1 ശമൂവേൽ 10:1-6
1 ശമൂവേൽ 10:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ ശമൂവേൽ തൈലപാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ച് അവനെ ചുംബിച്ചു പറഞ്ഞത്: യഹോവ തന്റെ അവകാശത്തിനു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു. നീ ഇന്ന് എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിരിങ്കലെ സെൽസഹിൽ റാഹേലിന്റെ കല്ലറയ്ക്കരികെവച്ച് രണ്ടാളെ കാണും; നീ അന്വേഷിപ്പാൻ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്റെ മകനുവേണ്ടി ഞാൻ എന്തു ചെയ്യേണ്ടൂ എന്നു പറഞ്ഞ് നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്ന് അവർ നിന്നോടു പറയും. അവിടെനിന്ന് നീ മുമ്പോട്ടു ചെന്ന് താബോറിലെ കരുവേലകത്തിനരികെ എത്തുമ്പോൾ ഒരുത്തൻ മൂന്ന് ആട്ടിൻകുട്ടിയെയും വേറൊരുത്തൻ മൂന്ന് അപ്പവും വേറൊരുത്തൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ട് ഇങ്ങനെ മൂന്നു പുരുഷന്മാർ ബേഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി നിനക്ക് എതിർപെടും. അവർ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ട് അപ്പവും തരും; നീ അത് അവരുടെ കൈയിൽനിന്നു വാങ്ങിക്കൊള്ളേണം. അതിന്റെശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്ക് എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോൾ മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും. യഹോവയുടെ ആത്മാവ് ശക്തിയോടെ നിന്റെമേൽ വന്നിട്ട് നീയും അവരോടുകൂടെ പ്രവചിക്കയും ആൾമാറിയതുപോലെ ആയിത്തീരുകയും ചെയ്യും.
1 ശമൂവേൽ 10:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശമൂവേൽ ഒരു പാത്രം ഒലിവെണ്ണ എടുത്ത് അവന്റെ തലയിൽ ഒഴിച്ചു; അവനെ ചുംബിച്ചിട്ടു പറഞ്ഞു: “സർവേശ്വരൻ തന്റെ ജനത്തിന്റെ ഭരണകർത്താവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു; നീ സർവേശ്വരന്റെ ജനത്തെ ഭരിക്കുകയും ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് അവരെ രക്ഷിക്കുകയും ചെയ്യും. തന്റെ ജനത്തിനു രാജാവായി അവിടുന്നു നിന്നെ വാഴിച്ചിരിക്കുന്നതിന്റെ അടയാളം ഇതായിരിക്കും. ഇന്നു നീ എന്നെ വിട്ടുപോകുമ്പോൾ ബെന്യാമീന്റെ നാട്ടിലുള്ള സെൽസഹിലിൽ റാഹേലിന്റെ കല്ലറയ്‍ക്കരികിൽ വച്ചു രണ്ടാളുകളെ കാണും; ‘നീ അന്വേഷിക്കുന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നും ഇപ്പോൾ കഴുതകളെക്കുറിച്ചല്ല, തന്റെ മകനുവേണ്ടി എന്തു ചെയ്യണം എന്നു വിചാരിച്ച് നിന്നെക്കുറിച്ചാണ് നിന്റെ പിതാവ് വിഷാദിച്ചിരിക്കുന്നതെന്നും’ അവർ പറയും. അവിടെനിന്നു മുമ്പോട്ടു പോകുമ്പോൾ താബോരിലെ കരുവേലകത്തിനടുത്തുവച്ചു ബേഥേലിൽ സർവേശ്വരസന്നിധിയിലേക്കു പോകുന്ന മൂന്നു പേരെ നീ കാണും. അവരിൽ ഒരാൾ മൂന്ന് ആട്ടിൻകുട്ടികളെ കൈയിലെടുത്തിരിക്കും; രണ്ടാമന്റെ കൈയിൽ മൂന്ന് അപ്പവും, മൂന്നാമന്റെ പക്കൽ ഒരു തോൽസഞ്ചി വീഞ്ഞും ഉണ്ടായിരിക്കും. അവർ നിന്നെ അഭിവാദനം ചെയ്തിട്ട് രണ്ടപ്പം നിനക്കു തരും; അതു നീ സ്വീകരിക്കണം. അതിനുശേഷം ഫെലിസ്ത്യർ പാളയമടിച്ചിരിക്കുന്ന ഗിബെയായിൽ ദൈവത്തിന്റെ പർവതത്തിൽ നീ എത്തണം; പട്ടണത്തിൽ കടക്കുമ്പോൾ വീണ, തംബുരു, കുഴൽ, കിന്നരം എന്നീ വാദ്യങ്ങളോടെ മലമുകളിൽനിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചക ഗണത്തെ നീ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും. അപ്പോൾ സർവേശ്വരന്റെ ആത്മാവ് ശക്തമായി നിന്റെമേൽ വരികയും നീ അവരോടൊത്തു പ്രവചിക്കുകയും ചെയ്യും; നീ മറ്റൊരു മനുഷ്യനായി മാറും.
