1 ശമൂവേൽ 23:1-12
1 ശമൂവേൽ 23:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ഫെലിസ്ത്യർ കെയീലയുടെ നേരേ യുദ്ധം ചെയ്യുന്നു എന്നും അവർ കളങ്ങളിൽ കവർച്ച ചെയ്യുന്നു എന്നും ദാവീദിന് അറിവുകിട്ടി. ദാവീദ് യഹോവയോട്: ഞാൻ ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ ദാവീദിനോട്: ചെന്ന് ഫെലിസ്ത്യരെ തോല്പിച്ച് കെയീലയെ രക്ഷിച്ചുകൊൾക എന്നു കല്പിച്ചു. എന്നാൽ ദാവീദിന്റെ ആളുകൾ അവനോട്: നാം ഇവിടെ യെഹൂദായിൽതന്നെ ഭയപ്പെട്ടു പാർക്കുന്നുവല്ലോ; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരേ എങ്ങനെ ചെല്ലും എന്നു പറഞ്ഞു. ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോട്: എഴുന്നേറ്റ് കെയീലയിലേക്കു ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കൈയിൽ ഏല്പിക്കുമെന്ന് അരുളിച്ചെയ്തു. അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേക്കു പോയി ഫെലിസ്ത്യരോടു പൊരുതി അവരുടെ ആടുമാടുകളെ അപഹരിച്ച് അവരെ കഠിനമായി തോല്പിച്ച് കെയീലാനിവാസികളെ രക്ഷിച്ചു. അഹീമേലെക്കിന്റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ്കൂടെ കൊണ്ടുവന്നിരുന്നു. ദാവീദ് കെയീലയിൽ വന്നിരിക്കുന്നു എന്ന് ശൗലിന് അറിവുകിട്ടി; ദൈവം അവനെ എന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ കടന്നിരിക്കകൊണ്ട് അവൻ കുടുങ്ങിയിരിക്കുന്നു എന്ന് ശൗൽ പറഞ്ഞു. പിന്നെ ശൗൽ ദാവീദിനെയും അവന്റെ ആളുകളെയും വളയേണ്ടതിന് കെയീലയിലേക്കു പോകുവാൻ സകല ജനത്തെയും യുദ്ധത്തിനു വിളിച്ചുകൂട്ടി. ശൗൽ തന്റെ നേരേ ദോഷം ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോട്: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. പിന്നെ ദാവീദ്: യിസ്രായേലിന്റെ ദൈവമായ യഹോവേ, ശൗൽ കെയീലയിലേക്കു വന്ന് എന്റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാൻ പോകുന്നു എന്ന് അടിയൻ കേട്ടിരിക്കുന്നു. കെയീലാപൗരന്മാർ എന്നെ അവന്റെ കൈയിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗൽ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവൻ വരും എന്ന് യഹോവ അരുളിച്ചെയ്തു. ദാവീദ് പിന്നെയും: കെയീലാപൗരന്മാർ എന്നെയും എന്റെ ആളുകളെയും ശൗലിന്റെ കൈയിൽ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവർ ഏല്പിച്ചുകൊടുക്കും എന്ന് യഹോവ അരുളിച്ചെയ്തു.
1 ശമൂവേൽ 23:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഫെലിസ്ത്യർ കെയീലാ പട്ടണം ആക്രമിക്കുന്നു എന്നും മെതിക്കളങ്ങൾ കവർച്ച ചെയ്യുന്നു എന്നും ദാവീദ് അറിഞ്ഞു. അതിനാൽ ദാവീദ് സർവേശ്വരനോടു ചോദിച്ചു: “ഞാൻ പോയി ഈ ഫെലിസ്ത്യരെ ആക്രമിക്കട്ടെയോ?” “നീ പോയി ഫെലിസ്ത്യരെ ആക്രമിച്ചു കെയീലായെ രക്ഷിക്കുക” അവിടുന്നു മറുപടി നല്‌കി. എന്നാൽ ദാവീദിന്റെ കൂടെയുള്ളവർ പറഞ്ഞു: “നാം ഇവിടെ യെഹൂദ്യയിൽപ്പോലും ഭയപ്പെട്ടാണു കഴിയുന്നത്; പിന്നെ കെയീലായിൽ പോയി ഫെലിസ്ത്യരെ എങ്ങനെ നേരിടും?” ദാവീദ് വീണ്ടും സർവേശ്വരനോട് അനുവാദം ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “കെയീലായിലേക്കു പോകുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കൈയിൽ ഏല്പിക്കും.” ദാവീദും കൂട്ടരും അവിടെ ചെന്നു ഫെലിസ്ത്യരുമായി ഏറ്റുമുട്ടി; അവരുടെ ആടുമാടുകളെ പിടിച്ചുകൊണ്ടുപോന്നു. അവരിൽ അനവധി ആളുകളെ വധിച്ചു; അങ്ങനെ കെയീലാനിവാസികളെ ദാവീദു രക്ഷിച്ചു. അഹീമേലെക്കിന്റെ പുത്രൻ അബ്യാഥാർ രക്ഷപെട്ട് കെയീലായിൽ ദാവീദിന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കൈയിൽ ഒരു ഏഫോദ് ഉണ്ടായിരുന്നു. ദാവീദ് കെയീലായിൽ എത്തിയ വിവരമറിഞ്ഞ് ശൗൽ പറഞ്ഞു: “ദൈവം അവനെ എന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; വാതിലുകളും ഓടാമ്പലുകളും ഉള്ള പട്ടണത്തിൽ പ്രവേശിച്ചിരിക്കുന്നതുകൊണ്ട് അവൻ സ്വയം കുടുങ്ങിയിരിക്കുകയാണ്. കെയീലായിൽ പോയി ദാവീദിനെയും കൂട്ടരെയും ആക്രമിക്കാൻ ശൗൽ തന്റെ ജനത്തെ വിളിച്ചുകൂട്ടി. ശൗൽ തന്നെ ആക്രമിക്കാൻ ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോൾ: “ഏഫോദ് ഇവിടെ കൊണ്ടുവരിക” എന്നു പുരോഹിതനായ അബ്യാഥാരോടു പറഞ്ഞു. പിന്നീട് ദാവീദ് പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ ദാസനായ ഞാൻ നിമിത്തം ശൗൽ കെയീലാ നഗരം ആക്രമിച്ചുനശിപ്പിക്കാൻ പോകുന്നു എന്നു കേൾക്കുന്നു. കെയീലാനിവാസികൾ എന്നെ ശൗലിന്റെ കൈയിൽ ഏല്പിച്ചുകൊടുക്കുമോ? അവിടുത്തെ ദാസൻ കേട്ടതുപോലെ ശൗൽ വരുമോ? ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അങ്ങയുടെ ദാസന് ഉത്തരമരുളേണമേ” എന്നു പറഞ്ഞു. “അവൻ വരും” അവിടുന്ന് അരുളിച്ചെയ്തു. “എന്നെയും എന്റെ കൂടെയുള്ളവരെയും കെയീലാനിവാസികൾ അദ്ദേഹത്തിന്റെ കൈയിൽ ഏല്പിച്ചുകൊടുക്കുമോ” എന്നു ദാവീദു ചോദിച്ചു. “അവർ നിന്നെ ഏല്പിച്ചുകൊടുക്കും” എന്നു സർവേശ്വരൻ മറുപടി നല്‌കി.
1 ശമൂവേൽ 23:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിനുശേഷം ഫെലിസ്ത്യർ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവർ മെതിക്കളങ്ങൾ കവർച്ച ചെയ്യുന്നു എന്നും ദാവീദിന് അറിവ് കിട്ടി. ദാവീദ് യഹോവയോട്; “ഞാൻ ചെന്നു ഈ ഫെലിസ്ത്യരെ തോല്പിക്കണമോ?” എന്നു ചോദിച്ചു. യഹോവ ദാവീദിനോട്: “നീ പോയി ഫെലിസ്ത്യരെ തോല്പിച്ച് കെയീലയെ രക്ഷിക്കുക” എന്നു കല്പിച്ചു. എന്നാൽ ദാവീദിന്റെ ആളുകൾ അവനോട്: “നമ്മൾ ഇവിടെ യെഹൂദയിൽ തന്നെ ഭയപ്പെട്ടാണല്ലോ താമസിക്കുന്നത്; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരെ എങ്ങനെ ചെല്ലും?” എന്നു പറഞ്ഞു. ദാവീദ് വീണ്ടും യഹോവയോട് അനുവാദം ചോദിച്ചു. യഹോവ അവനോട്: “എഴുന്നേറ്റ് കെയീലയിലേക്ക് ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്നു അരുളിച്ചെയ്തു. അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേക്ക് പോയി ഫെലിസ്ത്യരോട് യുദ്ധം ചെയ്തു, അവരുടെ ആടുമാടുകളെ അപഹരിച്ച്, അവരെ കഠിനമായി തോല്പിച്ച് കെയീലാനിവാസികളെ രക്ഷിച്ചു. അഹീമേലെക്കിന്റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു. ദാവീദ് കെയീലയിൽ ഉണ്ട് എന്നു ശൗലിന് അറിവ് കിട്ടി. “ദൈവം അവനെ എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ പ്രവേശിച്ചിരിക്കുന്നതിനാൽ അവൻ കെണിയിൽ അകപ്പെട്ടിരിക്കുന്നു” എന്നു ശൗല്‍ പറഞ്ഞു. പിന്നെ ശൗല്‍ ദാവീദിനേയും അവന്റെ ആളുകളെയും ആക്രമിക്കേണ്ടതിന് കെയീലയിലേക്ക് യുദ്ധത്തിന് പോകുവാൻ എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി. ശൗല്‍ തന്നെ ആക്രമിക്കാൻ ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോട്: “ഏഫോദ് ഇവിടെ കൊണ്ടുവരുക” എന്നു പറഞ്ഞു. പിന്നെ ദാവീദ്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, ഞാൻ കാരണം ശൗല്‍ കെയീലയിലേക്ക് വന്ന് ഈ പട്ടണം നശിപ്പിക്കുവാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു. കെയീലപൗരന്മാർ എന്നെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗല്‍ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ” എന്നു പറഞ്ഞു. “അവൻ വരും” എന്നു യഹോവ അരുളിച്ചെയ്തു. ദാവീദ് പിന്നെയും: “കെയീലപൗരന്മാർ എന്നെയും എന്റെ ആളുകളെയും ശൗലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ” എന്നു ചോദിച്ചു. “അവർ ഏല്പിച്ചുകൊടുക്കും” എന്നു യഹോവ അരുളിച്ചെയ്തു.
1 ശമൂവേൽ 23:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ഫെലിസ്ത്യർ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവർ കളങ്ങളിൽ കവർച്ച ചെയ്യുന്നു എന്നും ദാവീദിന്നു അറിവു കിട്ടി. ദാവീദ് യഹോവയോടു; ഞാൻ ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ ദാവീദിനോടു: ചെന്നു ഫെലിസ്ത്യരെ തോല്പിച്ചു കെയീലയെ രക്ഷിച്ചുകൊൾക എന്നു കല്പിച്ചു. എന്നാൽ ദാവീദിന്റെ ആളുകൾ അവനോടു: നാം ഇവിടെ യെഹൂദയിൽ തന്നേ ഭയപ്പെട്ടു പാർക്കുന്നുവല്ലോ; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരെ എങ്ങനെ ചെല്ലും എന്നു പറഞ്ഞു. ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോടു: എഴുന്നേറ്റു കെയീലയിലേക്കു ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു. അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേക്കു പോയി ഫെലിസ്ത്യരോടു പൊരുതു അവരുടെ ആടുമാടുകളെ അപഹരിച്ചു അവരെ കഠിനമായി തോല്പിച്ചു കെയീലാനിവാസികളെ രക്ഷിച്ചു. അഹീമേലെക്കിന്റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു. ദാവീദ് കെയീലയിൽ വന്നിരിക്കുന്നു എന്നു ശൗലിന്നു അറിവു കിട്ടി; ദൈവം അവനെ എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ കടന്നിരിക്കകൊണ്ടു അവൻ കുടുങ്ങിയിരിക്കുന്നു എന്നു ശൗൽ പറഞ്ഞു. പിന്നെ ശൗൽ ദാവീദിനേയും അവന്റെ ആളുകളെയും വളയേണ്ടതിന്നു കെയീലയിലേക്കു പോകുവാൻ സകലജനത്തേയും യുദ്ധത്തിന്നു വിളിച്ചുകൂട്ടി. ശൗൽ തന്റെ നേരെ ദോഷം ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോടു: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. പിന്നെ ദാവീദ്: യിസ്രായേലിന്റെ ദൈവമായ യഹോവേ, ശൗൽ കെയീലയിലേക്കു വന്നു എന്റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു. കെയീലപൗരന്മാർ എന്നെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗൽ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവൻ വരും എന്നു യഹോവ അരുളിച്ചെയ്തു. ദാവീദ് പിന്നെയും: കെയീലപൗരന്മാർ എന്നെയും എന്റെ ആളുകളെയും ശൗലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവർ ഏല്പിച്ചുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്തു.
