1 SAMUELA 23:1-12

1 SAMUELA 23:1-12 MALCLBSI

ഫെലിസ്ത്യർ കെയീലാ പട്ടണം ആക്രമിക്കുന്നു എന്നും മെതിക്കളങ്ങൾ കവർച്ച ചെയ്യുന്നു എന്നും ദാവീദ് അറിഞ്ഞു. അതിനാൽ ദാവീദ് സർവേശ്വരനോടു ചോദിച്ചു: “ഞാൻ പോയി ഈ ഫെലിസ്ത്യരെ ആക്രമിക്കട്ടെയോ?” “നീ പോയി ഫെലിസ്ത്യരെ ആക്രമിച്ചു കെയീലായെ രക്ഷിക്കുക” അവിടുന്നു മറുപടി നല്‌കി. എന്നാൽ ദാവീദിന്റെ കൂടെയുള്ളവർ പറഞ്ഞു: “നാം ഇവിടെ യെഹൂദ്യയിൽപ്പോലും ഭയപ്പെട്ടാണു കഴിയുന്നത്; പിന്നെ കെയീലായിൽ പോയി ഫെലിസ്ത്യരെ എങ്ങനെ നേരിടും?” ദാവീദ് വീണ്ടും സർവേശ്വരനോട് അനുവാദം ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “കെയീലായിലേക്കു പോകുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കൈയിൽ ഏല്പിക്കും.” ദാവീദും കൂട്ടരും അവിടെ ചെന്നു ഫെലിസ്ത്യരുമായി ഏറ്റുമുട്ടി; അവരുടെ ആടുമാടുകളെ പിടിച്ചുകൊണ്ടുപോന്നു. അവരിൽ അനവധി ആളുകളെ വധിച്ചു; അങ്ങനെ കെയീലാനിവാസികളെ ദാവീദു രക്ഷിച്ചു. അഹീമേലെക്കിന്റെ പുത്രൻ അബ്യാഥാർ രക്ഷപെട്ട് കെയീലായിൽ ദാവീദിന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കൈയിൽ ഒരു ഏഫോദ് ഉണ്ടായിരുന്നു. ദാവീദ് കെയീലായിൽ എത്തിയ വിവരമറിഞ്ഞ് ശൗൽ പറഞ്ഞു: “ദൈവം അവനെ എന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; വാതിലുകളും ഓടാമ്പലുകളും ഉള്ള പട്ടണത്തിൽ പ്രവേശിച്ചിരിക്കുന്നതുകൊണ്ട് അവൻ സ്വയം കുടുങ്ങിയിരിക്കുകയാണ്. കെയീലായിൽ പോയി ദാവീദിനെയും കൂട്ടരെയും ആക്രമിക്കാൻ ശൗൽ തന്റെ ജനത്തെ വിളിച്ചുകൂട്ടി. ശൗൽ തന്നെ ആക്രമിക്കാൻ ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോൾ: “ഏഫോദ് ഇവിടെ കൊണ്ടുവരിക” എന്നു പുരോഹിതനായ അബ്യാഥാരോടു പറഞ്ഞു. പിന്നീട് ദാവീദ് പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ ദാസനായ ഞാൻ നിമിത്തം ശൗൽ കെയീലാ നഗരം ആക്രമിച്ചുനശിപ്പിക്കാൻ പോകുന്നു എന്നു കേൾക്കുന്നു. കെയീലാനിവാസികൾ എന്നെ ശൗലിന്റെ കൈയിൽ ഏല്പിച്ചുകൊടുക്കുമോ? അവിടുത്തെ ദാസൻ കേട്ടതുപോലെ ശൗൽ വരുമോ? ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അങ്ങയുടെ ദാസന് ഉത്തരമരുളേണമേ” എന്നു പറഞ്ഞു. “അവൻ വരും” അവിടുന്ന് അരുളിച്ചെയ്തു. “എന്നെയും എന്റെ കൂടെയുള്ളവരെയും കെയീലാനിവാസികൾ അദ്ദേഹത്തിന്റെ കൈയിൽ ഏല്പിച്ചുകൊടുക്കുമോ” എന്നു ദാവീദു ചോദിച്ചു. “അവർ നിന്നെ ഏല്പിച്ചുകൊടുക്കും” എന്നു സർവേശ്വരൻ മറുപടി നല്‌കി.

1 SAMUELA 23 വായിക്കുക