1 ശമൂവേൽ 10:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ ശമൂവേൽ ഒരു പാത്രം തൈലം എടുത്ത് അവന്റെ തലയിൽ ഒഴിച്ച് അവനെ ചുംബിച്ച് പറഞ്ഞത്: “യഹോവ തന്‍റെ അവകാശത്തിന് അധിപനായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു. നീ ഇന്ന് എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്‍റെ അതിർത്തിയിലെ സെൽസഹിൽ റാഹേലിന്‍റെ കല്ലറക്കരികിൽവച്ച് രണ്ടാളുകളെ കാണും; നീ അന്വേഷിച്ചുകൊണ്ടിരുന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ ഇപ്പോൾ കഴുതകളെക്കുറിച്ചല്ല: എന്‍റെ മകനു വേണ്ടി ഞാൻ എന്ത് ചെയ്യേണം? എന്നു പറഞ്ഞ്, നിങ്ങളെക്കുറിച്ച് വിഷാദിച്ചിരിക്കുന്നു എന്നു അവർ നിന്നോട് പറയും. “അവിടെനിന്ന് നീ മുമ്പോട്ട് ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോൾ ഒരുവൻ മൂന്നു ആട്ടിൻകുട്ടിയെയും, വേറൊരുവൻ മൂന്നു അപ്പവും, മറ്റൊരുവൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ട് ഇങ്ങനെ മൂന്നു പുരുഷന്മാർ ബേഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി നിനക്ക് എതിരെ വരും. അവർ നിന്നോട് കുശലം ചോദിക്കും; നിനക്ക് രണ്ടു അപ്പവും തരും; നീ അത് അവരുടെ കയ്യിൽനിന്ന് വാങ്ങിക്കൊള്ളണം. “അതിന്‍റെശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവത്തിന്‍റെ പർവ്വതത്തിൽ എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോൾ മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും. യഹോവയുടെ ആത്മാവ് ശക്തിയോടെ നിന്‍റെമേൽ വരും. നീയും അവരോടുകൂടെ പ്രവചിക്കും. നീ വേറൊരു മനുഷ്യനായി മാറും.