1 ശമൂവേൽ 23:1-12 സമകാലിക മലയാളവിവർത്തനം (MCV)
“ഫെലിസ്ത്യർ കെയീലയെ ആക്രമിക്കുന്നെന്നും അവർ മെതിക്കളം കവർച്ച ചെയ്യുന്നെന്നും,” ദാവീദിന് അറിവുകിട്ടി. “ഞാൻ പോയി ഈ ഫെലിസ്ത്യരെ നേരിടണമോ,” എന്ന് അദ്ദേഹം യഹോവയോട് അരുളപ്പാടു ചോദിച്ചു. “ചെന്ന് ഫെലിസ്ത്യരോടു പൊരുതി കെയീലയെ രക്ഷിക്കുക,” എന്ന് യഹോവ ദാവീദിനോടു കൽപ്പിച്ചു. എന്നാൽ ദാവീദിനോടുകൂടെയുള്ളവർ അദ്ദേഹത്തോട്: “ഇവിടെ ഈ യെഹൂദ്യയിൽത്തന്നെ നാം ഭയപ്പെട്ടു കഴിയുന്നു. പിന്നെ നാം കെയീലയിൽ ഫെലിസ്ത്യസൈന്യങ്ങൾക്കെതിരേ എങ്ങനെ ചെല്ലും?” എന്നു ചോദിച്ചു. അതിനാൽ ദാവീദ് വീണ്ടും യഹോവയോട് അരുളപ്പാട് ചോദിച്ചു. യഹോവ അദ്ദേഹത്തോട്: “കെയീലയിലേക്കു ചെല്ലുക! ഞാൻ ഫെലിസ്ത്യരെ നിന്റെ കൈയിൽ ഏൽപ്പിച്ചുതരും!” എന്ന് അരുളിച്ചെയ്തു. അതിനാൽ ദാവീദും കൂടെയുള്ളവരും കെയീലയിലേക്കുചെന്ന് ഫെലിസ്ത്യരോടു പൊരുതി അവരെ തോൽപ്പിച്ച് അവരുടെ ആടുമാടുകളെ അപഹരിച്ചു. അവർ ഫെലിസ്ത്യർക്കു കനത്ത നാശം വരുത്തുകയും കെയീലയിലെ ജനങ്ങളെ രക്ഷിക്കുകയും ചെയ്തു. കെയീലയിൽ ദാവീദിന്റെ അടുത്തേക്ക് ഓടിപ്പോകുമ്പോൾ അഹീമെലെക്കിന്റെ മകനായ അബ്യാഥാർ തന്റെകൂടെ ഏഫോദും കൊണ്ടുപോന്നിരുന്നു. ദാവീദ് കെയീലയിലേക്കു പോയിരിക്കുന്നു എന്ന് ശൗലിന് അറിവുകിട്ടി. “വാതിലുകളും ഓടാമ്പലുകളുമുള്ള ഒരു നഗരത്തിൽ ദാവീദ് സ്വയം വന്ന് അകപ്പെട്ടതുമൂലം ദൈവം അവനെ എന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു,” എന്നു ശൗൽ പറഞ്ഞു. പിന്നീട് ശൗൽ തന്റെ സർവസൈന്യത്തെയും യുദ്ധത്തിനായി വിളിച്ചുകൂട്ടി. കെയീലയിലേക്കുചെന്ന് ദാവീദിനെയും ആൾക്കാരെയും വളയാൻ അയാൾ അവർക്കു കൽപ്പനകൊടുത്തു. ശൗൽ തനിക്കെതിരേ ദുരാലോചന നടത്തുന്നു എന്ന് ദാവീദ് മനസ്സിലാക്കി. “ഏഫോദ് തന്റെ അടുത്തുകൊണ്ടുവരിക,” അദ്ദേഹം പുരോഹിതനായ അബ്യാഥാരിനോടു കൽപ്പിച്ചു. അങ്ങനെ ദാവീദ് യഹോവയോടു പ്രാർഥിച്ചു. “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ശൗൽ കെയീലയിലേക്കു വരുന്നു എന്നും ഞാൻനിമിത്തം ഈ നഗരം നശിപ്പിക്കാൻ ആലോചിക്കുന്നു എന്നും അടിയൻ കേട്ടിരിക്കുന്നു. കെയീലാപൗരന്മാർ എന്നെ ശൗലിന് ഏൽപ്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗൽ കടന്നുവരുമോ? ഇസ്രായേലിന്റെ ദൈവമായ യഹോവേ, അവിടത്തെ ദാസന് മറുപടി അരുളണമേ!” “അവൻ വരും” എന്ന് യഹോവ അരുളിച്ചെയ്തു. “കെയീലാപൗരന്മാർ എന്നെയും എന്റെ ആൾക്കാരെയും ശൗലിന് ഏൽപ്പിച്ചുകൊടുക്കുമോ?” എന്നു വീണ്ടും ദാവീദ് ചോദിച്ചു. “അതേ, അവർ അപ്രകാരം ചെയ്യും,” എന്ന് യഹോവ അരുളിച്ചെയ്തു.