1 ശമുവേൽ 23:1-12

1 ശമുവേൽ 23:1-12 MCV

“ഫെലിസ്ത്യർ കെയീലയെ ആക്രമിക്കുന്നെന്നും അവർ മെതിക്കളം കവർച്ച ചെയ്യുന്നെന്നും,” ദാവീദിന് അറിവുകിട്ടി. “ഞാൻ പോയി ഈ ഫെലിസ്ത്യരെ നേരിടണമോ,” എന്ന് അദ്ദേഹം യഹോവയോട് അരുളപ്പാടു ചോദിച്ചു. “ചെന്ന് ഫെലിസ്ത്യരോടു പൊരുതി കെയീലയെ രക്ഷിക്കുക,” എന്ന് യഹോവ ദാവീദിനോടു കൽപ്പിച്ചു. എന്നാൽ ദാവീദിനോടുകൂടെയുള്ളവർ അദ്ദേഹത്തോട്: “ഇവിടെ ഈ യെഹൂദ്യയിൽത്തന്നെ നാം ഭയപ്പെട്ടു കഴിയുന്നു. പിന്നെ നാം കെയീലയിൽ ഫെലിസ്ത്യസൈന്യങ്ങൾക്കെതിരേ എങ്ങനെ ചെല്ലും?” എന്നു ചോദിച്ചു. അതിനാൽ ദാവീദ് വീണ്ടും യഹോവയോട് അരുളപ്പാട് ചോദിച്ചു. യഹോവ അദ്ദേഹത്തോട്: “കെയീലയിലേക്കു ചെല്ലുക! ഞാൻ ഫെലിസ്ത്യരെ നിന്റെ കൈയിൽ ഏൽപ്പിച്ചുതരും!” എന്ന് അരുളിച്ചെയ്തു. അതിനാൽ ദാവീദും കൂടെയുള്ളവരും കെയീലയിലേക്കുചെന്ന് ഫെലിസ്ത്യരോടു പൊരുതി അവരെ തോൽപ്പിച്ച് അവരുടെ ആടുമാടുകളെ അപഹരിച്ചു. അവർ ഫെലിസ്ത്യർക്കു കനത്ത നാശം വരുത്തുകയും കെയീലയിലെ ജനങ്ങളെ രക്ഷിക്കുകയും ചെയ്തു. കെയീലയിൽ ദാവീദിന്റെ അടുത്തേക്ക് ഓടിപ്പോകുമ്പോൾ അഹീമെലെക്കിന്റെ മകനായ അബ്യാഥാർ തന്റെകൂടെ ഏഫോദും കൊണ്ടുപോന്നിരുന്നു. ദാവീദ് കെയീലയിലേക്കു പോയിരിക്കുന്നു എന്ന് ശൗലിന് അറിവുകിട്ടി. “വാതിലുകളും ഓടാമ്പലുകളുമുള്ള ഒരു നഗരത്തിൽ ദാവീദ് സ്വയം വന്ന് അകപ്പെട്ടതുമൂലം ദൈവം അവനെ എന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു,” എന്നു ശൗൽ പറഞ്ഞു. പിന്നീട് ശൗൽ തന്റെ സർവസൈന്യത്തെയും യുദ്ധത്തിനായി വിളിച്ചുകൂട്ടി. കെയീലയിലേക്കുചെന്ന് ദാവീദിനെയും ആൾക്കാരെയും വളയാൻ അയാൾ അവർക്കു കൽപ്പനകൊടുത്തു. ശൗൽ തനിക്കെതിരേ ദുരാലോചന നടത്തുന്നു എന്ന് ദാവീദ് മനസ്സിലാക്കി. “ഏഫോദ് തന്റെ അടുത്തുകൊണ്ടുവരിക,” അദ്ദേഹം പുരോഹിതനായ അബ്യാഥാരിനോടു കൽപ്പിച്ചു. അങ്ങനെ ദാവീദ് യഹോവയോടു പ്രാർഥിച്ചു. “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ശൗൽ കെയീലയിലേക്കു വരുന്നു എന്നും ഞാൻനിമിത്തം ഈ നഗരം നശിപ്പിക്കാൻ ആലോചിക്കുന്നു എന്നും അടിയൻ കേട്ടിരിക്കുന്നു. കെയീലാപൗരന്മാർ എന്നെ ശൗലിന് ഏൽപ്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗൽ കടന്നുവരുമോ? ഇസ്രായേലിന്റെ ദൈവമായ യഹോവേ, അവിടത്തെ ദാസന് മറുപടി അരുളണമേ!” “അവൻ വരും” എന്ന് യഹോവ അരുളിച്ചെയ്തു. “കെയീലാപൗരന്മാർ എന്നെയും എന്റെ ആൾക്കാരെയും ശൗലിന് ഏൽപ്പിച്ചുകൊടുക്കുമോ?” എന്നു വീണ്ടും ദാവീദ് ചോദിച്ചു. “അതേ, അവർ അപ്രകാരം ചെയ്യും,” എന്ന് യഹോവ അരുളിച്ചെയ്തു.