1 SAMUELA 23:14-23

1 SAMUELA 23:14-23 MALCLBSI

ദാവീദ് സീഫ് മരുഭൂമിയിലെ കുന്നുകളിലും ഒളിസങ്കേതങ്ങളിലും പാർത്തു. അദ്ദേഹത്തെ കണ്ടുപിടിക്കാൻ ശൗൽ തുടരെ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ സർവേശ്വരൻ ദാവീദിനെ അദ്ദേഹത്തിന്റെ കൈയിൽ ഏല്പിച്ചുകൊടുത്തില്ല; തന്നെ കൊല്ലാൻ ശൗൽ അന്വേഷിച്ചു നടക്കുന്ന വിവരം ദാവീദ് അറിഞ്ഞു. അന്നു ദാവീദ് സീഫ്മരുഭൂമിയിലെ ഹോരേശിലായിരുന്നു. ശൗലിന്റെ പുത്രനായ യോനാഥാൻ അവിടെയെത്തി ദാവീദിനെ ദൈവത്തിൽ ധൈര്യപ്പെടുത്തി; അവൻ പറഞ്ഞു: “ഭയപ്പെടേണ്ടാ, എന്റെ പിതാവായ ശൗലിന് നിന്നെ പിടികൂടാൻ കഴിയുകയില്ല; നീ ഇസ്രായേലിന്റെ രാജാവാകും. ഞാൻ രണ്ടാമനായിരിക്കും. ഇത് എന്റെ പിതാവിനറിയാം.” അവർ ഇരുവരും സർവേശ്വരന്റെ സന്നിധിയിൽ ഉടമ്പടി ചെയ്തു. ദാവീദ് ഹോരേശിൽ പാർത്തു; യോനാഥാൻ വീട്ടിലേക്കു മടങ്ങിപ്പോയി. സീഫിലെ ആളുകൾ ഗിബെയായിൽ ശൗലിനെ സമീപിച്ചു പറഞ്ഞു: “മരുഭൂമിക്കു തെക്ക് ഞങ്ങൾക്കു സമീപം ഹഖീലാപർവതത്തിലെ ഹോരേശിലെ ദുർഗങ്ങളിൽ ദാവീദ് ഒളിച്ചുപാർക്കുന്നു; രാജാവേ, അങ്ങേക്ക് ഇഷ്ടമുള്ളപ്പോൾ വന്നാലും; അവനെ അങ്ങയുടെ കൈയിൽ ഞങ്ങൾ ഏല്പിച്ചുതരാം.” ശൗൽ പറഞ്ഞു: “നിങ്ങൾക്ക് എന്നോടു കരുണതോന്നിയല്ലോ! സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ; നിങ്ങൾ പോയി ഒന്നുകൂടി സൂക്ഷ്മമായി തിരക്കുവിൻ; അവൻ ഒളിച്ചിരിക്കുന്നതു എവിടെയാണെന്നും ആരെല്ലാം അവനെ കണ്ടിട്ടുണ്ടെന്നും മനസ്സിലാക്കണം; അവൻ വലിയ സൂത്രശാലിയാണെന്നു ഞാൻ കേട്ടിട്ടുണ്ട്. അവന്റെ ഒളിവിടങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കിയശേഷം എന്നെ വിവരം അറിയിക്കുവിൻ; അപ്പോൾ ഞാൻ നിങ്ങളുടെ കൂടെ വരാം; അവൻ യെഹൂദ്യദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ അവിടത്തെ ജനസഹസ്രങ്ങളിൽനിന്നു ഞാൻ അവനെ അന്വേഷിച്ചു കണ്ടുപിടിക്കും.”

1 SAMUELA 23 വായിക്കുക