അതിനുശേഷം ഫെലിസ്ത്യർ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവർ മെതിക്കളങ്ങൾ കവർച്ച ചെയ്യുന്നു എന്നും ദാവീദിന് അറിവ് കിട്ടി. ദാവീദ് യഹോവയോട്; “ഞാൻ ചെന്നു ഈ ഫെലിസ്ത്യരെ തോല്പിക്കണമോ?” എന്നു ചോദിച്ചു. യഹോവ ദാവീദിനോട്: “നീ പോയി ഫെലിസ്ത്യരെ തോല്പിച്ച് കെയീലയെ രക്ഷിക്കുക” എന്നു കല്പിച്ചു. എന്നാൽ ദാവീദിന്‍റെ ആളുകൾ അവനോട്: “നമ്മൾ ഇവിടെ യെഹൂദയിൽ തന്നെ ഭയപ്പെട്ടാണല്ലോ താമസിക്കുന്നത്; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്‍റെ നേരെ എങ്ങനെ ചെല്ലും?” എന്നു പറഞ്ഞു. ദാവീദ് വീണ്ടും യഹോവയോട് അനുവാദം ചോദിച്ചു. യഹോവ അവനോട്: “എഴുന്നേറ്റ് കെയീലയിലേക്ക് ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു അരുളിച്ചെയ്തു. അങ്ങനെ ദാവീദും അവന്‍റെ ആളുകളും കെയീലയിലേക്ക് പോയി ഫെലിസ്ത്യരോട് യുദ്ധം ചെയ്തു, അവരുടെ ആടുമാടുകളെ അപഹരിച്ച്, അവരെ കഠിനമായി തോല്പിച്ച് കെയീലാനിവാസികളെ രക്ഷിച്ചു. അഹീമേലെക്കിന്‍റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്‍റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു. ദാവീദ് കെയീലയിൽ ഉണ്ട് എന്നു ശൗലിന് അറിവ് കിട്ടി. “ദൈവം അവനെ എന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ പ്രവേശിച്ചിരിക്കുന്നതിനാൽ അവൻ കെണിയിൽ അകപ്പെട്ടിരിക്കുന്നു” എന്നു ശൗല്‍ പറഞ്ഞു. പിന്നെ ശൗല്‍ ദാവീദിനേയും അവന്‍റെ ആളുകളെയും ആക്രമിക്കേണ്ടതിന് കെയീലയിലേക്ക് യുദ്ധത്തിന് പോകുവാൻ എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി. ശൗല്‍ തന്നെ ആക്രമിക്കാൻ ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോട്: “ഏഫോദ് ഇവിടെ കൊണ്ടുവരുക” എന്നു പറഞ്ഞു. പിന്നെ ദാവീദ്: “യിസ്രായേലിന്‍റെ ദൈവമായ യഹോവേ, ഞാൻ കാരണം ശൗല്‍ കെയീലയിലേക്ക് വന്ന് ഈ പട്ടണം നശിപ്പിക്കുവാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു. കെയീലപൗരന്മാർ എന്നെ അവന്‍റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗല്‍ വരുമോ? യിസ്രായേലിന്‍റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ” എന്നു പറഞ്ഞു. “അവൻ വരും” എന്നു യഹോവ അരുളിച്ചെയ്തു. ദാവീദ് പിന്നെയും: “കെയീലപൗരന്മാർ എന്നെയും എന്‍റെ ആളുകളെയും ശൗലിന്‍റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ” എന്നു ചോദിച്ചു. “അവർ ഏല്പിച്ചുകൊടുക്കും” എന്നു യഹോവ അരുളിച്ചെയ്തു.
1 ശമു. 23 വായിക്കുക
കേൾക്കുക 1 ശമു. 23
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമു. 23:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