ഞു: “നിങ്ങൾക്ക് എന്നോടുള്ള കരുതലിന് യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങൾചെന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുക. ദാവീദ് പതിവായി പോകുന്നതെവിടെയാണെന്നും അവിടെ അവനെ കണ്ടവർ ആരാണെന്നും അന്വേഷിച്ചറിയുക. അവൻ വലിയ തന്ത്രശാലിയാണ് എന്നാണ് ഞാൻ കേട്ടിരിക്കുന്നത്. അവൻ ഒളിച്ചിരിക്കാറുള്ള ഇടങ്ങളെല്ലാം കണ്ടുപിടിച്ച് സൂക്ഷ്മവിവരങ്ങളുമായി നിങ്ങൾ മടങ്ങിവരിക! അപ്പോൾ ഞാൻ നിങ്ങളോടുകൂടെ വരും. അവൻ ആ പ്രദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ യെഹൂദ്യയിലെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് ഞാനവനെ കണ്ടുപിടിക്കും.”
1 ശമുവേൽ 23 വായിക്കുക
കേൾക്കുക 1 ശമുവേൽ 23
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമുവേൽ 23:14-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