1 ശമൂവേൽ 10:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ ശമൂവേൽ തൈലപാത്രം എടുത്തു അവന്റെ തലയിൽ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതു: യഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു. നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിരിങ്കലെ സെൽസഹിൽ റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാൻ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്റെ മകന്നുവേണ്ടി ഞാൻ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവർ നിന്നോടു പറയും. അവിടെനിന്നു നീ മുമ്പോട്ടു ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോൾ ഒരുത്തൻ മൂന്നു ആട്ടിൻകുട്ടിയെയും വേറൊരുത്തൻ മൂന്നു അപ്പവും വേറൊരുത്തൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ടു ഇങ്ങനെ മൂന്നു പുരുഷന്മാർ ബേഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി നിനക്കു എതിർപെടും. അവർ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ടു അപ്പവും തരും; നീ അതു അവരുടെ കയ്യിൽനിന്നു വാങ്ങിക്കൊള്ളേണം. അതിന്റെ ശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്കു എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോൾ മുമ്പിൽ വീണ, തപ്പു, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്നു ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും. യഹോവയുടെ ആത്മാവു ശക്തിയോടെ നിന്റെമേൽ വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആൾ മാറിയതുപോലെ ആയ്തീരുകയും ചെയ്യും.
1 ശമൂവേൽ 10:1-6 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ ശമുവേൽ തൈലപാത്രമെടുത്ത് ശൗലിന്റെ തലയിൽ ഒഴിച്ചു; അവനെ ചുംബിച്ചിട്ട് അദ്ദേഹം പറഞ്ഞു: “യഹോവ തന്റെ അവകാശമായ ജനത്തിനു നായകനായി നിന്നെ അഭിഷേകംചെയ്തിരിക്കുന്നു. നീ ഇന്ന് എന്നെവിട്ടു യാത്രയാകുമ്പോൾ ബെന്യാമീൻദേശത്തിന്റെ അതിരിങ്കൽ, സെൽസഹിൽ, റാഹേലിന്റെ കല്ലറയ്ക്കരികിൽവെച്ച് രണ്ടു പുരുഷന്മാരെ കണ്ടുമുട്ടും. ‘നിങ്ങൾ തെരയുന്നതിന് പുറപ്പെട്ട കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു. ഇപ്പോൾ നിന്റെ പിതാവ് കഴുതകളുടെ കാര്യം വിട്ടിട്ട് നിങ്ങളെപ്പറ്റി ചിന്തിച്ച്, “എന്റെ മകനുവേണ്ടി ഞാൻ എന്തു ചെയ്യണം?” എന്നു ചോദിച്ചുകൊണ്ട് ആകുലചിത്തനായും കഴിയുന്നു,’ എന്ന് അവർ നിന്നോടു പറയും. “അവിടെനിന്ന് നീ മുമ്പോട്ടുപോയി താബോരിലെ കരുവേലകവൃക്ഷത്തിനരികെ എത്തുമ്പോൾ, ബേഥേലിൽ ദൈവസന്നിധിയിലേക്കു പോകുന്ന മൂന്നു പുരുഷന്മാരെ നീ കണ്ടുമുട്ടും. അവരിൽ ഒരാൾ മൂന്നു കോലാട്ടിൻകുട്ടികളെയും രണ്ടാമൻ മൂന്ന് അപ്പവും മൂന്നാമൻ ഒരു തുരുത്തി വീഞ്ഞും എടുത്തിട്ടുണ്ടാകും. അവർ നിന്നെ അഭിവാദ്യംചെയ്ത് രണ്ടപ്പം നിനക്കു നൽകും. അതു നീ അവരിൽനിന്ന് സ്വീകരിക്കണം. “അതിനുശേഷം നീ ദൈവത്തിന്റെ ഗിരിയായ ഗിബെയയിൽ എത്തണം. അവിടെ ഫെലിസ്ത്യരുടെ സൈനിക കാവൽത്താവളം സ്ഥിതിചെയ്യുന്നു. നീ പട്ടണത്തോടു സമീപിക്കുമ്പോൾ, മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവ വായിച്ചുകൊണ്ട് മലയിൽനിന്നിറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും. അവർ പ്രവചിച്ചുകൊണ്ടിരിക്കും. അപ്പോൾ യഹോവയുടെ ആത്മാവ് നിന്റെമേൽ ശക്തിയോടെ വന്ന് ആവസിക്കും; നീയും അവരോടൊത്തു പ്രവചിക്കും. അങ്ങനെ നീ മറ്റൊരാളായി മാറും.